സുപ്രസിദ്ധ ചരിത്രാധ്യാപികയും എഴുത്തുകാരിയുമായ റോമിലാ ഥാപ്പർ 1991  മുതൽ ദില്ലി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ 'പ്രൊഫസർ എമിറെറ്റസ്' ആണ്. അതിനുമുമ്പ്, അതായത് 1970 മുതൽ 1991  വരെയുള്ള രണ്ടുപതിറ്റാണ്ടിലധികം കാലം, അവർ അവിടെ പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചിരുന്നു. ബെട്രാൻഡ് റസ്സലിനെപ്പോലുള്ളവർക്കൊപ്പം പഠനങ്ങൾ നടത്തിയും, വേദികൾ പങ്കിട്ടും, ഒന്നിച്ചു സംവാദങ്ങൾ നടത്തിയുമൊക്കെ ഇന്ത്യൻ ചരിത്ര ഗവേഷണ നഭോമണ്ഡലത്തിൽ തിളങ്ങിനിന്ന ഒരു വ്യക്‌തിത്വമായിരുന്നു റോമില ഇത്രയും കാലമായി ആർക്കും തന്നെ അവരുടെ കഴിവിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ ഥാപ്പറുടെ ഔദ്യോഗിക സേവനകാലത്തെ ഒരു ബയോഡാറ്റ ലഭ്യവുമാണ്. 'പ്രൊഫസർ എമിറെറ്റസ്' എന്നത് ഏതൊരു സർവകലാശാലയും തങ്ങളുടെ പഠനകേന്ദ്രങ്ങളിൽ അസാമാന്യമായ സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് വെച്ചുനീട്ടുന്ന ഒരു 'ഓണററി' പദവിയാണ്. അത് സാധാരണ അവർക്ക് തങ്ങളുടെ സേവനം ലഭ്യമാക്കാനുള്ള ആരോഗ്യവും താത്പര്യവുമുള്ളിടത്തോളം കാലം തുടരുകയാണ് പതിവ്. ജെഎൻയു റെജിസ്ട്രാറായ പ്രമോദ് കുമാറാണ് ജൂലൈ മാസത്തിൽ സിവി ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിൽ റോമിലാ ഥാപ്പറിന് അയക്കുന്നത്. ആ സിവി പരിശോധിച്ചുമാത്രമേ റോമിലയ്ക്ക് അവിടെ തുടരാനുള്ള യോഗ്യതയുണ്ടോ എന്ന് നിർണ്ണയിക്കാനാകൂ എന്നാണ് അന്ന് പറഞ്ഞത്. 

വിഷയത്തിൽ ആദ്യം പ്രതികരിച്ചത് സുപ്രസിദ്ധ ചരിത്രകാരനായ പ്രഭാത് പട്‌നായിക്  ആയിരുന്നു. അദ്ദേഹം പറഞ്ഞത് 'പ്രൊഫസർ എമിറെറ്റസ് എന്ന പദവിയ്ക്ക് പുനർയോഗ്യതാനിർണയം നടത്തുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല ' എന്നായിരുന്നു. " എന്താണ് കമ്മിറ്റി പരിശോധിക്കാൻ പോകുന്നത് എന്നെനിക്ക് നിശ്ചയമില്ല.  പ്രൊഫസർ എമിറെറ്റസ്  ആയ ശേഷം റോമില എഴുതിയ പുസ്തകങ്ങൾക്ക് അവർ മാർക്കിടുമോ..? ഉദാ. പുരാതന ഇന്ത്യയുടെ ഹിസ്റ്റോറിയോഗ്രാഫിയെപ്പറ്റിയുള്ള ആധികാരിക പഠനഗ്രന്ഥമായ  ' ദ പാസ്റ്റ് ബീഫോർ അസ്'.  അതോ 2008-ൽ ചരിത്രഗവേഷകർക്കിടയിലെ നോബൽ പുരസ്‌കാരത്തിന് സമമായ ക്ലൂജ് പുരസ്‌കാരം അവർക്ക് എങ്ങനെ കിട്ടി എന്ന് പരിശോധിക്കുമോ ? അതോ റോമിലയുടെ മറ്റു പുസ്തകങ്ങൾ വായിച്ചു പഠിക്കുമോ അവർ, അതോ ബാക്കി പുരസ്കാരങ്ങളും വിലയിരുത്തുമോ ? " പട്‌നായിക്  ചോദിച്ചു. 

