Asianet News MalayalamAsianet News Malayalam

ശവക്കുഴി തോണ്ടി ശവങ്ങൾ പുറത്തെടുത്ത് വികൃതമാക്കിയിരുന്ന, രക്തം കുടിച്ചിരുന്ന കൊള്ളക്കാരനും കൊലയാളിയും

1971 ഏപ്രിൽ മുതലാണ് അയാൾ അതെല്ലാം പ്രാവർത്തികമാക്കാൻ ആരംഭിക്കുന്നത്. ജർമ്മനിയിലുടനീളമുള്ള ശ്മശാനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ അയാൾ മോഷ്ടിച്ചു. 

who is Kuno Hofmann
Author
America City, First Published Jul 3, 2021, 4:34 PM IST

70 -കളുടെ തുടക്കത്തിൽ, ജർമ്മനിയിലുടനീളമുള്ള ശ്മശാനങ്ങളെയും മോർച്ചറികളെയും ലക്ഷ്യം വച്ച് ഒരു ശവക്കുഴി കൊള്ളക്കാരനുണ്ടായിരുന്നു. മരിച്ചവരുടെ സ്വകാര്യ വസ്‌തുക്കൾ മോഷ്ടിക്കുക മാത്രമല്ല,  ശവശരീരങ്ങളെ പുറത്തെടുക്കുകയും വികൃതമാക്കുകയും അവയെ ഭോഗിക്കുകയും കടിച്ചുകീറുകയും ചെയ്തിരുന്ന ഒരു നരാധമനായിരുന്നു അയാൾ. അയാൾ രാത്രിയിൽ ശവക്കുഴികളിൽ നിന്ന് ശവശരീരങ്ങൾ പുറത്തെടുത്ത് അതിനെ കടിക്കുകയും, സ്ത്രീ ശവശരീരങ്ങളെ ഭോ​ഗിക്കുകയും ചെയ്തു. 

ചില ശരീരങ്ങൾ കത്തി ഉപയോഗിച്ച് മുറിക്കുകയോ, ശിരച്ഛേദം ചെയ്യുകയോ അല്ലെങ്കിൽ ഹൃദയം ചൂഴ്‌ന്നെടുക്കുകയോ ചെയ്യുമായിരുന്നു അയാൾ. 1971 -നും 1972 -നും ഇടയിൽ 35 ശവങ്ങളെങ്കിലും ഈ രീതിയിൽ കണ്ടെത്തി. ചിലപ്പോൾ അയാൾ ആ ശവങ്ങളെ ആളുകൾ കാണുന്നിടത്ത് കൊണ്ടുപോയി വയ്ക്കുമായിരുന്നു. വികൃത രൂപികളായ ആ ശവശരീരങ്ങൾ കണ്ട് ആളുകൾ പേടിച്ച് വിറച്ചു. മരണശേഷവും ആളുകളെ പിന്തുടർന്ന് പീഡിപ്പിക്കുന്ന ആ കൊലയാളി ആരായിരുന്നു? ആ ശവശരീരങ്ങളെ പിച്ചിച്ചീന്താൻ മാത്രം എന്തായിരുന്നു അയാളുടെ മനസ്സിൽ?

1972 മെയ് മാസത്തിലെ ഒരു രാത്രി, സെമിത്തേരിയിൽ കുഴിയെടുക്കുന്ന ഒരു ജോലിക്കാരൻ ഇരുട്ടിൽ ആരോ ഒരു ശവശരീരത്തെ ചുംബിക്കുന്നതായി കണ്ടു. അത് കണ്ട് തടയാനായി അയാൾ ഓടി എത്തിയപ്പോഴേക്കും കുറ്റവാളി തോക്കെടുത്ത് അയാൾക്കുനേരെ വെടിയുതിർത്തു. എന്നാൽ, കുറ്റവാളിയ്ക്ക് ഉന്നം തെറ്റി, ജോലിക്കാരൻ രക്ഷപ്പെട്ടു. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അയാൾ രാത്രി നടന്ന സംഭവങ്ങൾ പൊലീസിന് മുമ്പാകെ ബോധിപ്പിച്ചു. അങ്ങനെ അവർ അന്വേഷണം ആരംഭിച്ചു. ഒടുവിൽ കുറ്റവാളിയെ പിടികൂടി. ബധിരനും മൂകനുമായ ഒരു തൊഴിലാളിയായിരുന്നു കുറ്റവാളി. കുനോ ഹോഫ്മാൻ എന്നായിരുന്നു അയാളുടെ പേര്. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ, വിചിത്രവും മാരകവുമായ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വന്നു.    

