Asianet News MalayalamAsianet News Malayalam

മെഹ്ബൂബാ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളക്കും പിന്നാലെ ഷാ ഫൈസലിനുമേലും പൊതുസുരക്ഷാനിയമം ചുമത്തുമ്പോൾ

പൊതു സുരക്ഷാ നിയമത്തിന് രണ്ടു വകുപ്പുകളുണ്ട്. ഒന്ന്, ക്രമസമാധാനം. രണ്ട്, രാജ്യസുരക്ഷയ്ക്കുള്ള ഭീഷണി. ചുമത്തപ്പെടുന്നത് ആദ്യത്തെ വകുപ്പാണെങ്കിൽ ആറുമാസം വരെയും, രണ്ടാമത്തേതാണെങ്കിൽ രണ്ട് വർഷം വരെയും വിചാരണ കൂടാതെ ആരെയും തുറുങ്കിലടക്കാം സർക്കാരിന്. 

when Shah faesal also gets charged with Public Safety Act after mufti and abdullah
Author
Srinagar, First Published Feb 15, 2020, 1:44 PM IST

ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്നപേരിൽ ഒരു സംഘടനയുണ്ടാക്കി രാഷ്ട്രീയത്തിലേക്കിറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഷാ ഫൈസൽ.  ഗോൾഡ് മെഡലോടെ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷമാണ് ഷാ ഫൈസൽ സിവിൽ സർവീസിന് ശ്രമിക്കുന്നത്. ജമ്മു കാശ്മീരിൽ നിന്ന് ഓപ്പൺ മെറിറ്റിൽ ഐഎഎസിനു യോഗ്യത നേടുന്ന ആദ്യത്തെ വ്യക്തിയാണദ്ദേഹം. ഇപ്പോൾ അദ്ദേഹത്തെയും പൊതു സുരക്ഷാ നിയമം ചുമത്തി കസ്റ്റഡിയിൽ എടുത്തിരിക്കുന്നു എന്ന് ദേശീയ ന്യൂസ് ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബാ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയവരെ കരിനിയമമായ പൊതു സുരക്ഷാ നിയമം അഥവാ പബ്ലിക് സേഫ്റ്റി ആക്റ്റ് ചുമത്തി അറസ്റ്റു ചെയ്തതിന് ആഴ്ചകൾക്കുള്ളിലാണ് അതേ നിയമം ചുമത്തി ഷാ ഫൈസലിനെയും കേന്ദ്രം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ അന്നുതൊട്ടേ ഷാ ഫൈസൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. 

പൊതു സുരക്ഷാ നിയമത്തിന് രണ്ടു വകുപ്പുകളുണ്ട്. ഒന്ന്, ക്രമസമാധാനം. രണ്ട്, രാജ്യസുരക്ഷയ്ക്കുള്ള ഭീഷണി. ചുമത്തപ്പെടുന്നത് ആദ്യത്തെ വകുപ്പാണെങ്കിൽ ആറുമാസം വരെയും, രണ്ടാമത്തേതാണെങ്കിൽ രണ്ട് വർഷം വരെയും വിചാരണ കൂടാതെ ആരെയും തുറുങ്കിലടക്കാം സർക്കാരിന്.  ദില്ലിയിൽ നിന്ന് ഇസ്താംബുളിലേക്കുള്ള വിമാനത്തിൽ കയറുന്ന വഴിക്കാണ് തടഞ്ഞു നിർത്തി അറസ്റ്റു ചെയ്ത് ഷാ ഫൈസലിനെ തിരികെ കാശ്മീരിലേക്ക് എത്തിച്ചത്. അന്നു മുതൽ അവിടെത്തന്നെ തടവിൽ തുടരുകയാണ് ഫൈസൽ. അന്നുമുതൽ സിആർപിസിയുടെ 107 -ാം വകുപ്പ് ചുമത്തി കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹത്തെ.

കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഷാ ഫൈസലിന്റെ ഒരു അഭ്യുദയകാംക്ഷി ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചുവെങ്കിലും പിന്നീട് ഫൈസലിന്റെ തന്നെ നിർദ്ദേശത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. ജമ്മു കശ്മീരിലെ നൂറുകണക്കിന്  കാശ്മീരികൾ തന്നെപ്പോലെ തടങ്കലിൽ പാർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവരിൽ പലർക്കും ലഭ്യമല്ലാത്ത നിയമസഹായം തനിക്കും വേണ്ടെന്നുമായിരുന്നു ഷാ ഫൈസലിന്‍റെ നിലപാട്. എന്തിനാണ് തടങ്കലിലാക്കിയിരിക്കുന്നത് എന്ന് പോലും പലർക്കുമറിയില്ല. അവർക്കൊക്കെ നിഷേധിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം തനിക്കുമാത്രമായി വേണ്ട എന്നാണ് ഷാ ഫൈസൽ ഈ പിന്മാറ്റത്തിന് കാരണമായി അറിയിച്ചത്.

'പൊതു സുരക്ഷാ നിയമം' അഥവാ 'പബ്ലിക് സേഫ്റ്റി ആക്ട്

1978 -ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഷേക്ക് അബ്ദുള്ള കൊണ്ടുവന്ന നിയമമാണ് 'പൊതു സുരക്ഷാ നിയമം' അഥവാ 'പബ്ലിക് സേഫ്റ്റി ആക്ട്. അന്ന് താഴ്വരയിലെ അനധികൃത തടി കള്ളക്കടത്തുകാരെ വരുതിക്ക് നിർത്താൻ വേണ്ടി ഷേക്ക് അബ്ദുള്ള കൊണ്ടുവന്ന ഈ നിയമം പിന്നീട് അതാതുകാലങ്ങളിൽ ഭരിക്കുന്ന സർക്കാരുകൾ ദുരുപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ 'നിയമസാധുതയില്ലാത്ത നിയമം' (lawless law) എന്ന് പേരിട്ടു വിളിച്ചു അതിനെ.

ഒട്ടും മനുഷ്യപ്പറ്റില്ലാത്തതും, പൗരന്മാരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതുമായ ഒരു കരിനിയമമാണ് പൊതു സുരക്ഷാ നിയമം എന്ന് സകലരും മുറവിളി കൂട്ടി. എന്നിട്ടും അത് സംസ്ഥാനത്ത നിയമങ്ങളുടെ കൂട്ടത്തിൽ റദ്ദാക്കപ്പെടാതെ നിർബാധം തുടർന്നു. നിരവധി യുവാക്കളെ രാഷ്രീയപകപോക്കലിന്റെ ഭാഗമായി സർക്കാർ ഈ നിയമം ചുമത്തി ദീർഘകാലം തടവിലിട്ട് പീഡിപ്പിച്ചു. കശ്മീരിൽ മിക്ക പ്രാദേശിക നേതാക്കളെയും എത്രകാലത്തേക്കു വേണമെങ്കിലും കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ വേണ്ടി ഇന്ന് കേന്ദ്രം എടുത്തുപയോഗിച്ചിരിക്കുന്നത് ഇതേ പൊതു സുരക്ഷാ നിയമമാണ്. 

