Asianet News MalayalamAsianet News Malayalam

ഐപിഎസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയ അണ്ണാമലൈ കുപ്പുസ്വാമി എന്ന 'ഉഡുപ്പിസിങ്കം' ആരാണ് ?

2017 -ലുണ്ടായ ബാബാ ബുദൻഗിരി കലാപത്തെ നേരിട്ട സമയത്തെ അണ്ണാമലൈയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.  

who is annamalai kuppuswami IPS who quit civil service to join politics
Author
Udupi, First Published Aug 25, 2020, 4:13 PM IST
  • Facebook
  • Twitter
  • Whatsapp

'സൂപ്പർ കോപ്പ്', 'ഉഡുപ്പി സിങ്കം' എന്നൊക്കെ അറിയപ്പെടുന്ന അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസ് കർണാടകയിൽ ഏറെ ജനപ്രിയനായ ഒരു പോലീസ് ഓഫീസർ ആയിരുന്നു. ഇന്ന്, 2020 ഓഗസ്റ്റ് 25 -ന് ഉച്ചക്കാണ്, ഈ 2011 ബാച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ബിജെപിയിൽ പ്രാഥമികാംഗത്വം എടുത്തുകൊണ്ട്, തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഔപചാരികമായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 

താനൊരു തികഞ്ഞ രാജ്യസ്നേഹി ആണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദയത്തിൽ വെച്ചാരാധിക്കുന്ന വ്യക്തിയാണ് എന്നുമൊക്കെ അവകാശപ്പെടുന്ന അണ്ണാമലൈ പറയുന്നത് രാജ്യത്ത് സ്വജനപക്ഷപാതവും പാദസേവയും ഒന്നുമില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി ആണെന്നാണ്. ഇന്ന് വൈകുന്നേരത്തോടെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധരറാവുവും, തമിഴ്‌നാട് ഘടകം പ്രസിഡൻറ് എൽ മുരുകനും ചേർന്ന് അണ്ണാമലൈയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

 

who is annamalai kuppuswami IPS who quit civil service to join politics

 

കർണാടക പോലീസിൽ എസ്പി ആയിരുന്ന അണ്ണാമലൈ, മെയ് 2019 -ലാണ് സർവീസിൽ നിന്ന് രാജിവെച്ചിറങ്ങുന്നത്. അപ്പോൾ തന്നെ അണ്ണാമലൈ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കും എന്നൊരു അഭ്യൂഹമുണ്ടായിരുന്നു എങ്കിലും ഇന്നാണ് അത് സംബന്ധിച്ച സ്ഥിരീകരണം വരുന്നത്. ഇത്രയും നാൾ സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സാധ്യതകളെപ്പറ്റി താൻ പഠിക്കുകയായിരുന്നു എന്നും, കഴിഞ്ഞ മാസങ്ങളിലെ രാഷ്ട്രീയ അഭ്യസനത്തിൽ നിന്ന് കൈവന്ന ബോധ്യത്തിന്റെ പുറത്താണ് ബിജെപിയെ തെരഞ്ഞെടുത്തത് എന്നുമാണ് അണ്ണാമലൈ പറയുന്നത്. ദ്രാവിഡിയൻ രാഷ്ട്രീയത്തിന് പണ്ടുണ്ടായിരുന്ന മഹത്വം ഇന്ന് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. 

തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ജനിച്ച അണ്ണാമലൈ കോയമ്പത്തൂർ പിഎസ്ജി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും, ഐഐഎം ലഖ്‌‌നൗവിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. 2011 ബാച്ചിൽ ഐപിഎസ് പാസായ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിങ് 2013 -ൽ ഉഡുപ്പി എഎസ്പി ആയിട്ടായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം ആ തീരദേശ നഗരത്തിലെ കുറ്റവാളികൾക്ക് അണ്ണാമലൈ ഒരു പേടിസ്വപ്നമായി മാറിയിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന് 'ഉഡുപ്പി സിങ്കം' എന്ന വിളിപ്പേര് കിട്ടിയത്. 2013 -14 കാലയളവിൽ വർഗീയ കലാപങ്ങൾ ധാരാളമുണ്ടായ ഭട്കൽ ബെൽറ്റിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹം ഖുർആനും ആഴത്തിൽ അഭ്യസിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുന്താപൂരിലെ ഒരു പള്ളിയിലെ മൗലവിയുടെ സഹായത്തോടെ താൻ ഇസ്ലാമിനെ അടുത്തറിഞ്ഞ് പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അണ്ണാമലൈ പറഞ്ഞിട്ടുള്ളത്.  അണ്ണാമലൈ ഐപിഎസിന്റെ നിരവധി വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലും യൂട്യുബിലും ഉണ്ട്. 

 

 

2015 -16ൽ ചിക്കമംഗളുരു എസ്പി ആയി സ്ഥാനക്കയറ്റം കിട്ടുന്നു. അതിനു ശേഷം 2017 -ലുണ്ടായ ബാബാ ബുദൻഗിരി കലാപത്തെ നേരിട്ട സമയത്തെ അണ്ണാമലൈയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.  എട്ടുവർഷത്തോളം വിവിധ പോസ്റ്റുകളിൽ ഇരുന്ന ശേഷമാണ് കഴിഞ്ഞ വർഷം മെയിൽ ഐപിഎസിൽ നിന്ന് രാജിവെക്കാൻ തീരുമാനിക്കുന്നത്. 'വീ ദ ലീഡേഴ്‌സ്' ഫൗണ്ടേഷൻ, 'കോർ ടാലന്റ് ആൻഡ് ലീഡർഷിപ് ഡെവലപ്പ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്നീ സ്ഥാപനങ്ങളുടെയും ഭാഗമാണ്. 2018 -ൽ ബംഗളുരുവിൽ ഡിസിപി ആയിരിക്കെ ആർഎസ്എസ് നേതാവ് സിടി രവിയുമായുണ്ടായ അടുപ്പമാണ് അണ്ണാമലൈയെ സംഘ്പരിവാറിലെക്ക് അടുപ്പിക്കുന്നത്. 

 

 

who is annamalai kuppuswami IPS who quit civil service to join politics

 

2018 ൽ ബെംഗളൂരു സൗത്ത് ഡിസിപി ആയിരുന്ന കാലത്ത് സീനിയർ ആയിരുന്ന മധുകർ ഷെട്ടി ഐപിഎസ് ദുരൂഹ സാഹചര്യത്തിൽ സ്വൈൻ ഫ്ലൂ മൂർച്ഛിച്ച് മരിച്ചതിനു പിന്നാലെയാണ് ആ സംഭവം വല്ലാതെ അലട്ടിയ അണ്ണാമലൈയും ഐപിഎസ് രാജിവെക്കുന്നത്. കഴിഞ്ഞ വർഷം ജോലി രാജിവെച്ചിറങ്ങിയ ശേഷം ജന്മനാടായ കരൂരിൽ ജൈവകൃഷി പരീക്ഷണങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു അണ്ണാമലൈസൈക്കിളിംഗിൽ തത്പരനായ അണ്ണാമലൈ 2018 -ൽ നടന്ന 200 കിമി സൈക്ലിങ് മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇടയ്ക്കിടെ ബാക്ക് പാക്കിങ്ങിനും ഹൈക്കിങ്ങിനും പോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതത്തിലും അഭിരുചിയുള്ള അണ്ണാമലൈ ഇളയരാജ, എആർ റഹ്‌മാൻ ഗാനങ്ങളുടെ ആരാധകനാണ്. 


 

Follow Us:
Download App:
  • android
  • ios