Asianet News MalayalamAsianet News Malayalam

പണ്ട് ഒരു ബോംബുസ്ഫോടനത്തിൽ നിന്നും ഷീലാ ദീക്ഷിതിനെ രക്ഷിച്ച വിശപ്പ്..!

അപ്പോൾ ഷീലാ ദീക്ഷിത് "ഇപ്പോൾ വിശക്കുന്നില്ല, അൽപനേരം കഴിഞ്ഞു മതി ഭക്ഷണം" എന്ന് മറുപടി പറഞ്ഞിരുന്നെങ്കിൽ, അവർ മുന്നോട്ടു പോയിരുന്നു എങ്കിൽ, ആ നിമിഷം തീർന്നേനെ..

When hunger saved Sheila Dixit from a Bomb Blast
Author
Amritsar, First Published Jul 20, 2020, 5:15 PM IST

ഇന്ന് ജൂലൈ 20. ഇന്ന് മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഷീലാ ദീക്ഷിതിന്റെ ഒന്നാം ചരമവാർഷിക ദിനമാണ്. ഇന്ത്യയിൽ രാഷ്ട്രീയത്തിലിറങ്ങിയ ആദ്യത്തെ 'പെൺ മരുമക്കളിൽ' ഒരാളാണ് ഷീലാ ദീക്ഷിത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉമാ ശങ്കർ ദീക്ഷിതിന്‍റെ മകൻ വിനോദ് ദീക്ഷിതിനേക്കാൾ, രാഷ്ട്രീയരംഗത്ത് ആ കുടുംബപ്പേര് മായാതെ പതിപ്പിച്ചത് ആ കുടുംബത്തിലേക്ക് വന്നു കയറിയ 'മരുമകളാ'യിരുന്നു. ഷീലാ കപൂർ എന്ന ഷീലാ ദീക്ഷിത്. 

1998 മുതൽ 2013 വരെ ദില്ലി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. അക്കാലമത്രയും ദില്ലി കോൺഗ്രസിലെ അവരുടെ അപ്രമാദിത്വം അനിഷേധ്യമായിരുന്നു. അവസാന ശ്വാസം വരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു ഷീല. 2014 -ൽ കുറച്ചുകാലത്തേക്ക് കേരളാ ഗവർണ്ണറായും ഷീല ദീക്ഷിത് പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം ഉണ്ടായപ്പോൾ അതിനെ തടുത്തു നിർത്താൻ അവർക്കായില്ല. തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട ശേഷം അവർ രാഷ്ട്രീയത്തിൽ നിന്നും പിന്മടങ്ങിത്തുടങ്ങി. ഒടുവിൽ തന്റെ എൺപത്തിയൊന്നാം വയസ്സിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കഴിഞ്ഞ കൊല്ലം അവർ അന്തരിച്ചത്.

മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒരു ചരിത്രവും ഷീലാ ദീക്ഷിത്തിനുണ്ട്. പതിനഞ്ചു വർഷം മുമ്പുള്ളൊരു ജൂലൈ മാസത്തിലെ ഒരു നട്ടുച്ച. കടുത്ത വിശപ്പ് ഉച്ചഭക്ഷണം കഴിക്കാം എന്ന തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചില്ലായിരുന്നു എങ്കിൽ അന്ന് തീർന്നിരുന്നേനെ ഷീലാ ദീക്ഷിതിന്റെ കഥ.  ഉദ്വേഗജനകമായ ആ കഥയിലേക്ക്. 

