'ജാതി മാറി വിവാഹം കഴിക്കാൻ ആഗ്രഹിച്ചു'എന്നതിന്റെ പേരിൽ സ്വന്തം മകളെ കുത്തിക്കൊന്ന ഒരു അച്ഛനെ മഞ്ചേരി സെഷൻസ് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരിക്കുകയാണ്. ഇങ്ങനെ ഒരു കൊലപാതകം നടന്നു എന്ന വാർത്ത കേട്ട് ഒരു വർഷം മുമ്പ് ആദ്യമായി ഞെട്ടിയ അരീക്കോട് പട്ടണം, അപ്രതീക്ഷിതമായ ഈ വിധിയറിഞ്ഞ് രണ്ടാമതും നടുങ്ങി. സ്വന്തം മകളെ, താൻ കൂടി സമ്മതിച്ചുറപ്പിച്ച കല്യാണത്തിന്റെ തലേദിവസം മദ്യപിച്ച് ലക്കുകെട്ട് വന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അടുക്കളയിലെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നതാണ് ആ അച്ഛൻ.

നാട്ടുകാരും ബന്ധുക്കളും ഒക്കെ സാക്ഷികളായി ഉണ്ടായിരുന്നതാണ് ആ അരുംകൊലക്ക്. എന്നാൽ വിചാരണ പൂർത്തിയായ ഈ ഘട്ടത്തിൽ, ദൃക്‌സാക്ഷികൾ ഒന്നടങ്കം കൂറുമാറി എന്നും കുറ്റകൃത്യം നിസ്സംശയം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചില്ല എന്നും കാരണമായി പറഞ്ഞുകൊണ്ടാണ് മഞ്ചേരി സെഷൻസ് കോടതി ജഡ്ജി എം.അഹമ്മദ് കോയ പ്രതി രാജനെ വെറുതെ വിട്ടയക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട ആതിരയുടെ മാതൃ സഹോദരനുമായ വിജേഷ്, ഏക ദൃക്സാക്ഷിയും പിതൃ സഹോദരിയുമായ സുലോചന, സഹോദരന്‍ അശ്വിന്‍ രാജ്, പിതൃസഹോദരന്‍ ബാലന്‍, മാതാവ് സുനിത, അയല്‍ വാസികളായ സല്‍മാബി, നജ്മുന്നീസ, അബ്ദുല്‍ ലത്തീഫ് എന്നിവരടക്കം മുഖ്യ സാക്ഷികളിലേറെയും പ്രതിക്ക് അനുകൂലമാം വിധം മൊഴി മാറ്റിപ്പറഞ്ഞിരുന്നു.  
 

"
 

'കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല' എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒന്നാണ് അരീക്കോട്ടെ ആതിര എന്ന 22 -കാരിയുടെ വധം.  ഒരു പെയ്ന്റിംഗ് തൊഴിലാളി ആയിരുന്ന അച്ഛൻ അരീക്കോട് പൂവ്വത്തിക്കുണ്ട് പാലത്തിങ്ങല്‍ വീട്ടില്‍ രാജൻ സ്ഥിരമായി മദ്യപിക്കുമായിരുന്നു. മകളുടെ വിവാഹത്തലേന്ന് അവളുടെ കൊലയിലേക്ക് നയിച്ച വാക്കുതർക്കം തുടങ്ങുമ്പോഴും അയാൾ മദ്യപിച്ച് മദോന്മത്തനായ നിലയിലായിരുന്നു. 