2010 -ലെ വിന്റർ സെഷനിൽ ഇന്ന് നാഷണൽ കോൺഫറൻസിലുള്ള, അന്ന് പിഡിപിയുടെ ഭാഗമായിരുന്ന ബഷാറത്ത് ബുഖാരി ഈ നിയമത്തിന് ഒരു ഭേദഗതി നടത്താൻ വേണ്ടി ബിൽ കൊണ്ടുവന്നു. ഇത് കശ്മീർ താഴ്‌വരയിൽ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് എന്നും, ഇന്ന് കശ്മീരിൽ നിലവിലുള്ള അരക്ഷിതാവസ്ഥയ്ക്ക് ഒരു പ്രധാന കാരണം, ഈ നിയമത്തിന്റെ ദുരുപയോഗവും, അനവസരത്തിലുള്ള ഉപയോഗവും, അമിതമായ ഉപയോഗവുമാണ് എന്നുകൂടി അദ്ദേഹം ബില്ലിന്റെ അവതരണത്തിനിടെ ഊന്നിയൂന്നിപ്പറഞ്ഞു. " വികസിതമായ പൗരബോധം നിലവിലുള്ള, ഒരു സമൂഹവും ഈ നിയമത്തിന്റെ 10(a) എന്ന വകുപ്പ് പോലുള്ള ജനാധിപത്യവിരുദ്ധമായ ചട്ടങ്ങൾ നിലനിർത്താറില്ല. ആ അനുച്ഛേദം പറയുന്നത്, ഒരാളെ അറസ്റ്റു ചെയ്യാൻ വേണ്ടി പറഞ്ഞിരിക്കുന്ന കാരണം, അവ്യക്തമോ, അവാസ്തവമോ, അപ്രസക്തമോ ആയിരുന്നാൽ പോലും ആ അറസ്റ്റ് റദ്ദാക്കപ്പെടുന്നില്ല എന്നാണ്. അതിന്റെയർത്ഥം ന്യായമായ ഒരു കാരണം പോലുമില്ലാതെ ആരെയും സർക്കാരുകൾക്ക് ഈ കരിനിയമം ചുമത്തി അകത്തിടാം എന്നാണ്. ഉന്നയിക്കുന്ന ആരോപണങ്ങളുമായി അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിക്ക് പുലബന്ധം പോലുമില്ല എങ്കിൽ പോലും. എന്തൊരു ദുരന്ത നിയമമാണിത്..? " അദ്ദേഹം ശക്തമായി അന്ന് നിയമസഭയിൽ വാദിച്ചു. 

എന്നാൽ അന്നത്തെ നിയമമന്ത്രി അലി മുഹമ്മദ് സാഗർ പറഞ്ഞത്  കശ്മീർ പോലെ കലാപകലുഷിതമായ ഒരു സംസ്ഥാനം നടത്തിക്കൊണ്ടു പോകാൻ ഇങ്ങനെ ഒരു നിയമം അത്യന്താപേക്ഷിതമാണ് എന്നാണ്. അന്ന് നിയമസഭയിൽ ആ ബിൽ പോയവഴിക്ക് പുല്ലു കിളിർത്തില്ല എന്നുമാത്രമല്ല, അടുത്തതവണ ഭരണം കിട്ടി  ബഷാറത്ത് ബുഖാരി തന്നെ നിയമമന്ത്രി ആയപ്പോഴേക്കും അദ്ദേഹത്തിന് ഈ ഭേദഗതിയുടെ കാര്യത്തിൽ സെലക്ടീവ് അംനേഷ്യ ബാധിച്ചു കഴിഞ്ഞിട്ടുമുണ്ടായിരുന്നു. 

2010 മേയിൽ അന്നവിടെ ഡെപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സാമുവൽ വർഗീസ് ഐഎഎസ് പറഞ്ഞത്, " ചില ഉപദ്രവകാരികളെ 'ഔട്ട് ഓഫ് സർക്കുലേഷൻ' ആക്കാൻ ഇങ്ങനേ ഒരു നിയമം കൂടിയേ തീരൂ." എന്നായിരുന്നു. ഈ നിയമത്തിന് അന്നോളം വന്ന ഏറ്റവും മനോഹരമായ ന്യായീകരണങ്ങളിൽ ഒന്ന്, വർഗീസിന്റെ തന്നെയായിരുന്നു. 

അന്ന് ബിൽ അവതരിപ്പിച്ച  ബഷാറത്ത് ബുഖാരിയും, അപ്പോൾ അതിനെ എതിർത്ത അലി മുഹമ്മദ് സാഗറും, ഫാറൂഖ് അബ്ദുള്ളയും, മെഹ്ബൂബ മുഫ്തിയും, ഒമർ അബ്ദുള്ളയും എന്നുവേണ്ട ഷാ ഫൈസലടക്കമുള്ള കശ്മീർ താഴ്‌വരയിൽ രാഷ്ട്രീയത്തിൽ ഒരുവിധം പേരെടുത്തവരായ എല്ലാ നേതാക്കളും ഇപ്പോള്‍ ഇതേ നിയമം ചുമത്തപ്പെട്ട് 'ഔട്ട് ഓഫ് സർക്കുലേഷൻ' ആയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios