ദില്ലി യൂണിവേഴ്സിറ്റിയിലെ പെൺകുട്ടികളുടെ ഒരു വിദ്യാർത്ഥി കൂട്ടായ്മയാണ് 'പിഞ്ജ്‌‌റാ തോഡ്' എന്നപേരിൽ അറിയപ്പെടുന്നത്. ഹിന്ദിയിൽ 'പിഞ്ജ്‌‌റാ ' എന്ന പദത്തിന്റെ അർഥം 'കൂട് ' എന്നാണ്. 'തോഡ്' എന്നുവെച്ചാൽ തകർക്കൂ എന്നാണ് അർഥം. അതായത് കൂടുകൾ തകർക്കൂ എന്നർത്ഥം. സമൂഹത്തിൽ മുന്നേറാൻ അനുവദിക്കാതെ പൂട്ടിയിടുന്ന സാമൂഹികമായ ബന്ധനങ്ങളുടെ കൂടുകൾ തകർത്തെറിഞ്ഞ്, സ്വാതന്ത്യത്തിലേക്ക് നടക്കാനാണ് ഈ സംഘടനയുടെ ആക്ടിവിസ്റ്റുകൾ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നത്.  പ്രസ്തുത സംഘടനയുടെ രണ്ടു പ്രവർത്തകരെ രണ്ടു ദിവസത്തിനിടെ രണ്ടാം വട്ടം അറസ്റ്റു ചെയ്തിരിക്കുകയാണ് ദില്ലി പൊലീസ്.

 

'ദേവാംഗന കലിത, നടാഷാ നേവാൾ'

മെയ് 23 ഞായറാഴ്ചയാണ് ഈ സംഘടനയുടെ സജീവ പ്രവർത്തകരായ ദേവാംഗന കലിത, നടാഷാ നേവാൾ എന്നിവരെയാണ് ദില്ലി പൊലീസ് സ്‌പെഷ്യൽ സെൽ കഴിഞ്ഞ ഫെബ്രുവരി 24 -ന് ജഫ്രാബാദിൽ നടന്ന കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യപ്പെട്ട എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്.  ദില്ലിയിൽ കലാപമുണ്ടാവാൻ കാരണമായി എന്നാണ് പൊലീസിന്റെ ആരോപണം. ജെഎൻയുവിലെ റിസർച്ച് സ്കോളർമാരായ ഇരുവരും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെയും ഭാഗമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിന് തടസ്സം നിന്നു എന്നൊക്കെയുള്ള കുറ്റങ്ങളാണ് ആദ്യഘട്ടത്തിൽ പൊലീസ് ആരോപിച്ചിരുന്നത്. 

ഇന്ന് ഈ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അജിത് നാരായൺ ആയിരുന്നു വാദം കേട്ടത്. ഇവർക്ക് ജാമ്യം നൽകരുത് എന്ന ദില്ലി പൊലീസിന്റെ അദ്ദേഹം തള്ളി. "വസ്തുതകൾ പരിശോധിച്ചതിൽ നിന്ന് കോടതിക്ക് മനസ്സിലായത് കുറ്റാരോപിതർ യാതൊരു വിധത്തിലുള്ള അക്രമങ്ങൾക്കും മുതിർന്നിരുന്നില്ല എന്നാണ്. അവർ സമൂഹത്തിൽ ആദരിക്കപ്പെടുന്ന കുടുംബങ്ങളിൽ നിന്നും വന്നിട്ടുള്ള, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവരാണ്. അവർ പൊലീസുമായി സഹകരിക്കാനും തയ്യാറാണ്. ആ നിലയ്ക്ക് ജാമ്യം കൊടുക്കുന്നതിൽ തെറ്റില്ല. " എന്നാണ് കോടതി നിരീക്ഷിച്ചത്. കൊവിഡ് സാഹചര്യം വഷളായി ഇരിക്കുന്ന ഈ ഘട്ടത്തിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുന്നതിനെ എതിർക്കുന്നു എന്നാണ് ആദ്യത്തെ തവണ  കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ്  നാരായൺ പറഞ്ഞത്. ഇരുവരെയും കോടതി ജാമ്യത്തിൽ വിട്ടയച്ചു. 

