Asianet News MalayalamAsianet News Malayalam

'ബിക്കിനി കില്ലർ', ചാൾസ് ശോഭരാജ് എന്ന കുപ്രസിദ്ധ സീരിയൽ കില്ലറുടെ സിനിമാക്കഥയെ വെല്ലുന്ന ജീവിതം ഇങ്ങനെ

ശിക്ഷയുടെ അവസാനത്തിൽ, ജയിൽ ഗാർഡുകൾക്ക് തന്റെ "ജന്മദിന"ത്തിന് മധുരപലഹാരങ്ങൾ നൽകി ശോഭരാജ്  രക്ഷപ്പെട്ടു. പക്ഷേ, വീണ്ടും അയാളെ പിടികൂടി.

who is Charles Sobhraj
Author
First Published Dec 22, 2022, 11:24 AM IST

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് 19 വർഷത്തെ തടവിന് ശേഷം നേപ്പാളിലെ കാഠ്മണ്ഡു ജയിലിൽ നിന്നും മോചിതനാകുകയാണ്. 78 -കാരനായ ഇയാളുടെ പ്രായം പരിഗണിച്ചാണ് നേപ്പാൾ സുപ്രീംകോടതി ശിക്ഷാ കാലാവധി തീരുന്നതിനു മുൻപേ ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം ഇയാളെ മോചിപ്പിച്ച് മാതൃരാജ്യമായ ഫ്രാൻസിലേക്ക് നാടുകടത്താനാണ് ബുധനാഴ്ച കോടതി ഉത്തരവിട്ടത്. ഹൃദയസംബന്ധമായ രോഗങ്ങളും ദന്തസംബന്ധമായ രോഗങ്ങളും ഉള്ളതിനാൽ ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിലെ എംബസിയാണ് നേപ്പാൾ ഭരണകൂടത്തെ സമീപിച്ചത്. എന്നാൽ ഇത്തരം ഒരു ആനുകൂല്യത്തിന്  ഇയാൾ അർഹനായിരുന്നോ എന്നത് ഒരു മറു ചോദ്യം തന്നെയാണ്. കാരണം ഇയാൾ നിഷ്കരണം കൊന്നുതള്ളിയത് ഒരു ഡസനിൽ പരം ജീവനുകളെയാണ്.

ഇയാൾ കൊലപ്പെടുത്തിയ ഇരകളിൽ പലരും ബിക്കിനിയിൽ കാണപ്പെട്ടതിനാൽ ശോഭരാജ് 'ബിക്കിനി കില്ലർ' എന്നും നിയമപാലകരിൽ നിന്ന് ഒരു സർപ്പത്തെപ്പോലെ വഴുതി രക്ഷപ്പെടാനുള്ള കഴിവുള്ളതിനാൽ 'ദ സെർപ്പെന്റ്' എന്നുമാണ് ഇയാൾ അറിയപ്പെടുന്നത്. ശോഭ്‌രാജ് ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളിലേക്കും ഇന്ത്യയുമായുള്ള ഇയാളുടെ ബന്ധത്തിലേക്കും ഒരു തിരിഞ്ഞുനോട്ടം ഇതാ.

ഒരു ഇന്ത്യൻ വ്യവസായിയുടെയും വിയറ്റ്നാമീസ് യുവതിയുടെയും മകനായാണ് ശോഭരാജ് ജനിച്ചത്. എന്നാൽ, അവൻറെ പിതൃത്വം ഒരിക്കലുമായാൾ അംഗീകരിച്ചിരുന്നില്ല. പിന്നീട് അമ്മ ഒരു ഫ്രഞ്ച്ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ ബാല്യകാലത്തിൽ തീർത്തും ഒറ്റപ്പെട്ടവൻ ആയി തീർന്നു ശോഭരാജ്. ഫ്രഞ്ച് അധിനിവേശ സൈഗോണിലാണ് ശോഭരാജ് ജനിച്ചതെങ്കിലും പിന്നീട് അമ്മയുടെ വിവാഹശേഷം അമ്മയ്ക്കൊപ്പം അവനും ഫ്രാൻസിലേക്ക് പോയി. എന്നാൽ, അമ്മയുടെ പുതിയ ബന്ധത്തിൽ ഒട്ടും താല്പര്യമില്ലായിരുന്ന ശോഭരാജ് അവരോടൊപ്പം സ്ഥിരതാമസമാക്കാൻ തയ്യാറായില്ല. ബാല്യകാലം പിന്നിടുന്നതിന് മുൻപ് തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് അവൻ വഴി മാറിയിരുന്നു. ചെറിയ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത് തന്റെ ബാല്യ കൗമാരങ്ങൾ ജയിലിനകത്തും പുറത്തുമായാണ് ശോഭരാജ് പിന്നിട്ടത്.

