സംഭവം നടന്ന അന്നുമുതൽ ജനങ്ങൾ അതേക്കുറിച്ചോർത്ത് ആകുലരാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ടിവിയിലും മറ്റുമായി അതേപ്പറ്റിയുള്ള തങ്ങളുടെ ചിന്തകൾ ലോകത്തെ അറിയിക്കുന്നുണ്ട് അവര്‍. അക്രമത്തിൽ മരണപ്പെട്ടവരുടെ ആത്മാവുകളുടെ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്നാൽ, അതുമാത്രം മതിയോ ..?

ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ നടന്ന ഭീകരവാദ ആക്രമണത്തെപ്പറ്റി ന്യൂയോർക്ക് ടൈംസിൽ വജാഹത്ത് അലി എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവർത്തനം. 

മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച നിസ്കാരം എന്നു പറയുന്നത്, ക്രിസ്ത്യാനികളുടെ ഞായറാഴ്ചക്കുർബാന പോലെയാണ്. ഇസ്‌ലാമിൽ അത് സമൂഹ ആരാധനയ്ക്കും ആരാധനയ്ക്കു ശേഷം പരസ്പരം ഇടപഴകാനും ഒക്കെയുള്ള ഒരു അവസരവും കൂടിയാണ്. ഈ വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ജുമു അയ്ക്ക് തയ്യാറെടുക്കുമ്പോൾ, ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീങ്ങൾ മാത്രം അവരുടെ പ്രിയപ്പെട്ടവരുടെ കബറടക്കത്തിനുള്ള തയ്യാറെടുപ്പിലാണ്. അവിടത്തെ തെരുവുകളിലും, പാർക്കുകളിലും, സങ്കടം തളം കെട്ടിനിൽക്കുകയാണ്. അവർക്ക് നഷ്ടമായിരിക്കുന്നത് 49 വിലപ്പെട്ട ജീവനുകളാണ്. അവരുടെ പ്രിയപ്പെട്ടവരിൽ പലരും ഇപ്പോഴും, വെടിയുണ്ട തുളച്ചുകേറിയ ഉടലുമായി അത്യാഹിത വിഭാഗങ്ങളിൽ ജീവനുവേണ്ടി മല്ലിടുകയാണ്. 

 "അപ്രതീക്ഷിതവും അസാധാരണവുമായ ഒരു ഭീകരവാദ കൃത്യം" എന്നാണ് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിന്ത ആർഡെർൺ ഈ ഹീനകൃത്യത്തെ വിശേഷിപ്പിച്ചത്. 

രണ്ടു മുസ്ലിം പള്ളികളിലായി നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള സുമനസ്സുകളുടെയെല്ലാം പ്രാർത്ഥനകൾ ക്രൈസ്റ്റ് ചർച്ചിലേക്ക് ഒഴുകിച്ചെല്ലുകയാണ്. സ്വന്തം എസ്‌യുവിയുടെ പിന്നിൽ ഒളിപ്പിച്ചു കടത്തിയ രണ്ട് യന്ത്രത്തോക്കുകളുമായി ആ പ്രശാന്തമായ ആരാധനാഗൃഹത്തിലേക്ക് നടന്നുകയറിയ ആ അക്രമി നിമിഷങ്ങൾ കൊണ്ട് കൊന്നുതള്ളിയത് സ്ത്രീകളും, കുട്ടികളുമടക്കം 49 പേരെയാണ്. "അപ്രതീക്ഷിതവും അസാധാരണവുമായ ഒരു ഭീകരവാദ കൃത്യം" എന്നാണ് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിന്ത ആർഡെർൺ ഈ ഹീനകൃത്യത്തെ വിശേഷിപ്പിച്ചത്. 

സംഭവം നടന്ന അന്നുമുതൽ ജനങ്ങൾ അതേക്കുറിച്ചോർത്ത് ആകുലരാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ടിവിയിലും മറ്റുമായി അതേപ്പറ്റിയുള്ള തങ്ങളുടെ ചിന്തകൾ ലോകത്തെ അറിയിക്കുന്നുണ്ട് അവര്‍. അക്രമത്തിൽ മരണപ്പെട്ടവരുടെ ആത്മാവുകളുടെ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്നാൽ, അതുമാത്രം മതിയോ ..?

തോക്കുധാരിയായ കൊലയാളിയുടെ 74 പേജ് വരുന്ന മാനിഫെസ്റ്റോയും സോഷ്യൽ മീഡിയയിലെ അയാളുടെ പോസ്റ്റിങ്ങും ഒക്കെ വളരെ സൂക്ഷ്മമായി പത്രങ്ങൾ പിന്തുർന്നിട്ടുണ്ട്. 'പരിഷ്കൃതമായ ന്യൂസിലാൻഡിലെ സമൂഹത്തെ, പതിനാലാം നൂറ്റാണ്ടിലേക്കു പിടിച്ചുവലിക്കുന്ന ശക്തികൾക്കെതിരെ ശക്തിയുക്തം പ്രതികരിക്കണം' എന്നാണ് അയാള്‍ തന്റെ ഫേസ്‌ബുക്കിൽ പ്രതിപാദിച്ചിരിക്കുന്നത്, 