1931 -ൽ ജനിച്ച കുനോ ഹോഫ്മാന്റെ കുട്ടിക്കാലം ദുരിതപൂർണമായിരുന്നു. മദ്യപാനിയായ പിതാവിന്റെ കഠിനമായി മർദ്ദിനമേറ്റ് അയാളുടെ കേൾവിശക്തിയും, സംസാരശേഷിയും നഷ്ടപ്പെട്ടു. കടുത്ത മാനസികപ്രശ്നങ്ങൾക്ക് ഉടമയായിരുന്ന അയാളെ ഭ്രാന്തനായി കണക്കാക്കി. ജീവിതകാലം മുഴുവനും പല പല മാനസിക അഭയകേന്ദ്രത്തിൽ അയാൾ കഴിഞ്ഞു. എന്നാൽ മൊത്തം 12 തവണ അവിടങ്ങളിൽ നിന്ന് അയാൾ രക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് ഒരു മോഷണക്കേസിൽ ഒൻപത് വർഷം തടവിലായിരുന്ന സമയത്താണ് അയാൾ മന്ത്രവാദത്തിലേക്ക് തിരിയുന്നത്.  സെയ്‌റ്റനിസത്തെയും ഇരുണ്ട ശക്തികളെയും ബ്ലാക്ക് മാജിക്കിനെയും കുറിച്ച് ഹോഫ്മാൻ പഠിക്കാൻ ആരംഭിച്ചു. 

1971 ഏപ്രിൽ മുതലാണ് അയാൾ അതെല്ലാം പ്രാവർത്തികമാക്കാൻ ആരംഭിക്കുന്നത്. ജർമ്മനിയിലുടനീളമുള്ള ശ്മശാനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ അയാൾ മോഷ്ടിച്ചു. പുറത്തെടുത്ത സ്ത്രീ മൃതദേഹങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ തെളിവുകൾ പൊലീസിന് കിട്ടി. അഞ്ച് മൃതദേഹങ്ങൾ പുറത്തെടുത്ത് കടിച്ചുകീറിയ അവസ്ഥയിൽ കണ്ടെത്തി. പുതിയ ഇരകളെ തേടി ഹോഫ്മാൻ വെറളിപിടിച്ച് നടന്നു. മൂന്ന് ഇരകളെ വെടിവച്ച് കൊന്നു. അവരുടെ രക്തം കുടിക്കുകയും ശവശരീരങ്ങളെ ഉപദ്രവിക്കുകയും ചെയ്തു. ഇതെല്ലാം അയാളെ കൂടുതൽ സുന്ദരനും ആരോഗ്യവാനുമാക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു.

ഇതിനായി അയാൾ സ്ത്രീകളുടെ രക്തം കുടിക്കുകയും, ശരീരത്തിന് മുകളിൽ പ്രാകൃത ആചാരങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ഒടുവിൽ അയാൾ പിടിക്കപ്പെട്ടു. വിചാരണയിൽ അയാൾക്ക് ഭ്രാന്താണെന്ന വാദം വിലപ്പോയില്ല. അയാളെ കോടതി  ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അയാളെ പിടികൂടാതിരുന്നുവെങ്കിൽ ആ കൊലപാതക പരമ്പര തുടരുമായിരുന്നുവെന്ന് അയാൾ പിന്നീട് തുറന്ന് പറയുകയുണ്ടായി. സ്ത്രീകളുടെ രക്തം കുടിച്ചിരുന്ന അയാളെ ന്യൂറാംബർഗിലെ വാമ്പയർ എന്നാണ് വിളിച്ചിരുന്നത്. ചില വിവരണമനുസരിച്ച്, തടവിലാക്കുന്നതിന് മുൻപ് അയാൾ അവസാനമായി അഭ്യർത്ഥിച്ചത് ഒരു കന്യകയുടെ രക്തം കുടിക്കാനായിരുന്നു. തീർത്തും വികലമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു അയാൾ. 

(ചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios