കുന്നത്തുപറമ്പിൽ രാമകൃഷ്ണൻ എന്ന BSNL കാഷ്വൽ ജീവനക്കാരൻ ഇന്നലെ നിലമ്പൂർ എക്സ്ചേഞ്ചിലെക്ക് വന്നത് മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ മുപ്പതുവർഷമായി ടെലിഫോൺസ് ഡിപ്പാർട്ട്‌മെന്റിലെ പാർട്ട് ടൈം തൂപ്പുകാരനായിരുന്നു രാമകൃഷ്ണൻ. താത്കാലിക ജീവനക്കാരനായിരുന്ന രാമകൃഷ്ണന് കഴിഞ്ഞ പത്തുമാസമായി  ചെയ്യുന്ന ജോലിക്കുള്ള ശമ്പളം കിട്ടുന്നില്ലായിരുന്നു. 

എണ്ണായിരത്തോളം സ്ഥിരം ജീവനക്കാർക്ക് പുറമെ, ഹൗസ്‌ കീപ്പിംഗ്, ഡാറ്റ എൻട്രി, വാച്ച് മാൻ, കേബിൾ ജോയിനർ എന്നിങ്ങനെ പല വിഭാഗങ്ങളിലായി കേരളത്തിൽ ഏതാണ്ട് ഏഴായിരത്തോളം കരാര്‍ ജീവനക്കാരുമുണ്ട് കേരളത്തിൽ മാത്രമായി BSNL -ന്. വലതുകൈക്ക് സ്വാധീനകുറവുള്ള രാമകൃഷ്‌ണൻ എന്ന അമ്പത്തിരണ്ടുകാരനെ ജോലിയിലെ അസ്ഥിരാവസ്ഥ ഏറെ അലട്ടിയിരുന്നു. തന്റെ ജീവിതത്തിന്റെ സുവർണകാലം ഈ സ്ഥാപനത്തിനുവേണ്ടി ചെലവഴിച്ച രാമകൃഷ്ണന് ശാരീരികപരിമിതി കാരണം മറ്റൊരു തൊഴിലെടുക്കാൻ വാർധക്യത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ വേളയിൽ ആകുമായിരുന്നില്ല. ഭാര്യക്ക് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും കോളേജിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏജൻസികൾ മാറിമാറി കോൺട്രാക്ട് പിടിച്ചിരുന്നപ്പോഴും, കാഷ്വൽ ജോലിക്കാരെ അവരൊക്കെ നിലനിർത്തിപ്പോന്നിരുന്നു. ശമ്പളം അത്രയ്ക്കധികമൊന്നുമില്ലായിരുന്നു എങ്കിലും പിഎഫും ഇഎസ്‌ഐയും മറ്റും ഉണ്ടായിരുന്നതാണ് രാമകൃഷ്ണനടക്കമുള്ള കരാർ ജീവനക്കാരെ സ്ഥാപനത്തിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചിരുന്നത്. 

2019  ജനുവരിയോടെ കരാർ ജീവനക്കാരുടെ ജീവിതങ്ങളിൽ BSNL എന്ന സ്ഥാപനത്തിന്റെ അരിഷ്ടതകളുടെ കരിനിഴൽ വീഴാൻ തുടങ്ങി. കേന്ദ്രത്തിൽ നിന്ന് ഫണ്ട് വരുന്നില്ല എന്ന പേരും പറഞ്ഞ് ഓഫീസുകളിലെ മാനേജർമാർ ഏജൻസികളുടെ പേയ്‌മെന്റ് മുടക്കാൻ തുടങ്ങി. ആഴ്ചയിൽ ആറുദിവസം, ദിവസേന എട്ടുമണിക്കൂർ വീതമുണ്ടായിരുന്ന ജോലി പോകെപ്പോകെ രണ്ടുദിവസത്തില്‍ ഒരിക്കൽ എന്നായി. ആറായിരം രൂപ മാസം കിട്ടിയിരുന്നത് ചുരുങ്ങി രണ്ടായിരത്തിൽ ചില്വാനമായി. ജനുവരി മുതൽ അതുപോലും കിട്ടാതെ വന്നപ്പോൾ ആദ്യം പലവിധേന തൊഴിലിനു ഭംഗം വരാതെ പ്രതിഷേധിച്ചു പോന്ന താത്കാലിക ജീവനക്കാർ മൂന്നുമാസം മുമ്പ് പൂർണ്ണമായും സമരത്തിന്റെ പാതയിലേക്കിറങ്ങിയിരുന്നു. ആ സമരം ഇന്ന് 131 ദിവസങ്ങൾ തികയുന്നു എന്ന് കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ(CCLU)  സംസ്ഥാന സെക്രട്ടറി എൻ ടി അബൂബക്കർ പറഞ്ഞു. വിഷയത്തെപ്പറ്റി മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദുമായും ഒക്കെ യൂണിയൻ ചർച്ച ചെയ്തിരുന്നു എങ്കിലും ശമ്പളം കിട്ടാനുള്ള ഒരു നടപടികളുമുണ്ടായിട്ടില്ല എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

