Asianet News MalayalamAsianet News Malayalam

ഹസാരാ മുസ്ലിംകൾ : പാകിസ്ഥാനിൽ അരുംകൊലചെയ്യപ്പെടുന്ന ഈ നിരപരാധികൾ ആരാണ്?

മുസ്ലിംകൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആ രാഷ്ട്രത്തിനുള്ളിലും ചില മുസ്ലിംകൾ ന്യൂനപക്ഷമായി അവശേഷിച്ചു. 

who are hazaras getting killed in Pakistan by ISIS
Author
Balochistan, First Published Jan 5, 2021, 11:39 AM IST

1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായപ്പോൾ, അന്ന് ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് സുരക്ഷിതത്വം ഉണ്ടാകില്ല, ഇവിടെ അവർക്ക് അർഹിക്കുന്ന പരിഗണന കിട്ടില്ല എന്നും പറഞ്ഞുകൊണ്ട് മുഹമ്മദലി ജിന്ന, പിടിച്ച പിടിയാലേ സ്ഥാപിച്ചെടുത്തതാണ് പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാഷ്ട്രം. എന്നാൽ, അവിടെ ഇന്നുള്ള ദുരവസ്ഥ വളരെ വിചിത്രമാണ്. മുസ്ലിംകൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആ രാഷ്ട്രത്തിനുള്ളിലും ചില മുസ്ലിംകൾ ന്യൂനപക്ഷമായി അവശേഷിച്ചു. ചിലരെ മുന്തിയ മുസ്ലിംകൾ എന്നും, മറ്റു ചിലരെ മേന്മ കുറഞ്ഞ മുസ്ലിംകൾ എന്നും കണക്കാക്കപ്പെട്ടു. ചിലരെ അവിടത്തെ പൊതുബോധം മുസ്ലിംകളായി കണക്കാക്കാൻ പോലും വിസമ്മതിക്കുന്ന അവസ്ഥയുണ്ട്. ജിന്നയുടെ വാഗ്ദത്ത ഭൂമിയായ പാകിസ്ഥാൻ ഇന്ന് സുന്നി മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള, അവർ നിയമങ്ങൾ നിർണ്ണയിക്കുന്ന, മറ്റു വിഭാഗങ്ങളോട് വിവേചനബുദ്ധ്യാ പെരുമാറുന്ന ഒരു രാഷ്ട്രമാണ്. അവിടെനിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.

who are hazaras getting killed in Pakistan by ISIS

 

ബലൂചിസ്ഥാനിൽ കഴിഞ്ഞ ദിവസം ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ദരിദ്രരായ ചില ഖനിത്തൊഴിലാളികൾ ഐസിസ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടു. കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം വേട്ടയാടപ്പെടുകയും, കൊലചെയ്യപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അറിയപ്പെടുന്നത് ഹസാരകൾ എന്നാണ്. എന്തുകൊണ്ടാണ് അവരിങ്ങനെ വേട്ടയ്ക്കിരയാകുന്നത്? എന്തിന്റെ പേരിലാണ് ഈ നിരപരാധികൾ ഇങ്ങനെ വധിക്കപ്പെടുന്നത്?

who are hazaras getting killed in Pakistan by ISIS
 
ഹസാരകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദം, 'ഓസ്‌ല' എന്നതാണ്. 'ഓ' 'സല' എന്നീ രണ്ടു പഷ്തൂനി പദങ്ങൾ ചേർന്നുണ്ടായ ഈ വാക്കിന്റെ അർഥം 'സന്തുഷ്ടൻ' എന്നാണ്. അഫ്ഗാനിസ്ഥാനിലുള്ള ഹസാരിസ്ഥാനിൽ ആണ് ഇവരുടെ വംശീയ വേരുകളെന്നാണ് സങ്കൽപം. അവിടത്തെ മലകളിൽ നിന്നും ആയിരത്തോളം കുഞ്ഞരുവികൾ പുറപ്പെട്ടിരുന്നതുകൊണ്ടാണ് ഹസാരിസ്ഥാൻ എന്ന് സ്ഥലത്തെ വിളിച്ചിരുന്നതെന്നും  അവിടെനിന്നുള്ളവർ എന്ന അർത്ഥത്തിൽ അവിടെനിന്നുള്ളവരെ ഹസാരകൾ എന്ന് വിളിച്ചിരുന്നു എന്നുമാണ് പറയപ്പെടുന്നത്. ചില ചരിത്ര രേഖകൾ ഇവരെ ജെങ്കിസ്ഖാനുമായും ബന്ധിപ്പിക്കുന്നുണ്ട്. ആയിരം പേരുള്ള ഒരു ദളം ജെങ്കിസ് ഖാന്റെ അധിനിവേശ സേനയ്ക്ക് ഉണ്ടായിരുന്നു എന്നും, ആക്രമണം കഴിഞ്ഞ് ഖാൻ പോയിട്ടും ആ ആയിരം പേരുടെ ദളം അഫ്ഗാനിസ്ഥാനിൽ തുടർന്നു. ഈ സൈനികരും അഫ്ഗാനിസ്ഥാൻ സ്വദേശികളും തമ്മിൽ കലർന്നുണ്ടായ വംശത്തെയാണ് 'ഹസാരകൾ' എന്ന് പറയുന്നത് എന്ന് മറ്റൊരു കഥയുമുണ്ട്. മംഗോൾ-തുർക്ക് വംശങ്ങളുടെ മിശ്രണമാണ് ഹസാരകളുടെ വംശീയ പശ്ചാത്തലം എന്നും ചിലർ കരുതുന്നു. 

who are hazaras getting killed in Pakistan by ISIS

വിശ്വപ്രസിദ്ധമായ ബാമിയാനിലെ ബുദ്ധപ്രതിമകളെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമാകും. താലിബാൻ ഈ പ്രതിമകൾ തകർത്തത് ലോകമെമ്പാടും വാർത്തയായ ഒരു സംഭവമാണ്. ഈ പ്രദേശവും ഹസാരകൾ കഴിയുന്ന ഇടങ്ങളാണ്. സുന്നി വംശജരായ പഷ്തൂനികളും ഇറാന്റെ സ്വാധീനത്തിൽ ശിയാക്കൾ ആയിരുന്ന ഹസാരകളും തമ്മിൽ നൂറ്റാണ്ടുകൾ മുമ്പുതന്നെ കലഹങ്ങൾ പതിവായിരുന്നു. 1880 മുതൽ 1901 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച അബ്ദുൽ റഹ്മാൻ ഖാന്റെ കാലത്ത് നടന്ന വ്യാപകമായ ഷിയാ നരസംഹാരത്തിൽ നിരവധി ഹസാരകൾക്കും ജീവൻ നഷ്ടമായി. ഈ വംശഹത്യാ കാലത്താണ് ഹസാരകൾ പ്രാണഭയം കൊണ്ട് അതിർത്തി കടന്ന് ബലൂചിസ്താനിൽ അഭയം തേടിയത്. 

who are hazaras getting killed in Pakistan by ISIS

ഇന്ന് ബലൂചിസ്ഥാനിൽ ജീവിക്കുന്ന ഒന്നേകാൽ കോടി ജനങ്ങളിൽ നാലഞ്ച് ലക്ഷത്തോളമുണ്ട് ഹസാരാ മുസ്ലിംകളുടെ പ്രാതിനിധ്യം. അവർ ഇന്നവിടെ സുരക്ഷിതരാണോ?  എന്ന് ചോദിച്ചാൽ 'അല്ല' എന്നാവും ഉത്തരം. പൊതുവെ മതന്യൂനപക്ഷങ്ങൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ് പാകിസ്ഥാൻ. ഹിന്ദു സിഖ് വിഭാഗങ്ങൾക്ക് നേരെ അവിടെ നിരന്തരം ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, പാകിസ്ഥാന്റെ മണ്ണിൽ ആക്രമണങ്ങൾക്ക് ഇരയാവുന്നവർ അന്യമതസ്ഥർ മാത്രമല്ല. അവിടെ ഇസ്ലാം മതത്തിനകത്തുള്ള മോഹാജിറുകൾ, അഹമ്മദിയ തുടങ്ങിയ ഉപവിഭാഗങ്ങളോടൊപ്പം ഹസാരകളും നിരന്തരം തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. 

