കൊവിഡ് ഭീതിയുടെ അന്ത്യത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് മാഗി കീനാൻ എന്ന തൊണ്ണൂറുകാരി അമ്മൂമ്മ കഴിഞ്ഞ ദിവസം ഫൈസറിന്റെ വാക്സിൻ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി ആയതിനു പിന്നാലെ, കഴിഞ്ഞ ദിവസം വാർവിക്ക്ഷെയറുകാരൻ വില്യം ഷേക്‌സ്‌പിയർ എന്ന 81 -കാരൻ, വാക്സിൻ സ്വീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയായും ചരിത്രത്തിൽ ഇടം നേടി. 

ഷേക്സ്പിയർ എന്ന പേരിനോട് കേരളത്തിലെ സാമൂഹിക മണ്ഡലത്തിനുള്ള ആത്മബന്ധം ചില്ലറയൊന്നുമല്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ ഇംഗ്ലീഷ് സാഹിത്യം പഠിച്ചവർ ഷേക്സ്പിയറിന്റെ നിരവധി കൃതികൾ സിലബസിന്റെ ഭാഗമായിത്തന്നെ പഠിച്ചിട്ടുണ്ട്. സാഹിത്യകുതുകികൾ, അല്ലാതെയും ഷേക്സ്പിയർ കൃതികൾ തേടിപ്പിടിച്ചു വായിച്ചു തീർത്തിട്ടുള്ളവരാണ്. കേരളത്തിലെ നാടകപ്രസ്ഥാനത്തിന്റെ അമരക്കാർ നിരവധി ഷേക്സ്പീരിയൻ ട്രാജഡികൾക്ക് മലയാള ഭാഷ്യം എന്നേ ചമച്ചിട്ടുണ്ട്. സാംബശിവനെപ്പോലുള്ള ജനപ്രിയ കഥാ പ്രാസംഗികരാകട്ടെ, ഉത്സവപ്പറമ്പുകളിലൂടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളിൽ നാട്ടിൻപുറത്തെ അമ്മൂമ്മമാർക്കു പോലും പരിചിതരാക്കുകയും ചെയ്തു. 

 

 

നിരവധി ഗീതകങ്ങളും ജനപ്രിയ നാടകങ്ങളുമെഴുതി ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കിയ മഹാനായ എഴുത്തുകാരനാണ് വില്യം ഷേക്സ്പിയർ എന്ന ബ്രിട്ടീഷ് സാഹിത്യകാരൻ. പതിനാറാം നൂറ്റാണ്ടിൽ ലണ്ടനിൽ ജീവിച്ചിരുന്ന ഷേക്സ്പിയർ അന്ന് നാട്ടിൽ പടർന്നു പിടിച്ച് നിരവധി പേരുടെ ജീവനെടുത്തു കടന്നുപോയ ബുബോണിക് പ്ളേഗ് നേരിൽ കണ്ടയാളാണ്. 1592 -ൽ ലണ്ടനിലാണ് ആദ്യമായി ഈ മഹാവ്യാധി പടർന്നു പിടിക്കുന്നത്.  അന്ന് കാര്യമായ പരിക്കേൽപ്പിക്കാതെ തിരിച്ചുപോയ ആ മഹാരോഗം, പിന്നീട് 1603 -ൽ നൂറിരട്ടി ശക്തിയോടെ, ഏറെ മാരകമായിട്ടാണ് തിരിച്ചു വരുന്നത്. അന്ന് ലണ്ടൻ നഗരത്തിൽ പ്ളേഗ് ജീവനെടുത്തത് 30,000 പേരുടെയാണ്. മൂന്നുവർഷം കഴിഞ്ഞ്, ജോർജ് ഒന്നാമനുനേരെ ഉണ്ടായ ഒരു കൊലപാതക ശ്രമത്തിനൊക്കെ ശേഷം, വീണ്ടും ഒരു തിരിച്ചുവരവുകൂടി ബുബോണിക് പ്ളേഗിനുണ്ടാകുന്നുണ്ട്. 

