അരുൺ ഗവ്‌ലിക്ക് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ  മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം നിലനിർത്തിക്കൊണ്ട് വിധിച്ചു. അരുൺ ഗുലാബ് ഗവ്‌ലി. ആരാണിയാൾ? അതൊരു കുഴക്കുന്ന ചോദ്യമാണ്. അതുകൊണ്ട്, അതേപ്പറ്റി പറയുമ്പോൾ  ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് പിന്നോട്ടാകാം പോക്ക്.

എന്തായാലും ഇപ്പോൾ ആൾ ഒരു ഗാന്ധിയനാണ്. വെറും ഗാന്ധിയനല്ല. സർട്ടിഫൈഡ് ഗാന്ധിയൻ. തലയിലെ ഗാന്ധിത്തൊപ്പിയും ഖദർ വേഷവും മാത്രമല്ല ഗവ്‌ലിയുടെ ഗാന്ധിത്വത്തിന് തെളിവ്. ഇപ്പോൾ ജീവപര്യന്തം കഠിനതടവിന് വിധിക്കപ്പെട്ട് കഴിഞ്ഞുകൂടുന്ന നാഗ്‌പൂർ സെൻട്രൽ ജയിലിൽ ഗാന്ധിജയന്തിക്ക് നടന്ന ഗാന്ധി പരിജ്‌ഞാന പരീക്ഷയിൽ 74/80  ആണ് ഗവ്‌ലിയുടെ സ്‌കോർ. പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ് ഗവ്ലി. വിചാരണത്തടവുകാരടക്കം, 160 തടവുപുള്ളികളോട് മത്സരിച്ചുകൊണ്ടാണ് അരുൺ ഗവ്‌ലി ഉത്തമഗാന്ധിയൻ പട്ടം ഉറപ്പിച്ചത്.   

എന്തിനാണ് നാഗ്‌പൂർ ജയിലിൽ കിടക്കുന്നത് എന്നല്ലേ? അതിന് കാലം കുറച്ച് റീവൈൻഡ് ചെയ്യേണ്ടി വരും. 2007, മാർച്ച് രണ്ടാം തീയതി. ശിവസേനയുടെ കോർപ്പറേറ്ററായ കമലാകർ ജംസാണ്ഡേക്കർ എന്ന നാല്പത്തേഴുകാരൻ തന്റെ സാകിനാക്കയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഏറെ ജനപ്രിയനായ ഒരു രാഷ്ട്രീയനേതാവായിരുന്നു ജംസാണ്ഡേക്കർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഛാലിന്റെ വാതിൽ സദാസമയം സന്ദർശകർക്കായി തുറന്നുതന്നെ കിടന്നിരുന്നു. അതിന്റെ പടിക്കൽ അന്ന് രണ്ടു മോട്ടോർ ബൈക്കുകളിലായി നാലുപേർ വന്നിറങ്ങി. അവരിലൊരാൾ പതുക്കെ അകത്തുകയറിച്ചെന്നു. അകത്ത് കസേരയിൽ ഇരിക്കുകയായിരുന്ന ജംസാണ്ഡേക്കറുടെ നെറ്റി ലക്ഷ്യമാക്കി  പോയൻറ് ബ്ലാങ്കിൽ നിന്നൊരു വെടിയുണ്ട പായിച്ച് തിരികെ വന്ന് ബൈക്കിലേറി സ്ഥലം വിട്ടു. ആ കേസിൽ അതേ വർഷം ഓഗസ്റ്റിൽ കാലാഘോഡയിലെ മക്കോക്ക കോടതി ഈ കേസിലെ ഒന്നാം പ്രതിയെന്ന് വിധിച്ചത് അന്ന് അറുപതുവയസ്സുണ്ടായിരുന്ന അരുൺ ഗവ്‌ലിയെയായിരുന്നു.  കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കിടെ ഗവ്‌ലിക്കുമേൽ ചുമത്തപ്പെട്ട 25 ക്രിമിനൽ കേസുകളിൽ ആദ്യമായി കോടതി ഗവ്‌ലിയെ കുറ്റക്കാരൻ എന്ന് വിധിച്ചത് അന്നായിരുന്നു. 