സമരത്തിനിടെയും രാമകൃഷ്ണൻ ആഴ്ചയിൽ ഒരു ദിവസം സ്ഥാപനത്തിൽ തന്റെ ഉത്തരവാദിത്തത്തിൽ പെട്ട ഭാഗമായ സ്വിച്ച് റൂം വൃത്തിയാക്കാൻ വന്നുപോയിരുന്നു. ശമ്പളം മുടങ്ങിയിരുന്നതിനാൽ കോൺട്രാക്ടറിൽ നിന്ന് ഇടയ്ക്കിടെ ചോദിച്ചുവാങ്ങിയിരുന്ന കൈവായ്പകളിലും, പ്രദേശത്തെ മറ്റു സംഘടനകൾ പിരിച്ചു നൽകിയിരുന്ന ചില്ലറ തുകകളിലുമാണ് ജീവിതം ഒരുവിധം രാമകൃഷ്ണൻ മുന്നോട്ടു കൊണ്ടുപോയിരുന്നത്. അങ്ങേയറ്റത്തെ ദാരിദ്ര്യം ആ മനുഷ്യന്റെ മനസ്സിന്റെ സമനില തെറ്റിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. ഇന്നലെയും സ്വിച്ച് റൂം വൃത്തിയാക്കാൻ വേണ്ടി രാമകൃഷ്ണൻ വന്നപ്പോൾ സഹപ്രവർത്തകർക്കാർക്കും തന്നെ, ശമ്പളം മുടങ്ങിയതിന്‍റെ പ്രയാസങ്ങളുണ്ടായിരുന്നു എങ്കിലും രാമകൃഷ്ണൻ ഇങ്ങനെ ഒരു കടുംകൈ പ്രവർത്തിക്കുമെന്ന ധാരണയില്ലായിരുന്നു. ഇടക്ക് ഒരാവശ്യത്തിന് സ്വിച്ച് റൂമിലേക്ക് വന്ന ജെടിഓ ആണ് കേബിൾ റാക്കിന്മേൽ തൂങ്ങിയാടുന്ന രാമകൃഷ്ണന്റെ ശരീരം ആദ്യമായി കാണുന്നത്. 
  

ലാഭത്തിലുണ്ടായിരുന്ന കാലത്ത് മൂന്നരലക്ഷത്തോളം ജീവനക്കാരുണ്ടായിരുന്ന ഈ പൊതുമേഖലാ ടെലികോം സ്ഥാപനത്തിൽ ഇന്ന് ഇന്ത്യയിൽ മുഴുവനായി ഉള്ളത് ആകെ 1,54,000 ജീവനക്കാർ മാത്രമാണെന്ന് ഇടതുപക്ഷ ടെലികോം യൂണിയൻ പ്രതിനിധിയായ ബിജു രാഘവൻ പറഞ്ഞു. അതുകൊണ്ട്  ആവശ്യത്തിൽ അധികം ആളുകളെപ്പോറ്റുന്നുണ്ട് സ്ഥാപനം എന്ന വാദം ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. വിപണിയിൽ പിടിച്ചു നിൽക്കാനാവശ്യമായ സാങ്കേതിക വിദ്യ നൽകി, മാർക്കറ്റിൽ ശക്തമായ നയങ്ങൾ എടുക്കാൻ പോന്ന നേതൃത്വത്തോടെ മുന്നോട്ടുപോയാൽ പ്രതിസന്ധികൾ ഇനിയും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിരം ജീവനക്കാരുടെ ശമ്പളം തന്നെ ഇപ്പോൾ വളരെ വൈകിയാണ് കിട്ടുന്നത്. ആവുന്നത്ര സഹായങ്ങൾ തങ്ങളുടെ സെക്ഷനുകളിലെ കരാർ ജീവനക്കാർക്ക് ചെയ്യുന്നുണ്ടെന്നും, ഇനിയങ്ങോട്ട് തങ്ങളുടെ ശമ്പളം തന്നെ മുടങ്ങുന്ന സാഹചര്യത്തിൽ അതും സാധിക്കുമോ എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയിൽ 460  പേർ റിട്ടയർ ചെയ്തിട്ടുണ്ട്. പുതുതായി ആരെയും എടുക്കാതെ അവരുടെ ജോലി കൂടി ഇപ്പോൾ ഉള്ളവർ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന പരാതിയും ജീവനക്കാർക്കുണ്ട്. .  

