അവസാന കൊലപാതകത്തിന് ഏകദേശം 15 വർഷങ്ങൾക്ക് ശേഷമാണ് റേഡർ പിടിക്കപ്പെടുന്നത്. 2005 -ലായിരുന്നു അത്. കൊലപ്പെടുത്തിയ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഐഡികളും, ഫോട്ടോകളും വീട്ടിലെ ലോക്കറിൽ അയാൾ സൂക്ഷിച്ചിരുന്നു.
പോള ഡയറ്റ്‌സിന് (Paula Dietz) തന്റെ ഭർത്താവിനെ വളരെയേറെ ബഹുമാനമായിരുന്നു. പ്രദേശത്തെ തന്നെ മാന്യനായ അദ്ദേഹം സ്നേഹമുള്ള ഒരു ഭർത്താവും, കരുതലുള്ള ഒരച്ഛനും, ദൈവഭയമുള്ള ഒരു നല്ല മനുഷ്യസ്നേഹിയുമായിരുന്നു. ഭർത്താവിനെ കുറിച്ചോർക്കുമ്പോൾ, അഭിമാനം മാത്രമായിരുന്നു അവൾക്ക്. എന്നാൽ 34 വർഷത്തെ ദാമ്പത്യത്തിന് ശേഷം, ഒരു ദിവസം അവൾ അറിയുകയായിരുന്നു തന്നോടൊപ്പം കഴിഞ്ഞ ആ മനുഷ്യൻ ഒരു സീരിയൽ കില്ലറായിരുന്നുവെന്ന്, സ്ത്രീകളെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന, വൈകൃതങ്ങൾ നിറഞ്ഞ ക്രൂരമനസ്സിന്റെ ഉടമയായിരുന്നെന്ന്. എന്നാൽ എങ്ങനെയാണ് അയാൾ തന്റെ യഥാർത്ഥ മുഖം വീട്ടുകാരിൽ നിന്നും, നാട്ടുകാരിൽ നിന്നും സമർത്ഥമായി മറച്ച് പിടിച്ചത്, അതും ഇത്രയും വർഷം?
ഡെന്നിസ് റേഡർ (Dennis Rader ) ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരിൽ ഒരാളായിരുന്നു. 1970 -ൽ ഒരു പള്ളിയിൽ വച്ചാണ് പോള റേഡറിനെ ആദ്യമായി കാണുന്നത്. അന്നവൾ അക്കൗണ്ടിംഗിൽ ബിരുദം നേടി നിൽക്കുകയായിരുന്നു. കണ്ട മാത്രയിൽ, അവർ ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടു. റേഡർ പുറമേ ദയാലുവായ ഒരു യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, അയാൾക്ക് മറ്റാരും കാണാത്ത ഒരു വശമുണ്ടായിരുന്നു. മൃഗങ്ങളെ കൊല്ലുകയും, നിസ്സഹായരായ സ്ത്രീകളെ പീഡിപ്പിക്കുന്നത് സ്വപ്നം കാണുകയും ചെയ്തിരുന്നു അയാൾ. മറ്റാരോടും അയാൾ തന്റെ ഫാന്റസിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ അത് അയാളിൽ ദിവസം ചെല്ലുന്തോറും വേരുപിടിച്ച് കൊണ്ടിരുന്നു. ഒടുവിൽ പിഴുത് കളയാൻ സാധിക്കാത്ത അളവിൽ അത് അയാളിൽ വേരൂന്നി.
1971 മെയ് 22 -ന് പോള ഡെന്നിസ് റേഡറുടെ ഭാര്യയായി. കൻസസിലെ പാർക്ക് സിറ്റിയിലെ അവരുടെ വീട്ടിൽ താമസമാക്കി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് സ്വയം ഫോട്ടോ എടുക്കുന്ന, അവരെ ശാരീരികമായി ഉപദ്രവിക്കുമ്പോൾ ലൈംഗിക സുഖം അനുഭവിക്കുന്ന വികലമായ മനസ്സിന്റെ ഉടമയെയാണ് താൻ വിവാഹം ചെയ്തിരിക്കുന്നത് എന്ന് അവൾ അറിഞ്ഞില്ല. അവൾ അയാളെ സ്നേഹിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് ജനിച്ച് ആറാഴ്ച്ച കഴിഞ്ഞപ്പോഴായിരുന്നു ആദ്യ കൊല.