ആശുപത്രിയിൽ വെച്ച് മൊട്ടിട്ട പ്രണയം 

പന്തലായനി സ്വദേശിയായ ബ്രിജേഷ് എന്ന പട്ടാള ജവാൻ, ആതിര എന്ന യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത്, 2015 -ലാണ്. അന്ന് ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്സ് കഴിഞ്ഞ് ആതിര കോഴിക്കോട്ടെ ഒരു സ്വകാര്യാശുപത്രിയിൽ താത്കാലിക ജോലി ചെയ്തിരുന്ന സമയമാണ്. പട്ടാളത്തിൽ ജോലി കിട്ടിയിരുന്ന ബ്രിജേഷിന് ഉത്തർപ്രദേശിലായിരുന്നു അന്ന് പോസ്റ്റിങ്ങ്. തന്റെ അമ്മ വള്ളിയെ ഡോക്ടറെക്കാണിക്കാൻ വേണ്ടി ബ്രിജേഷ് ആതിര ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് എത്തിയപ്പോഴാണ് യാദൃച്ഛികമായി അവളെ കാണുന്നതും, പ്രഥമദർശനത്തിൽ തന്നെ ഇഷ്ടപ്പെടുന്നതും, വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നതും. ജീവിതത്തിൽ 'സെറ്റിൽഡ്' ആയ ഒരു യുവാവിൽ നിന്നു പുറപ്പെട്ട ആ താത്പര്യത്തെ കണ്ടില്ലെന്ന് നടിക്കാനും മാത്രം വിശേഷിച്ചൊരു കാരണം ആതിരയും കണ്ടില്ല. എന്നാൽ ഉള്ളിൽ കാര്യമായ ജാതിവെറി സൂക്ഷിക്കുന്ന തന്റെയച്ഛൻ ആ വിവാഹത്തിന് ഒരു കാരണവശാലും സമ്മതിക്കില്ല എന്ന്  ആതിര അപ്പോൾ അറിഞ്ഞിരുന്നില്ല. അതിന്റെ പേരിൽ തന്റെ ജീവനെടുക്കാൻ പോലും മടിക്കില്ല എന്നും.

ആതിര സമ്മതം മൂളിയതോടെ പൂവിട്ട അവരുടെ പ്രണയബന്ധം തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോഴേക്കും, രോഗഗ്രസ്തയായിരുന്ന ബ്രിജേഷിന്റെ അമ്മ മരിച്ചുപോയി. അമ്മയുടെ നിര്യാണശേഷം ബ്രിജേഷിന്റെ കുടുംബം ഒരു വിവാഹത്തിനായി അയാളെ നിർബന്ധിച്ചുകൊണ്ടിരുന്നു. ആ ഘട്ടത്തിൽ, അയാൾ അവരോട് തന്റെ പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞു. ' പെണ്ണിന്റെ ജാതി വേറെയാണ്' എന്നത് ബ്രിജേഷിന്റെ കുടുംബത്തിൽ ആർക്കും ഒരു വിഷയമല്ലായിരുന്നു.   

കൊലയിൽ കലാശിച്ചത് അച്ഛന്റെ ജാതിവെറി 

മകളെ അവൾ ജനിച്ച 'തിയ്യ' സമുദായത്തിൽ തന്നെ ആർക്കെങ്കിലും വിവാഹം ചെയ്തു നൽകണം എന്നായിരുന്നു രാജന്റെ ആഗ്രഹം. അതിനുവേണ്ടി അയാൾ കൊണ്ടുവന്ന ആലോചനകൾ ഒക്കെയും ആതിര, നിരന്തരം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയപ്പോഴാണ്, എന്നാൽ 'ഇനി നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ' എന്ന്  രാജൻ മകളോട് ചോദിക്കുന്നതും, അവൾ ബ്രിജേഷിനോടുള്ള സ്വന്തം ഇഷ്ടം വെളിപ്പെടുത്തുന്നതും. മകൾ ഇഷ്ടപ്പെടുന്ന ബ്രിജേഷ് എന്ന ചെറുപ്പക്കാരൻ, ഒരു പട്ടാളക്കാരനാണ് എന്നാണറിഞ്ഞപ്പോൾ സന്തോഷിച്ചു എങ്കിലും, അയാൾ  ഒരു ദളിത് കുടുബത്തിൽ ജനിച്ച ആളാണ് എന്നറിഞ്ഞപ്പോൾ രാജന്റെ വിധം മാറി. ആ ഒരൊറ്റക്കാരണം കൊണ്ട് രാജൻ ആ ബന്ധത്തെ നഖശിഖാന്തം എതിർത്തു. മകളുടെ മനസ്സുമാറ്റാൻ അയാൾ പരമാവധി ശ്രമിച്ചു. എന്നാൽ 'താൻ വിവാഹം കഴിക്കുന്നെങ്കിൽ അത് ബ്രിജേഷിനെ മാത്രമായിരിക്കും' എന്ന് അവൾ അച്ഛനോട് വെട്ടിത്തുറന്നു പറഞ്ഞു. മകളുടെ എതിർപ്പ് വകവെക്കാതെ രാജൻ വീണ്ടും ആലോചനകൾ കൊണ്ടുവരാൻ തുടങ്ങി. അയാൾ സമാന്തരമായി പലവട്ടം ബ്രിജേഷിനെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ താനും ആതിരയും ഇനി വേർപിരിക്കാൻ സാധിക്കാത്തവിധം മനസ്സുകൊണ്ട് ഒന്നായിക്കഴിഞ്ഞു എന്ന് ബ്രിജേഷ് രാജനോട് പറഞ്ഞു. ആതിര പറഞ്ഞതുതന്നെ അയാളും ആവർത്തിച്ചു. 'വിവാഹം കഴിക്കും, അതും ആതിരയെത്തന്നെ. രാജന്റെ സമ്മതോടെയാണെങ്കിൽ അങ്ങനെ, അല്ലെങ്കിൽ അങ്ങനെ'.