BSNL യുഗം

2000 സെപ്റ്റംബർ 15-നാണ്  100% സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്യൂണിക്കേഷൻസ് കോർപ്പറേഷനായി ബിഎസ്എൻഎൽ രൂപീകരിക്കപ്പെടുന്നത്.  ആദ്യത്തെ ഒരു ദശാബ്ദക്കാലം പ്രതിവർഷം 10,000 കോടിയോളം ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന  ഈ സർക്കാർ സ്ഥാപനം പിന്നീടുള്ള വർഷങ്ങളിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

2010-ൽ 3G സ്പെക്ട്രം ലേലം നടക്കുന്നു. തങ്ങളുടെ 22 സർക്കിളുകളിൽ 20-ലും BSNL-ന് സ്പെക്ട്രം അനുവദിച്ചു കിട്ടി. അതിനായി സ്ഥാപനം സർക്കാരിലേക്ക് 10,187 കോടി രൂപ ഫീസ് ഒടുക്കി. അതേകാലത്തുതന്നെ ഭാരതി എയർടെൽ, റീലിയൻസ് കമ്യൂണിക്കേഷൻസ്, എയർസെൽ, ഐഡിയ, വൊഡാഫോൺ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളും അവരവർക്കുവേണ്ട സ്പെക്ട്രം സ്വന്തമാക്കി. അക്കൊല്ലം തന്നെയാണ് മുകേഷ് അംബാനി റിലയൻസ് ജിയോ എന്ന സ്ഥാപനവും തുടങ്ങുന്നത്. 2015  ആയപ്പോഴേക്കും ജിയോസോഫ്റ്റ് ലോഞ്ച് ചെയ്യപ്പെടുന്നു. 2016  സെപ്റ്റംബറിൽ 4 G സ്പെക്ട്രം ലേലത്തിന് തൊട്ടുമുമ്പായി ജിയോ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുന്നു. 

ജിയോ, വോഡാഫോൺ, എയർടെൽ, ഐഡിയ തുടങ്ങിയ എല്ലാ സ്വകാര്യ കമ്പനികൾക്കും 4G സ്പെക്ട്രം കൈവശം ഉണ്ടാവുമ്പോഴും, അതിനു ശേഷം ഇന്ത്യൻ ടെലികോം മാർക്കറ്റ് 5G-യെ ആശ്ലേഷിക്കാൻ തയ്യാറെടുക്കുമ്പോഴും BSNL എന്ന സർക്കാർ ടെലികോം സേവനദാതാവ് തങ്ങളുടെ 3G സ്പെക്ട്രവും മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് BSNL-നു മാത്രം 4G സ്പെക്ട്രം അനുവദിക്കാതിരുന്ന സർക്കാർ നയങ്ങൾ സ്വകാര്യകമ്പനികളെ സഹായിക്കാനായിരുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. ഇപ്പോൾ മാർക്കറ്റിൽ മറ്റുള്ള സ്വകാര്യകമ്പനികളെല്ലാം തന്നെ 4G സ്പെക്ട്രം കൊണ്ട് പരമാവധി ലാഭം കൊയ്ത്തുകഴിഞ്ഞ സ്ഥിതിക് ഇനി BSNL -ന് 4G സ്പെക്ട്രം അനുവദിച്ചുകിട്ടിയിട്ട് എന്തുകാര്യം എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇനി ഒരു 4G സ്പെക്ട്രം അനുവദിച്ചുകിട്ടി അതിൽ നിന്നുകൂടി നഷ്ടം വന്നാൽ അത് കമ്പനിക്ക് കൂടുതൽ പ്രതിസന്ധികൾ മാത്രമേ ഉണ്ടാക്കൂ എന്ന് IIM അഹമ്മദാബാദിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. 

