സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ഖുദിറാം ബോസ്.
പുഞ്ചിരിച്ചുകൊണ്ട് തൂക്കുമരത്തിലേറിയ ധീരവിപ്ലവകാരികൾ നമുക്ക് ഏറെയുണ്ട്. അവരിൽ ഏറ്റവും പ്രായം കുറഞ്ഞവരിൽ പെടുന്നു ഖുദിറാം ബോസ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ബംഗാൾ വിഭജനത്തോടെ ജന്മം കൊണ്ട യുവ വിപ്ലവകാരികളിൽ പ്രമുഖൻ. പതിനെട്ടാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യസമര സേനാനി.
മേദിനിപ്പൂരിൽ തഹസിൽദാർ ത്രൈലോക്‌നാഥ് ബോസിന്റേയും ലക്ഷ്മീദേവിയുടെയും ഏകമകനായിരുന്നു ഖുദിറാം. രണ്ട് ആണ്മക്കളുടേയും മരണത്തിനും മൂന്ന് പെൺകുട്ടികൾക്കും ശേഷം പിറന്നവൻ. ഖുദിറാമിന്റെ ജീവൻ രക്ഷിക്കാൻ അമ്മ പ്രത്യേക പൂജകൾ ചെയ്തിരുന്നു. പക്ഷെ, മകൻ ശൈശവം പിന്നിട്ടപ്പോഴേക്കും അച്ഛനമ്മമാർ മരണപ്പെട്ടുപോയി. ചേച്ചിയുടെ സംരക്ഷണയിൽ വളർന്ന ഖുദിറാം അക്കാലത്ത് ബംഗാളിനെ ഇളക്കിമറിച്ച വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. അരവിന്ദ ഘോഷിന്റെയും സിസ്റ്റർ നിവേദിതയുടെയും പ്രസംഗങ്ങൾ അവനെ ആവേശഭരിതനാക്കി. ബ്രിട്ടീഷുഭരണത്തെ ബലം പ്രയോഗിച്ച് തുരത്താൻ പ്രതിജ്ഞ ചെയ്ത അനുശീലൻ സമിതിയിൽ അംഗമായി.
സ്വാതന്ത്ര്യസമരസേനാനികളോട് പ്രത്യേക പക വെച്ചുപുലർത്തിയ ആളായിരുന്നു അന്ന് കൽക്കത്ത ചീഫ് പ്രസിഡൻസി മജിസ്‌ട്രേറ്റ് ഡഗ്ലസ് കിങ്‌ഫോഡ്. ഇയാളെ എങ്ങിനെയും വകവരുത്താൻ വിപ്ലവകാരികൾ തീരുമാനിച്ചു. ഇതറിഞ്ഞ് അയാളെ സർക്കാർ ബിഹാറിലെ മുസാഫർപൂരിലേക്ക് സ്ഥലം മാറ്റി. പക്ഷെ ഖുദിറാം ബോസും സുഹൃത്ത് പ്രഫുല്ല ചാക്കിയും അയാളെ വധിക്കാനുള്ള നിയോഗം ഏറ്റെടുത്തു.
1908 ഏപ്രിൽ 30 രാത്രി. യൂറോപ്യൻ ക്ലബ്ബിൽ പതിവുള്ള ശീട്ട് കളിക്കും അത്താഴത്തിനും ശേഷം രണ്ടു കുതിരവണ്ടികളിലായി കിങ്‌ഫോഡും ഭാര്യയും അവരുടെ സുഹൃത്തായ ഒരു ബ്രിട്ടീഷ് വനിതയും അവരുടെ മകളും തിരിച്ചു. ക്ലബ്ബിന്റെ കിഴക്കേ ഗേറ്റിൽ കാത്തുനിന്ന ഖുദിറാമും പ്രഫുല്ലയും വണ്ടികൾക്ക് നേരെ ബോംബെറിഞ്ഞു. പക്ഷെ, ബോംബ് കൊണ്ടത് കിങ്‌ഫോഡിന്റെ വണ്ടിയിലല്ല, അദ്ദേഹത്തിന്റെ സുഹൃത്തും മകളും മരണപ്പെട്ടു.
സംഭവസ്ഥലത്ത് നിന്നും യുവാക്കൾ രണ്ടുപേരും രണ്ടുവഴിക്ക് രക്ഷപ്പെട്ടു. രാത്രിമുഴുവൻ 25 കിലോമീറ്ററോളം നടന്ന് വെള്ളം കുടിക്കാൻ സമഷ്ടിപൂരിലെ വൈനി റെയിൽവേസ്റേഷനിലെത്തിയ ഖുദിറാമിനെ പൊലീസ് പിടിച്ചു. പ്രഫുല്ലയാവട്ടെ പിടിയിലാകുന്നതിനു മുമ്പ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
രാഷ്ട്രത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചതായിരുന്നു ഖുദിറാമിന്റെ വിചാരണ. ഖുദിറാമിന്റെ അക്രമമാർഗ്ഗത്തെ മഹാത്മാ ഗാന്ധി അപലപിച്ചു. പക്ഷെ, തിലകൻ അഭിനന്ദിച്ചു. ചെറുപ്രായം പരിഗണിച്ച് ഖുദിറാമിന് മാപ്പ് നൽകണമെന്ന അഭ്യർത്ഥന അവഗണിക്കപ്പെട്ടു. അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിയായി. വിധി ഖുദിറാം പുഞ്ചിരിയോടെ സ്വീകരിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ട് താങ്കളെ ബോംബ് നിർമ്മാണം എങ്ങനെയെന്ന് പഠിപ്പിക്കാൻ താനൊരുക്കമാണെന്നായിരുന്നു ഖുദിറാമിന്റെ മറുപടി. വിലങ്ങണിഞ്ഞ് മുസാഫർപൂർ ജയിലിൽ എത്തിച്ച ഖുദിറാമിനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി. 1908 ആഗസ്ത് 11 -നു ഖുദിറാമിനെ തൂക്കിക്കൊന്നു.
ഖുദിറാം പിടിക്കപ്പെട്ട വൈനി റെയിൽവേ സ്റ്റേഷൻ ഇന്ന് സമഷ്ടിപൂരിലെ ഖുദിറാം ബോസ് സ്റ്റേഷനാണ്. ഖുദിറാം തൂക്കിക്കൊല്ലപ്പെട്ട മുസാഫാർപൂർ ജയിൽ ഖുദിറാം ബോസ് സ്മാരക ജയിൽ.