2011-ൽ എഴുപത്തേഴു പേരെ കൊന്നൊടുക്കിയ ആന്ദ്രേ ബ്രെചിച്ച് തന്റെ 1500 പേജുള്ള കുമ്പസാരത്തിൽ, ' സകലരെയും വിളിച്ചു കയറ്റിയ, ഇസ്‌ലാമിനെ വേരുറപ്പിക്കാൻ അനുവദിച്ച യൂറോപ്പിനു മേലെ ശിക്ഷ വർഷിക്കേണ്ടതിനെ'പ്പറ്റിയാണ് പറഞ്ഞുകൊണ്ടിരുന്നത്. അയാളുടെ ആ മാനിഫെസ്റ്റോ അക്കാലത്തെ ഒരു വർണ്ണവെറിയനായ ക്രിസ്റ്റഫർ ഹാസനെയും മുസ്ലിങ്ങൾക്കെതിരായ അക്രമങ്ങൾക്ക് തയ്യാറെടുക്കാൻ പ്രേരിപ്പിച്ച ഒരു സാഹിത്യമാണ്. 

"മുസ്ലീങ്ങൾ നമ്മുടെ നാടിന് ആപൽക്കരമാണ്/ എല്ലാ മുസ്‌ലിങ്ങളും തീവ്രവാദികളല്ലെങ്കിലും, എല്ലാ ഭീകരവാദികളും മുസ്ലീങ്ങൾ തന്നെയാണ്." എന്നൊക്കെ ഈ അവസരത്തിലും അനവസരത്തിലും പരാമർശങ്ങൾ നടത്തുന്നവരുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വലിയ വിദ്വേഷപ്രാസംഗികൻ അമേരിക്കൻ പ്രസിഡന്റായ, ഡൊണാൾഡ് ട്രംപാണ്. 'മധ്യപൂർവ ആഫ്രിക്കയിലെ അഭയാർത്ഥികളെല്ലാം ചേർന്ന് ഒരു ജാഥയായി അമേരിക്ക ലക്ഷ്യമിട്ടു നുഴഞ്ഞു കേറുകയാണെ'ന്നും പറഞ്ഞാണ് ട്രംപ് അതിർത്തിയിൽ മതിലുകൾ വേണം എന്ന് വാദിച്ചത്. ഇംഗ്ലണ്ടിൽ ചെന്ന് പ്രസംഗിച്ച ട്രംപ് 'കുടിയേറ്റക്കാരെക്കൊണ്ട് ഇംഗ്ലണ്ടിൽ സാമൂഹിക അപചയമുണ്ടാവും' എന്ന് പറഞ്ഞു. ട്രംപിന്റെ അമേരിക്കയിലേക്കുള്ള യാത്ര നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൂടെ ലിസ്റ്റിൽ ഭൂരിഭാഗം രാഷ്ട്രങ്ങളും ഇസ്ലാമിക രാജ്യങ്ങളാണ്.

ആ സെനറ്ററുടെയും, ഈ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും ചിന്താഗതികൾ തമ്മിൽ വിശേഷിച്ച് വ്യത്യാസമൊന്നുമില്ല എന്ന് തോന്നുന്നു. 

"എനിക്ക് മുസ്ലീങ്ങളോട് വെറുപ്പാണ്.." എന്നുവരെ ട്രംപ് പറഞ്ഞു കളഞ്ഞു ഒരിക്കൽ. ഇത്തവണ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ ലഘുലേഖകളിലും ട്രംപ് എന്ന ലോകനായകന്റെ 'വൈറ്റ് സുപ്രിമസി' ഉറപ്പുവരുത്താനുള്ള ദീർഘ വീക്ഷണത്തോടു കൂടിയ പ്രവൃത്തികളുടെ അപദാനങ്ങളുണ്ട്. ഈ വെളുത്തവർഗ്ഗക്കാരുടെ അധീശത്വഭരണത്തിൽ അമേരിക്കയിൽ മാത്രമല്ല ലോകമെമ്പാടാനുമുള്ള മുസ്ലീങ്ങളുടെ ജീവനും സ്വത്തും സമാധാനവും അപകടത്തിലാണ്,

