ഗാന്ധിജിയുടെ വ്യക്തിപ്രഭാവം വെടിയുണ്ടകൾ കൊണ്ട് ഛിന്നഭിന്നമാക്കാവുന്നതിലും അപ്പുറമാണ്.  

മഹാത്മാ മോഹൻദാസ് കരംചന്ദ് ഗാന്ധി(Gandhi) നമ്മുടെ രാഷ്ട്രപിതാവാണ് (father of the nation). സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച് അഹിംസാ മാർഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയാണ്. നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഒരു അക്രമി തന്റെ പിസ്റ്റലിൽ നിന്നുതിർത്ത വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ജീവൻ അകാലത്തിൽ അപഹരിക്കുന്നത്. പാകിസ്താനെയും മുസ്ലിംകളെയും പിന്തുണച്ചിരുന്ന ഗാന്ധിജി, താനടക്കമുള്ളവർ പുലർന്നു കാണാൻ ആഗ്രഹിച്ചിരുന്ന അഖണ്ഡഭാരതത്തിന് വിലങ്ങുതടിയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഗോഡ്‌സെയും സംഘവും ഗാന്ധിയെ കൊല്ലാൻ ഇറങ്ങിപ്പുറപ്പെടുന്നത്. 

എല്ലാവർഷവും ഒക്ടോബർ മാസം രണ്ടാം തീയതി, മഹാത്മജിയുടെ ജന്മദിനം, നമ്മൾ ഗാന്ധി ജയന്തി എന്ന പേരിൽ ദേശീയതലത്തിൽ തന്നെ ആഘോഷിച്ചു വരുന്ന ഒന്നാണ്. ഇക്കൊല്ലവും അതിനു മാറ്റമില്ല. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുതൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഈ ദിവസം മഹാത്മജി ഈ രാജ്യത്തിന് നൽകിയ സേവനങ്ങളെ നന്ദി പൂർവം സ്മരിക്കാറുണ്ട്. അദ്ദേഹം പ്രവർത്തിച്ച സത്കൃത്യങ്ങളെ, നടത്തിയ ധീരമായ പോരാട്ടങ്ങളെ, അദ്ദേഹത്തിന്റെ ആദർശങ്ങളെ എടുത്തെടുത്ത് പറയാറുണ്ട്. എന്നാൽ, ഈ ആദരസ്മരണകൾക്കിടയിലും, നമ്മുടെ രാഷ്ട്രപിതാവിനെ അദ്ദേഹത്തിന്റെ ജയന്തിദിവസം തന്നെ ദുഷിക്കാനും ഗാന്ധി ഘാതകനായ ഗോഡ്സെക്ക് നന്ദി പറയാനും സിന്ദാബാദ് വിളിക്കാനും ഉത്സാഹിക്കുന്ന മറ്റു ചില കൂട്ടരും നമുക്കിടയിൽ തന്നെയുണ്ട്. #नाथूराम_गोडसे_जिंदाबाद എന്നത് ഇന്ന് ട്വിറ്ററിൽ ട്രെൻഡ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹാഷ്ടാഗ് ആണ്. എല്ലാവർഷവും രണ്ടു ദിവസങ്ങളിൽ, ഒക്ടോബർ രണ്ടിനും ജനുവരി മുപ്പതിനും, ഇക്കൂട്ടർ മറക്കാതെ സടകുടഞ്ഞെഴുനേൽക്കും. പിന്നീടങ്ങോട്ട് ഗാന്ധിജിയെ അപഹസിച്ചു കൊണ്ടും ഗോഡ്‌സെയെ വാനോളം പുകഴ്ത്തിക്കൊണ്ടും ഗാന്ധിജിയെ ഇല്ലാതാക്കിയതിന് ഗോഡ്സെക്ക് നന്ദി പറഞ്ഞുകൊണ്ടുമുള്ള പോസ്റ്റുകളുടെ പെരുമഴയാണ്. ഇങ്ങനെയൊക്കെ ചെയ്യാൻ ഇവർക്കാർക്കും തരിമ്പും ഭയമില്ല എന്നതാണ് രസകരമായ ഒരു വസ്തുത. ഇങ്ങനെയൊക്കെ ചെയ്താലും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാവാറില്ല എന്നതും ശ്രദ്ധേയമാണ്. 

ഉദാ. ഹിമാൻഷു വസിഷ്ട് എന്നൊരു യൂസർ ട്വീറ്റ് ചെയ്തത്, "ഇന്ത്യയെ രക്ഷിച്ചതിന് നന്ദി, നാഥുറാം ഗോഡ്‌സെ രാജ്യസ്നേഹിതന്നെ..." എന്നായിരുന്നു. 

Scroll to load tweet…

ബൽറാം കച്ച് വാഹ എന്നൊരു യൂസർ, കോടതിയിൽ നാഥുറാം ഗോഡ്സെയും സംഘവും പ്രതിക്കൂട്ടിൽ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌തത്‌, "നിങ്ങൾ നല്ലൊരു ഫിനിഷർ ആണ്. നിങ്ങൾ കാരണമാണ് ഞങ്ങൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയത്" എന്നൊരു ക്യാപ്ഷനോടൊപ്പം ആയിരുന്നു. 

Scroll to load tweet…

ഗാന്ധിജി പറഞ്ഞത് എന്ന പേരിൽ ഒരു വ്യാജ ഉദ്ധരണി പങ്കുവെച്ചുകൊണ്ടാണ് റോമ്പോ എന്നൊരു ട്വിറ്റർ യൂസർ അപവാദ പ്രചാരണത്തിനിറങ്ങിയത്. 

Scroll to load tweet…

മേൽപ്പറഞ്ഞത് ചില്ലറ സാമ്പിളുകൾ മാത്രമാണ്. ഇതുപോലുള്ള ആയിരക്കണക്കിന് ട്വീറ്റുകൾ ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ ട്വിറ്ററിലുണ്ട്. എന്നാൽ ഗോഡ്സേയുടെ പേര് പരാമർശിക്കുന്ന എല്ലാ ട്വീറ്റുകളും മോശമായിരുന്നില്ല. ദ ദേശ് ഭക്ത് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നും പ്രസിദ്ധപ്പെടുത്തിയ ട്വീറ്റിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു, " എത്ര വട്ടം വേണമെങ്കിലും ഗോഡ്സേ സിന്ദാബാദ് എന്ന് വിളിച്ചോളൂ. അതൊന്നും യാഥാർഥ്യത്തെ മറയ്ക്കില്ല. ഗാന്ധി എന്ന പേരില്ലെങ്കിൽ ഗോഡ്സേ എന്ന പേര് ആരും ഓർക്കില്ല. ഗാന്ധിജി അമരനാണ്. എന്നാൽ ഗോഡ്സേ എന്ന പേരിന്, ഗാന്ധജിയുടെ സഹായമില്ലെങ്കിൽ ഒരു ദിവസം പോലും നിലനിൽപ്പില്ല." എന്നായിരുന്നു. 

Scroll to load tweet…

ആജീവനാന്തം അഹിംസാമാർഗത്തിൽ മാത്രം ചരിച്ച, സത്യം മാത്രം പറഞ്ഞ ഗാന്ധിജി ഒടുവിൽ ഗോഡ്സേ എന്ന അക്രമിയുടെ കൈകൊണ്ട് കൊല്ലപ്പെട്ടു എങ്കിലും, തന്റെ ആദർശങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല.. ഭാരതം അറിയപ്പെടുന്നത് തന്നെ ഗാന്ധിജിയുടെയും ബുദ്ധന്റെയും നാട് എന്നുതന്നെയാണ്. ഗോഡ്സേ വധിച്ചത് ഗാന്ധിജി എന്ന വ്യക്തിയെ, മനുഷ്യനെ മാത്രമാണ്. ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തെ മാത്രമാണ്. ഗാന്ധിജിയുടെ ആദർശങ്ങളെ ഒന്ന് തൊടാൻ പോലും അയാൾക്ക് സാധിച്ചിട്ടില്ല. ഗാന്ധിജിയുടെ വ്യക്തിപ്രഭാവം വെടിയുണ്ടകൾ കൊണ്ട് ഛിന്നഭിന്നമാക്കാവുന്നതിലും അപ്പുറമാണ്.