ജനുവരി 26 -ന് രാത്രി ബിജെപി വക്താവായ സംബിത് പാത്ര ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. അതിൽ ഒരു പെൺകുട്ടിയുടെ പ്രസംഗം കേൾക്കാം. വീഡിയോയ്ക്ക് ആമുഖമെന്നോണം പാത്ര എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, "ഷർജീൽ ഇമാമിന് ശേഷം നിങ്ങൾ കേൾക്കേണ്ടത് ഈ പെൺകുട്ടിയുടെ പ്രസംഗമാണ്. " ഞങ്ങൾക്ക് ആരെയും വിശ്വാസമില്ല " " സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ല " "അഫ്സൽ ഗുരു നിരപരാധിയായിരുന്നു" " രാമജന്മഭൂമിയിൽ ഉയരേണ്ടത് പള്ളിയായിരുന്നു". ഇതുപോലുള്ള വിഷവിത്തുകൾ, അതും ഏക്കറുകണക്കിന് ഒന്നിച്ച്, ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്നതല്ല, ആണോ ..?" 

 

സംബിത് പാത്ര പങ്കുവെച്ചിരിക്കുന്ന വീഡിയോയിലെ പെൺകുട്ടിയുടെ പേര് ആഫ്രീൻ ഫാത്തിമ എന്നാണ്. 2019 -ലെ ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ, സർവകലാശാലക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ലാങ്ഗ്വേജ്‌ ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് ആഫ്രീൻ ആയിരുന്നു. 'ബിർസ-അംബേദ്‌കർ-ഫുലെ സ്റ്റുഡന്റസ് അസോസിയേഷൻ' (BAPSA), ഫ്രറ്റേർണിറ്റി എന്നിവയുടെ പിന്തുണയോടെയാണ് ആഫ്രീൻ മത്സരിച്ച് കൗൺസിലറായത്. 

ആരാണ് ആഫ്രീൻ ഫാത്തിമ ?

അലഹബാദുകാരിയാണ് ആഫ്രീൻ ഫാത്തിമ. മാസ്റ്റേഴ്സിനായി ജെഎൻയുവിൽ ചേരും മുമ്പ് 2018 -ൽ  അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായിരുന്നു ആഫ്രീൻ. 2019 -ലാണ് ജെഎൻയുവിൽ പ്രവേശനം നേടുന്നത്. ഈ വീഡിയോയിൽ ആഫ്രീൻ പറയുന്നത് ഇങ്ങനെയാണ്, "ഇന്ന് നമ്മൾ സമരത്തിനിറങ്ങിയിരിക്കുന്നത്, CAA-NRC എന്നിവയെ എതിർക്കാൻ വേണ്ടിയാണ്. എന്നാൽ, അതിനെതിരായി മാത്രമല്ല ഈ സമരം. CAA-NRC വന്ന ശേഷം നമ്മുടെ വിശ്വാസം പലതിൽ നിന്നും നഷ്ടമായിത്തുടങ്ങി. ഒന്നിലും വിശ്വാസമില്ലാത്ത അവസ്ഥയാണിപ്പോൾ. കേന്ദ്ര സർക്കാരിനെ, സുപ്രീം കോടതിയെ അങ്ങനെ പലതിനെയും. ഇതേ സുപ്രീം കോടതിയാണ് പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. ഇന്ന് അതേ സുപ്രീം കോടതിക്ക് മനസ്സിലായിരിക്കുകയാണ് പാർലമെന്റ് ആക്രമണത്തിൽ അഫ്സൽ ഗുരുവിന് യാതൊരു പങ്കും ഇല്ലായിരുന്നു എന്ന്. ബാബരി മസ്ജിദിന്റെ ചുവട്ടിൽ വേറൊന്നും ഇല്ല, പൂട്ട് തകർത്ത, പള്ളി പൊളിച്ച നടപടികൾ തെറ്റായിരുന്നു എന്നുപറഞ്ഞ സുപ്രീം കോടതി തന്നെയാണ് പറയുന്നത് അവിടെ അമ്പലം പണിയണം എന്ന്. എനിക്ക് ഈ സുപ്രീം കോടതിയിൽ ഇന്ന് യാതൊരു പ്രതീക്ഷയുമില്ല..." 

ഈ വീഡിയോ സംവിദ് പാത്ര പങ്കുവെക്കുക വഴി വൈറലായപ്പോൾ, സാമൂഹ്യമാധ്യമങ്ങളുടെ ശ്രദ്ധ ആഫ്രീനിലേക്കും തിരിഞ്ഞു. അതോടെ അവരുടെ പല പഴയ ട്വീറ്റുകളും ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെട്ടിരിക്കുകയാണ്.