(പതിനാറാമത്തെ വയസ്സിലാണ് മെലിസ്സ മൂർ തന്റെ അച്ഛനൊരു സീരിയൽ കില്ലറാണ് എന്ന സത്യം മനസിലാക്കുന്നത്. ആ അനുഭവം എങ്ങനെയായിരുന്നുവെന്ന് അവർ തുറന്നു പറയുന്നു. വൈസിൽ പ്രസിദ്ധീകരിച്ചത്.)

ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 1995 -ലെ മാര്‍ച്ച് മാസമായിരുന്നു അത്. ഞാന്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അമ്മ എന്നെയും സഹോദരങ്ങളെയും അടുത്ത് വിളിച്ചു എന്നിട്ട് പറഞ്ഞു, നിങ്ങളുടെ അച്ഛന്‍ ജയിലിലാണ്. എന്തിനാണ് അച്ഛനെ അവര്‍ ജയിലിലാക്കിയതെന്ന് സഹോദരന്‍ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ മറുപടി ഇതായിരുന്നു, കൊലപാത കുറ്റത്തിന്. 

അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എന്‍റെ കാലുകള്‍ തളരുന്നതായി തോന്നി. ഞാനപ്പോള്‍ താഴേക്ക് വീണുപോവുമെന്ന് തോന്നി. ഞാന്‍ പതിയെ എന്‍റെ റൂമിലേക്ക് പോയി കട്ടിലില്‍ കിടന്നു. സ്വബോധം കിട്ടിയപ്പോള്‍ ഞാന്‍ പതിയെ ചിന്തിച്ചു തുടങ്ങി. അച്ഛന്‍ മറ്റൊരാളെ കൊന്നോ? അബദ്ധത്തില്‍ സംഭവിച്ചുപോയതാണോ അത്? അതോ എന്തെങ്കിലും വഴക്ക് നടന്ന് അതിനിടയില്‍ പറ്റിയതാണോ? അപ്പോഴും അച്ഛനങ്ങനെ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന് തോക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മറ്റൊരാളെ വെടിവെച്ചുവെന്ന് എനിക്ക് സങ്കല്‍പിക്കാന്‍ പോലുമായില്ല. പിന്നെ ഞാന്‍ അദ്ദേഹം കഴുത്തുഞെരിച്ച് കൊല്ലുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒരു സ്ത്രീയെ അദ്ദേഹം കഴുത്തുഞെരിച്ച് കൊന്നിരിക്കുമോ എന്ന് ചിന്തിച്ചു. 

സത്യത്തില്‍ ആ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും എനിക്കറിയില്ലായിരുന്നു. അമ്മ നമ്മളോട് അതിനെക്കുറിച്ച് കൂടുതലൊന്നും തന്നെ പറഞ്ഞിരുന്നില്ല. അത് ഞങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് പിന്നീട് അമ്മ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ട് കൊലപാതകത്തെ കുറിച്ച് കൂടുതലെന്തെങ്കിലും അറിയാനായി ഞാന്‍ ലൈബ്രറിയിലേക്ക് പോയി. അവിടെച്ചെന്ന ശേഷമാണ് ഞാനാ സത്യം തിരിച്ചറിഞ്ഞത് അച്ഛന്‍ നടത്തിയത് ഒറ്റ കൊലപാതകമല്ല. എട്ട് സ്ത്രീകളെയാണ് അച്ഛന്‍ കൊന്നിരിക്കുന്നത്. 

അതോടെ അതുവരെയുണ്ടായിരുന്ന എന്‍റെ ലോകം ആകെ മാറുകയായിരുന്നു. എനിക്ക് അതുവരെയുണ്ടായിരുന്ന എന്‍റെ എല്ലാ ഓര്‍മ്മകളെയും ഒന്നുകൂടി ഓര്‍ത്തെടുക്കേണ്ടതുണ്ടായിരുന്നു. എല്ലാം ഓര്‍ക്കണം, മനസിലെ മുറിവുകളെല്ലാം ഉണക്കണം, പുതിയൊരു എന്നെ വാര്‍ത്തെടുക്കണം... 

ഞാന്‍ ജനിച്ചത് വാഷിംഗ്ടണിലെ യാക്കിമയിലാണ്. അതൊരു ഉള്‍പ്രദേശമായിരുന്നു. പക്ഷേ, എന്‍റെ കുട്ടിക്കാലം നല്ലതായിരുന്നു. മൂന്നുമക്കളില്‍ ഏറ്റവും മൂത്തതായിരുന്നു ഞാന്‍. എന്‍റെ അച്ഛന്‍ എനിക്ക് വളരെ അദ്ഭുതമായ മനുഷ്യനായിരുന്നു. അദ്ദേഹം എല്ലാവരേക്കാളും ഉയരത്തില്‍ നിന്നു എല്ലായ്പ്പോഴും. അദ്ദേഹം ദൈവത്തെ പോലെ ഒരാളായിട്ടാണ് ഞാന്‍ കരുതിപ്പോന്നത്. 

