Asianet News MalayalamAsianet News Malayalam

ഇരുപതുവർഷം തന്നെ പീഡിപ്പിച്ച പട്ടാളത്തിന്റെ വക്കാലത്തേറ്റെടുത്ത്, റോഹിൻഗ്യൻ മുസ്ലീങ്ങൾക്കെതിരെ ആങ്‌ സാൻ സ്യൂചി കോടതി കയറുമ്പോൾ

പട്ടാളത്തോട് ഏറ്റുമുട്ടി മരിച്ച റോഹിൻഗ്യൻ മുസ്ലീങ്ങളൊക്കെയും ഭീകരവാദികളാണെന്നാണ് ആങ് സാൻ സ്യൂ ചിയുടെ അഭിപ്രായം 

When Aung San Suu Kyi bats for the army against Rohingyans in International court of Justice
Author
Myanmar (Burma), First Published Dec 11, 2019, 3:03 PM IST

ഒരുകാലത്ത് ലോകത്തിനു മുന്നിൽ സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പര്യായമായിരുന്നു ആങ് സാൻ സ്യൂചി എന്ന ധീരവനിത. മ്യാൻമാറിൽ ജനാധിപത്യം പുലർന്നുകാണാൻ വേണ്ടി അവർ ചെയ്‍ത ത്യാഗങ്ങളുടെയും അനുഭവിച്ച ദുരിതങ്ങളുടെയും പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വരെ കിട്ടുകയുണ്ടായി സ്യൂചിക്ക്. ഇരുപതുവർഷത്തിലധികം കാലം വീട്ടുതടങ്കലിൽ കഴിഞ്ഞശേഷം അധികാരത്തിലേറി അവർ. അതേ ആങ് സാൻ സ്യൂചി ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ, തന്റെ ഭരണകാലത്ത് പട്ടാളം നടത്തിയ വംശഹത്യയുടെ പേരിൽ വിചാരണ നേരിടാൻ പോവുകയാണ്. 

സ്യൂചിയെ സംബന്ധിച്ചിടത്തോളം ഈ വിചാരണയിൽ പട്ടാളത്തെ അനുകൂലിച്ചുകൊണ്ട്, പട്ടാളം പ്രവർത്തിച്ച വംശഹത്യകളെ ന്യായീകരിച്ചുകൊണ്ട് കോടതിയിൽ ഹാജരാക്കുക എന്ന് പറയുന്നത് കഴിഞ്ഞ ഇരുപതുകൊല്ലമായി അവർ എടുത്തിരുന്ന നിലപാടുകളിൽ നിന്ന് ഒരു തിരിഞ്ഞു നടത്തമാണ്.  

When Aung San Suu Kyi bats for the army against Rohingyans in International court of Justice

1988 -ൽ ബ്രിട്ടനിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ അന്ന് മുതൽ പട്ടാളഭരണത്തിന്റെ ക്രൂരതകളെ അടച്ചു വിമർശിക്കാൻ ധൈര്യം കാണിച്ചവളായിരുന്നു സ്യൂചി. വിമർശനം തുടങ്ങി ഒരു വർഷത്തിനകം അവർക്കുമേൽ അടിച്ചേല്പിക്കപ്പെട്ട വീട്ടുതടങ്കൽ പതിനഞ്ചു കൊല്ലത്തോളം തുടർന്നു പട്ടാളം.  

2018. പട്ടാളത്തിന്റെ വീട്ടുതടങ്കലിനൊന്നും സ്യൂചിയുടെ ഐശ്വര്യത്തിൽ കുറവുണ്ടാക്കാനായിരുന്നില്ല. മൊണാലിസയെ ഓർമ്മിപ്പിക്കുന്ന ഒരു പുഞ്ചിരിയായിരുന്നു സ്യൂചിയെ സുപരിചിതയാക്കിയിരുന്നത്. എന്നാൽ, മാറാതിരുന്നത് രൂപം മാത്രമായിരുന്നു. അടിമുടി മാറിയ രാഷ്ട്രീയ പ്രജ്ഞയോടെയാണ് സ്യൂചി 2018 -ൽ പ്രതികരിച്ചത്. അപ്പോൾ അവർ സംസാരിച്ചത് പട്ടാളത്തിനുവേണ്ടി മാത്രമായിരുന്നു. ജനങ്ങളെ അവർ മറന്നുതുടങ്ങിയിരുന്നു. 

When Aung San Suu Kyi bats for the army against Rohingyans in International court of Justice
ഒരുകാലത്ത് 'അമായ് സ്യൂ' എന്ന് സ്യൂചിയെ ബഹുമാനവും സ്നേഹവും കലർന്ന സ്വരത്തിൽ ആവേശപൂർവം വിളിച്ചിരുന്ന മ്യാന്മാർ ജനത എന്ന് അവർക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. വിദ്യാർത്ഥികളും, എഴുത്തുകാരും, കലാകാരന്മാരും, കാർട്ടൂണിസ്റ്റുകളും, ആക്ടിവിസ്റ്റുകളും എല്ലാവരും ഇന്ന് വിപ്ലവത്തിന്റെ പാതയിലാണ്. അവർക്ക് ഒരേയൊരു പരാതി മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെതിരെ ഉയർത്താനുള്ളത്. രാഖൈൻ സ്റ്റെയ്റ്റിലെ റോഹിൻഗ്യൻ ജനതയ്‌ക്കെതിരെ മ്യാന്മാർ പട്ടാളം നടത്തിയ പീഡനങ്ങൾക്ക് എതിരെ പ്രതിഷേധ സ്വരം ഉയർത്തുകയോ, എന്തെങ്കിലും ചെയ്യുകയോ ഉണ്ടായില്ല സ്യൂചി. 