ഈ അക്രമി ശരിക്കും ന്യൂസിലന്‍ഡുകാരനല്ല. അയാള്‍ ഒരു ആസ്ട്രേലിയക്കാരനാണ്. അവിടെ ഇത്തരത്തിലുള്ള ആന്റി- മുസ്ലീം പ്രൊപ്പഗണ്ടകളും അനുബന്ധ റെസിസ്റ്റ് സാഹിത്യവും സുലഭമായി കിട്ടും. അതെല്ലാം വായിച്ചു വളരുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടായില്ലെങ്കിൽ മാത്രമല്ലേ അത്ഭുതമുള്ളൂ. ആസ്‌ട്രേലിയയിൽ 2015 -ൽ 'റീ ക്ലെയിം ആസ്‌ട്രേലിയ' എന്നൊരു മുന്നേറ്റമുണ്ടായി. ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനും സ്‌കൂളുകളിൽ ഇസ്‌ലാം മതം പഠിപ്പിക്കുന്നതിനും ഒക്കെ എതിരായി ഉണ്ടായ ഒരു മുന്നേറ്റമായിരുന്നു അത്. "ഇസ്‌ലാം പടിഞ്ഞാറിന്റെ ശത്രു.." എന്നെഴുതിയ വലിയ പ്ലക്കാർഡുകൾ പിടിച്ച് ചെറിയ കുട്ടികൾ ആസ്ട്രേലിയയിലെ തെരുവുകളിലേക്കിറങ്ങി അന്ന്. ആസ്ട്രേലിയയിലെ ഒരു തീവ്ര വലതുപക്ഷ പാർട്ടി 'രാജ്യത്തിൻറെ ഇസ്‌ലാമൈസേഷൻ തടയൽ അവരുടെ പ്രകടന പത്രികയുടെ പോലും ഭാഗമാക്കി. ഇസ്‌ലാം വെറുമൊരു മതമല്ല, ലോകം മുഴുവൻ അതിന്റെ ചിറകിനുള്ളിൽ ഒതുക്കാൻ ആഗ്രഹിക്കുന്ന ഒരു തീവ്ര ചിന്താഗതിയാണെന്ന് അവർ രാജ്യമൊട്ടുക്കും പറഞ്ഞുപരത്തി. 

അക്രമി ഒരു തീവ്ര വലതുപക്ഷ തീവ്രവാദിയാണ് എന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കൃത്യമായി പറഞ്ഞപ്പോൾ, ഫ്രേസർ ആനിങ്ങ് എന്ന ഒരു സെനറ്റർ, 'തീവ്രവാദ ചിന്താഗതിക്കാരായ മുസ്ലീങ്ങളെ രാജ്യത്തിനുള്ളിലേക്ക് നിർബാധം കുടിയേറാൻ അനുവദിച്ച പോളിസി' തന്നെയാണ് ഈ ആക്രമണത്തിന്റെയും മൂലകാരണം എന്ന് പ്രസ്താവിച്ചു. ആ സെനറ്ററുടെയും, ഈ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും ചിന്താഗതികൾ തമ്മിൽ വിശേഷിച്ച് വ്യത്യാസമൊന്നുമില്ല എന്ന് തോന്നുന്നു. 

ക്രൈസ്റ്റ് ചർച്ചിലെ തോക്കുധാരിയായ കൊലപാതകി തന്റെ ന്യായീകരണക്കുറിപ്പിൽ പറഞ്ഞത്, "കാര്യം പറഞ്ഞാൽ മനസ്സിലാവാത്തവരെ, യൂറോപ്യൻ മണ്ണിൽ നിന്നും ഒഴിഞ്ഞുപോവാത്തവരെ, 'എലിമിനേറ്റ്' ചെയ്തുകൊണ്ട് ഒരു പുതിയ തരംഗത്തിന് തുടക്കമിടുന്നു " എന്നാണ്.. അതിൽ 1683 -ൽ ഓട്ടോമൻ തുർക്കികളെ തുരത്തിയോടിച്ചു കൊണ്ട് യൂറോപ്പിന്റെ പരമാധികാരം തിരികെപ്പിടിച്ച വിയന്നായുദ്ധത്തെക്കുറിച്ചും അയാൾ പരാമർശിക്കുന്നുണ്ട്. ക്രൈസ്റ്റ് ചർച്ചിലെ അക്രമി തന്റെ തോക്കിൽ കുനുകുനാ എഴുതിപ്പിടിപ്പിച്ച കുറെ ചരിത്രമുണ്ട്. പഴയ കുറെ കൂട്ടക്കൊലകളുടെ ചരിത്രം. 1183 -ലെ മൂന്നാം കുരിശുയുദ്ധം തൊട്ട് കാനഡയിലെ ക്യൂബെക്കിൽ ആറുപേരെ വെടിവെച്ചുകൊന്ന അലക്‌സാണ്ടർ ബിസൊനെറ്റ് വരെയുള്ളവരുടെ വീരകഥകൾ. 

വ്യത്യസ്‍തമായ സംസ്കാരങ്ങളിൽ പുലരുന്നവരോട് വംശീയമായ കാരണങ്ങളാൽ അനിഷ്ടം വെച്ചു പുലർത്തുന്ന, അവരുടെ ജീവിത ചര്യകളെ, പ്രാർത്ഥനാ രീതികളെ, വസ്ത്രധാരങ്ങളെ ഒക്കെ ഈർഷ്യയോടെ നോക്കിക്കാണുന്ന എല്ലാവരും, ഇത്തരത്തിലുള്ള ഗൂഡാലോചനാ സിദ്ധാന്തങ്ങൾക്ക് കാറ്റുപകർന്നിട്ടുള്ളവരാണ്. അസഹിഷ്ണുക്കളുടെയെല്ലാം കൈകളിൽ പുരണ്ടിട്ടുണ്ട്, ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിൽ ചിന്തിയ ചോര..!