Asianet News MalayalamAsianet News Malayalam

മരണത്തിന് വിട്ടുകൊടുക്കാതെ... ആനകള്‍ മനുഷ്യര്‍ക്ക് രക്ഷകരായ ചില സംഭവങ്ങളിതാ...

വൈറലായ ഒരു വീഡിയോയിലെ ഈ രംഗം ആരുടെയും മനസ് നിറയ്ക്കുന്നതാണ്. ആനകളുടെ ഒരു കൂട്ടം ഒരു നദിക്കരയിലൂടെ കടന്നുപോവുകയായിരുന്നു. അപ്പോഴാണ് നദിയില്‍ ഒരു മനുഷ്യനെ കണ്ടത്. വീഡിയോ അവസാനം വരെ കണ്ടാല്‍ നമുക്ക് മനസിലാവും അയാള്‍ക്ക് നീന്താനറിയാമെന്നും ആള് നീന്തുകയാണെന്നും. 

when elephant taught us lessons of love
Author
Thiruvananthapuram, First Published Jun 4, 2020, 10:33 AM IST

കേരളത്തില്‍ അതിക്രൂരമായി ഒരാന കൊല്ലപ്പെട്ടിരിക്കുന്നു. പടക്കം നിറച്ചിരുന്ന പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടത്. വേദന സഹിക്കാനാവാതെ അടുത്തുള്ള പുഴയിലിറങ്ങി നില്‍ക്കുകയായിരുന്നു ആന. 

സാധാരണ മനുഷ്യര്‍ ചെയ്യുന്ന ക്രൂരതകളെ മൃഗവാസന എന്ന് പറയാറുണ്ട്. എന്നാല്‍, മിക്കവാറും ഭക്ഷണത്തിനു വേണ്ടിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിലനില്‍ക്കുമ്പോഴോ ആണ് മൃഗങ്ങള്‍ എന്തിനെയെങ്കിലും ഉപദ്രവിക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ് എന്നാണ് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി വരുന്ന പല വാര്‍ത്തകളും സൂചിപ്പിക്കുന്നത്. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തിലെ ഏഷ്യന്‍ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട് എന്നാണ് പറയുന്നത്. ഇന്ന് 20,000-40,000 ആനകളാണ് കാട്ടിലാകെയായി ഉള്ളത്. നമ്മുടെ എക്കോ സിസ്റ്റത്തിന്‍റെ പ്രധാന ഭാഗം തന്നെയാണ് ഈ ആനകള്‍. 

ആനകളെപ്പോഴും അവയുടെ ബുദ്ധികൊണ്ടും ഓര്‍മ്മകൊണ്ടുമെല്ലാം മനുഷ്യരെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍, നാം അവയോട് കാണിക്കുന്നതോ കഠിനമായ ജോലികള്‍ ചെയ്യിക്കുകയും കൂട്ടിലടക്കുകയും കൊമ്പുകള്‍ക്കുവേണ്ടി കൊല്ലുകയും വിവിധ ഘോഷയാത്രകളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരെ സഹായിക്കുന്ന കാര്യത്തില്‍ ആനകള്‍ പിന്നിലല്ല. അത്തരം ചില സംഭവങ്ങളാണിത്. 

ആനക്കുട്ടി വെള്ളത്തിലുള്ള മനുഷ്യനടുത്തേക്ക്

വൈറലായ ഒരു വീഡിയോയിലെ ഈ രംഗം ആരുടെയും മനസ് നിറയ്ക്കുന്നതാണ്. ആനകളുടെ ഒരു കൂട്ടം ഒരു നദിക്കരയിലൂടെ കടന്നുപോവുകയായിരുന്നു. അപ്പോഴാണ് നദിയില്‍ ഒരു മനുഷ്യനെ കണ്ടത്. വീഡിയോ അവസാനം വരെ കണ്ടാല്‍ നമുക്ക് മനസിലാവും അയാള്‍ക്ക് നീന്താനറിയാമെന്നും ആള് നീന്തുകയാണെന്നും. പക്ഷേ, കൂട്ടത്തിലെ ഒരാന കരുതിയത് അയാള്‍ക്ക് നീന്താനറിയില്ലെന്നും അയാള്‍ അപകടത്തിലാണെന്നുമാണ്. അങ്ങനെ ആ ആനക്കുട്ടി നദിയിലൂടെ നീന്തി ആ മനുഷ്യനെ രക്ഷിക്കാനായി അയാള്‍ക്കരികിലെത്തുകയായിരുന്നു. അയാളെ കരയോളം എത്തിച്ചപ്പോഴാണ് നമ്മുടെ ആനക്കുട്ടിക്ക് സമാധാനമായത്.

അപകടത്തില്‍ പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച ആന

2019 -ല്‍ പശ്ചിമബംഗാളിലാണ് ഈ അപകടം നടക്കുന്നത്. ഒരു നാലുവയസ്സുകാരി മാതാപിതാക്കളോടൊപ്പം സ്‍കൂട്ടറില്‍ പോവുകയായിരുന്നു. എന്നാല്‍, ഒരു വനത്തിനരികിലൂടെ സ്കൂട്ടര്‍ കടന്നുപോകവെ ഒരുകൂട്ടം ആനകള്‍ അതുവഴി കടന്നുപോയി. അതോടെ വണ്ടിയോടിച്ചിരുന്നയാളുടെ ബാലന്‍സ് പോയി. വണ്ടി വീഴുകയും ചെയ്‍തു. കൂട്ടത്തിലെ ഒരാന അവര്‍ക്കരികിലേക്ക് നടക്കുകയും നാലു വയസ്സുള്ള കുട്ടിയെ കൂടുതല്‍ അപകടത്തില്‍പ്പെടാതെ തന്‍റെ കാലുകള്‍ക്കിടയില്‍ സുരക്ഷിതയാക്കി ഇരുത്തുകയും ചെയ്തു. 

10 മാസം പ്രായമുള്ള കുഞ്ഞിനെ ആന രക്ഷിക്കുന്നു

ആനയില്‍ ചില നേരങ്ങളില്‍ അക്രമവാസന കൂടുതലായിരിക്കും. മദപ്പാടുള്ള ആനകളെ പലപ്പോഴും ശ്രദ്ധയോടെ മാറ്റിപ്പാര്‍പ്പിക്കാറുണ്ട്. അവ ഏതുനേരം എന്ത് തല്ലിത്തകര്‍ക്കുമെന്ന് പറയുക സാധ്യമല്ല. 2014 -ലാണ്, പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തില്‍ ഒരാന അങ്ങനെ വീടുകള്‍ തകര്‍ത്തു. ചുമരുകളും മറ്റും തകര്‍ക്കുകയായിരുന്നു ആന. 10 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ആ സമയത്ത് ആ വീട്ടിലുണ്ടായിരുന്നു. ആനയുടെ പരാക്രമം കണ്ടതോടെ കുഞ്ഞ് കരഞ്ഞുതുടങ്ങി. 

'ഞങ്ങള്‍ പേടിച്ച് ഓടുകയായിരുന്നു. പെട്ടെന്ന് ആ കൊമ്പന്‍ ഞങ്ങളുടെ കുഞ്ഞിന്‍റെ അടുത്ത് നില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങളാകെ പേടിച്ചു. കുഞ്ഞിനെ അവനെന്തെങ്കിലും ചെയ്യുമെന്ന് ഭയന്നു. അവള്‍ കരയുന്നുണ്ടായിരുന്നു. അവള്‍ക്ക് ചുറ്റും ചുമരിന്‍റെയും മറ്റും കഷ്‍ണങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. അവളെ ഒന്നും ചെയ്യാതെ ആന നീങ്ങിപ്പോയി. പക്ഷേ, വീണ്ടും അവള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ കരച്ചില്‍ കേട്ട് ആന തിരികെ അവളുടെ അരികിലേക്ക് തന്നെ വരികയും അവള്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചുമരിന്‍റെയും മറ്റും അവശിഷ്‍ടങ്ങള്‍ മാറ്റിക്കൊടുക്കുകയും ചെയ്‍തു.' കുട്ടിയുടെ അച്ഛന്‍ പിന്നീട് പറഞ്ഞു. 

സുനാമിയില്‍ എട്ട് വയസ്സുകാരനെ രക്ഷിച്ച ആന

2004 -ലാണ് ആംബര്‍ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടി അവധിക്കാലമാഘോഷിക്കാന്‍ ഫൂകേതിലെത്തിയതാണ്. എല്ലാ ദിവസവും രാവിലെ അവള്‍ ആന സവാരിക്ക് പോവും. നിംഗ് നോംഗ് എന്ന് പേരായ ഒരു ആനയേയാണ് അവള്‍ക്കേറ്റവും പ്രിയം. അന്നത്തെ ദിവസവും അവളുടെ പ്രിയപ്പെട്ട ജംബോയ്ക്കൊപ്പം ബീച്ചിലായിരുന്നു അവള്‍. എന്നാല്‍, ഇത്തവണ പതിവില്ലാതെ നിംഗ് നോംഗ് വെള്ളത്തിലേക്കിറങ്ങാന്‍ ഭയക്കുന്നുണ്ടായിരുന്നു. 

ആംബര്‍, നിംഗ് നോംഗിന്‍റെ ഈ അസ്വാഭാവിക പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ടു. എന്നാല്‍ വളരെ വലിയൊരു തിരമാല നിംഗ് നോംഗിന്‍റെ തോള് വരെയെത്തിയപ്പോള്‍ അവര്‍ക്ക് അപകടത്തെ കുറിച്ച് ഏകദേശം ധാരണയുണ്ടായി. ആ സമയം നിംഗ് നോംഗ് ഗൈഡിന്‍റെ വാക്കുകള്‍ക്കൊന്നും ചെവി കൊടുക്കാതെ ആംബറിനെയും പുറത്തിരുത്തി ഓടിത്തുടങ്ങി. ആംബറിന് സുരക്ഷിതമായി നില്‍ക്കാം, അപകടമുണ്ടാവില്ല എന്നുറപ്പുള്ള ഒരു വലിയ മതിലിനപ്പുറമെത്തിയാണ് അവള്‍ നിന്നത്. വളരെ പെട്ടെന്ന് തന്നെ കടലിനടുത്തുള്ള സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു തുടങ്ങിയിരുന്നു. 

ഇന്ന് ഇരുപതുകാരിയായ ആംബര്‍ തന്‍റെ ജീവന്‍ അന്ന് രക്ഷിച്ചത് നിംഗ് നോംഗ് ആണ് എന്ന് എപ്പോഴും ഓര്‍ക്കുന്നു. 

കൊമ്പനെ തളക്കാന്‍ സഹായിക്കുന്ന ആനകള്‍

മനുഷ്യരും ആനകളും തമ്മിലുള്ള സംഘട്ടനം ഇന്ത്യയിലെ പല വനങ്ങളിലുമുണ്ടാവാറുണ്ട്. ഓരോ വര്‍ഷവും നിരവധി മനുഷ്യര്‍ക്ക് ആനകളാല്‍ ജീവന്‍ നഷ്‍ടപ്പെടാറുണ്ട്. അതൊരു വലിയ പ്രശ്‍നമായിത്തന്നെ നിലനില്‍ക്കുന്നുമുണ്ട്. പലപ്പോഴും കാട്ടിലെ ആനകളില്‍ നിന്നാണ് ഈ ഭീഷണിയുണ്ടാവുന്നത്. കാട്ടില്‍ ഭീഷണിയായി വിലസുന്ന കൊമ്പനെ തളക്കാന്‍ പലപ്പോഴും നാട്ടിലെ ആനകള്‍ മനുഷ്യന് സഹായത്തിനെത്താറുണ്ട്. 

മദമിളകി നില്‍ക്കുന്ന കൊമ്പനെ തളക്കാന്‍ പലപ്പോഴും പെണ്ണാനകളെയാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഈ ആനകളെയും കൊമ്പന്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഭീഷണി മുന്നില്‍ കണ്ടുതന്നെയാണ് അവയെ ഈ ദൗത്യത്തിന് തെരഞ്ഞെടുക്കുന്നത്. പെണ്ണാനകള്‍ക്ക് വേണമെങ്കില്‍ പരിശീലകരുടെ നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍, അതൊന്നും ചെയ്യാതെ പലപ്പോഴും അവ മനുഷ്യരെ കൊമ്പനെ തളക്കാനുള്ള സഹായത്തിനെത്താറാണ്. 

Follow Us:
Download App:
  • android
  • ios