ഹസാരകൾ ഷിയാക്കളാണ്. പാകിസ്ഥാനിലെ ആകെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം ഷിയാ വംശജരാണ്. ഇറാൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഷിയാ വിശ്വാസികൾ ഉള്ള രാജ്യം പാകിസ്ഥാനാണ്. എന്നിട്ടും പാകിസ്ഥാനിൽ ഷിയാ വിഭാഗത്തിൽ പെടുന്ന ഹസാരകൾ ഒട്ടും സുരക്ഷിതരല്ല എന്നതാണ് സത്യം. 

who are hazaras getting killed in Pakistan by ISIS

ഹസാരകളുടെ കഷ്ടകാലം തുടങ്ങുന്നത് 2001 ൽ നടന്ന  വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ്. അതിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനിൽ വാർ ഓൺ ടെറർ കാമ്പെയിൻ നടത്തി നിരവധി തീവ്രവാദികളെ വധിച്ചു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പല തീവ്രവാദികളും ഓടിക്കയറിയത് അതിർത്തിയിലുള്ള, ഹസാരകളുടെ ആവാസ ഭൂമിയായ ബലൂചിസ്ഥാനിലേക്കാണ്. പിന്നീട് ഐസിസ് അടക്കമുള്ള ഈ തീവ്രവാദ സംഘടനകൾ ബലൂചിസ്ഥാനിൽ പിടിമുറുക്കി. ഈ തീവ്രവാദികൾ, തങ്ങളിൽ കുറഞ്ഞ മുസ്ലിംകൾ എന്നവർ കരുതിയിരുന്ന ഹസാരകൾക്കു നേരെ നിരന്തരം ആക്രമണങ്ങൾ നടത്താൻ തുടങ്ങി. നേരിയ ഒരു ചൈനീസ് ഛായയുള്ള ഹസാരകൾ അവരുടെ വേഷവിധാനങ്ങളിൽക്കൂടി ഉള്ള സവിശേഷതകൾ കാരണം വളരെ പെട്ടെന്നുതന്നെ അവരെ കണ്ടാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ അവർ ആക്രമണങ്ങളുടെ ഇരകളാകാനും തുടങ്ങി. 

ആ ആക്രമണങ്ങൾ ഹസാരകളുടെ പള്ളികളിൽ ബോംബുസ്ഫോടനങ്ങളുടെ രൂപത്തിലും, ക്രിക്കറ്റുകളിച്ചുകൊണ്ടിരിക്കുന്ന, പട്ടം പറത്തിക്കൊണ്ടിരിക്കുന്ന ഹസാരാ ബാലന്മാർക്കുനേരെ വെടിയുണ്ടകൾ വർഷിക്കുന്ന യന്ത്രത്തോക്കുകളുടെ രൂപത്തിലും ഒക്കെ വന്നെത്തി. തീർത്ഥാടനത്തിന് പോകുന്ന ഹസാരകളെ അവരുടെ ബസ്സുകളിൽ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ബലൂചിസ്ഥാനിൽ, പല  തവണ.  കളിക്കളങ്ങളിൽ, അങ്ങാടികളിൽ, കോളേജിൽ ഒരിടത്തും സുരക്ഷിതരല്ല ഹസാരകൾ. കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കിടയിൽ പാകിസ്ഥാനിൽ നടന്നിട്ടുള്ള വംശീയ ലഹളകളിൽ ചുരുങ്ങിയത് 2000 ഹസാര വംശജരെങ്കിലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു മനുഷ്യാവകാശ പഠനം പറയുന്നത് 2013 മുതൽ 2017 വരെയുള്ള നാലുവർഷക്കാലയളവിൽ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വേറ്റയിൽ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത് 500 ലധികം ഹസാരകൾ ആണ്. 

