സാധാരണയായി പുരുഷന്മാരാണ് ഇത്തരത്തിലുള്ള വാക്കുകൾ വിളിച്ചു പറയുന്നതെങ്കിലും 30% സ്ത്രീകളും പതിവായി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുണ്ട് എന്നാണ് സർവേയിൽ പറയുന്നത്.

ആളുകളെ വാക്കാൽ അധിക്ഷേപിക്കുക, ചീത്ത വിളിക്കുക ഇതൊക്കെ ഇന്ന് വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നും ഒരു പ്രശ്നവുമില്ല എന്ന് കരുതുന്നവരും ഇഷ്ടം പോലെയുണ്ട്. അങ്ങനെ അധിക്ഷേപിക്കുന്നവരിൽ ഡെൽഹിക്കാർ വളരെ മുമ്പിലാണ് എന്നാണ് ഒരു സർവേ പറയുന്നത്. 'ഗാലി ബന്ദ് ഘർ അഭിയാൻ' (ban abuses campaign) നടത്തിയ പഠനത്തിലാണ് മോശം പദങ്ങളുപയോ​ഗിച്ച് ആളുകളെ അധിക്ഷേപിക്കുന്ന കാര്യത്തിൽ ദില്ലിയിലുള്ളവർ മുന്നിലാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്.

സാമൂഹിക പ്രവർത്തകനും പ്രൊഫസറുമായ സുനിൽ ജ​ഗ്‍ലാൻ നേതൃത്വം നൽകുന്ന കാമ്പെയ്‌നാണ് 'ഗാലി ബന്ദ് ഘർ അഭിയാൻ'. ഇതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഓട്ടോ തൊഴിലാളികൾ‌ മുതൽ പ്രായമായ സ്ത്രീകൾ വരെ, വിദ്യാർത്ഥികൾ മുതൽ ശുചീകരണ തൊഴിലാളികൾ വരെ, ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒക്കെയായിട്ടുള്ള 70,000 -ത്തിലധികം പേരാണ് ഈ സർവേയിൽ പങ്കെടുത്തിരിക്കുന്നത്. കുടുംബത്തിലടക്കം ഇന്ത്യയിൽ എത്രമാത്രം അശ്രദ്ധമായിട്ടാണ് അശ്ലീല വാക്കുകൾ ഉപയോ​ഗിക്കുന്നത് എന്ന് മനസിലാക്കുക എന്നതായിരുന്നു സർവേയുടെ ലക്ഷ്യം.

View post on Instagram

വാക്കാലുള്ള അധിക്ഷേപം ഒരു കായിക വിനോദമായിരുന്നെങ്കിൽ, ഡെൽഹി സ്വർണം നേടുമായിരുന്നു എന്നാണ് പഠനം തെളിയിക്കുന്നത്. സാധാരണയായി പുരുഷന്മാരാണ് ഇത്തരത്തിലുള്ള വാക്കുകൾ വിളിച്ചു പറയുന്നതെങ്കിലും 30% സ്ത്രീകളും പതിവായി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുണ്ട് എന്നാണ് സർവേയിൽ പറയുന്നത്. Gen Z യിൽ 20% പേരും ഇത്തരം ഭാഷകളുപയോ​ഗിക്കുന്നതിന് കാരണക്കാരായി കുറ്റപ്പെടുത്തുന്നത് OTT, വീഡിയോ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയെ ആണ്.

ഡെൽഹിയിൽ 80 % ആണ് ഇത്തരത്തിലുള്ള പദപ്രയോ​ഗങ്ങളും അധിക്ഷേപങ്ങളുമെങ്കിൽ തൊട്ടുപിന്നാലെ പഞ്ചാബ് 78%, ഉത്തർ പ്രദേശ് 74%, ബിഹാർ 74%, രാജസ്ഥാൻ 68%, ഹരിയാന 62%, മഹാരാഷ്ട്ര 58%, ​ഗുജറാത്ത് 55%, മധ്യപ്രദേശ് 48%, ഉത്തരാഖണ്ഡ് 45 % എന്നിങ്ങനെയാണ് പട്ടിക പോകുന്നത്.