 

 

എന്നാൽ, കോടതിയിൽ നിന്ന് പുറത്തിറങ്ങി അധികം താമസിയാതെ തന്നെ ഇരുവരെയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി പിടികൂടി. ഇത്തവണ ദില്ലി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു എഫ്‌ഐആർ ആണ് ഇവരുടെ പേർക്ക് ഇട്ടത്.  നേരത്തെ അവർക്ക് ജാമ്യം അനുവദിച്ച അതേ ജഡ്ജിക്ക് മുന്നിൽ തന്നെ ക്രൈം ബ്രാഞ്ച് രണ്ടാമത്തെ ചാർജ് ഷീറ്റിലും അവരെ ഹാജരാക്കി. ഇത്തവണ സെക്ഷൻ 147 (കലാപമുണ്ടാക്കുക), 353 (ഗവ. ഉദ്യോഗസ്ഥനെ കൃത്യനിർവ്വഹണത്തിൽ നിന്ന് തടയുക), 307 (കൊലപാതകശ്രമം), 302 (കൊലപാതകം) എന്നീ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ഈ രണ്ടു പെൺകുട്ടികൾക്കും മേൽ ചുമത്തിയിട്ടുള്ളത്. ആംസ് ആക്ട്, പ്രിവൻഷൻ ഓഫ് ഡാമേജ് റ്റു പബ്ലിക് പ്രോപ്പർട്ടി ആക്ട് തുടങ്ങിയ വകുപ്പുകളിലെ പ്രസക്തമായ വകുപ്പുകൾ എന്നിവയും ചുമത്തിയിട്ടുണ്ട് ക്രൈം ബ്രാഞ്ച്. ചെയ്ത കുറ്റങ്ങളെക്കുറിച്ച് തെളിവുകൾ ശേഖരിക്കാൻ വേണ്ടി ഈ യുവതികളെ കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും, അവരെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ മാത്രമേ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടൂ എന്നും ക്രൈം ബ്രാഞ്ച് വാദിച്ചപ്പോൾ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചുകൊണ്ട് ജഡ്ജി ഉത്തരവിടുകയായിരുന്നു.

എന്താണ് ഈ 'പിഞ്ജ്‌‌റാ തോഡ്' ഗ്രൂപ്പ് 

കോളേജ് ഹോസ്റ്റലുകൾ ഏർപ്പെടുത്തുന്ന കരിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ വേണ്ടി ദില്ലിയിലെ പല കോളേജുകളിലെയും പെൺകുട്ടികൾ ചേർന്നുണ്ടാക്കിയ ഒരു സംഘടനയാണ് 'പിഞ്ജ്‌‌റാ തോഡ്' എന്നത്. ഇതിൽ കോളേജുകളിൽ ഇപ്പോൾ പഠിക്കുന്നവരും പൂർവ വിദ്യാർത്ഥികളും ഒക്കെ അംഗങ്ങളാണ്.

 

 

