#MohanWedsPooja എന്ന ഹാഷ്‌ടാഗോടെ 'എക്സിൽ' തരംഗമായ മോഹനും പൂജയും. ആരാണവര്‍? അതാണിപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ന് 'എക്സ്' (ട്വിറ്റർ) തുറന്നപ്പോൾ പലരേയും ഞെട്ടിച്ചത് ഈ ദമ്പതികളാണ്. രാഷ്ട്രീയക്കാരോ, സിനിമാ താരങ്ങളോ, ക്രിക്കറ്റ് കളിക്കാരോ ഒന്നുമല്ല ട്രെൻഡിംഗിൽ മുന്നിലെത്തിയ ഈ ദമ്പതികൾ. പകരം രണ്ട് സാധാരണക്കാരാണ് #MohanWedsPooja എന്ന ഹാഷ്‌ടാഗോടെ ഇന്ത്യയിലുടനീളം തരംഗമായിരിക്കുന്നത്. ഇന്നലെവരെ ആരും അറിയാതിരുന്ന മോഹനും പൂജയും ഇന്ന് ഇന്റർനെറ്റിലെ ചർച്ചാവിഷയമായി മാറിയതെങ്ങനെയാണ്?

ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വലിയൊരു ആഘോഷം പോലെയാണ് പൂജയുടെയും മോഹന്‍റെയും വിവാഹം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അവരില്‍ പലരും ആരാണ് ഈ ദമ്പതികള്‍ എന്ന് അന്തംവിട്ടിരിക്കയാണ്. ഡെൽഹിയിൽ സോഫ്റ്റ്‌വെയർ വിദഗ്ധനായ മോഹൻ ആണ് ഇതിലെ നായകൻ. ഓൺലൈനിൽ നിരവധി ട്രെൻഡിംഗ് ക്യാമ്പയിനുകൾക്ക് പിന്നിൽ പ്രവർത്തിച്ച ആള് കൂടിയാണ് മോഹന്‍. മുംബൈയിൽ ഫാഷൻ രംഗത്ത് ജോലി ചെയ്യുന്ന പൂജയാണ് മോഹന്റെ വധു.

2023 -ൽ മുംബൈയിലെ ഒരു കോഫി ഷോപ്പിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അവിടെ വെച്ച് മോഹന്റെ കയ്യിൽ നിന്ന് ലാപ്ടോപ്പ് താഴെ വീണു. അത് എടുത്തു നൽകിയ പൂജ തമാശയായി പറഞ്ഞത് ഇങ്ങനെ; 'ഇതൊരു കോഡിംഗ് അല്ല, ഇതൊരു ഹാർട്ട്ബ്രേക്കാണ്'. ആ തമാശയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറി. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം മഴയുള്ള ഒരു ദിവസം മോഹൻ പൂജയോട് വിവാഹാഭ്യർത്ഥന നടത്തി. അതിനോട് 'യെസ്' പറയുമ്പോൾ പൂജയ്ക്ക് ഒരു കണ്ടീഷനുണ്ടായിരുന്നു. 'നമ്മുടെ കല്യാണം എക്സിൽ (ട്വിറ്റർ) ട്രെൻഡിംഗ് ആവണം'. അങ്ങനെയാണ് ആ വിവാഹം എക്സിലിപ്പോൾ ട്രെൻഡായിരിക്കുന്നത്. #MohanWedsPooja ഹാഷ്‍ടാ​ഗ് ശ്രദ്ധയിൽ പെട്ടതോടെ പലരും ഇതാരാണ് എന്ന് അന്വേഷിച്ച് തുടങ്ങി. അതോടെ മോഹനും പൂജയും വൈറലായി.

Scroll to load tweet…

ആകപ്പാടെ കൺഫ്യൂഷനായ നെറ്റിസൺസ് ആരാണീ പൂജയും മോഹനും എന്നാണ് തിരക്കിയത്. 'എന്തുകൊണ്ടാണ് മോഹൻ വെഡ്‌സ് പൂജ ഇന്ന് ഇന്ത്യയിൽ ഒന്നാമത് ട്രെൻഡ് ചെയ്യുന്നത്' എന്ന് പലരും കുറിച്ചു. അതേസമയം, ഇരുവർക്കും വേണ്ടി കമന്റിട്ടവരും കുറവല്ല. 'Lil_monu-വിനെ (മോഹൻ) സംബന്ധിച്ച് തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് പ്രോജക്റ്റ് സ്വന്തം വീട്ടിൽ തന്നെ തുടങ്ങുന്നു' എന്ന് ആരാധകർ കുറിച്ചു. എന്തായാലും പൂജയുടെ ആ​ഗ്രഹം പോലെ ഹാഷ്ടാ​ഗ് ക്ലിക്കായി. വിവാഹം ട്രെൻഡുമായി.