അരുൺ ഗവ്‌ലി എന്തിനാണ് ശിവസേനയുടെ കോർപറേറ്ററെ കൊന്നത്..? അത് മനസ്സിലാക്കണമെങ്കിൽ പിന്നെയും കൊല്ലങ്ങൾ പിന്നോട്ട് പോകണം. മുംബൈയെ കിടുകിടാ വിറപ്പിച്ചിരുന്ന അരുൺ ഗവ്‌ലി എന്ന അധോലോക നായകന്റെ ജനനം തൊട്ടുള്ള കഥകൾ കേൾക്കണം.  2017-ൽ ആഷിം ആലുവാലിയയുടെ സംവിധാനത്തിൽ അർജുൻ റാംപാൽ അഭിനയിച്ച ഒരു ചിത്രമിറങ്ങിയിരുന്നു, 'ഡാഡി' എന്ന പേരിൽ. അതിന്റെ ടാഗ് ലൈൻ ഇങ്ങനെയായിരുന്നു, 'The Only One Who Didnt Run'. ഓടിരക്ഷപ്പെടാൻ നോക്കാതിരുന ഒരേയൊരാൾ. ഡാഡി എന്നത് ദഗ്‌ഡി ഛാൽ എന്ന കോട്ടയിലിരുന്ന് മുംബൈ എന്ന മായാ നഗരിയെ നിയന്ത്രിച്ച അരുൺ ഗവ്‌ലി എന്ന ഡോണിന്റെ അപരനാമമായിരുന്നു.  


മുംബൈയിൽ മിൽ തൊഴിലാളിയായി തുടക്കം 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലുള്ള കോപ്പർഗാവിലായിരുന്നു അരുൺ ഗവ്‌ലിയുടെ ജനനം. അച്ഛൻ ഗുലാബ് ഗവ്‌ലി മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്ന് പലായനം ചെയ്ത് കോപ്പർഗാവിൽ വന്നു ചേക്കേറിയതായിരുന്നു. അവിടത്തെ മില്ലുകളിൽ ഗവ്‌ലി കുടുംബത്തിലെ മിക്കവരും ജോലിക്ക് കയറി. അറുപതുകളിൽ തന്നെ   മെട്രിക്കുലേഷൻ പാസായിരുന്നു ഗവ്‌ലി. അന്ന് അതൊക്കെ വലിയ പഠിപ്പായിരുന്നു. പക്ഷേ, അച്ഛൻ റിട്ടയറായിരുന്നു അപ്പോഴേക്കും. അതുകൊണ്ട് തുടർന്ന് പഠിക്കുക ഒരു ഓപ്‌ഷനേ അല്ലായിരുന്നു അരുൺ ഗവ്‌ലിക്ക്. അതുകൊണ്ടയാൾ നേരെ അച്ഛനെപ്പോലെ ഒരു മില്ലിൽ പണിക്കുകയറി. മഹാലക്ഷ്മിയിലെ ശക്തിമിൽസ്. എന്നാൽ, അരുൺ ഗവ്‌ലിയ്ക്ക്  ജീവിതത്തിലെ വഴിത്തിരിവുകൾ സമ്മാനിച്ചത് 1977-ൽ നടത്തിയ ജോലി മാറ്റമാണ്. അക്കൊല്ലമാണ് അരുൺ മുംബൈയിലെ ക്രോംപ്ടൺ ഗ്രീവ്‌സിലേക്ക് ജോലി മാറുന്നത്. അവിടെ വെച്ച് ഗാവ്ലി സദാശിവ് പാവ്‌ലെ എന്ന ഒരാളെ പരിചയപ്പെടുന്നു. പിന്നീട് സദാ മാമ എന്നറിയപ്പെട്ടതും, അരുൺ ഗവ്‌ലിയെ അധോലോകത്തിലേക്ക് കൈപിടിച്ച് നടത്തിയതും അയാളായിരുന്നു. ടെക്സ്റ്റൈൽ മിൽ രംഗത്തുണ്ടായ മാന്ദ്യമാണ് കൂടുതൽ കാശുണ്ടാക്കാൻ പറ്റുന്ന, നിയമവിരുദ്ധമായ പല പരിപാടികളിലേക്കും ഗവ്‌ലിയെ നയിച്ചു. 