2015 -ലാണ് സംഘടനയുടെ തുടക്കം. അക്കൊല്ലം വേനലവധി കഴിഞ്ഞ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ക്‌ളാസുകൾ തുടങ്ങിയപ്പോൾ ജാമിയ മിലിയയിലെ പെൺകുട്ടികൾ ഒരു നോട്ടീസ് ശ്രദ്ധിച്ചു. ഇനിമുതൽ രാത്രി എട്ടുമണിക്കുള്ളിൽ ഹോസ്റ്റലിൽ കയറിക്കൊള്ളണം. വൈകിവരാനുള്ള അനുവാദത്തിന് അപേക്ഷിക്കാൻ പാടില്ല. ഈ വിഷയത്തിൽ ഇടപെട്ട ദില്ലി വനിതാ കമ്മീഷൻ ആ പുതിയ നിയമത്തെ ചോദ്യം ചെയ്തു. അതോടെ ജാമിയയിലെ ചില പെൺകുട്ടികൾ, സമാനമായ സ്ത്രീ സ്വാതന്ത്ര്യ വിഷയങ്ങളിൽ ജാമിയയിൽ മാത്രമല്ല, ദില്ലി യൂണിവേഴ്സിറ്റിയിൽ ആകെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി ഒരു സംഘടന ഉണ്ടാകേണ്ടതുണ്ട് എന്നു തിരിച്ചറിഞ്ഞു.

അന്ന് അവർ ജാമിയയിലെ ആ കര്‍‌ഫ്യൂ വിഷയം എടുത്തിട്ടുകൊണ്ട് പ്രതിഷേധിച്ചു. ഒപ്പം വിദ്യാർത്ഥിനികളുടെ മറ്റു വിഷയങ്ങളിലേക്കും ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ആ കൂട്ടായ്മയ്ക്ക് കിട്ടിയ പേരാണ് 'പിഞ്ജ്‌‌റാ തോഡ്' എന്നത്. ഇതിൽ ദില്ലിയൂണിവേഴ്സിറ്റിയിലെ ജാമിയ മിലിയ ഇസ്ലാമിയ, മിറാൻഡാ ഹൗസ്, അംബേദ്‌കർ സർവകലാശാല, ഹിന്ദു കോളേജ്, ലേഡി ശ്രീറാം കോളേജ്, സെന്റ്  സ്റ്റീഫൻസ് കോളേജ്, ഡൽഹി ടെക്നിക്കൽ സർവകലാശാല എന്നിവർ അംഗങ്ങളാണ്.  രാജ്യത്തിന്റെ പല ഭാഗങ്ങളിലെ കോളേജുകളിലെ വിദ്യാർത്ഥിനികളും അവരവരുടെ ഹോസ്റ്റലുകളുമായും , കോളേജ് അധികാരികളുമായും  ഒക്കെ ഉള്ള  സ്വാതന്ത്ര്യ പ്രശ്നങ്ങളിൽ പ്രതിഷേധമുണ്ടാകുമ്പോൾ എടുത്തിടുന്ന ആദ്യത്തെ വാക്ക് 'പിഞ്ജ്‌‌റാ തോഡ്' എന്നു തന്നെയാണ്. അത് ഒരർത്ഥത്തിൽ ദില്ലിയിലെ പെൺകുട്ടികളുടെ മുന്നേറ്റത്തിന് കിട്ടിയ അംഗീകാരം തന്നെയാണ് എന്നവർ കരുതുന്നു.
 


 

2015 മുതൽ ദില്ലിയിലെ വിദ്യാർത്ഥിനികളുടെ സ്വാഭിമാനത്തിനും, സ്വാതന്ത്ര്യത്തിനുമായി നിരവധി പ്രകടനങ്ങളും, ഗ്രാഫിറ്റി പെയിന്റിങ്ങുകളും, സമരങ്ങളും ഒക്കെ പിഞ്ജ്‌‌റാ തോഡ് നടത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മോദി സർക്കാരിനെതിരെ നിലപാടെടുത്തതിന്റെ പേരിലാണ് ഈ വിദ്യാർത്ഥിനികളുടെ സംഘടന ഈ അവസരത്തിൽ വീണ്ടും കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നത്. തങ്ങളുടെ കക്ഷികൾ യാതൊരു കുറ്റവും ചെയ്തതല്ലെന്നും, അവരെ ബോധപൂർവം വേട്ടയാടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന്‌ പിഞ്ജ്‌‌റാ തോഡ്ന്റെ  അഭിഭാഷകർ പറഞ്ഞു.