സർവകലാശാലയിലെ എൻഎസ്‌യുഐ പ്രതിനിധിയായ എൻ സായി ബാലാജിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയുണ്ടായി. " രജിസ്ട്രാറുടെ നടപടി വളരെ ദൗർഭാഗ്യകരമായിപ്പോയി.  സർവകലാശാലയുടെ വൈസ് ചാൻസലർക്ക് അല്പമെങ്കിലും സ്വബോധമുണ്ടെങ്കിൽ അദ്ദേഹം ഉടനടി റോമിലാ ഥാപ്പറിനോട് മാപ്പുപറയുകയാണ് വേണ്ടത് " എന്ന് അദ്ദേഹം പ്രതികരിച്ചു. കാമ്പസിലെ മറ്റൊരു പ്രധാന വിദ്യാർത്ഥി സംഘടനയായ എബിവിപി ഈ വിഷയത്തിൽ പ്രതികരണം നടത്തുകയുണ്ടായില്ല. 

എന്നാൽ ജെഎൻയു പ്രതിനിധികൾ രജിസ്ട്രാറുടെ നടപടി കേവലം ഒരു നടപടിക്രമം മാത്രമാണെന്ന് സൂചിപ്പിച്ചു. എഴുപത്തഞ്ചുവയസ്സിനു മുകളിലുള്ള എല്ലാ പ്രൊഫസർമാരുടെയും കാര്യത്തിൽ ഒരേ നടപടിയാണ് എടുത്തിട്ടുള്ളതെന്നും അല്ലാതെ റോമിലാ ഥാപ്പറോട് മാത്രമായി ഒരു വിവേചനവും കാണിച്ചിട്ടില്ല എന്നും, ഇത്തരത്തിലുള്ള നടപടിക്രമങ്ങൾ എംഐടി, പ്രിൻസ്ടൺ പോലെയുള്ള വിശ്വപ്രസിദ്ധ സർവകലാശാലകളിൽ പോലും പതിവുള്ളതാണെന്നും ജെഎൻയു വക്താക്കൾ പത്രക്കുറിപ്പിൽ പറഞ്ഞു. 


റോമിലാ ഥാപ്പറിനെപ്പോലുള്ള വയോധികരായ പണ്ഡിതരെ ഇകഴ്ത്തിക്കാട്ടാനുള്ള മനഃപൂർവമായ ശ്രമം എന്നാണ് ജെഎൻയുവിലെ അക്കാദമിക ലോകം പൊതുവെ ഈ പുതിയ നടപടിയെ കാണുന്നത്. ജെഎൻയുവിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്ന മാറ്റങ്ങളോട് നിരന്തരം പ്രതികരിച്ചിട്ടുള്ള, വലതുപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചിട്ടുള്ള റോമില അവരുടെ കണ്ണിലെ കരടാവുക സ്വാഭാവികം മാത്രമാണെന്നും അവർ പറയുന്നു. വലതു പക്ഷം പലപ്പോഴും റോമിലയെയും അവർ പ്രതിനിധീകരിക്കുന്ന ബുദ്ധിജീവി ഗവേഷക വൃന്ദത്തെയും മാർക്സിസ്റ്റെന്നും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവർ എന്നുമാണ് വലതുപക്ഷം എന്നും വിമർശിച്ചിട്ടുള്ളത്. 