വിനോദസഞ്ചാരികൾ ആയിരുന്നു ശോഭരാജന്റെ ഇരകളിൽ ഭൂരിഭാഗവും. അവരുമായി അടുപ്പം സ്ഥാപിച്ച് ശീതള പാനീയങ്ങളിൽ വിഷം കലർത്തിയായിരുന്നു ഇയാൾ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയിരുന്നത്. പക്ഷേ, അയാൾ എന്തിനായിരുന്നു ഈ കൊലപാതകങ്ങൾ ചെയ്തത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. താൻ കൊലപ്പെടുത്തിയ ചില ഇരകളുടെ പാസ്പോർട്ടും മറ്റു രേഖകളും കരസ്ഥമാക്കി അവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയതായി തെളിവുകൾ ഉണ്ട്. ഇത്തരത്തിൽ 20 ഓളം ആളുകളെയാണ് ഇയാൾ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്.

പല രാജ്യങ്ങളിലായി ഇത്രമാത്രം കൊലപാതകങ്ങൾ നടത്തിയിട്ടും ഇയാൾ പിടിക്കപ്പെട്ടില്ലേ എന്ന് ചോദിച്ചാൽ പലതവണ ഇയാൾ അറസ്റ്റിലായെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. പിടിയിലായി കഴിഞ്ഞാൽ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഇയാളുടെ കഴിവ് മാധ്യമങ്ങളും നിയമപാലകരും എടുത്തു പറയുന്നതാണ്. വളരെ സൗമ്യവും ആകർഷകവുമായ പെരുമാറ്റമാണ് ഇയാളുടേത് എന്നാണ് ഇയാളുമായി അടുത്തിടപഴകിയ മാധ്യമപ്രവർത്തകരും നിയമപാലകരും പറയുന്നത്. ആ കഴിവ് ഉപയോഗിച്ച് തന്നെയാണ് പല കുറ്റകൃത്യങ്ങളിൽ നിന്നും ഇയാൾ അതിവിദഗ്ധമായി രക്ഷപ്പെട്ടത്.

1976 ജൂലൈയിൽ ന്യൂഡൽഹിയിൽ വച്ച് ശോഭ്‌രാജും മൂന്ന് സ്ത്രീകളും ചില ഫ്രഞ്ച് വിദ്യാർത്ഥികളെ ടൂർ ഗൈഡുകളായി നിയമിക്കാം എന്ന് പറഞ്ഞു  വിശ്വസിപ്പിച്ചു. വിദ്യാർത്ഥികളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഇവർ അവർക്ക് വിഷ ഗുളികകൾ നൽകി. എന്നാൽ കൂട്ടത്തിൽ സംശയം തോന്നിയ ചില വിദ്യാർത്ഥികൾ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ പത്തുവർഷത്തെ തടവിന് ഇവരെ ശിക്ഷിച്ചു.

അന്ന് തിഹാർ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ജെ.പി. നൈതാനി ചാൾസ് ശോഭരാജിന് കുറിച്ച് 'ദി ഇന്ത്യൻ എക്‌സ്പ്രസി'ൽ ഇങ്ങനെയാണ് കുറിച്ചത്, “ജയിലിനുള്ളിൽ വ്യത്യസ്ത ജീവിതരീതികളിൽ ഞാൻ അയാളെ കണ്ടിട്ടുണ്ട്: പ്രാദേശിക കോടതികളിൽ തന്റെ നിയമപോരാട്ടം, പത്രപ്രവർത്തകരുമായും അഭിഭാഷകരുമായും ആയുള്ള സൗഹൃദപരമായ ഇടപഴകൽ, സ്ത്രീ സന്ദർശകരെ ആകർഷിക്കാനുള്ള അപാരമായ കഴിവ്, അയാളോടുള്ള പ്രണയം ഏറ്റുപറഞ്ഞ് വരാൻ വിദേശത്ത് നിന്ന് പോലും ധാരാളം സ്ത്രീ സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അവരിൽ ചിലർ അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, അതിനായുള്ള അനുമതിക്കായി കോടതികളിൽ അപേക്ഷിച്ചു. അങ്ങനെയായിരുന്നു ചാൾസ് ശോഭരാജിന്റെ വ്യക്തിത്വം."