 

 

അന്നത്തേയും ഇന്നത്തെയും മഹാമാരിക്കാലങ്ങൾ തമ്മിലുള്ള സാമ്യം ആരെയും അതിശയിപ്പിച്ച പോന്നതാണ്. ചെറുമൃഗങ്ങളിലൂടെ ചെള്ളുവഴി മനുഷ്യരിലേക്കെത്തുന്ന ബാക്ടീരിയ പടർത്തിയ ബുബോണിക് പ്ളേഗിന് അന്ന് ചികിത്സയേ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന പ്രതിരോധ മാർഗം ഇന്നത്തെപ്പോലെ ആളുകളെ ക്വാറന്റീൻ ചെയ്യുക എന്നതുമാത്രമായിരുന്നു. അന്നും കൂട്ടം കൂടുന്നത് നിരോധിക്കപ്പെട്ടിരുന്നു. ആ നിരോധനങ്ങൾ ലംഘിക്കുന്നവർ ഇന്നേപ്പോലെ അന്നും ശിക്ഷിക്കപ്പെട്ടിരുന്നു. ഈ മഹാമാരിയെക്കുറിച്ചുള്ള പരാമർശങ്ങൾ 1595 -ൽ വില്യം ഷേക്സ്പിയർ രചിച്ച റോമിയോ ആൻഡ് ജൂലിയറ്റിലുണ്ട്. അക്കാലത്ത് താൻ രചിച്ച നാടകങ്ങൾ നാടകശാലയിൽ കളിക്കുന്നതിനു തടസ്സമായിരുന്ന ഈ മഹാമാരിയെ ഷേക്സ്പിയർ വെറുത്തിരുന്നു. 

ഷേക്സ്പിയറിന്റെ കുട്ടി അടക്കമുള്ള പല ഉറ്റബന്ധുക്കളെയും അന്ന് ആ മഹാമാരി കൊണ്ടുപോയി. അദ്ദേഹം തന്റെ പ്രസിദ്ധമായ പല ട്രാജഡികളും രചിച്ചിട്ടുള്ളത് ക്വാറന്റീനിൽ കഴിയുമ്പോഴാണ്. പിന്നീട് കിംഗ് ലിയർ അടക്കമുള്ള പല നാടകങ്ങളിലും അദ്ദേഹം പ്ളേഗ് എന്ന പദം ഒരു ശകാരസ്വരത്തോടെ പ്രയോഗിച്ചിട്ടുമുണ്ട്. ഭൂമിയിൽ മഹാനാശം വിതയ്ക്കുന്നത് എന്ന അർത്ഥത്തിൽ പിന്നീടും ഷേക്സ്പിയർ പല നാദങ്ങളിലും പ്ളേഗെന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ലേഡി മാക്ബെത്ത് സ്റ്റൈലിൽ "കൈകളെ വീണ്ടും വീണ്ടും കഴുകുക" മാത്രമാണ് ഷേക്സ്പിയർ പണ്ഡിതനായ ഡോ. ഡാനിയേൽ പോളോക്ക് പെൽസ്നറും പറയുന്നു. 

തന്റെ ജീവിത കാലത്ത് നിരവധി മഹാവ്യാധികൾ നേരിൽ കണ്ടറിഞ്ഞ, അതിൽ പലതിനെയും തന്റെ സാഹിത്യത്തിലൂടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ജീനിയസിന്റെ അതേ പേരുകാരൻ ഇപ്പോൾ ഈ വാക്സിൻ സ്വീകരിക്കുന്ന കന്നിക്കാരിൽ ഒരാളാകുന്നു എന്നത് ഒരുതരത്തിൽ കാവ്യനീതി എന്നുതന്നെ പറയാവുന്ന ഒന്നാണ്.