അച്ഛന് രണ്ട് തരത്തിലുള്ള സ്വഭാവമുണ്ടായിരുന്നു. ചിലപ്പോള്‍ നല്ലതാണെങ്കില്‍ അതിന് നേരെ എതിരായിട്ടുള്ള ചില സ്വഭാവങ്ങളും ഉടനെ പ്രകടിപ്പിക്കും. ഉദാഹരണത്തിന് എന്‍റെ അനിയന് ഒരു പൂച്ചയുണ്ടായിരുന്നു. അവനതിനെ ലാളിച്ച് കൊണ്ടുനടക്കുന്നതായിരുന്നു. ഒരുദിവസം അച്ഛനത് തിരിച്ചറിഞ്ഞു. അതിനെ പിടിച്ച് മടിയിലിരുത്തി ലാളിക്കാന്‍ തുടങ്ങി. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാവം മാറി. അദ്ദേഹം അതിന്‍റെ കഴുത്ത് ഞെരിക്കാന്‍ തുടങ്ങി. അത് ചാവും വരെ അച്ഛനത് തുടര്‍ന്നു. അച്ഛന്‍റെ മുഖത്ത് വല്ലാത്തൊരു ഭാവം ഞാനന്ന് കണ്ടിരുന്നു. 

ജീവിതം എനിക്ക് വളരെ നന്നായിരുന്നു. ഞാന്‍ എലമെന്‍ററി സ്കൂളില്‍ പോവുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തു. പക്ഷേ, പെട്ടെന്നൊരു ദിവസം എന്‍റെ പിറന്നാളിന്‍റെ സമയത്താണ് അമ്മ ഞങ്ങളോട് പറഞ്ഞത് ഞങ്ങളവിടം വിടുകയാണ് എന്ന്. അമ്മ ഞങ്ങളെയും കൊണ്ട് കാറില്‍ കയറി. ഞങ്ങളിവിടം വിടുകയാണ്. നിങ്ങളുടെ അച്ഛന് ഇനി നമ്മളെയൊന്നും വേണ്ട എന്നാണ് പറയുന്നത്. അതുകൊണ്ട് ഞങ്ങള്‍ വിവാഹബന്ധം വേര്‍പിരിയാന്‍ പോവുകയാണ്. നമ്മളിപ്പോള്‍ അമ്മൂമ്മയുടെ വീട്ടിലേക്ക് പോവുകയാണ് എന്നും അമ്മ  പറഞ്ഞു. 

1990 -ല്‍ അമ്മയും അച്ഛനും ഔദ്യോഗികമായി വിവാഹമോചിതരായി. പിന്നീട് കാര്യങ്ങള്‍ വളരെ മോശമായി എന്ന് ഞാനറിഞ്ഞു. അച്ഛന്‍ ജയിലിലായതിന് ശേഷമാണ് കാര്യങ്ങള്‍ പലതും ഞാനറിഞ്ഞത്. ഞങ്ങള്‍ അവിടം വിട്ട് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അച്ഛന് ജോലിയില്ലാതായി പൂള്‍ കളിക്കാന്‍ തുടങ്ങി. ഒരിക്കല്‍ പൂള്‍ കളിക്കുന്നതിനിടെ ഒരു 23 -കാരിയെ കണ്ടുമുട്ടി. തൌഞ്ച ബെന്നറ്റ് എന്നായിരുന്നു അവരുടെ പേര്. അച്ഛന്‍ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് അവര്‍തമ്മിലെന്തോ തര്‍ക്കമുണ്ടായി. അച്ഛന്‍ അവരുടെ മുഖമിടിച്ചു തകര്‍ത്തു. പല്ലുകളെല്ലാം തകര്‍ത്തു. പിന്നീട് ഡിറ്റക്ടീവുകള്‍ വീടിന്‍റെ പലഭാഗത്തുനിന്നായി അവരുടെ പല്ലുകള്‍ കണ്ടെടുത്തു. അന്ന് ചോര കണ്ട് തുടങ്ങിയ ആ കൊതി പിന്നീട് അച്ഛനെ പിന്തുടര്‍ന്നു. 