ശിക്ഷയുടെ അവസാനത്തിൽ, ജയിൽ ഗാർഡുകൾക്ക് തന്റെ "ജന്മദിന"ത്തിന് മധുരപലഹാരങ്ങൾ നൽകി ശോഭരാജ്  രക്ഷപ്പെട്ടു. പക്ഷേ, വീണ്ടും അയാളെ പിടികൂടി, എന്നാൽ ഒരു ബിബിസി ലേഖനം പറയുന്നത്, 10 വർഷത്തെ ജയിൽ ശിക്ഷയുടെ അവസാനത്തിൽ വീണ്ടും പിടിക്കപ്പെടാനും ശിക്ഷാ കാലാവധി വീണ്ടും കൂട്ടുവാൻ വേണ്ടി അയാൾ മനപ്പൂർവ്വം രക്ഷപ്പെട്ടതാണ് എന്നാണ്.

കാരണം ഇന്ത്യയിലെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ അയാളെ തായ്‌ലന്റിലേക്ക് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. കാരണം അവിടെ അയാളുടെ പേരിൽ 5 കൊലപാതക കേസുകൾ ഉണ്ടായിരുന്നു. ആ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷ വരെ ലഭിച്ചേക്കാം എന്ന് ചാൾസ് ശോഭരാജിന് ഉറപ്പുണ്ടായിരുന്നു. 20 വർഷത്തെ സമയപരിധിയായിരുന്നു തായ്‌ലൻഡിൽ ഇയാളുടെ പേരിലുള്ള കേസുകൾ തെളിയിക്കപ്പെടാൻ ഉണ്ടായിരുന്നത്. ആ 20 വർഷം സമയപരിധി അവസാനിക്കും വരെ ഇന്ത്യയിലെ ജയിലിൽ കഴിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ ജയിൽ ചാട്ടം. അങ്ങനെ 1997 -ൽ അയാൾ ജയിൽ മോചിതനായപ്പോഴേക്കും ആ കാലാവധി കഴിഞ്ഞിരുന്നു.

ഇന്ത്യയിൽ നിന്ന് മോചിതനായ ശേഷം ശോഭരാജ് ഫ്രാൻസിലേക്ക് മടങ്ങി. 2003 -ൽ നേപ്പാളിലേക്ക് പോയ അയാൾ വീണ്ടും അറസ്റ്റിലായി.  1975 -ൽ കോന്നി ജോ ബ്രോൺസിച്ച് എന്ന അമേരിക്കൻ സ്ത്രീയെ കൊലപ്പെടുത്തിയതിന് 2004-ൽ, നേപ്പാളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പിന്നീട്, ബ്രോൺസിച്ചിന്റെ അമേരിക്കൻ സുഹൃത്ത് ലോറന്റ് കാരിയെറെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു.

2014 -ൽ, തിഹാർ ജയിലിൽ വെച്ച് ജെയ്‌ഷെ ഇഎം തലവൻ മസൂദ് അസ്ഹറുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം താലിബാന്റെ ആയുധ ഇടപാടുകാരനായി താൻ പ്രവർത്തിച്ചിരുന്നതായും യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുമായി (സിഐഎ) ബന്ധപ്പെട്ടിരുന്നതായും ഇയാൾ അവകാശപ്പെട്ടു. നേപ്പാളിൽ, ഇന്ത്യൻ ടിവി ഷോ ബിഗ് ബോസിന്റെ സീസൺ 5 ൽ -പങ്കെടുത്ത നിഹിത ബിശ്വാസ് എന്ന  സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Follow Us:
Download App:
  • android
  • ios