റോമിലയെ വലതുപക്ഷത്തിന്റെ അപ്രിയയാക്കിയത് അവരുടെ പഠനഗ്രന്ഥങ്ങളിലെ നിരീക്ഷണങ്ങൾ തന്നെയാണ്. ജനപ്രിയ വലത് ആഖ്യാനമായ 'ആര്യന്മാർ ആദി ഭാരതീയരാണ്' എന്ന സങ്കൽപം അവർ പൊളിച്ചടുക്കുകയുണ്ടായി. ആര്യന്മാർ  വേദ കാലഘട്ടത്തിലെ ഹിന്ദുക്കളാണ് എന്ന സംഘപരിവാർ പ്രചാരണവും അവർ തെറ്റെന്നു തന്റെ പുസ്തകങ്ങളിലൂടെ വാദിച്ചിരുന്നു. അതുപോലെ പൗരാണിക കാലഘട്ടത്തിൽ ഭാരതത്തിൽ പശുമാംസഭോജനം പതിവായിരുന്നു എന്ന് സൂചിപ്പിക്കുന്ന റോമിലയുടെ ചരിത്ര പാഠപുസ്തകത്തിലെ പരാമർശങ്ങൾ 2004-ൽ CBSE / NCERT  തുടങ്ങിയവ അവരുടെ സമ്മതം കൂടാതെ നീക്കംചെയ്തതും  വിവാദമാവുകയുണ്ടായി. മഹാരാഷ്ട്രാ സർക്കാർ ഭീമാ കൊറേഗാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തുറുങ്കിലടച്ച ചില ചിന്തകരുടെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച കൂട്ടത്തിൽ റോമിലാ ഥാപ്പറുമുണ്ടായിരുന്നു. നരേന്ദ്ര മോദി സർക്കാർ ചരിത്രത്തെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുന്നതിനെതിരെ റോമില ന്യൂയോർക്ക് ടൈംസിലും നിരന്തരം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതൊക്കെ റോമിലയെ വലതുപക്ഷത്തിന്റെ ശത്രുക്കളിൽ ഒരാളാക്കിയിരുന്നു. 

റോമിലയോടുള്ള ജെഎൻയു ഭരണസമിതിയുടെ നിലപാടിനെ മലയാളി കവി സച്ചിദാനന്ദനും തീവ്രമായി വിമർശിച്ചിരുന്നു. ഫേസ്ബുക്കില്‍ ബെർട്രാൻഡ് റസ്സലിനൊപ്പമുള്ള റൊമീല ഥാപ്പറിന്‍റെ പഴയകാലചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇതില്‍ കൂടുതല്‍ എന്ത് സിവിയാണ് ജെഎന്‍യുവിന് വേണ്ടതെന്ന ചോദ്യമായിരുന്നു സച്ചിദാനന്ദന്‍ ഉന്നയിച്ചത്. 

താൻ സിവി പുനസമർപ്പിക്കുന്ന പ്രശ്നമേയില്ലെന്നു വ്യക്തമാക്കി  വ്യക്തമാക്കി റോമില ഥാപ്പര്‍ നേരിട്ട്  രംഗത്തെത്തിയിരുന്നു. 'ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആജീവനാന്തകാലത്തേയ്ക്ക് ആ സ്ഥാനത്ത് തുടരാവുന്നതാണ്'. സിവി ആവശ്യപ്പെട്ടത് ജെഎന്‍യുവിന്‍റെ അടിസ്ഥാനപരമായ നിയമങ്ങളില്‍ നിന്നുളള വ്യതിചലനമാണെന്നുമായിരുന്നു അവരുടെ പ്രതികരണം. റോമിലാ ഥാപ്പറിനൊപ്പം മലയാളിയും പ്രശസ്ത സോഷ്യോളജിസ്റ്റുമായ പ്രൊഫ. ടികെ ഉമ്മൻ അടക്കമുള്ള പല പ്രഗത്ഭരും ഇതേ വിഷയത്തിൽ ജെഎൻയുവിനോട് ഇടഞ്ഞു നിൽക്കുകയാണിപ്പോൾ. തനിക്ക് സാമൂഹിക ശാസ്ത്രത്തിൽ പത്മഭൂഷൺ നൽകിയതാണെന്ന് ഓ‍ർക്കണമായിരുന്നു. 75 കഴിഞ്ഞവരോടാണ് വിശദീകരണം ചോദിച്ചതെങ്കിൽ തനിക്ക് 2012-ൽ 75 കഴിഞ്ഞു. ഇടതുപക്ഷനിലപാടുള്ളവരോട് മാത്രമല്ല സാക്ഷ്യപത്രം ചോദിച്ചത് എന്നതിനാൽ ഇത് രാഷ്ട്രീയപ്രേരിതമെന്ന് കരുതുന്നില്ലെന്നും ടികെ ഉമ്മൻ വ്യക്തമാക്കി. 

എന്തായാലും, സർവ്വകലാശാല നീക്കത്തെ ചോദ്യം ചെയ്ത്  റൊമില ഥാപ്പർ വൈസ് ചാൻസലർക്ക് കത്തു നൽകിയിട്ടുണ്ട്.  വിവാദങ്ങൾക്കു ശേഷവും  സിവി ആവശ്യപ്പെട്ട  നടപടി പിൻവലിക്കാൻ ജെഎൻയു ഭ​രണസമിതി തയ്യാറായിട്ടില്ല