ഈജിപ്തിലെ അറിയപ്പെടുന്ന ഒരു മുതിർന്ന പത്രപ്രവർത്തകനാണ് മുഹമ്മദ് മോനിർ എന്ന അറുപത്തഞ്ചുകാരൻ. ജൂൺ 15 -നാണ് 'വ്യാജവാർത്ത പ്രസിദ്ധീകരിച്ചു ' എന്ന കുറ്റം ചുമത്തി ഈജിപ്ഷ്യൻ പൊലീസ്  മോനിറിനെ റിമാൻഡിൽ കെയ്റോയിലെ ടോറ പ്രിസൺ കോംപ്ലക്സിലേക്ക് പറഞ്ഞയച്ചത്. അൽ ജസീറ ചാനലിന് അഭിമുഖം അനുവദിച്ചതിന്റെ പേരിലാണ് മോനിറിനെതിരെ ഈജിപ്ഷ്യൻ സർക്കാർ നടപടി കൈക്കൊണ്ടത്. സർക്കാർ 2013 മുതൽ നിരോധിച്ച ചാനലുകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട് അൽ ജസീറയെ.

ജുഡീഷ്യൽ കസ്റ്റഡിയിൽ കുറച്ചു ദിവസത്തേക്ക് പോലും ജയിലിലേക്കയക്കുന്നത് വധശിക്ഷ നൽകുന്നതിന് തുല്യമാണ് എന്ന് 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ്‌' എന്ന ഈജിപ്ഷ്യൻ പത്രപ്രവർത്തകസംഘടന പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യം വളരെ മോശമായതിനെത്തുടർന്ന് വിചാരണത്തടവിൽ നിന്ന് മോചിപ്പിച്ച് മോനിറിനെ ആശുപത്രിയിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഈജിപ്ഷ്യൻ ജേർണലിസ്റ്റ്‌സ്‌ സിൻഡിക്കേറ്റ് പ്രതിനിധി ദിയാ റഷ്‌വാൻ ഫേസ്‌ബുക്കിലൂടെ തങ്ങളുടെ സഹപ്രവർത്തകന്റെ വിയോഗം സ്ഥിരീകരിച്ചു. 

 

 

2013 -ൽ ഈജിപ്തിലെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ സംഭവവികാസത്തിനു പിന്നാലെയാണ് മുസ്ലിം ബ്രദർഹുഡിന് വേദി നൽകി എന്നാരോപിച്ചുകൊണ്ട്‌ ഈജിപ്ഷ്യൻ ഗവൺമെൻറ് അൽ ജസീറ ചാനൽ രാജ്യത്ത് നിരോധിക്കുന്നത്.

അൽ ജസീറ ചാനലിന് മോനിർ അനുവദിച്ച അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ഈജിപ്ഷ്യൻ പൊലീസ് മോനിറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മൂന്നു കുറ്റങ്ങളാണ് ആദ്യം തന്നെ പ്രോസിക്യൂഷൻ ചുമത്തിയത്. ഒന്ന്, വ്യാജവാർത്ത പ്രചരിപ്പിച്ചു. രണ്ട്, ഭീകരസംഘടനയിൽ അംഗമായി. മൂന്ന്, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തു. സീനിയർ സിറ്റിസൺ ആണെന്ന പരിഗണന പോലും നൽകാതെ ജയിലിലിട്ട് പീഡിപ്പിച്ചതുകൊണ്ടാണ് മോനിർ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കടുത്ത പ്രമേഹവും രക്താതിസമ്മർദ്ദവും അലട്ടിയിരുന്ന മോനിറിന് കൃത്യമായി മറന്നോ ഭക്ഷണമോ ലഭ്യമായിരുന്നില്ല എന്നും പരാതിയുണ്ട്. 

