നഗ്‌നവീഡിയോ പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളില്‍, 49-ാം വയസ്സില്‍ അന്തരിച്ച പാക് മുന്‍മന്ത്രി ആമിര്‍ ലിയാഖത്ത് ഹുസൈന്‍ ആരായിരുന്നു? മതപ്രചാരകന്‍, ടെലിവിഷന്‍ സെലബ്രിറ്റി, രാഷ്ട്രീയ നേതാവ്, വിവാദ പ്രാസംഗികന്‍, മുന്‍ മതകാര്യ മന്ത്രി, ടിവി ചാനല്‍ ഉടമ എന്നീ നിലകളില്‍ പാക്കിസ്താനില്‍ പ്രശസ്തനായിരുന്ന ആമിര്‍ ലിയാഖത്ത് ഹുസൈന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ
നിരന്തര വിവാദങ്ങള്‍. പാക് രാഷ്ട്രീയ നേതാവും ടിവി താരവും പാര്‍ലമെന്റ് അംഗവുമായ ആമിര്‍ ലിയാഖത്ത് ഹുസൈന്റെ ജീവിതമാകെ ഉണ്ടായിരുന്നത് വിവാദങ്ങളാണ്. ഒന്നു കഴിയുമ്പോള്‍ മറ്റൊന്നായി വിവാദങ്ങള്‍ വന്നുമൂടിയ ഈ 49-കാരന്റെ മരണവും ഇപ്പോള്‍ വിവാദത്തിലാണ്. കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആമിര്‍ ലിയാഖത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
മരണത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അല്‍പ്പസമയം മുമ്പ് കുടുംബത്തിന് വിട്ടുകൊടുത്തതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മരണത്തില്‍ ദുരൂഹത ഉള്ളതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുടുംബം അതിന് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് രണ്ടു ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇക്കാര്യത്തില്‍ അനുമതി തേടി കോടതിയെ സമീപിച്ചു. പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ലെന്ന് ആദ്യഭാര്യയും ആമിറിന്റെ രണ്ടു കുട്ടികളുടെ മാതാവുമായ ബുഷ്‌റ ഇഖ്ബാല്‍ കോടതിക്കു മുമ്പാകെ പറഞ്ഞു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് നേരിട്ടുപോയി മൃതദേഹം കണ്ടു. അതിനുശേഷം, പ്രാഥമിക പരിശോധനകള്‍ക്കു ശേഷം മൃതദേഹം വിട്ടുനല്‍കാന്‍ അദ്ദേഹം ഉത്തരവിടുകയായിരുന്നു. അതിനു പിന്നാലെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. ഇന്ന് തന്നെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.

നഗ്‌ന വീഡിയോ: അവസാനത്തെ വിവാദം
ഒരാഴ്ച മുമ്പാണ് അവസാനമായി ആമിര്‍ ലിയാഖത്ത് വിവാദത്തില്‍പെട്ടത്. അന്നത് ഒരു വീഡിയോയായിരുന്നു. സ്വന്തം വീട്ടില്‍ ഉടുതുണിയില്ലാതെ നില്‍ക്കുന്ന ആമിറിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. മയക്കുമരുന്ന് ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു അന്ന് അദ്ദേഹം. പാക്കിസ്താനിലെ മതപ്രാസംഗികനും ടെലിവിഷന്‍ മതപരിപാടികളുടെ അവതാരകനുമായിരുന്ന ആമിര്‍ മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്ന് കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ 18-കാരിയായ മൂന്നാം ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ആമിര്‍ അന്നത് നിഷേധിച്ചു. പക്ഷേ, അതു കഴിഞ്ഞ് ഒരു മാസത്തിനു ശേഷം പുറത്തുവന്ന വീഡിയോ ആ ആരോപണം ശരിയാണെന്ന് തെളിയിച്ചു.
അതുണ്ടാക്കിയ വിവാദം വലിയ ക്ഷീണമാണ്, ഈ രാഷ്ട്രീയ നേതാവിന് സൃഷ്ടിച്ചത്. വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആടിയുലയുകയായിരുന്ന ആമിറിന് ഈ സംഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ വിശദീകരിക്കുന്നത്. മരണത്തിലേക്ക് നയിച്ചത് ഈ മാനസിക സമ്മര്‍ദ്ദം ആയിരിക്കുമെന്നും അവര്‍ സൂചന നല്‍കുന്നുണ്ട്.

