Asianet News MalayalamAsianet News Malayalam

പ്രതിഷേധത്തിനിറങ്ങിയ മിൽ തൊഴിലാളികൾക്കുനേരെ വെടിയുതിർക്കാൻ ഉത്തരവിട്ട പാക് സ്വേച്ഛാധിപതി, സിയാ ഉൾ ഹഖ്

സമരം ചെയ്യുന്ന തൊഴിലാളികളെ ഒന്നടങ്കം അടിച്ചോടിക്കാൻ ജനറൽ സിയ ഉത്തരവിട്ടു. പോലീസീനും പാരാമിലിട്ടറി ഫോഴ്സിനുമൊപ്പം മില്ലുടമയുടെ ഗുണ്ടകളും ചേർന്ന് തൊഴിലാളികളെ നേരിട്ടു. 

When Pak General Zia Ul Haq ordered to shoot the protesters down
Author
Colony Textile Mills Road, First Published Jan 3, 2020, 6:49 PM IST

വർഷം 1977.  അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിതമായ ഇന്ത്യ ജനാധിപത്യം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലം. ഏതാണ്ട് അതേ സമയത്ത് തന്നെ പാകിസ്ഥാന് ജനാധിപത്യത്തില്‍ നിന്ന് സൈനിക ഭരണത്തിലേക്ക് നീങ്ങി. പട്ടാളത്തലവനായ ജനറല്‍ സിയാ ഉൾ ഹഖ് ,  'ഓപ്പറേഷന്‍ ഫെയര്‍പ്ളേ' എന്ന ഒരു പട്ടാള അട്ടിമറിയിലൂടെ, പാകിസ്ഥാനിലെ ജനപ്രിയ നേതാവായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ പ്രധാനമന്ത്രിപദത്തിൽ നിന്നും നീക്കുകയായിരുന്നു. തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും എന്നായിരുന്നു വാദമെങ്കിലും അതുണ്ടായില്ല. 

'മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ' എന്ന സങ്കല്പമാണ് മുഹമ്മദലി ജിന്നയ്ക്ക് ഉണ്ടായിരുന്നത് എങ്കിലും, മറ്റുമതക്കാർക്കും അവിടെ ജീവിക്കാൻ കാര്യമായ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. സുൾഫിക്കർ അലി ഭൂട്ടോയുടെ കാലത്തും പാകിസ്ഥാൻ അതിന്റെ മതേതര നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നത് ജനറൽ സിയാ ഉൽ ഹഖ് ആണ്. തന്റെ അധികാരം ബലപ്പെടുത്താനായി  ജനറൽ സിയാ ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനെ കൂട്ടുപിടിച്ച്‌  'ഹുദൂദ്‌ ഓര്‍ഡിനന്‍സ്‌' എന്നൊരു പുതിയ നിയമം ഉണ്ടാക്കുന്നു. ആ നിയമത്തിന്റെ പരിധിയിൽ, എപ്പോൾ വേണമെങ്കിലും എതിരാളികള്‍ക്കുമേല്‍ ഉപയോഗിക്കാനായി എങ്ങനെയും വളച്ചൊടിക്കാവുന്ന 'മതനിന്ദ', 'പരസ്ത്രീഗമനം' പോലെയുള്ള വകുപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തുന്നു. ‍അതിനോടുള്ള പ്രതിഷേധമായിട്ടാണ്  സ്ഥാനഭ്രഷ്ടനായ സുൾഫിക്കർ അലി ഭൂട്ടോ നാടൊട്ടുക്കും നടന്ന് ജനങ്ങളെ സംഘടിപ്പിച്ച് പട്ടാള അട്ടിമറിക്കെതിരെ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നത്.

ജനരോഷം ആളിക്കത്തുന്നതും, ഭൂട്ടോയ്ക്ക് പിന്തുണ ഏറിവരുന്നതും കണ്ടപ്പോൾ ഒടുവിൽ തന്റെ എതിരാളിയെ ഇല്ലാതാക്കാൻ തന്നെ സിയാ ഉൾ ഹഖ് തീരുമാനിച്ചു. 1977 സെപ്തംബർ 3 -ന്, രാഷ്ട്രീയ എതിരാളികളിൽ ഒരാളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാർത്തി സിയയുടെ പോലീസ്  ഭൂട്ടോയെ അറസ്റ്റു ചെയ്തു. ഒരു വർഷത്തിലധികം നീണ്ടുനിന്ന വിചാരണ എന്ന പ്രഹസനത്തിലൂടെ, വ്യാജ സാക്ഷിമൊഴികളുടെ സഹായത്തോടെ, ഭൂട്ടോ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. 1979 ഏപ്രിൽ 4 ന്  സിയാ ഉൾ ഹഖ്, സുൾഫിക്കർ അലി ഭൂട്ടോയെ കഴുമരത്തിലേറ്റുകയായിരുന്നു. 