ഇപ്പോൾ എന്തിനാണ് ഹസാരകൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പറയുന്നത് എന്നാവും. അതിനുള്ള കാരണമിതാണ്. രണ്ടു ദിവസം മുമ്പ്, ജനുവരി 3 -ന് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വേറ്റയിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഒരു കൽക്കരി ഖനിയിൽ ഒരു തീവ്രവാദ ആക്രമണം ഉണ്ടായി. അക്രമികൾ ഖനി തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി. അവരിൽ ചിലരുടെ, കൃത്യമായി പറഞ്ഞാൽ പതിനൊന്നു പേരുടെ, കണ്ണിൽ കറുത്ത തുണികൊണ്ട് കെട്ടി, കൈകൾ പിന്നിൽ ബന്ധിച്ച്, അവരെ ഒരു കുന്നിൻമുകളിൽ കൊണ്ടുചെന്നു മുട്ടുകുത്തി ഇരുത്തിച്ച്, തലയിൽ വെടിവെച്ച് കൊന്നുകളഞ്ഞു ആ പാവങ്ങളെ. വെടിവെച്ചു തലച്ചോർ പുറത്തു ചാടിച്ചതിനു പുറമെ ഇവരുടെ കഴുത്തറുക്കുക കൂടി ചെയ്തു ഈ ഐസിസ് തീവ്രവാദികൾ.  

അന്ന് കൊല്ലപ്പെട്ട ഈ പതിനൊന്നു പേരും ഹസാര സമുദായക്കാരായിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട ഖനി തൊഴിലാളികളിൽ നിന്ന് ഹസാരകളെ മാത്രം വേർതിരിച്ചുമാറ്റി അവരെ വധിക്കുകയാണ് ഐസിസ് തീവ്രവാദികൾ ചെയ്തത്. 

കൂട്ടക്കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്ന പാടെ അപലപന ട്വീറ്റുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തിയിട്ടുണ്ട്. 
 

 


എത്രയും പെട്ടെന്ന് തന്നെ കൊലക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നാണ് ഇമ്രാൻ ഉത്തരവിട്ടിട്ടുള്ളത്. ഈ ട്വീറ്റിൽ ഇമ്രാൻ ഖാൻ ഏറെ വിഷണ്ണനായി കാണപ്പെടുന്നുണ്ട്. എന്നാൽ, അത്രക്ക് ഇമ്രാൻ ഈ കൊലപാതകങ്ങൾ അലട്ടിയിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബലൂചിസ്ഥാനിൽ ഉയരുന്നുണ്ട്. കാരണം, ഹസാരകൾ ഇങ്ങനെ കൊല്ലപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത്രയും കാലമായി ഈ ഒരു വിഭാഗം നിരന്തരം കൊലചെയ്യപ്പെടുന്നുണ്ട് എങ്കിൽ, ഒന്നുകിൽ ഗവണ്മെന്റ് തീവ്രവാദികൾക്ക് മുന്നിൽ അശക്തരാണ് എന്നാണ് അർഥം. അല്ലെങ്കിൽ, ഈ കൊലകൾ തടയാൻ കൃത്യമായ ഒരു ഇച്ഛാശക്തി പ്രകടിപ്പിക്കാൻ പാകിസ്ഥാനിലെ സർക്കാർ തയ്യാറല്ല എന്നും. 


 

Follow Us:
Download App:
  • android
  • ios