AIMIM നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ഒരു പൗരത്വ പ്രതിഷേധ പരിപാടിയിൽ മൈക്ക് കയ്യിലെടുത്ത് അമൂല്യ ലിയോണ നൊറോണ എന്ന പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനി 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് മൂന്നുവട്ടം ഉറക്കെ വിളിച്ചു പറഞ്ഞു. സദസ്സ് ഇളകി മറിഞ്ഞു. സ്റ്റേജിലൂടെ നടന്നുവന്ന ഒവൈസി, അതുകേട്ട് മുഖത്ത് സ്പഷ്ടമായ ഭയത്തോടെ അവളുടെ അടുത്തെത്തി, "അങ്ങനെ പറയാൻ പാടില്ല" എന്നുപറഞ്ഞുകൊണ്ട് അവളെ തടയാൻ ശ്രമിച്ചു. എന്നാൽ, അതിനു തൊട്ടുപിന്നാലെ അമൂല്യ 'ഹിന്ദുസ്ഥാൻ സിന്ദാബാദ്' എന്ന് മൂന്നുവട്ടം വിളിച്ചു. ആ മുദ്രാവാക്യത്തെ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. അപ്പോഴേക്കും സംഘാടകർ അമൂല്യയുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ, സദസ്സിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ അമൂല്യ ഒരു വരികൂടി പറഞ്ഞു, " പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുന്നതും, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നുവിളിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ..." അത് പറഞ്ഞു മുഴുമിക്കാൻ പക്ഷെ അമൂല്യയെ പൊലീസ് അനുവദിച്ചില്ല. അവൾ ബലമായി സ്റ്റേജിൽ നിന്ന് പിടിച്ചിറക്കപ്പെട്ടു. 

അവിടെ നിന്ന് കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ആ വിദ്യാർഥിനി ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ് അമൂല്യ. 124 (A) -രാജ്യദ്രോഹം, 153(A) - ജനങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുക,  153(B) - രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭംഗമുണ്ടാക്കുക, 505 (2) - വിദ്വേഷപ്രചാരണം തുടങ്ങിയ വകുപ്പുകളാണ് അമൂല്യക്കുമേൽ ചുമത്തപ്പെട്ടിരിക്കുന്നത്. 

പാതിയിൽ നിർത്തിയ ആ പ്രസംഗത്തിലൂടെ അമൂല്യ പറയാൻ ആഗ്രഹിച്ചത് എന്താണ് ? 

അതിനുള്ള ഉത്തരം ഒരു പക്ഷെ,  ഫെബ്രുവരി 16 -ന് അമൂല്യ തന്റെ ഫേസ്‌ബുക്ക് വാളിൽ കന്നഡ ഭാഷയിൽ പോസ്റ്റുചെയ്ത ഒരു കുറിപ്പിൽ കണ്ടെത്താനായേക്കും. ആ കുറിപ്പ് ഇങ്ങനെയാണ്. 

 

"ഇന്ത്യ സിന്ദാബാദ്..! 
പാകിസ്ഥാൻ സിന്ദാബാദ്..! 
ബംഗ്ളാദേശ് സിന്ദാബാദ്..! 
ശ്രീലങ്ക സിന്ദാബാദ്..! 
നേപ്പാൾ സിന്ദാബാദ്..! 
അഫ്ഗാനിസ്ഥാൻ  സിന്ദാബാദ്..! 
ചൈന സിന്ദാബാദ്..! 
ഭൂട്ടാൻ സിന്ദാബാദ്..! 

രാജ്യമേതുമാവട്ടെ, എല്ലാറ്റിനും ഇരിക്കട്ടെ എന്റെ വക ഒരു സിന്ദാബാദ്. 

രാജ്യമെന്നാൽ ഭൂമിയാണ് എന്ന് നിങ്ങൾ പഠിപ്പിക്കും. എന്നാൽ, ഞങ്ങൾ കുഞ്ഞുങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് രാജ്യമെന്നാൽ, മണ്ണല്ല അവിടെ ജീവിക്കുന്ന മനുഷ്യരാണ് എന്നാണ്. അവർക്കൊക്കെയും അടിസ്ഥാന സൗകര്യങ്ങളും മൗലികാവകാശങ്ങളും കിട്ടേണ്ടതുണ്ട് എന്നാണ്. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവിടത്തെ ഗവൺമെന്റുകൾ പ്രവർത്തിക്കണം എന്നാണ്. സ്വന്തം നാട്ടിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന ഗവണ്മെന്റുകളൊക്കെയും നീണാൾ വാഴാനുള്ളത് തന്നെയാണ്. 

അതുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തിന് സിന്ദാബാദ് വിളിക്കുമ്പോഴേക്കും നിങ്ങൾ വിരണ്ടുപോവേണ്ടതില്ല. ഞാൻ നിയമം അനുസരിക്കുന്ന ഒരു ഇന്ത്യൻ പൗരനാണ്. ഒരു പൗരനെന്ന നിലയിൽ ഇവിടത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത് എന്റെയും ചുമതലയാണ് ഉത്തരവാദിത്തമാണ്. ഞാൻ അത് ചെയ്യുക തന്നെ ചെയ്യും. ആർഎസ്എസ്സുകാർക്ക് എന്നോട് ചെയ്യാനാവുന്നത് അവരും ചെയ്യട്ടെ, നമുക്ക് നോക്കാം. 

സംഘികൾക്ക് അസൂയയാണ്. എന്നോട് ഈർഷ്യയാണ്. അതുകൊണ്ട് അവർ ഇതിനു ചോടെ കമന്റുകളും തെറിവിളികളും തുടങ്ങിയേക്കും. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു. ബാക്കി നിങ്ങളുടെ ഇഷ്ടം."