രാജീവ് ഗാന്ധിയും ഹർചരൺ സിംഗ് ലോംഗോവാളും തമ്മിൽ പഞ്ചാബ് പീസ് അക്കോർഡ് (സമാധാനസന്ധി) ഒപ്പുവെച്ചിരിക്കുന്ന കാലം. ഏറെനാൾ കലാപ കലുഷിതമായിരുന്ന, തീവ്രവാദത്തിന്റെ കൈപ്പിടിയിൽ അമർന്നിരുന്ന പഞ്ചാബിൽ ഇനിയെങ്കിലും  ഒക്കെ ശരിയാവും എന്നുതന്നെ അന്ന് എല്ലാവരും ധരിച്ചു. പക്ഷേ, അടുത്തമാസം,   പഞ്ചാബിനെ ഞെട്ടിച്ചുകൊണ്ട് ഭീകരവാദികൾ ലോംഗോവാളിനെ കൊലപ്പെടുത്തി 

സെപ്തംബർ 25-ന് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിട്ടിരിക്കയാണ്. സിഖുകാർക്കിടയിൽ ഏറെ പൂജനീയനായിരുന്ന ഹർചരൺ സിംഗ് ലോംഗോവാൾ കൊല്ലപ്പെട്ടത് പഞ്ചാബിനെ വീണ്ടും സംഘർഷത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞു.  

When hunger saved Sheila Dixit from a Bomb Blast

 

അതൊന്നും പക്ഷേ, തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ മാറ്റിവെക്കാൻ മാത്രം പോന്നതായിരുന്നില്ല. കോൺഗ്രസിനെ പഞ്ചാബിൽ അമരത്തിരുന്നു നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്, സാക്ഷാൽ ഷീലാ ദീക്ഷിത് ആയിരുന്നു. അവരെ ഹൈക്കമാൻഡ് ഭാരിച്ച ഉത്തരവാദിത്തങ്ങളും ഏല്പിച്ചുകൊണ്ട് പഞ്ചാബിലേക്ക് പറഞ്ഞുവിട്ടു. 

 

When hunger saved Sheila Dixit from a Bomb Blast

 

പ്രചാരണം അതിന്റെ മുറയ്ക്ക് നടന്നു. ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയ ധിഷണ ഉണർന്നുപ്രവർത്തിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. നിരവധി സമ്മേളനങ്ങളിലൂടെയും, തെരഞ്ഞെടുപ്പ് റാലികളിലൂടെയും അവർ പഞ്ചാബിലെ ജനങ്ങളിലേക്ക് കോൺഗ്രസിന്റെ പ്രകടനപത്രികയും വാഗ്ദാനങ്ങളുമായി എത്തി. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. അങ്ങനെ അവ ആശാനേ ദിവസം വന്നെത്തി. പ്രചരണത്തിലെ അവസാനത്തെ റാലിയായിരുന്നു അത്. നമ്മുടെ നാട്ടിൽ കലാശക്കൊട്ട് എന്നൊക്കെ പറയാറില്ലേ..? അതുതന്നെ. 

ബിഹാറിൽ നിന്നുള്ള ഒരു എംപിയുടെ കാറിൽ കയറി ഷീലാ ദീക്ഷിത് ബട്ടാലയിൽ നിന്നും അമൃത്സർ ലക്ഷ്യമാക്കി പുറപ്പെട്ടു. കാറിൽ ഷീല ദീക്ഷിത്, ആ എംപി, അയാളുടെ ഗൺമാൻ, ഒരു ഡ്രൈവർ. ഇത്രയും പേരാണ് ഉണ്ടായിരുന്നത്. നേരം ഉച്ചയ്ക്ക് ഒരു മണി ആകാറായി.  യാത്രക്കാർക്ക് വിശക്കാൻ തുടങ്ങി എന്നുകണ്ട ഡ്രൈവർ ഹൈവേയിൽ തന്നെയുള്ള നല്ലൊരു റെസ്റ്റോറന്റ് നോക്കി വണ്ടി ഒതുക്കി. 