രണ്ടാം ഭാര്യയും പ്രശസ്ത നടിയുമായ തൂബ ആമിര്‍
അപ്രതീക്ഷിതമായെത്തിയ മരണം
അവസാനമായി വിവാഹം ചെയ്ത യുവതിയായ ഭാര്യ വിട്ടുപോയതോടെ കൊട്ടാരം പോലുള്ള വീട്ടില്‍ വേലക്കാര്‍ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നതായി രാവിലെ മുതല്‍ ആമിര്‍ പറഞ്ഞതായി ജോലിക്കാര്‍ പൊലീസിനോട് പറഞ്ഞു. രാത്രി ഒന്നു പുറത്തുവന്ന് കുറച്ചുസമയം നിന്നശേഷം അകത്തേക്ക് പോവുകയായിരുന്നു ഇയാള്‍. പിന്നീട് അനക്കമൊന്നും കാണാത്തതിനാല്‍ വേലക്കാര്‍ വാതില്‍ ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് കൈകാലുകള്‍ മരവിച്ച നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ആമിറിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
49-കാരനായ ആമിര്‍ ലിയാഖത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് 18-കാരി സയ്യിദ ദാനിയ ഷായെ വിവാഹം ചെയ്തത്. രണ്ടാം ഭാര്യയും പ്രശസ്ത നടിയുമായ തൂബ ആമിര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് 24 മണിക്കൂറുകള്‍ക്കകമായിരുന്നു ഈ 18 -കാരിയെ വിവാഹം ചെയ്തതായി ആമിര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. അതു കഴിഞ്ഞ് നാലാം മാസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷാനിയ വിവാഹമോചന കാര്യം അറിയിക്കുന്നതുും തൊട്ടുപിന്നാലെ വിവാഹ മോചനം തേടി കോടതിയെ സമീപിക്കുന്നതും.

മൂന്നാം ഭാര്യ സയ്യിദ ദാനിയ ഷായ്‌ക്കൊപ്പം
മതപ്രചാരകന്‍, പക്ഷേ തട്ടിപ്പുകേസുകളും വിവാദവും
മതവുമായി ബന്ധപ്പെട്ട നിരവധി ടിവി പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ആമിര്‍ ലിയാഖത്ത് മുന്‍ മതകാര്യ മന്ത്രിയായിരുന്നു. രണ്ടു തവണ പാക്കിസ്താന്‍ പാര്‍ലമെന്റ് അംഗമായിട്ടുമുണ്ട്. മതകാര്യങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയ ലിയാഖത്ത് പാക്കിസ്താനിലെ ചാനല്‍ ബിസിനസ് രംഗത്തെയും പ്രമുഖനാണ്.
പേരും പെരുമയും സൃഷ്ടിക്കാന്‍ എംബിബിഎസ് സര്‍ടിഫിക്കറ്റും വിദേശ ബിരുദ സര്‍ടിഫിക്കറ്റുകളും വ്യാജമായി ഉണ്ടാക്കിയെന്ന് നേരത്തെ ആമിറിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. നിരന്തര വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആമിര്‍ മന്ത്രിയായിരിക്കെ പാര്‍ട്ടി രാജി ആവശ്യപ്പെടുകയായിരുന്നു. എം ക്യു എം നേതാവായിരുന്ന ഇയാള്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ചേരുകയും വീണ്ടും പാര്‍ലമെന്റ് അംഗമാവുകയും ചെയ്തു.
സ്വന്തമായി മാധ്യമ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും പടുത്തുയര്‍ത്തിയ ഇയാള്‍ വായില്‍തോന്നിയതെന്തും പരസ്യമായി വിളിച്ചുപറഞ്ഞ് നിരവധി തവണയാണ് വിവാദക്കുടുക്കിലായിട്ടുള്ളത്.അന്യമത വിദ്വേഷം പച്ചയ്ക്കു പറഞ്ഞ് പലതവണ പുലിവാല്‍ പിടിച്ച ഇയാളെ ചാനല്‍പരിപാടികളില്‍ പങ്കെടുക്കുന്നത് ലാഹോര്‍ ഹൈകോടതി വിലക്കിയിരുന്നു. എല്ലാ റമദാന്‍ മാസവും ടിവിയില്‍ പോപ്പുലര്‍ മതപരിപാടികള്‍ അവതരിപ്പിച്ചിരുന്ന ആമിറിനെ ഇത്തവണ ഒരു ചാനലും പരിപാടിക്ക് ക്ഷണിച്ചതുമില്ല. എല്ലാം കൊണ്ടും ക്ഷീണത്തിലായിരുന്ന ആമിറിന് ഇരുട്ടടിയായാണ് നഗ്‌ന വീഡിയോ വിവാദം പുറത്തുവന്നത്.
മൂന്ന് വിവാഹങ്ങള്‍, അവസാനത്തേത് 18-കാരി
വ്യക്തിജീവിതത്തിലും ഏറെ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ഇയാള്‍ക്ക് ആദ്യഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്. പ്രമുഖനടിയായ തൂബ ആമിറുമായുള്ള രണ്ടാം വിവാഹവും വിവാദത്തിലായിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാം ഭാര്യ ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.
അതു കഴിഞ്ഞ് 24 മണിക്കൂറിനകമാണ്, പ്രമുഖ കുടുംബാംഗമായ 18-കാരിയെ താന്‍ വിവാഹം കഴിക്കുന്നതായി ആമിര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. അതു കഴിഞ്ഞ് നാലു മാസങ്ങള്‍. അതിനിടെയാണ്, മൂന്നാം ഭാര്യ ഇയാള്‍ക്കെതിരെ രംഗത്തുവന്നത്. താന്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതായി അവര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അറിയിച്ചു. നിരവധി ആരോപണങ്ങളാണ് ദാനിയ ആമിര്‍ ഇയാള്‍ക്കെതിരെ ഉയര്‍ത്തിയത്.
നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപണം
നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് തന്നെ പ്രേരിപ്പിച്ചതായി അവര്‍ ദുനിയാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ആരോപിച്ചു. നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിനെ തുടര്‍ന്ന് നാലു ദിവസം പട്ടിണിക്കിടുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വിദേശത്തുള്ള ചില നിക്ഷേപകര്‍ക്ക് അയക്കാനായിരുന്നു നീലച്ചിത്രമെന്ന് അവര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് തന്നെ കാഴ്ചവെയ്ക്കാനും ഇയാള്‍ ശ്രമിച്ചു. അതിക്രൂരനായ പിശാചാണ് ഇയാളെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞതായി ഡോണ്‍ ഇമേജസ് റിപ്പോര്‍ട്ട് ചെയ്തു.
മതകാര്യ മന്ത്രിയും മതപരിപാടികളുടെ പ്രശസ്തനായ അവതാരകനുമായ ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മൂന്നാം ഭാര്യ പറഞ്ഞു. ലൈംഗിക മനോരോഗിയായ ഇയാള്‍ക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും അവര്‍ ആരോപിച്ചു. എതിര്‍ത്താല്‍ കഴുത്തുഞെരിച്ച് കൊന്നുകളയുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. സമൂഹത്തിനു മുന്നില്‍ മാന്യനായി നില്‍ക്കുന്ന ഇയാളുടെ തനിനിറം പുറത്തുകാട്ടുന്ന രേഖകള്‍ കോടതിക്കുമുമ്പാകെ സമര്‍പ്പിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആമിര്‍ ലിയാഖത്ത് പറഞ്ഞു. താനൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല. അല്ലെന്ന് തെളിയിക്കാന്‍ ഭാര്യയെ ഇയാള്‍ വെല്ലുവിളിച്ചു. മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അയാള്‍ പറഞ്ഞു. പുതിയ ഭാര്യയോടൊപ്പം കഴിഞ്ഞ നാലു മാസക്കാലം ഭീകരമായിരുന്നുവെന്നും അവര്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്യാറെന്നും ഇയാള്‍ പറഞ്ഞിരുന്നു. പല സമയത്തുള്ള ഭാര്യയുടെ വോയിസ് ക്ലിപ്പുകള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് എതിരെ ഞെട്ടിക്കുന്ന തെളിവുകള്‍ താന്‍ പുറത്തുവിടുമെന്നും പാക് സോഷ്യല്‍ മീഡിയാ താരം കൂടിയായ ആമിര്‍ ലിയാഖത്ത് അന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല.