എന്നാൽ, മകളെ തന്റെ ഇഷ്ടത്തെ  ധിക്കരിച്ച് അങ്ങനെ സ്വൈര്യമായി ജീവിക്കാൻ വിടാൻ രാജൻ ഉദ്ദേശിച്ചിരുന്നില്ല. മദ്യപിച്ച് ലക്കുകെട്ടനിലയിൽ ആതിര ജോലി ചെയ്യുന്ന ആശുപത്രിയിൽ ചെന്നും പലവട്ടം രാജൻ അവളോട് വഴക്കിട്ടു. വീട്ടിൽ വെച്ച് നിരന്തരം മാനസിക പീഡനങ്ങളാണ്. ഒടുവിൽ ഗതികെട്ട് ഒരുനാൾ ആതിര വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ആതിര ഇറങ്ങിപ്പോയ അന്നുതന്നെ രാജൻ പൊലീസ് സ്റ്റേഷനിൽ ചെന്ന്, 'മകളെ കാണാനില്ല' എന്നൊരു പരാതി എഴുതി നൽകി. ബ്രിജേഷ് എന്ന പട്ടാളക്കാരനായ ദളിത് യുവാവ് തന്റെ മകളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടു പോയതായി താൻ സംശയിക്കുന്നു എന്നും അന്ന് രാജൻ സ്റ്റേഷനിൽ എഴുതി നൽകി. 

അതോടെ സ്വാഭാവികമായും ബ്രിജേഷിനെ സംശയിച്ച ലോക്കൽ പൊലീസ് രാജൻ നൽകിയ നമ്പറിൽ ബ്രിജേഷിനെ വിളിച്ചു. ആതിരയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ടുള്ള പൊലീസിന്റെ വിളി വരുമ്പോൾ ബ്രിജേഷ് യുപിയിൽ ഡ്യൂട്ടിയിലായിരുന്നു. 'ആതിര തന്റെ കൂടെ ഇല്ല' എന്ന് അയാൾ പൊലീസിനോട് പറഞ്ഞു. ആതിര എവിടെയാണെങ്കിലും കണ്ടെത്തി അരീക്കോട് സ്റ്റേഷനിൽ കൊണ്ടുവരാൻ പൊലീസുകാർ ബ്രിജേഷിനെ നിർബന്ധിച്ചു. തങ്ങൾ ഒരു പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാം എന്നും അവർ ഉറപ്പുനൽകി. അതോടെ വിവാഹത്തിന് തയ്യാറെടുത്ത്  അയാൾ ഒന്നരമാസത്തെ അവധിക്ക് നാട്ടിലെത്തി. ആതിര വീട്ടിൽ നിന്നിറങ്ങിയ ഉടനെ തന്നെ ബ്രിജേഷിനെ വിളിക്കുകയും അവർ കൊയിലാണ്ടിയിലെ ഒരു അമ്പലത്തിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാൽ, ആ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് അരീക്കോട് പൊലീസിന്റെ ഒത്തുതീർപ്പു ചർച്ചയ്ക്കുള്ള വിളി വരുന്നത്. 

