ഒരു ഇന്ത്യന്‍ എയര്‍ ഫോഴ്‍സ് ഓഫീസറുടെ മകനായി ശ്രീനഗറില്‍ ജനനം. സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ പഠനം, അന്ന് ജൂനിയര്‍ ഡേവിസ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍... ഇതൊക്കെയാണ് പരമേശ്വരന്‍ അയ്യര്‍ എന്ന മനുഷ്യന്‍. തീര്‍ന്നില്ല, ഇന്ത്യയുടെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടോയിലെറ്റ് നിര്‍മ്മിച്ച വ്യക്തി, പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍. ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലാകെയായി 11 കോടി ടോയിലെറ്റുകളാണ് ആറ് ലക്ഷം വരുന്ന ആളുകളുടെ സഹായത്തോടെ സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി പരമേശ്വരന്‍ അയ്യര്‍ നിര്‍മ്മിച്ചത്. 600 വിദഗ്ധരായ യുവ പ്രൊഫഷണലുകളാണ് കൂടെയുണ്ടായത്. ടാറ്റാ ട്രസ്റ്റാണ് സാമ്പത്തികം നല്‍കുന്നത്. 

വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയിലേക്ക്... 
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, നരേന്ദ്രമോദി സ്വച്ഛ് ഭാരത് മിഷന്‍ പ്രഖ്യാപിച്ച സമയം... 2014 ആഗസ്ത് 15 -നാണത്. അന്ന്, പരമേശ്വരന്‍ അയ്യര്‍ ഹനോയിലിരുന്ന് അത് കാണുന്നുണ്ട്. വേള്‍ഡ് ബാങ്കില്‍ ജോലി ചെയ്യുകയാണ് അദ്ദേഹമന്ന്. അന്ന് പരമേശ്വരന്‍ അയ്യര്‍ തന്‍റെ ഭാര്യയോട് പറയുന്നുണ്ട്, ഇന്ത്യയിലേക്ക് തിരികെപ്പോയി ഈ സ്വച്ഛ് ഭാരത് മിഷനില്‍ പങ്കാളിയാവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന്. 

അന്നത് ആഗ്രഹമായി പറഞ്ഞതാണെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് സംഭവിച്ചു. 1981 ബാച്ച് ഐഎഎസ് ഓഫീസറായിരുന്ന പരമേശ്വരന്‍ അയ്യര്‍ ലോകബാങ്കില്‍ ഒരു ജോലി കിട്ടിയതിനെ തുടര്‍ന്നാണ് തന്‍റെ ഐഎഎസ് ജീവിതം വിടുന്നത്. എന്നാല്‍,  2016 -ല്‍ അദ്ദേഹത്തിന് ഒരു വിളിവരുന്നു. ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഡ്രിങ്കിങ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷനില്‍ സെക്രട്ടറിയായി ജോയിന്‍ ചെയ്യാമോ എന്നും ചോദിച്ചുകൊണ്ടായിരുന്നു വിളിവന്നത്. അന്നുതൊട്ട് ആ 60 വയസ്സുകാരന്‍ സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ യോടിലെറ്റ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. അതുപോലെതന്നെ പ്രധാനമന്ത്രിയുടെ മറ്റൊരു പ്രിയപ്പെട്ട പദ്ധതിയായ 'ജല്‍ ജീവന്‍ മിഷ'യുടെ അധിക ഉത്തരവാദിത്വം കൂടി പരമേശ്വര്‍ അയ്യരെ ഏല്‍പ്പിച്ചിട്ടുണ്ട്. 2024 ആവുമ്പോഴേക്കും എല്ലാ വീടുകളിലും വെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്.  

വേള്‍ഡ് ബാങ്കിന്‍റെ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ സ്പെഷ്യലിസ്റ്റ് ആയിരുന്നു പരമേശ്വരന്‍ അയ്യര്‍. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പരം എന്ന് അറിയപ്പെടുന്ന അദ്ദേഹം തന്‍റെ കഴിവും ആത്മാര്‍ത്ഥതയും കൊണ്ട് സമ്മതനായിരുന്നു. സ്വജല്‍ പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. വേള്‍ഡ് ബാങ്കിലെ ജോലിയുടെ ഭാഗമായി വിയറ്റ്നാം, ചൈന, ഈജിപ്‍ത്, ലെബനന്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ സെക്ടറില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് പരമേശ്വരന്‍ അയ്യര്‍ക്ക്.