1974 ജനുവരി 15 ന് 38 -കാരനായ ജോസഫ് ഒട്ടേറോയുടെ വീട്ടിൽ അതിക്രമിച്ച് കയറി അയാളെയും ഭാര്യയെയും മക്കളുടെ മുന്നിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് 11 വയസ്സുള്ള ജോസഫൈനെയും അവളുടെ ഒമ്പത് വയസ്സുള്ള സഹോദരൻ ജോസഫിനെയും നിലവറയിലേക്ക് വലിച്ചിഴച്ചു. ജോസഫിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജോസഫൈനെ തൂക്കിക്കൊന്നു. കണ്മുൻപിൽ അവൾ പിടഞ്ഞ് പിടഞ്ഞ് തീരുമ്പോൾ അയാൾ അവളുടെ മുന്നിലിരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. തിരികെ വരുമ്പോൾ അവൾ തൂങ്ങി നിൽക്കുന്നതിന്റെ ചിത്രങ്ങളും, അവളുടെ അടിവസ്ത്രവും അയാൾ കൂടെ കൊണ്ട് വന്നു.
പിന്നെയും 17 വർഷങ്ങൾ. ഇതിനിടയിൽ കൊലപ്പെട്ടത് ആറ് സ്ത്രീകൾ. പുറമേ ആദർശവാനായി വേഷം കെട്ടുന്ന റേഡർ രാത്രിയിൽ ഒരു രാക്ഷസനായി മാറി. മുഖംമൂടി ധരിച്ച് വീടുകളിൽ അതിക്രമിച്ച് കയറി നിരപരാധികളായ സ്ത്രീകളെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തി, അവർ മരിക്കുമ്പോൾ മുന്നിലിരുന്ന് സ്വയംഭോഗം ചെയ്തു. എന്നാൽ ഈ വർഷങ്ങൾക്കിടയിൽ പോള ഒന്നുകൂടി പ്രസവിച്ചു. ഇത്തവണ ഒരു പെൺകുഞ്ഞായിരുന്നു. പോള രണ്ട് കുട്ടികളെയും നോക്കി വീട്ടമ്മയായി കഴിയുമ്പോൾ, റേഡർ ഒരു ഇലക്ട്രിക്കൽ ടെക്നീഷ്യനായി ജോലി ചെയ്തു. അയാൾക്ക് മക്കളെ ജീവനായിരുന്നു.
അവസാന കൊലപാതകത്തിന് ഏകദേശം 15 വർഷങ്ങൾക്ക് ശേഷമാണ് റേഡർ പിടിക്കപ്പെടുന്നത്. 2005 -ലായിരുന്നു അത്. കൊലപ്പെടുത്തിയ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഐഡികളും, ഫോട്ടോകളും വീട്ടിലെ ലോക്കറിൽ അയാൾ സൂക്ഷിച്ചിരുന്നു. പോള അത് കണ്ടെത്തിയിട്ടില്ലെങ്കിലും, പൊലീസ് കണ്ടെത്തി. തന്റെ ഭർത്താവ് ഒരു സീരിയൽ കില്ലറാണെന്ന് പോളയ്ക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിച്ചില്ല. എന്തോ തെറ്റ് പറ്റിയെന്ന് അവൾ ഉറച്ച് വിശ്വസിച്ചു. 'എന്റെ ഭർത്താവ് ആരെയും വേദനിപ്പിക്കില്ലെന്ന്' അവൾ ഉറക്കെ കരഞ്ഞു പറഞ്ഞു. എന്നാൽ 2005 ഫെബ്രുവരി 25-ന് റേഡറിന്റെ അറസ്റ്റിനെത്തുടർന്ന് എഫ്ബിഐ അവന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ തെളിവുകൾ എല്ലാം കണ്ടെടുത്തു. വൈകാതെ അയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ഇതോടെ പോള ആകെ തകർന്നു. അവൾ 2005 ജൂലൈ 26-ന് അടിയന്തിര വിവാഹമോചനത്തിന് അപേക്ഷിച്ചു. അന്ന് തന്നെ കോടതി അവൾക്ക് വിവാഹമോചനം അനുവദിച്ചു. ഒരു മാസത്തിനുള്ളിൽ, റേഡറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഒന്നും രണ്ടുമല്ല, പത്ത് എണ്ണം, അങ്ങനെ നോക്കുമ്പോൾ കുറഞ്ഞത് 175 വർഷം അയാൾ അഴിക്കുള്ളിൽ കിടക്കണം. സംഭവത്തിന് ശേഷം, പോളയും മക്കളും വീട് വിറ്റ്, മറ്റേതോ നഗരത്തിലേയ്ക്ക് ചേക്കേറി.