പാലിക്കപ്പെടാതെ പോയ ഒത്തുതീർപ്പ് 

2018 മാർച്ച് 16 -ന് ഇരു കൂട്ടരെയും വിളിച്ചു വരുത്തി അരീക്കോട് എസ്‌ഐ പ്രസ്തുത വിഷയത്തിൽ ഒരു ഒത്തുതീർപ്പ് ചർച്ച നടത്തി. ആദ്യമൊക്കെ കടുംപിടുത്തത്തിൽ ഉറച്ചു നിന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് നിർബന്ധമുണ്ടായതോടെ രാജന് വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു. മാർച്ച് 23 -ന് വിവാഹം നടത്താം എന്ന് ധാരണയായി.  സ്റ്റേഷനിൽ നിന്ന് അച്ഛന്റെ കൂടെ വീട്ടിലേക്ക് പോകാൻ ആതിരക്ക് നല്ല ഭയമുണ്ടായിരുന്നു എങ്കിലും അന്ന് അവിടെ കൂടിയവർ എടുത്ത തീരുമാനം 'വിവാഹം കഴിയും വരെ ആതിര സ്വന്തം വീട്ടിൽ കഴിയട്ടെ' എന്നായിരുന്നു. അഞ്ചുദിവസം മാത്രമേ വിവാഹത്തിന് ശേഷിച്ചിരുന്നുള്ളൂ എന്നോർത്തപ്പോൾ ബ്രിജേഷും എതിർപ്പൊന്നും പറഞ്ഞില്ല. 

വിവാഹത്തിന്റെ തലേന്ന് രാവിലെ തന്നെ എന്തോ അപായം നടക്കാൻ പോകുന്നു എന്നൊരു ഉൾവിളി ആതിരക്ക് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. അന്ന് വൈകീട്ട് മൂന്നുമണിയോടെ അവൾ ബ്രിജേഷിനെ ഫോൺ ചെയ്ത് തന്റെ ആശങ്കകൾ വിവരിച്ചു. അച്ഛന്റെ പെരുമാറ്റം വളരെ പ്രശ്നമാണ് എന്നവൾ അറിയിച്ചു. അച്ഛൻ തന്നെ എന്തെങ്കിലും ചെയ്യും എന്ന ഭയവും അവൾ ബ്രിജേഷിനോട് പങ്കുവെച്ചു. എന്തായാലും ഒരു രാത്രികൂടി കടന്നുകിട്ടിയാൽ പ്രശ്‍നങ്ങൾ ഒക്കെ എന്നെന്നേക്കുമായി അവസാനിക്കുമല്ലോ എന്ന് അവർ പരസ്പരം ആശ്വസിപ്പിച്ചു.

കടന്നുകിട്ടാതിരുന്ന ആ ഒരു രാത്രി 

ആ 'ഒരൊറ്റ രാത്രി' കടന്നു കിട്ടിയില്ല. സന്ധ്യയായപ്പോൾ മൂക്കറ്റം കുടിച്ച് മകളെ അസഭ്യവും പറഞ്ഞുകൊണ്ട് രാജൻ വീട്ടിലേക്ക് വന്നുകയറി. വന്നപാടെ കല്യാണപ്പുടവ അടക്കം അവളുടെ വിവാഹത്തിനായി കരുതി വെച്ചിരുന്ന സകല സാധനങ്ങളും രാജൻ തീയിട്ട് കത്തിച്ചു. ആതിരയോട് കയർത്തു സംസാരിച്ചു. അവളെ അടിക്കാനാഞ്ഞു. ഭയന്നുവിറച്ച് ആതിര രക്ഷതേടി അയൽപക്കത്തെ വീട്ടിലേക്ക് ഓടി. അടുക്കളയിൽ നിന്ന് കറിക്കത്തിയും കയ്യിലെടുത്ത് അവളെ പിന്തുടർന്നെത്തിയ രാജൻ അയൽവീട്ടുകാർ നോക്കി നിൽക്കെ അവളെ കുത്തിവീഴ്ത്തി. ചോരയിൽ കുളിച്ചു കിടന്ന ആതിരയെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ നിന്ന്, ഡോക്ടർമാർ അവളെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. അവിടേക്കുള്ള യാത്രാമധ്യേ അവൾ മരണത്തിന് കീഴടങ്ങി. 

