അന്ന് അക്കാമ്മയ്ക്ക് വെറും 29 വയസ് മാത്രമായിരുന്നു പ്രായം. അവർ തന്റെ ആത്മകഥയിൽ ഇതേക്കുറിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു, 'ഏൽപ്പിക്കപ്പെട്ട ജോലിയുടെ ഗൗരവത്തെ കുറിച്ച് എനിക്കറിയാമായിരുന്നു. അനന്തരഫലങ്ങളെ കുറിച്ചും എനിക്ക് അറിയാമായിരുന്നു. പക്ഷേ, എന്നിട്ടും ഞാൻ അത് ഏറ്റെടുത്തു.'
'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാൻ (Accamma Cherian: The Jhansi Rani Of Travancore). സ്വാതന്ത്ര്യസമരചരിത്രത്തിൽ കേരളത്തിൽ നിന്നും ധീരയായി പോരാടിയായ സ്ത്രീ. എങ്ങനെയാണവർ ചരിത്രത്തിന്റെ ഭാഗമായത്?
ബാല്യം, വിദ്യാഭ്യാസം
തൊമ്മൻ ചെറിയാന്റെയും അന്നമ്മ കരിപ്പാപ്പറമ്പിലിന്റെയും രണ്ടാമത്തെ മകളായി തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയിൽ 1909 ഫെബ്രുവരി 14 -നാണ് അക്കാമ്മ ജനിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലും പിന്നീട് ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിഎ ബിരുദം നേടിയ അവർ 1931-ൽ എടക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അദ്ധ്യാപികയായി. പിന്നീട് ഈ സ്‌കൂളിന്റെ പ്രഥമാധ്യാപികയായി ആറു വർഷം സേവനമനുഷ്ഠിച്ചു.
1938 ഫെബ്രുവരിയിൽ രൂപീകൃതമായ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നതോടെയാണ് അക്കാമ്മ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾ അന്ന് ഉത്തരവാദ ഭരണത്തിന് വേണ്ടി സമ്മർദ്ദം ചെലുത്തി. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ എന്നാൽ തുടക്കം മുതൽ തന്നെ പ്രക്ഷോഭം അടിച്ചമർത്താൻ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26 -ന് അയ്യർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിരോധിച്ചു കളഞ്ഞു.
ഇത് കേരളത്തിൽ ആദ്യമായി ഒരു നിസ്സഹകരണ പ്രസ്ഥാനത്തിന് ജന്മം നൽകി. കോൺഗ്രസ് അധ്യക്ഷൻ പട്ടം എ. താണുപിള്ള ഉൾപ്പടെ വിവിധ സംസ്ഥാന കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ചതിനെ തുടർന്നാണ് സമരരീതി മാറ്റാൻ തീരുമാനിച്ചത്. വർക്കിംഗ് കമ്മിറ്റി പിരിച്ചുവിടുമ്പോൾ പിൻഗാമിയെ തെരഞ്ഞെടുക്കാൻ പ്രസിഡന്റിന് സ്വതന്ത്ര അധികാരം നൽകി. സ്റ്റേറ്റ് കോൺഗ്രസിന്റെ പതിനൊന്ന് പ്രസിഡന്റുമാർ ഒന്നൊന്നായി അറസ്റ്റിലാവുകയും പ്രസ്ഥാനം ചീട്ടുകൊട്ടാരം പോലെ വീഴുകയും ചെയ്തു. അറസ്റ്റിന് മുമ്പ് പതിനൊന്നാമത് പ്രസിഡന്റായിരുന്ന കുട്ടനാട് രാമകൃഷ്ണപിള്ള തന്റെ പിൻഗാമിയായി അക്കാമ്മ ചെറിയാനെ നാമനിർദേശം ചെയ്തു. ഒരു സ്‌ട്രൈക്കേഴ്‌സ് യൂണിയൻ രൂപീകരിച്ചു, ധീരയായ അക്കാമ്മയിൽ കോൺഗ്രസ് അവരുടെ പുതിയ നേതാവിനെ കണ്ടെത്തി.
അന്ന് അക്കാമ്മയ്ക്ക് വെറും 29 വയസ് മാത്രമായിരുന്നു പ്രായം. അവർ തന്റെ ആത്മകഥയിൽ ഇതേക്കുറിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു, 'ഏൽപ്പിക്കപ്പെട്ട ജോലിയുടെ ഗൗരവത്തെ കുറിച്ച് എനിക്കറിയാമായിരുന്നു. അനന്തരഫലങ്ങളെ കുറിച്ചും എനിക്ക് അറിയാമായിരുന്നു. പക്ഷേ, എന്നിട്ടും ഞാൻ അത് ഏറ്റെടുത്തു.'
വടക്കൻ പറവൂർ മുതൽ കന്യാകുമാരി വരെ തിരുവിതാംകൂറിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള യുവാക്കളെ അണിനിരത്താൻ കോൺഗ്രസ് പാർട്ടി ശ്രമിച്ചു. മഹാരാജാവിന്റെ ജന്മദിനാഘോഷം അലങ്കോലപ്പെടുത്താൻ ഒക്‌ടോബർ 23 ഞായറാഴ്ച തിരുവനന്തപുരത്ത് തമ്പാനൂരിൽ ഒത്തുകൂടാൻ സമരക്കാരുടെ യൂണിയൻ നിർദ്ദേശം നൽകി. നേരം പുലർന്നപ്പോൾ മുതൽ, വെള്ള ഖദറും ഗാന്ധിത്തൊപ്പിയും ധരിച്ച ആളുകളെ കൊണ്ട് തെരുവുകൾ നിറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’, ‘മഹാത്മാ ഗാന്ധി കീ ജയ്’, ‘സ്റ്റേറ്റ് കോൺഗ്രസ് കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം നിറഞ്ഞു. താമസിയാതെ, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ മൈതാനം മഹാരാജാവിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ മഹാസമുദ്രമായി മാറി. അക്കാമ്മ ചെറിയാൻ എന്ന വനിത നയിച്ച ധീരതയേറിയ സമരം.