" മാഡം, ഇവിടത്തെ ഭക്ഷണം പ്രസിദ്ധമാണ്. ഇപ്പോൾ കഴിക്കുന്നതാവും നല്ലത്. ഇനിയങ്ങോട്ട് നല്ല റെസ്റ്റോറന്റോന്നും ഇല്ല. അമൃത്സറിലെത്തുമ്പോഴേക്കും ഒരു നേരമാവുകയും ചെയ്യും.." ഡ്രൈവർ ഷീലാ ദീക്ഷിതിനോട് പറഞ്ഞു.  ഡ്രൈവർ പറഞ്ഞതനുസരിച്ച്  ഷീലാ ദീക്ഷിത് കാറിൽ നിന്നുമിറങ്ങി, റെസ്റ്റോറന്റിനുള്ളിൽ ചെന്നിരുന്നു. ഭക്ഷണം ഓർഡർ ചെയ്തു. ഒരു സോഫ്റ്റ് ഡ്രിങ്ക് സിപ്പ് ചെയ്യാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പുറത്തുനിന്നും അതിഭയങ്കരമായ ഒരു ശബ്ദം കേട്ടു. പുറത്ത് ഒരു സ്ഫോടനം നടന്നിരിക്കുന്നു. 

അഞ്ചുമിനിറ്റുനേരം മുമ്പ് ഷീലാ ദീക്ഷിത് ഇരുന്ന കാർ, പുറത്ത് ഒരായിരം കഷ്ണങ്ങളായി ചിതറിത്തെറിച്ചു കിടക്കുന്നു. ഡ്രൈവർക്ക് ലഞ്ചുകഴിക്കാനായി ആ റെസ്റ്റോറന്റിൽ നിർത്താൻ തോന്നിയില്ലായിരുന്നു എങ്കിൽ. അല്ലെങ്കിൽ, ഷീലാ ദീക്ഷിത് 'ഇപ്പോൾ വിശക്കുന്നില്ല, അൽപനേരം കഴിഞ്ഞു മതി ഭക്ഷണം' എന്ന് മറുപടിപറഞ്ഞിരുന്നു എങ്കിൽ, അവർ മുന്നോട്ടു പോയിരുന്നു എങ്കിൽ, ആ നിമിഷം തീർന്നേനെ.. ആ കാറിനൊപ്പം അവരും ഭസ്മമായിരുന്നേനെ. 

ഷീലാ ദീക്ഷിതും, ആ കാറിൽ അതുവരെ സഞ്ചരിച്ചിരുന്ന മറ്റെല്ലാവരും തന്നെ ആ സ്‌ഫോടനത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, കാറിനടുത്തു നിന്നിരുന്ന രണ്ടു കുട്ടികൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 

പിന്നീട് പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് വെളിപ്പെട്ടത്. കാറിനുള്ളിൽ ഒരു ടൈം ബോംബ്  വെച്ചിട്ടുണ്ടായിരുന്നു. തന്റെ കണ്മുന്നിൽ നടന്ന ആ സ്ഫോടനം, ആ പൊട്ടിത്തെറി ശബ്ദം, ആകാശത്തേക്കുയർന്ന് കത്തിയമർന്ന്, തിരികെ നിലത്തുവന്നുവീണ ആ കാർ. അതോടൊപ്പം ചിന്നിച്ചിതറിയ രണ്ടു കുട്ടികൾ ഒന്നും തന്നെ തന്റെ ആയുഷ്കാലത്തിൽ മറക്കാൻ ഷീലാ ദീക്ഷിതിനായില്ല. 

പക്ഷേ, അവർ അതുകൊണ്ടൊന്നും പേടിച്ചോടിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കും വരെ അവർ പഞ്ചാബിൽ തന്നെ തുടർന്നു. ആ സ്ഫോടനം നടന്ന്, 13 കൊല്ലവും, മൂന്നുമാസവും കഴിഞ്ഞപ്പോഴേക്കും ഷീലാ ദീക്ഷിത് എന്ന പരിണിതപ്രജ്ഞയായ രാഷ്ട്രീയ നേതാവ് ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ചരിത്രത്തിന്റെ ഭാഗം. 

Follow Us:
Download App:
  • android
  • ios