ക്രോംപ്ടൺ ഗ്രീവ്‌സിലെ അരുൺ ഗവ്‌ലിയുടെ അടുത്ത പരിചയം, രാമാ നായിക്കുമായിട്ടായിരുന്നു. പണ്ട് സ്‌കൂളിൽ ഒന്നിച്ചു പഠിച്ചിരുന്ന രണ്ടു സ്നേഹിതർ യാദൃച്ഛികമായി കണ്ടുമുട്ടുകയായിരുന്നു അവിടെ. രാമാ നയിക്കിനും ബാബു റെഷിമിനും കൂടി അന്ന് ചെറിയൊരു അധോലോക സെറ്റപ്പുണ്ടായിരുന്നു. അതിനെ അവർ വിളിച്ചിരുന്ന പേര് ബൈക്കുള ഗ്യാങ് എന്നായിരുന്നു. വലിയ പരിപാടികളൊന്നുമില്ല. ചില്ലറ വാറ്റും വില്പനയും. അത്രമാത്രം. അരുൺ ഗവ്‌ലി കൂടി വന്നുചേർന്നതോടെ ബൈക്കുള ഗ്യാങ്, ബ്രാ ഗ്യാങ് (BRA- ബാബു റഷിം, രാമാ നായിക്ക്, അരുൺ ഗവ്‌ലി) എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചു. ആ പേരുകേൾക്കുമ്പോൾ പൊതുജനം നടുങ്ങി. മട്‌കാ എന്നറിയപ്പെട്ടിരുന്ന ചൂതാട്ടത്തിലാണ് ഈ സംഘം പണമുണ്ടാക്കിയത്.   ദഗ്‌ഡി ഛാലിന്റെ പരിസരപ്രദേശങ്ങളിൽ ഹഫ്താ വസൂലിയിലിന്മേലും ഗവ്‌ലി തന്റെ സ്വാധീനം നിലനിർത്തി. 

ദാവൂദ് കണക്ഷൻ 

1984-ൽ അരുൺ ഗവ്‌ലിയും സംഘവും ചേർന്ന് ദാവൂദ് ഇബ്രാഹിമിന് ചെറിയൊരു സഹായം ചെയ്തു. അന്നത്തെ ദാവൂദിന്റെ ആജന്മശത്രുവായിരുന്ന സമദ് ഖാനെ ദാവൂദിന്റെ കൊട്ടേഷൻ സ്വീകരിച്ച്  വെടിവെച്ചു കൊന്നുകൊടുത്തു.  അത് ഡി കമ്പനിയും ബൈക്കുള കമ്പനിയും തമ്മിലുള്ള ക്രയവിക്രയങ്ങളുടെ തുടക്കമായിരുന്നു. ഇവരുടെ സംഘടിത കാർമ്മികത്വത്തിൽ ബോംബെയിൽ നിരവധി കുറ്റകൃത്യങ്ങൾ അതിനു ശേഷം നടന്നു. 

അന്നൊക്കെ മുംബൈയിൽ അധോലോക നായകർ ഭയന്നിരുന്നു രണ്ടേ രണ്ടു കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, പൊലീസ് എൻകൗണ്ടർ, രണ്ട്, ശത്രു സംഘങ്ങളുടെ കൊട്ടേഷൻ. ആദ്യത്തേതിനെ ഭയന്നാണ് ദാവൂദ് ഇബ്രാഹിം മുംബൈ വിട്ടോടി ദുബായിൽ അഭയം പ്രാപിച്ചത്. അവിടെ നിന്ന് ലോക്കൽ ഓപ്പറേഷനുകൾ നിയന്ത്രിച്ചത്. 1988-ൽ രാമാ നായിക്ക് ഡി കമ്പനിയിലെ ശരദ് ഷെട്ടിയുമായി തെറ്റി. ദാവൂദ് ഷെട്ടിയെ പിന്തുണച്ചപ്പോൾ രാമാ നായിക് ഒറ്റപ്പെട്ടു. ഒടുവിൽ അക്കൊല്ലം അവസാനത്തോടെ ഷെട്ടി ഒരു പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. 