അവസാനത്തെ ഇരയുടെ കൊലപാതകത്തിനാണ് 1995 -ല്‍ അച്ഛന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. 41 വയസ്സുകാരിയായ ജൂലി വിന്നിങ്ഹാം ആയിരുന്നു അത്. അമ്മയ്ക്ക് ശേഷമുള്ള അച്ഛന്‍റെ നീണ്ട കാലത്തെ ഗേള്‍ഫ്രണ്ടായിരുന്നു അവര്‍. ഞാനൊരിക്കലും അച്ഛനെ വിചാരണ ചെയ്യുന്നത് കാണാന്‍ ചെന്നിട്ടില്ലായിരുന്നു. പിന്നീട് ഞാനറിഞ്ഞു. മറ്റെല്ലാ കൊലപാതകങ്ങളും അച്ഛന്‍ തന്നെ ഏറ്റുപറഞ്ഞുവെന്ന്.

അതുവരെ ഞാനെന്നെ എങ്ങനെയാണോ കണ്ടത് അത് പിന്നീടങ്ങോട്ട് മാറി. അച്ഛന്‍റെ അറസ്റ്റിന് ശേഷം എങ്ങനെയാണ് ആളുകളെന്നെ കാണുന്നതെന്ന് ഞാന്‍ മനസിലാക്കി. അച്ഛന്‍റെ അറസ്റ്റിനുശേഷം ഹൈസ്കൂളിലെത്തിയപ്പോള്‍ കൂട്ടുകാരുടെ അച്ഛനമ്മമാര്‍ എന്നില്‍ നിന്നും അകന്നുനില്‍ക്കണമെന്ന് അവരോട് പറഞ്ഞു. എനിക്ക് കുറ്റബോധം തോന്നി. എനിക്കെന്തോ പ്രശ്നമുണ്ട് എന്നുവരെ തോന്നിത്തുടങ്ങി. മുതിരുംവരെ ഞാനങ്ങനെ തന്നെയാണ് കരുതിപ്പോന്നത്. 

പിന്നീട് ഞാന്‍ വിവാഹിതയാവുകയും എനിക്ക് കുട്ടികളുണ്ടാവുകയും ചെയ്തു. അവരോട് ഞാന്‍ അച്ഛന്‍റെ കാര്യം ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരുദിവസം കിന്‍റര്‍ഗാര്‍ട്ടനില്‍നിന്നും വന്ന എന്‍റെ മകള്‍ ആസ്പെന്‍ എന്നോട് ഇങ്ങനെ ചോദിച്ചു, എല്ലാവര്‍ക്കും ഒരു അച്ഛനുണ്ടാവും. അമ്മയുടെ അച്ഛനെവിടെ? ഞാന്‍ അവളോട് ജയില്‍ നില്‍ക്കുന്ന സ്ഥലത്തിന്‍റെ പേര് മാത്രം പറഞ്ഞു. അച്ഛന്‍ ജയിലില്‍ ആണ് എന്ന് പറഞ്ഞില്ല. പക്ഷേ, മുതിരുമ്പോള്‍ അവളോട് അത് പറയേണ്ടതുണ്ട് എന്നും എങ്ങനെ പറയും എന്നും ഞാന്‍ ചിന്തിച്ചു തുടങ്ങി. 

അവിടെ വച്ചാണ് അച്ഛന്‍ ചെയ്ത കൊലപാതകങ്ങളിൽ എനിക്കൊന്നും ചെയ്യാനില്ല എന്നും എനിക്ക് കുറ്റബോധത്തിന്റെയോ വേദനയുടെയോ ആവശ്യമില്ലെന്നും ഞാന്‍ മനസിലാക്കിയത്. എങ്കിലും ആ വേദനകളിൽ നിന്നും കഠിനമായ ചിന്തകളിൽ നിന്നും പുറത്തുകടക്കാൻ എനിക്ക് ഒരുപാട് കാലം വേണ്ടിവന്നു. 

ഒരിക്കൽ അച്ഛനെ കാണാൻ ഞാൻ ജയിലിൽ പോയി. വളരെ കാലത്തിനുശേഷമായിരുന്നു ഞങ്ങൾ കാണുന്നത്, മിണ്ടുന്നത്. അയാൾ ഒരിക്കലും മാപ്പ് പറയാൻ തയ്യാറായിരുന്നില്ല. വിധിപ്പിഴവിലെ ആ എട്ട് കുറ്റങ്ങളൊഴിച്ച് നിർത്തിയാൽ അച്ഛൻ നല്ലൊരച്ഛനായിരുന്നുവെന്നാണ് അയാൾ പറഞ്ഞത്. അപ്പോഴും ഇരകളുടെ കുടുംബത്തിന് പൂർണമായും നീതികിട്ടിയതായി എനിക്ക് തോന്നിയില്ല. എനിക്ക് ഒറ്റ കാര്യമേ തോന്നിയുള്ളൂ, അയാൾ അകത്ത് കിടക്കുന്നതുകൊണ്ട് ഇനിയയാൾ ഒരുകൊലപാതകം കൂടി ചെയ്യില്ലല്ലോ എന്ന്.