ഭരണം പിടിച്ചെടുത്ത ശേഷം ജനറൽ സിയാ ഉൾ ഹഖ് ആദ്യം തന്നെ ചെയ്തത് അധികാരവർഗ്ഗത്തെ തന്റെ ചൊൽപ്പടിക്ക് നിർത്തുകയായിരുന്നു. അവരെക്കൊണ്ട് തനിക്ക് വേണ്ടതെല്ലാം ചെയ്യിച്ചെടുക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യ അനുഭവിച്ചതിലും വലിയ ദുരിതങ്ങൾ പാകിസ്താനിലെ ജനങ്ങൾക്ക് അന്ന് അനുഭവിക്കേണ്ടി വന്നു. രാജ്യത്ത് പട്ടാള ഭരണം നടപ്പിലാക്കപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ വൻതോതിൽ അവഗണിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഏറ്റവും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നത് രാജ്യത്തെ സുസംഘടിതരായിരുന്ന  ടെക്സ്റ്റൈൽ മിൽ തൊഴിലാളികൾക്കായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കോളനി ടെക്സ്റ്റൈൽ മിൽ എന്ന ഏറെ ലാഭകരമായി പ്രവർത്തിച്ചു പോന്നിരുന്ന സ്ഥാപനം. കോളനി ഗ്രൂപ്പ് നടത്തിയിരുന്ന ഈ സ്ഥാപനം 1946 മുതൽ മുഗീസ് അൽ ഷേഖ് എന്ന വ്യക്തിയാണ് നടത്തിയിരുന്നത്. ജനറൽ സിയയുടെ ആത്മമിത്രമായിരുന്നു ഷേഖ്. 

ഈ മില്ലിലെ തൊഴിലാളികൾക്ക് 1972 -ലെ തൊഴിലാളി നയം  പ്രകാരം മൂന്നുമാസത്തെ ബോണസ് കിട്ടുമെന്നായിരുന്നു ധാരണ. ജനുവരിയിൽ രണ്ടുമാസത്തെ ബോണസ് കൊടുക്കും എന്നായിരുന്നു വാഗ്ദാനം. അത് തൊഴിലാളികൾക്ക് സമ്മതമല്ലായിരുന്നു. പക്ഷേ, അവർ ജോലിക്ക് വന്നുകൊണ്ടിരുന്നു. ഡിസംബർ 29 മുതൽ അവർ പണിമുടക്കിത്തുടങ്ങി. ബോണസ് കുടിശിക പൂർണമായും തന്നു തീർക്കാതെ സമരം അവസാനിപ്പിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. 1977 ഡിസംബർ 29 -ണ് ജോലിക്ക് കയറിയ തൊഴിലാളികൾ മില്ലിനുള്ളിലെ യന്ത്രങ്ങൾക്ക് അടുത്തുവരെ പോയി എങ്കിലും, അവർ ജോലി ചെയ്യാൻ തയ്യാറായില്ല. നൈറ്റ് ഷിഫ്റ്റിലുള്ളവർ കൂടി വന്നപ്പോൾ എല്ലാവരും കൂടി പ്രതിഷേധവുമായി മിൽ കോമ്പൗണ്ടിനുള്ളിൽ തന്നെ തുടരാനും സമരം ചെയ്യാനും തീരുമാനിച്ചു. അക്രമസംഭവങ്ങൾ ഒന്നും തന്നെ നടന്നില്ല. എങ്കിലും, സമരം പൂർണമായിരുന്നു. മില്ലുടമ തന്റെ കങ്കാണിമാരെ വിട്ട് തൊഴിലാളികൾക്കുമേൽ സമ്മർദ്ദം ചെലുത്താൻ നോക്കി എങ്കിലും അവർ വഴങ്ങാൻ തയ്യാറായില്ല. ട്രേഡ് യൂണിയൻ നേതാക്കൾ വഴി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അടുത്ത മൂന്നു ദിവസം ആ സമരം അങ്ങനെ തന്നെ തുടർന്നു.

1978 ജനുവരി രണ്ടാം തീയതി മില്ലുടമ മുഗീസ് ഷേഖിന്റെ മകളുടെ വിവാഹമായിരുന്നു. അതിൽ പങ്കുചേരാൻ വേണ്ടി റാവൽ പിണ്ടിയിൽ നിന്ന് സാക്ഷാൽ ജനറൽ സിയാ ഉൾ ഹഖും അതിനിടെ അവിടെയെത്തിയിരുന്നു. ഈ കല്യാണത്തിൽ ഷേഖ് മകൾക്ക് സ്ത്രീധനം നൽകുന്ന വിവരം അതിനിടെ തൊഴിലാളികൾക്ക് ചോർന്നു കിട്ടി. തങ്ങൾക്ക് കിട്ടാനുള്ള ആകെ ബോണസിന്റെ മൂന്നിരട്ടി സംഖ്യയായിരുന്നു മില്ലുടമയുടെ മകളുടെ  സ്ത്രീധനത്തുക എന്ന് തൊഴിലാളികൾ മനസ്സിലാക്കി. ഈ വിവരമറിഞ്ഞ ക്ഷുഭിതരായ തൊഴിലാളികൾ സംഘടിച്ചു ചെന്ന് മുതലാളിയുടെ മകളുടെ വിവാഹം, അതും പാകിസ്താനിലെ സ്വേച്ഛാധിപതി ജനറൽ സിയാ ഉൾ ഹഖ് പങ്കെടുക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ പദ്ധതിയിടുന്നു എന്നൊരു അഭ്യൂഹം അവിടെ പ്രചരിച്ചു. ഈ അഭ്യൂഹം കാട്ടുതീപോലെ പടർന്ന് ഒടുവിൽ ജനറൽ സിയയുടെ കാതിലും എത്തി. ജനറൽ കോപം കൊണ്ട് വിറച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ ഒന്നടങ്കം അടിച്ചോടിക്കാൻ ജനറൽ സിയ ഉത്തരവിട്ടു. പോലീസീനും പാരാമിലിട്ടറി ഫോഴ്സിനുമൊപ്പം മില്ലുടമയുടെ ഗുണ്ടകളും ചേർന്ന് തൊഴിലാളികളെ നേരിട്ടു. 

അന്നേദിവസം ഉച്ചക്ക് ഈ തീരുമാനമൊന്നും അറിയാതെ, ഭക്ഷണത്തിനു ശേഷമുള്ള തങ്ങളുടെ പതിവ് ധർണയ്ക്കായി തൊഴിലാളികൾ മില്ലിന്റെ ഗേറ്റിന് പുറത്തായി ഒത്തുകൂടി.  കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവ് അതിനകം  പാരാമിലിട്ടറി സേനക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. അവർ അവിടെ തടിച്ചു കൂടിയിരുന്ന ആയിരക്കണക്കായ തൊഴിലാളികൾക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ തന്നെ തുരുതുരാ വെടിയുതിർത്തു. പെട്ടെന്ന് വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ തൊഴിലാളികൾ പരിഭ്രാന്തരായി. അവരിൽ പലരും ഭയന്നു വിറച്ച് നിലവിളിക്കാൻ തുടങ്ങി. തലങ്ങും വിലങ്ങും പാഞ്ഞുവന്ന വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ അവർ ചിതറിയോടി. അത് വലിയൊരു തിക്കും തിരക്കിലുമാണ് കലാശിച്ചത്. വെടികൊണ്ടു മരിച്ചവരെക്കാൾ കൂടുതൽ തൊഴിലാളികൾ അന്നവിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. നിമിഷങ്ങൾക്കകം അവിടം ഒരു കൊലക്കളമായി പരിണമിച്ചു. നിലത്തു അവിടവിടെയായി വെടിയേറ്റും,വീർപ്പുമുട്ടിയുമൊക്കെ മിൽ തൊഴിലാളികൾ ചത്തുമലച്ചുകിടന്നു.  തങ്ങളുടെ അവകാശമായ ആനുവൽ ബോണസ് നേടിയെടുക്കാൻ വേണ്ടി തികച്ചും സമാധാനപരമായ രീതിയിൽ ഒരു സമരം നടത്തി എന്ന കുറ്റം മാത്രമാണ് ആ തൊഴിലാളികൾ ചെയ്തത്. അതിന് ജനറൽ സിയ അവർക്കുനൽകിയ ശിക്ഷ പക്ഷേ, മരണമായിരുന്നു എന്നുമാത്രം. 