ജനങ്ങളുടെ മെമ്മോറാണ്ടം രാജാവിന് സമർപ്പിക്കാൻ അവർ ജനങ്ങളോടൊപ്പം രാജകൊട്ടാരത്തിലേക്ക് പോയി. പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടും പ്രതിഷേധം തുടർന്നു. തടവുകാരെ മോചിപ്പിക്കാനും സംസ്ഥാന കോൺഗ്രസിന്റെ ദീർഘകാല വിലക്ക് നീക്കാനും സർക്കാർ സമ്മതിക്കുന്നതുവരെ ആ പോരാട്ടം തുടർന്നു. അങ്ങനെ സ്വാതന്ത്ര്യത്തിനുമുമ്പ് തിരുവിതാംകൂറിൽ അരങ്ങേറിയ ഏറ്റവും നിർണായകമായ ജനകീയ സമരങ്ങളിലൊന്ന് അവസാനിച്ചു.
ദേശസേവിക സംഘവും സ്ത്രീകളുടെ പ്രാതിനിധ്യവും
1938 ഒക്ടോബറിൽ സംസ്ഥാന കോൺഗ്രസ് പ്രവർത്തക സമിതി, ദേശസേവിക സംഘം (സ്ത്രീ വളണ്ടിയർ കോർപ്സ്) സംഘടിപ്പിക്കാൻ അക്കാമ്മ ചെറിയാനെ ചുമതലപ്പെടുത്തി. അവർ കോൺഗ്രസിന്റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ വിശ്രമമില്ലാതെ യാത്ര ചെയ്യുകയും ദേശസേവിക സംഘത്തിലെ അംഗങ്ങളായി ചേരാൻ സ്ത്രീകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അക്കാമ്മയുടെ അശ്രാന്ത പരിശ്രമം സംസ്ഥാന കോൺഗ്രസിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ വളണ്ടിയർമാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം തന്നെയുണ്ടാക്കി.
സ്റ്റേറ്റ് കോൺഗ്രസിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതിന് 1939 ഡിസംബർ 24 -ന് സഹോദരി റോസമ്മ പുന്നൂസിനോടൊപ്പം അക്കാമ്മയും അറസ്റ്റിലായി. ഒരുവർഷം അവർ തടവിൽ കഴിഞ്ഞു, അവിടെ അവർ ഉപദ്രവിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തു.
ജയിൽമോചിതയായ ശേഷം അവർ സ്റ്റേറ്റ് കോൺഗ്രസിന്റെ മുഴുവൻ സമയ പ്രവർത്തകയായി മാറുകയും അതിന്റെ പ്രസിഡന്റായി മാറുകയും ചെയ്തു. 1942 ഓഗസ്റ്റ് 8-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ അവർ സ്വാഗതം ചെയ്തു. നിരോധന ഉത്തരവുകൾ ലംഘിച്ചതിനും സി.പി. രാമസ്വാമി അയ്യർക്കെതിരായ പ്രക്ഷോഭത്തിനും അതിനുശേഷം നിരവധി അറസ്റ്റുകൾ അവർ നേരിട്ടു.
പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 -ൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലേക്ക് എതിരില്ലാതെ അക്കാമ്മ തെഞ്ഞെടുക്കപ്പെട്ടു. 1951-ൽ സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂർ കൊച്ചി നിയമസഭാംഗവുമായ വി.വി. വർക്കി മണ്ണംപ്ലാക്കലിനെ വിവാഹം ചെയ്തു.
1950 -കളുടെ തുടക്കത്തിൽ അവർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച് മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. 1950 -കളുടെ തുടക്കത്തിൽ പാർട്ടിയുടെ മാറുന്ന പ്രത്യയശാസ്ത്രങ്ങൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ രാഷ്ട്രീയം ഉപേക്ഷിച്ചു. എന്നാൽ, 1967 -ൽ അവർ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. പിന്നെ, ഒരു തെരഞ്ഞെടുപ്പിലും അവർ മത്സരിച്ചില്ല. പിന്നീട്, ഫ്രീഡം ഫൈറ്റേഴ്സ് പെൻഷൻ അഡ്വൈസറി ബോർഡിൽ (Freedom Fighters’ Pension Advisory Board) സേവനമനുഷ്ഠിച്ചു.
അക്കാമ്മയുടെ ആത്മകഥയായ 'ജീവിതം: ഒരു സമരം' എന്ന പുസ്തകത്തിൽ, സ്ട്രൈക്കേഴ്‌സ് യൂണിയൻ സമരത്തിന് നേതൃത്വം നൽകാൻ, ഒരിക്കൽ തന്നിൽ വിശ്വാസമർപ്പിച്ച പാർട്ടി, സ്വാതന്ത്ര്യ സമരത്തിലെ തന്റെ പങ്ക് അംഗീകരിക്കാൻ വിസമ്മതിച്ചതിനെ കുറിച്ച് അവർ പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രയായ ഉടൻ തന്നെ, അവരെപ്പോലെ അർപ്പണബോധമുള്ളതും ധീരരുമായ സ്ത്രീകളെ പാർട്ടിയിലെ പ്രധാന റോളുകളിലേക്ക് പരിഗണിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് അവഗണിക്കുകയായിരുന്നു എന്നും അവർ പറയുന്നു.
1982 മെയ് അഞ്ചിനാണ് അക്കാമ്മ ചെറിയാൻ മരിക്കുന്നത്.