അതോടെ അരുൺ ഗവ്‌ലി ബൈക്കുള ഗ്യാങ്ങിന്റെ  ഒരേയൊരു നായകനായി. തന്റെ കളിക്കൂട്ടുകാരനും സഹപാഠിയുമായ നായിക്കിന്റെ കൊന്ന എൻകൗണ്ടറിനു പിന്നിലെ ബുദ്ധി ദാവൂദിന്റെ തന്നെയാകും എന്ന് ഊഹിച്ചെടുക്കാൻ ഗവ്‌ലിക്കായി. അഗ്രിപാഡയിലും നാഗ്പാഡയിലുമായി അടുത്തടുത്ത് കഴിഞ്ഞിരുന്ന,  ഏറെ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന  ദാവൂദും ഗവ്‌ലിയും അതോടെ ബദ്ധശത്രുക്കളായി മാറി. തന്റെ സഹോദരനെ കൊന്നതിനുള്ള പ്രതികാരമായി ഗവ്‌ലി ഗ്യാങ്, ദാവൂദിന്റെ സഹോദരീ ഭർത്താവായ ഇബ്രാഹിം പാർക്കറിനെ വകവരുത്തി.   അത് ഇരുവരുടെയും അനുയായികൾ തമ്മിലുള്ള തുടർച്ചയായ വെടിവെപ്പുകളിലേക്കാണ് നയിച്ചത്. ഈ സംഘട്ടനങ്ങൾക്കിടയിലൂടെ മുംബൈ പോലീസിന്റെ ഡേർട്ടി ഹാരികൾ എന്നറിയപ്പെട്ടിരുന്ന എൻകൗണ്ടർ സ്‌ക്വാഡും തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ അധോലോക സംഘാംഗങ്ങളെ വകവരുത്താൻ തുടങ്ങി. അതോടെ പ്രാണഭയം മൂത്ത് ദാവൂദിന് പിന്നാലെ ശരദ് ഷെട്ടി, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ തുടങ്ങി പലരും  രാജ്യം വിട്ടോടി. 

ഇത്രയൊക്കെ ആയിട്ടും അരുൺ ഗവ്‌ലി നാടുവിട്ടോടിപ്പോകാൻ തയ്യാറായില്ല.  പിൽക്കാലത്ത് കൊടുത്ത ഒരു അഭിമുഖത്തിൽ ഈ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ എടുത്ത തീരുമാനത്തെപ്പറ്റി ഗവ്‌ലി ഇങ്ങനെ പറയുന്നുണ്ട്, " എന്നെ പൊലീസ് എൻകൗണ്ടർ ചെയ്യാതിരിക്കാൻ വേണ്ടി ഞാൻ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചു."  

ബാലാസാഹിബ് താക്കറെയുമായുള്ള അടുപ്പം 

എൺപതുകളുടെ അവസാനത്തിലാണ് ഗവ്‌ലി രാഷ്ട്രീയ മോഹങ്ങൾ പ്രകടിപ്പിക്കുന്നത്. അതിനു കാരണമാകട്ടെ അന്നത്തെ ശിവസേനാ ചീഫ് ആയിരുന്ന താക്കറെയ്ക്ക് മുംബൈയിലെ ഹിന്ദു അധോലോകനായകരോടുണ്ടായിരുന്ന സഹതാപമനസ്ഥിതിയും. അരുൺ ഗവ്‌ലി, സായി ബൻസോഡെ എന്നീ 'ഹിന്ദു' ഗ്യാങ്‌സ്റ്റർമാരെ താക്കറെ വിളിച്ചിരുന്നത് 'അംചെ മുൾഗേ'(നമ്മുടെ പയ്യന്മാർ) എന്നായിരുന്നു. 1995-ൽ നടന്ന ഒരു റാലിയിൽ പരസ്യമായി ബാൽ താക്കറെ അരുൺ ഗവ്‌ലിയെ പിന്തുണച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു, " കോൺഗ്രസിന്റെ കൂടെ ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കിൽ, നമ്മുടെ കൂടെ അരുൺ ഗവ്‌ലിയുണ്ട്.." 

തന്റെ അധോലോകജീവിതത്തിനിടെ ദാവൂദുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരാനുണ്ടായ മറ്റൊരു പ്രധാനകാരണത്തെപ്പറ്റിയും റെഡിഫിനു കൊടുത്ത ഒരു അഭിമുഖത്തിൽ ഗവ്‌ലി വിശദീകരിക്കുന്നുണ്ട്," "ഞാനും ദാവൂദും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ  ഇടയുന്നത് ഒരൊറ്റ പ്രശ്നത്തിന്റെ പേരിലാണ്. നാർക്കോട്ടിക്സ്. അവന് മുംബൈയിൽ മയക്കുമരുന്ന് വിൽക്കണമായിരുന്നു. ഞാൻ അതിന് എതിരുനിന്നു. ആ ഒറ്റക്കാരണം കൊണ്ടാണ് ദാവൂദ് എന്റെ സഹോദരൻ ബപ്പയെയും, ഖത്തർനാക് പത്രത്തിന്റെ ലേഖകനായ സുരേഷ് ഖാനോൽക്കറിനെയും കൊന്നുകളയുന്നത്. " 

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ശിവസേനയോട് സൗഹൃദത്തിലായിരുന്നു എങ്കിലും, താമസിയാതെ സേനയുമായി തെറ്റിപ്പിരിഞ്ഞ ഗവ്‌ലി, അഖിൽ ഭാരതീയ സേന എന്നപേരിൽ പുതിയൊരു രാഷ്ട്രീയപാർട്ടിയുണ്ടാക്കി. തന്നോടിടഞ്ഞ ശിവസേനക്കാരെ വെടിവെച്ചുകൊന്നു. അതിനിടെ സ്വന്തം പാർട്ടിയുടെ ബാനറിൽ മുംബൈയിലെ ചിഞ്ച് പോക്ളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച ഗവ്‌ലി വിജയിച്ചു. അക്കാലത്ത് ഗവ്‌ലിറിയൽ എസ്റേറ്റിലേക്ക് തിരിഞ്ഞു. തന്റെ ദഗ്‌ഡി ഛാലിനു ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലെ സകല ക്രമസമാധാന പ്രശ്നങ്ങൾക്കും മധ്യസ്ഥനായി. ആകെ ഭയമുണ്ടായിരുന്നത് വിജയ് സലസ്കർ എന്ന(മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട) ഡേർട്ടി ഹാരി എൻകൗണ്ടർ സ്പെഷ്യലിസ്റ്റിനെ മാത്രമായിരുന്നു. അദ്ദേഹത്തെ ഭയന്ന് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോലും ഗവ്‌ലി തന്റെ കോട്ടയ്ക്ക് പുറത്തിറങ്ങിയിരുന്നില്ല.  

നിയമത്തിന്റെ കരങ്ങളിൽ ഒടുവിൽ 

ഇരുപത്തഞ്ചിലധികം വർഷം ഒരു അധോലോകനായകനായി മുംബൈ നഗരത്തെ വിറപ്പിച്ച ശേഷമാണ് വെള്ള ഖദർ ഷർട്ടും തലയിൽ ഗാന്ധിത്തൊപ്പിയുമായി അരുൺ ഗവ്‌ലി, കയ്യും കൂപ്പി വോട്ടും ചോദിച്ച് രാഷ്ട്രീയക്കാരന്റെ വേഷം കെട്ടിയിറങ്ങിയത്. ശിവസേനയുടെ ഇടഞ്ഞത് പഴയ കേസുകളൊക്കെ വീണ്ടും പൊങ്ങിവരുന്നതിന് കാരണമായി. ഒടുവിൽ 2012 -ൽ പഴയ  ജംസാണ്ഡേക്കർ. കൊട്ടേഷൻ കൊലക്കേസിൽ ഗവ്‌ലിയെ കോടതി കുറ്റക്കാരനെന്ന് വിധിച്ചു. 

തന്റെ ഗാന്ധിത്തൊപ്പിയെപ്പറ്റിയുള്ള ചോദ്യങ്ങൾ എന്നും ഗവ്‌ലിക്ക് നേരിടേണ്ടി വരാറുണ്ട്. ഉദാ. അഹിംസ എന്ന ഗാന്ധിയൻ തത്വത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന്. ആ ചോദ്യത്തിന് ഗവ്‌ലി പറഞ്ഞ ഉത്തരം ഇതായിരുന്നു, " ഞാൻ ചില ഗാന്ധിയൻ ചിത്രങ്ങളിൽ വിശ്വസിക്കുന്നവനാണ്. ഹിംസ, അഹിംസ അതിന് രണ്ടിനും ഈ സമൂഹത്തിൽ അതാതിന്റേതായ ഇടമുണ്ട് എന്ന് ഞാൻ കരുതുന്നു"