ഇന്ന് ദില്ലി ഹൈക്കോടതി ഏറെ വികാരനിർഭരമായ ഒരു വിടവാങ്ങൽ ചടങ്ങിലൂടെ ജസ്റ്റിസ് എസ് മുരളീധറിന് യാത്രയയപ്പു നൽകി. വളരെ നിർണായകമായ ഒരു കേസ് പരിഗണിച്ചുകൊണ്ടിരിക്കെ, വളരെ നാടകീയമായി അർധരാത്രിക്ക് സ്ഥലംമാറ്റ ഉത്തരവ് കൈമാറിക്കൊണ്ടാണ് ജസ്റ്റിസ് മുരളീധറിനെ, സുപ്രീം കോടതി കൊളീജിയം ദില്ലി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് കെട്ടുകെട്ടിച്ചത്. "നിയമസംബന്ധിയായ ആകാശത്തിനു ചോട്ടിലെ ഏത് വിഷയവും ചർച്ചചെയ്യാൻ പോന്ന പാണ്ഡിത്യമുള്ള, ഏതുകാര്യത്തിലും യുക്തിസഹവും നീതിയുക്തവുമായ തീരുമാനങ്ങൾ എടുക്കാനുള്ള കർമ്മശേഷിയുള്ള ഒരു നിയമജ്ഞനെ ഇന്ന് ദില്ലി ഹൈക്കോടതിക്ക് നഷ്ടമാവുകയാണ്" ജസ്റ്റിസ് മുരളീധറിനെ യാത്രയയച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ പറഞ്ഞ വാക്കുകളാണിത്. ഏതൊരു യാത്രയയപ്പു വേളയിലും ഉയർന്നു കേൾക്കുന്ന ഉപചാരവാക്കുകൾക്ക് മേലെ ഈ അഭിപ്രായത്തിന് ദില്ലി ബാർ അസോസിയേഷൻ വിലകല്പിക്കുന്നുണ്ട്. അത് തന്റെ കഴിഞ്ഞ പത്തുവർഷത്തെ കർമ്മകാണ്ഡം കൊണ്ട് ജസ്റ്റിസ് എസ് മുരളീധർ അവിടെ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയുടെ മഹത്വമാണ്. 

"ദില്ലി ഹൈക്കോടതിയുടെ കോഹിനൂർ പടിയിറങ്ങുന്നു എങ്കിലും, വെറും നൂറുകിലോമീറ്റർ അപ്പുറത്ത് മറ്റൊരു ഉന്നതന്യായപീഠത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും എന്നത് ആശ്വാസകരമാണ്" എന്ന് ദില്ലി ബാർ അസോസിയേഷൻ സെക്രട്ടറി അഭിജാത നിരീക്ഷിച്ചു. 

"എന്റെ കോടതിപ്രവേശം തന്നെ വല്ലാത്തൊരു വിരോധാഭാസമായിരുന്നു. ഞാൻ ഒരിക്കലും നിയമം പഠിക്കേണ്ടവനല്ലായിരുന്നു. എംഎസ്‌സിക്ക് രജിസ്റ്റർ ചെയ്തിരുന്ന എനിക്ക് നിയമവുമായുണ്ടായിരുന്ന ഒരേയൊരു ബന്ധം, ഒരു അഭിഭാഷകന്റെ മകനോടൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നു, അദ്ദേഹത്തിന്റെ ചേമ്പറിൽ എന്റെ ബാഗ് വെച്ചിരുന്നു എന്നത് മാത്രമായിരുന്നു." തന്റെ മറുപടി പ്രസംഗത്തിൽ ജസ്റ്റിസ് മുരളീധർ പറഞ്ഞു. 

അശരണരും നിസ്സഹായരും നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ സംസാരിക്കാനുള്ള ത്രാണിയില്ലാത്തവരുമായ പാവപ്പെട്ടവർക്ക് എന്നും തന്റെ ശബ്ദം നിർഭയം കടം നൽകിയിരുന്ന ധീരനായ ഒരു അഭിഭാഷകനായിരുന്നു മുരളീധർ. 1961 ഓഗസ്റ്റ് 8 -ന് ചെന്നൈയിൽ ജനിച്ച മുരളീധർ 1984 സെപ്റ്റംബറിലാണ് ചെന്നൈയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. 1987 -ൽ അദ്ദേഹം തന്റെ പ്രാക്ടീസ് സുപ്രീം കോടതിയിലേക്കും, ദില്ലി ഹൈക്കോടതിയിലേക്കും പറിച്ചുനട്ടു. അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം കോടതിയിൽ തന്റെ വിശ്വരൂപം കാണിച്ച  രണ്ട് അവസരങ്ങളാണ് ഭോപ്പാൽ ഗ്യാസ് ട്രാജഡിയിലെ ഇരകളുടെ കേസിലെയും, അതുപോലെ നർമദാ അണക്കെട്ടുകാരണം കിടപ്പാടം നഷ്ടമായവരുടെ കേസിലെയും വാദങ്ങൾ. ഭോപ്പാൽ ഗ്യാസ് ട്രാജഡിയിലെ കേസ് നിരവധി ബെഞ്ചുകളുടെ മുന്നിൽ പലവട്ടം വാദത്തിനു വന്നതും എന്നിട്ടും തീരുമാനമൊന്നും ആകാതിരുന്നതും, ഒടുവിൽ ജസ്റ്റിസ് കൃഷ്ണയ്യർ വെറും പത്തുമിനിറ്റ് നേരം വാദം കേട്ട ശേഷം വിധി പുറപ്പെടുവിച്ചതും ഒക്കെ മുരളീധർ ചടങ്ങിനിടെ ഓർത്തു. 

"ഈ കോടതിയിലെ ചില ജൂനിയർ അഭിഭാഷകർ യാതൊരു വിധ തയ്യാറെടുപ്പും കൂടാതെ എന്റെ മുന്നിൽ കേസുമായി വന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ അവരെ ശകാരിച്ചിട്ടുണ്ട്. അത്, മുന്നിൽ വന്ന അവസരങ്ങളെ ഗൗരവത്തോടെ കനത്ത അവരുടെ അലസമനോഭാവം മാറ്റാൻ വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ വിദ്വേഷം കൊണ്ടായിരുന്നില്ല." ജസ്റ്റിസ് മുരളീധർ പറഞ്ഞു. 

"എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. നീതി പുലരാറാകുമ്പോൾ അത് പുലർന്നോളും, സത്യത്തോട് ചേർന്ന് തന്നെ നിന്നാൽ, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് നീതികിട്ടും" ജസ്റ്റിസ് മുരളീധർ ഓർമിപ്പിച്ചു. 

ഒരു നർമ്മം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ മറുപടിപ്രസംഗം ഉപസംഹരിച്ചത്, "കഴിഞ്ഞയാഴ്ച ഒരു ജൂനിയർ അഭിഭാഷകൻ വന്നു ചോദിച്ചത്, "Sir do you dye ?", എന്നാണ്. ''One day everyone has to''എന്നും, തല്ക്കാലം ഞാൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ ചെന്ന് ചാർജ്ജെടുക്കാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു എന്നുമാണ് ഞാൻ അയാളോട് പറഞ്ഞത്."
 
ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിനെ എതിർത്ത് പ്രസ്താവനയിറക്കിയ ദില്ലി ബാർ അസോസിയേഷൻ, പ്രസ്തുത നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് ചെയ്യും എന്ന ചോദ്യത്തിന് മുഖമടച്ചുള്ള മറുപടിയാണ് അഭൂതപൂർവവും പ്രോജ്വലവുമായ ഈ യാത്രയയപ്പ് ചടങ്ങെന്ന് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ച ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് പറഞ്ഞു.