ഈജിപ്തിൽ നിരവധി പത്രപ്രവർത്തകരും മനുഷ്യാവകാശ സംഘടനക്കാരും വളരെ അവ്യക്തമായ കുറ്റങ്ങൾ ചുമത്തപ്പെട്ട് വർഷങ്ങളോളം വിചാരണത്തടവിൽ കഴിയുന്നുണ്ട്. ഈജിപ്തിൽ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ തടവുപുള്ളികളെ കുത്തിനിറച്ചിരിക്കുന്ന രാജ്യത്തെ  ജയിലുകളിൽ 'സൂപ്പർസ്‌പ്രെഡ്‌' ഉണ്ടായേക്കും എന്ന ഭീതിയിലാണ് തടവുകാരുടെ ബന്ധുക്കൾ. 

 

 

മുബാഷിർ ടിവി എന്ന ഓൺലൈൻ പോർട്ടലിനു വേണ്ടി പ്രതിഫലം കൈപ്പറ്റിക്കൊണ്ട് എഴുതുന്നു എന്ന ഒരു ആരോപണം അടുത്തിടെ മോനിറിനെതിരെ സർക്കാർ അനുകൂലികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അതിനോടുള്ള പ്രതികരണമാണ് അൽജസീറ വീഡിയോ കോളിലൂടെ മോനിറിൽ നിന്നെടുത്തതും പ്രസിദ്ധപ്പെടുത്തിയതും. അതിൽ താൻ  അൽജസീറയുടെ മുബാഷിർ ടിവിക്കു വേണ്ടി മാത്രമല്ല, സൗദിയിലെ അഷർക്ക്, കുവൈത്തിലെ അൽ കബ്ബാസ്, അൽ ഖലീജ് എന്നിങ്ങനെ പല പോർട്ടലുകൾക്കും വേണ്ടി താൻ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് ഫ്രീലാൻസ് ചെയ്തുവരുന്നുണ്ട്, അതിൽ എന്താണ് നിയമവിരുദ്ധമായിട്ടുള്ളത് എന്നായിരുന്നു മോനിറിന്റെ പ്രതികരണം. അറസ്റ്റിൽ ആകും മുമ്പ് പൊലീസ് കമാൻഡോ സംഘം തന്റെ വീട് റെയ്ഡ് ചെയ്യുന്നതിന്റെ വീഡിയോയും മോനിർ പോസ്റ്റ് ചെയ്തിരുന്നു. ആദ്യം പൊലീസ് വന്നപ്പോൾ മോനിർ സ്ഥലത്തുണ്ടായിരുന്നില്ല.വാതിൽ തകർത്ത് അകത്തുകയറിയ സംഘം അന്ന് മോനിറിന്റെ വീടിനുള്ളിലെ പലതും നശിപ്പിച്ചിട്ടാണ് സ്ഥലം വിട്ടത്.

 

 

സർക്കാർ ഏതൊക്കെ തരത്തിൽ വേട്ടയാടാൻ ശ്രമിച്ചാലും, ഇന്നോളം എഴുതിയതിലും പറഞ്ഞതിലുംതാൻ ഉറച്ചു നിൽക്കുന്നു എന്നാണ് അവസാനമായി പുറത്തുവന്ന വിഡിയോയിൽ മോനിർ വ്യക്തമാക്കുന്നത്. "എന്നെ ആർക്കും ഭീഷണിപ്പെടുത്താനോ, എന്റെ ശൈലി മാറ്റിക്കാനോ ഇനി എന്തായാലും കഴിയില്ല. എനിക്ക് അറുപത്തഞ്ചു വയസ്സായി. എന്നുവെച്ചാൽ ഞാൻ മരണത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ദൈവത്തെ ഇനി ഏത് നിമിഷവും കാണാൻ മാനസികമായി തയ്യാറെടുത്ത് നിൽക്കുന്നവനാണ് ഞാൻ. ദൈവവുമായി സംഗമിക്കാൻ, സംവദിക്കാൻ ഉത്സുകരായി നിൽക്കുന്നവരെ നിങ്ങൾക്ക് ഭീഷണികളാൽ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ സാധിക്കില്ല സ്നേഹിതരേ..! " എന്നാണ് അദ്ദേഹം തന്റെ വീഡിയോ ഉപസംഹരിച്ചത്. ആ വാക്കുകൾ അറംപറ്റുന്നതായിപ്പോയി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സംഭവിച്ച മോനിറിന്റെ അവിചാരിതമരണം.