അടുത്ത ദിവസം രാവിലെയാണ് ബ്രിജേഷ് വിവരമറിയുന്നത്. പോക്കറ്റിൽ കെട്ടുതാലി അടക്കം എല്ലാം എടുത്ത് വിവാഹത്തിന് തയ്യാറായി ഇരിക്കുമ്പോഴാണ് അയാളെത്തേടി ആ അശുഭവർത്തമാനം എത്തുന്നത്.  മാർച്ച് 23 -ന്, തന്റെ വിവാഹദിവസത്തിന്റെയന്നു രാവിലെ, അമ്പലത്തിനു പകരം, അയാൾക്ക് പോകേണ്ടിവന്നത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.  തലേന്ന് മൂക്കറ്റം കുടിച്ചു വന്നു നടന്ന വാക്കുതർക്കത്തിനൊടുവിൽ ആതിരയെ അവളുടെ അച്ഛൻ കുത്തി എന്നും അവൾക്ക് നിസ്സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട് സാരമില്ല എന്നൊക്കെയാണ് ബ്രിജേഷിനോട് പറഞ്ഞത്. മുറിവേറ്റ് പരിക്കോടെ ഇരിക്കുകയാണെങ്കിലും സമയത്തിന് താലിച്ചരട് കെട്ടി ചടങ്ങു മുടങ്ങാതെ കാക്കാം എന്ന് കരുതി താലിമാലയോടെയാണ് അയാൾ മെഡിക്കൽ കോളേജിലേക്ക് ചെല്ലുന്നത്. എന്നാൽ, ആ താലികെട്ട് ഇനി ഒരിക്കലും നടക്കില്ല എന്നും, തന്റെ ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി കെട്ടുപോയി എന്നും ആ ഹതഭാഗ്യനായ ചെറുപ്പക്കാരൻ അറിയുന്നത് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് എത്തിയ ശേഷം മാത്രമാണ്. അയാൾ എത്തിയപ്പോഴേക്കും ആതിര മരിച്ചു കഴിഞ്ഞിരുന്നു.  അയാൾക്ക് കാണാനായത് മോർച്ചറിയിൽ സൂക്ഷിച്ച അവളുടെ ചേതനയറ്റ ജഡം മാത്രമാണ്. ബ്രിജേഷിന്റെ 'ഓളെ' കാണണം എന്ന് കഴിഞ്ഞ കുറേക്കാലമായി മോഹം പറഞ്ഞിരുന്ന ബ്രിജേഷിന്റെ അമ്മായി ബാലാമണിയും അന്നാദ്യമായും അവസാനമായും അവളെ ഒരുനോക്കു കണ്ടു. 

തിരിച്ചു ചെല്ലുമ്പോൾ ആതിരയുമൊത്ത് താമസം മാറ്റാൻ ഒരു ക്വാർട്ടേഴ്സിനും അപേക്ഷ നൽകിയിട്ടാണ് ബ്രിജേഷ് വിവാഹത്തിന് തയ്യാറെടുത്ത് നാട്ടിലേക്ക് പോന്നത്. ആർമി ആ ക്വാർട്ടേഴ്‌സ് ബ്രിജേഷിന് അനുവദിച്ചു നൽകി. എന്നാൽ, അവിടേക്ക് ഒന്നിച്ചു താമസം മാറ്റാനുള്ള യോഗം ആതിരയ്ക്കുണ്ടായില്ല, ബ്രിജേഷിന്റെ ഭാര്യയായി ഒരായുഷ്കാലം കഴിയാനും. അവരുടെ ഭാവിജീവിതത്തിന്റെ സ്വപ്‌നങ്ങൾ അച്ഛൻ രാജന്റെ ദുരഭിമാനം തച്ചു തകർത്തുകളഞ്ഞു. ഇപ്പോൾ, നിരവധി പേർ നോക്കി നിൽക്കെ നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ, കുത്തിയ കത്തിയും ചോര പുരണ്ട വസ്ത്രങ്ങളും സഹിതം പൊലീസ് പിടികൂടി കോടതിസമക്ഷം വിചാരണയ്‌ക്കെത്തിച്ച പ്രതി ശിക്ഷിക്കപ്പെടാതെ കോടതിയിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ, തകർന്നുപോകുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലും പൊലീസിലും ഒക്കെയുള്ള വിശ്വാസങ്ങൾ കൂടിയാണ്.