പൊലീസ് മൂന്നു മണിക്കൂറോളം നേരം മിൽ തൊഴിലാളികളെ തിരഞ്ഞു പിടിച്ചു വെടിവെച്ചു കൊണ്ടിരുന്നു. വൈകുന്നേരം ആറുമണിയോടെ പട്ടാളം മിൽ തൊഴിലാളികളെ പൂർണമായും നിയന്ത്രണാധീനമാക്കിക്കഴിഞ്ഞിരുന്നു. വെടികൊണ്ടും, ചവിട്ടേറ്റും മറ്റും ഗുരുതരാവസ്ഥയിൽ ആയിരുന്ന തങ്ങളുടെ സഹപ്രവർത്തകരെ, അതിനെയൊക്കെ അതിജീവിച്ച മറ്റുള്ള മിൽ തൊഴിലാളികൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. അവരെ സൈന്യം ഫാക്‌ടറി മുറ്റത്തു വെച്ച് തന്നെ തടഞ്ഞു. ഒരാളെപ്പോലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ അനുവദിച്ചില്ല. ഗുരുതരമായി പരിക്കുപറ്റിയ പലർക്കും നേരത്തിന് ആശുപത്രിയിലെത്തിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം കടുത്ത രക്തസ്രാവത്താൽ ജീവൻ നഷ്ടപ്പെട്ടു. 

അന്നത്തെ മരണസംഖ്യയെപ്പറ്റി പത്രങ്ങളിൽ വന്ന കണക്കും തൊഴിലാളികളുടെ കണക്കും വ്യത്യസ്തമായിരുന്നു. 18 മരണം 25  പേർക്ക് പരിക്ക് എന്നാണു പറഞ്ഞിരുന്നത് എങ്കിലും സത്യത്തിൽ അവിടെ ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയും 400 -ലധികം പേർക്ക് പരുപാടുകയും ചെയ്തു. തൊഴിലാളികളെ വെടിവെച്ചു കൊന്ന പൊലീസ്, ജീവനോടെ അവശേഷിച്ച പലരെയും ലഹളയുണ്ടാക്കി എന്ന കുറ്റത്തിന് അറസ്റ്റും ചെയ്തു. അവർക്കുമേൽ കൊലപാതകക്കുറ്റവും ചുമത്തി. പൊലീസ് ആക്ഷനിൽ മരണപ്പെട്ട പലരുടെയും പേരിൽ അന്ന് കൊലക്കുറ്റം ചുമത്തപ്പെട്ടു. അറസ്റ്റിലായ നിരപരാധികളെ ജനറൽ സിയയുടെ ഉദ്യോഗസ്ഥവൃന്ദം നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എന്നിട്ടും അവർ തോറ്റു പിന്മാറിയില്ല . അവർ തങ്ങളുടെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു. മാർഷ്യൽ ലോ കാലത്ത് സ്ഥാപിതമായ അന്വേഷണക്കമ്മീഷനെ അവർ നിരാകരിച്ചു. തങ്ങൾ കൂടി ചേർന്ന് തീരുമാനിക്കുന്ന അന്വേഷണക്കമ്മീഷൻ മാത്രമാണ് തങ്ങൾക്ക് സമ്മതമുള്ളത് എന്നു അവർ പറഞ്ഞു .

ഈ സംഭവം പക്ഷേ, പാകിസ്ഥാനിൽ ഉടനീളം കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി. നുസ്രത് ഭൂട്ടോ, വലി ഖാൻ, നവാബ്‌സാദാ നസറുള്ള ഖാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സംഭവത്തെ അപലപിച്ചു. വെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ച പൊലീസ്, പാരാമിലിട്ടറി ഉദ്യോഗസ്ഥരെ കോർട്ട് മാർഷ്യൽ അടക്കമുള്ള വിചാരണയ്ക്ക് വിധേയരാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അന്നത്തെ പതിനായിരം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ജനറൽ സിയ ഉൾ ഹഖ് എന്ന സ്വേച്ഛാധിപതി ഒരിക്കലും ഈ കൂട്ടക്കൊലയുടെ പേരിൽ വിചാരണ നേരിട്ടില്ല. എങ്കിലും, പ്രതിഷേധങ്ങളെ വെടിയുണ്ടകൾ കൊണ്ട് നേരിട്ട, പൊലീസ് അതിക്രമങ്ങൾക്ക് ഇരയായവരെത്തന്നെ കൊലക്കുറ്റം ചുമത്തി ജയിലിലിട്ട ഈ സംഭവം  പാക് സമരങ്ങളുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടായിത്തന്നെ രേഖപ്പെടുത്തപ്പെട്ട. 

Follow Us:
Download App:
  • android
  • ios