അമൂല്യ പറഞ്ഞത് പാതിയിൽ വെച്ച് നിർത്തി എങ്കിലും, അതുവെച്ചുതന്നെ ഒവൈസി ആ പെൺകുട്ടിയുടെ കാര്യത്തിൽ തന്റെ അഭിപ്രായം പുറപ്പെടുവിച്ചു കഴിഞ്ഞു. അമൂല്യയോടോ അവൾ പറയുന്നതിനോടോ തന്റെ പാർട്ടിക്ക് ഒരു അഭിമുഖ്യവുമില്ല എന്നും, ഇത്തരത്തിലുള്ളവരെ സംഘാടകർ ക്ഷണിച്ചു കൊണ്ടുവന്ന് മൈക്കും കയ്യിൽ കൊടുത്ത് സ്റ്റേജിൽ കയറ്റാൻ പാടില്ലായിരുന്നു, ഇങ്ങനെ ഒരു പ്രസംഗം ഉണ്ടാവും എന്നറിഞ്ഞിരുന്നെങ്കിൽ താനിവിടെ വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശത്രുവായ പാകിസ്ഥാന് സിന്ദാബാദ് വിളിക്കാനാണ് ഇന്ത്യയെ അപകടത്തിൽ നിന്ന് രക്ഷിക്കാനാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

അമൂല്യയുടെ വീട് ആക്രമിച്ച അജ്ഞാതർ അച്ഛൻ ഓസ്വാൾഡ് നൊറോണയെക്കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു. വീട് തച്ചുതകർത്തു. മകളെ ഉപേക്ഷിക്കണം എന്നും അവർ അദ്ദേഹത്തോട് പറഞ്ഞു. "അവൾ ചെയ്തത് തെറ്റാണ്,  ജാമ്യമെടുക്കാൻ വേണ്ടി ഞാൻ പണം ചെലവാക്കില്ല, അവിടെ(ജയിലിൽ) കിടന്ന് നരകിക്കട്ടെ. പോലീസ് അവളുടെ കയ്യും കാലും തല്ലിയൊടിച്ചാലും എനിക്കൊന്നുമില്ല." എന്നാണ് അച്ഛൻ നൊറോണ മാധ്യമങ്ങളോട് പറഞ്ഞത്. അമൂല്യയെ അപലപിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി യെദ്ദ്യൂരപ്പയും രംഗത്തെത്തിയിട്ടുണ്ട്. അമൂല്യക്ക് നക്സലുകളുമായി ബന്ധങ്ങളുണ്ടെന്നു സംശയിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 

എന്നാൽ ആക്ടിവിസ്റ്റായ കവിതാ കൃഷ്ണൻ അമൂല്യയെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു. "തോക്കും കയ്യിൽ പിടിച്ചു കൊണ്ട് ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹത്തിന്റെ വകുപ്പ് ചുമത്തപ്പെട്ടിട്ടില്ല. അതേ സമയം അമൂല്യ ലിയോണ നൊറോണ എന്ന പത്തൊമ്പതുകാരി ജേർണലിസം വിദ്യാർത്ഥിനി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പലതിനും സിന്ദാബാദ് വിളിച്ചുകൊണ്ട് പ്രസംഗം തുടങ്ങാൻ തീരുമാനിച്ചതിന്റെ പേരിൽ രാജ്യദ്രോഹത്തിനുള്ള വകുപ്പ് ചുമത്തപ്പെട്ട് റിമാൻഡിലാണ്", എന്ന് കവിത ട്വീറ്റ് ചെയ്തു. 

 

ആരാണ് അമൂല്യ ലിയോണ നൊറോണ?

സുഹൃത്തുക്കൾക്കിടയിൽ അവൾ അറിയപ്പെടുന്നത് തന്റെ തീപ്പൊരി ആക്ടിവിസത്തിന്റെ പേരിലാണ്. കർണാടകയിൽ നടന്നിട്ടുള്ള എല്ലാ പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലികളിലും അമൂല്യ പങ്കെടുത്തിട്ടുണ്ട്. ചിക്കമംഗലൂരു ജില്ലയിലെ കൊപ്പ സ്വദേശിയാണ് അമൂല്യ. ബെംഗളൂരുവിൽ സുഹൃത്തുക്കൾക്കൊപ്പമാണ് അവൾ താമസിക്കുന്നതിപ്പോൾ. NMKRV കോളേജിൽ ഇംഗ്ലീഷ് സാഹിത്യ ബിരുദത്തിനു പഠിക്കുന്ന അമൂല്യ ബാംഗ്ലൂർ റിക്കോർഡിങ് കമ്പനിയിൽ ട്രാൻസ്‌ലേറ്റർ/ഇന്റർപ്രെറ്റർ തസ്തികയിൽ ജോലിചെയ്യുന്നുണ്ട്.

മുമ്പ് പോസ്റ്റ്കാർഡ് ന്യൂസ് എന്ന വെബ് പോർട്ടലിന്റെ എഡിറ്റർ മഹേഷ് വിക്രം ഹെഗ്‌ഡെയെ പിന്തുടർന്നുചെന്ന് മംഗളൂരു എയർപോർട്ടിൽ വെച്ച് വന്ദേമാതരം പാടി അദ്ദേഹം ഇന്ത്യനാണ് എന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിലും അമൂല്യ ലിയോണ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ അമൂല്യ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് കാനന-ദ-കാജന' എന്നാണ്. കന്നടയിൽ ആ വാക്കിന്റെയർത്ഥം 'ആനറാഞ്ചിപ്പക്ഷി' എന്നാണ്.