പട്ടാളം ചെയ്ത കുറ്റമെന്തെന്നോ? മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിൻഗ്യൻ മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് വംശഹത്യ നടത്തി. അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. പട്ടാളത്തിന്റെ നികൃഷ്ടത ഭയന്ന് ഏഴര ലക്ഷത്തിലധികം റോഹിൻഗ്യൻ മുസ്ലീങ്ങൾ പലായനം ചെയ്തു എന്നാണ് റിപ്പോർട്ട്. അങ്ങനെ ഓടിപ്പോയ പലരും അവർ നേരിൽ കണ്ട, അതിജീവിച്ച പല ദുരനുഭവങ്ങളുടെയും കരളലിയിക്കുന്ന കഥകൾ വിദേശ മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലാദേശ് അതിർത്തി വരെ ഓടിയെത്തിയ അവർക്ക് അവിടന്നങ്ങോട്ട് കടക്കാൻ അനുമതി കിട്ടിയില്ല. അവിടെ അവർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നും കഴിഞ്ഞു കൂടുന്നു. 

അങ്ങനെ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന്, റോഹിൻഗ്യൻസിനെ അവരുടെ വാസസ്ഥാനങ്ങളിൽ നിന്ന് തുരത്തിയോടിച്ച് മ്യാന്മർ പട്ടാളം അവിടം കയ്യടക്കി കഴിഞ്ഞുകൊണ്ടിരിക്കെ, ആഫ്രിക്കയിലെ ഒരു കുഞ്ഞു രാജ്യമായ ഗാംബിയ, മ്യാൻമറിനെതിരെ അന്താരാഷ്ട്രനീതിന്യായ കോടതിയിൽ പരാതി നൽകുന്നു. മ്യാൻമറിലെ തങ്ങളുടെ മുസ്‌ലിം സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ മറ്റു മുസ്ലിം രാജ്യങ്ങൾക്കു വേണ്ടിക്കൂടിയാണ് ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. 

തങ്ങളുടെ അധികാരപരിധിയിൽ അങ്ങനെ ഒരു അക്രമങ്ങളും നടന്നിട്ടില്ല എന്ന് ആരോപണങ്ങളൊക്കെയും നിഷേധിക്കുകയാണ് മ്യാന്മാർ സർക്കാർ ചെയ്തത്. രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടമായിനിന്ന ഭീകരവാദികളെ അടിച്ചമർത്തുകയും, നാട്ടിൽ നിന്ന് തുരത്തുകയും മാത്രമാണ് തങ്ങൾ ചെയ്തതെന്ന് മ്യാൻമർ മൊഴിനൽകി. റോഹിൻഗ്യൻ മുസ്ലിങ്ങൾ മ്യാൻമാർ പൗരന്മാർ അല്ലെന്നും, അവർ തങ്ങളുടെ നാട്ടിലെ അനധികൃത താമസക്കാരാണ് എന്നുംവരെ അവർ പറഞ്ഞു. പട്ടാളം പറയുന്നതൊക്കെ അക്ഷരംപ്രതി ശരിയാണ് എന്ന നിലപാടിലാണ് തല്ക്കാലം ആങ് സാൻ സ്യൂചിയും. 

When Aung San Suu Kyi bats for the army against Rohingyans in International court of Justice

മ്യാൻമർ വർഷങ്ങളായി റോഹിൻഗ്യൻസിനെ വേട്ടയാടുകയാണ് എന്ന ആരോപണം സ്യൂചി നിഷേധിച്ചു. മ്യാൻമറിലെ സാമൂഹിക സാഹചര്യത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ധാരണക്കുറവാണ് എന്നാണ് അവർ അതേപ്പറ്റി പ്രതികരിച്ചത്. പട്ടാളത്തോട് ഏറ്റുമുട്ടി മരിച്ചവരൊക്കെയും ഭീകരവാദികളാണ് എന്നാണ് അവർ പറഞ്ഞത്. 

മ്യാൻമറിലെ ഭൂരിപക്ഷം വരുന്ന ബുദ്ധിസ്റ്റ് ജനത റോഹിൻഗ്യൻ മുസ്ലിങ്ങളോട് പ്രതിപത്തിയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അവരെ എതിർത്തുകൊണ്ടുള്ള സ്യൂചിയുടെ നിലപാട് വരുന്ന തെരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് എന്ന് അവരുടെ രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. 

എന്നാൽ ഈ അന്താരാഷ്ട്ര നീതിന്യായകോടതിയിലെ കേസുകൊണ്ടോ അതിലെ വിധികൊണ്ടോ ഒന്നും റോഹിൻഗ്യൻ ജനതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം, മ്യാന്മറിന് മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ അന്താരാഷ്ട്ര കോടതിക്ക് ആവില്ല. കോടതിക്ക് ആകെയാവുക, മ്യാന്മറിനുമേൽ സാമ്പത്തിക ഉപരോധങ്ങൾക്കുള്ള നിർദേശങ്ങൾ നൽകാനാണ്. 

അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, മനുഷ്യാവകാശങ്ങളുടേയുമൊക്കെ പതാകാവാഹകയായി ഒരു കാലത്ത് മുന്നേ നടന്നിരുന്ന ആങ് സാൻ സ്യൂചിതന്നെ ഇപ്പോൾ മനുഷ്യാവകാശ ലംഘകർക്ക് കുടപിടിച്ചു കൊടുക്കുന്നു എന്നതാണ് ഈ കേസിലെ വിരോധാഭാസം. 

Follow Us:
Download App:
  • android
  • ios