ഒരു സർക്കാർ സംരംഭം എന്ന നിലക്ക്, വെറും ലാഭേച്ഛ മാത്രം പരിഗണിക്കാതെ, രാജ്യത്തിൻറെ എല്ലാ കോണിലും തങ്ങളുടെ കവറേജ് ലഭ്യമാക്കാൻ BSNL എന്നും ശ്രമിച്ചിട്ടുണ്ട്. നഷ്ടമാകും എന്ന ഭയത്താൽ സ്വകാര്യ സേവനദാതാക്കൾ അവഗണിച്ചിട്ടുള്ള പല ഓണംകേറാമൂലകളിലും ഇന്നും റേഞ്ച് കിട്ടുന്നത് BSNL-നു മാത്രമാണ്. ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും ഇന്നും BSNL ഇന്നും രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഇടയിൽ നാലാം സ്ഥാനത്താണ്. BSNL പൂട്ടിയാൽ, ഇന്നത്തെ സാഹചര്യത്തിൽ അത് ലാഭമുണ്ടാക്കിക്കൊടുക്കാൻ പോകുന്നത് റിലയൻസ് ജിയോക്കായിരിക്കും. 

ജിയോ എഫക്ടിൽ പതറി BSNL 

ടെലികോം സെക്ടറിലേക്ക് ജിയോയുടെ പ്രവേശം മാർക്കറ്റിൽ വളരെയധികം കോലാഹലങ്ങൾ ഉണ്ടാക്കിക്കൊണ്ടായിരുന്നു. ആരോഗ്യകരമല്ലാത്ത എന്ന് പോലും തോന്നിപ്പിക്കുന്നത്ര മോഹിപ്പിക്കുന്ന ഓഫറുകളുമായിട്ടാണ് ജിയോ മാർക്കറ്റിൽ കടുംവെട്ട് നടത്തിയത്. അതോടെ ഡാറ്റ നിരക്കുകൾ പത്തിലൊന്നായി കുറഞ്ഞു. ഫ്രീകോൾ ഏർപ്പെടുത്തിയതോടെ സകലരും ജിയോ സിമ്മിനായി പരക്കം പാഞ്ഞു. മാസം മാസം വാടക കൊടുത്തുകൊണ്ട് BSNL ലാൻഡ്‌ലൈൻ നിലനിർത്തുക എന്ന നഷ്ടക്കച്ചവടം പലരും അവസാനിപ്പിച്ചു. മാർക്കറ്റിൽ മത്സരം കൂടിയതോടെ അരയും തലയും മുറുക്കി പല സ്വകാര്യ സേവനദാതാക്കളും തങ്ങളുടെ നിരക്കുകളും കുറച്ചും, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചും ജിയോയോട് മുട്ടിനിന്നു. എന്നാൽ അതിനൊപ്പിച്ച് മത്സരിക്കുന്നതിൽ BSNL പിന്നിലായിപ്പോയി. അങ്ങനെ എളുപ്പത്തിൽ ജോലിക്കാരുടെ എണ്ണം കുറക്കാനോ, ഒരു പരിധിയിൽ കവിഞ്ഞ് താരിഫ് കുറക്കാനോ ഒന്നും സർക്കാർ സ്ഥാപനം എന്ന നിലക്ക് BSNL-നായില്ല.  

ജിയോ കടന്നുവന്നതിന്റെ അടുത്ത വർഷം തന്നെ ഇന്ത്യൻ ടെലികോം സെക്ടറിലെ മറ്റുള്ള കമ്പനികൾ നഷ്ടം രേഖപ്പെടുത്തിത്തുടങ്ങി. ജിയോയുടെ കടന്നുവരവോടെ സകല കമ്പനികളും നഷ്ടക്കണക്കുകളിലേക്ക് കൂപ്പുകുത്തി. ഒപ്പം ബിഎസ്എൻഎലും. പിടിച്ചുനിൽക്കാനാവാതെ മറ്റുള്ള കമ്പനികളിൽ ചിലത് അടച്ചുപൂട്ടി.  ചിലത് തമ്മിൽ ലയിച്ചു. ഇങ്ങനെ ടെലികോം സെക്ടറിലെ കമ്പനികൾക്കിടയിൽ തത്വദീക്ഷയില്ലാതെ നടന്ന കടുത്ത മത്സരം രംഗത്തെ സേവനദാതാക്കളിൽ പ്രമുഖരുടെ തന്നെ നാശത്തിന് വഴിയൊരുക്കിയിട്ടും അതിലൊന്നും ഇടപെടാതെ മാറിനിൽക്കുന്ന TRAIയുടെ നിലപാടും ഒരർത്ഥത്തിൽ BSNL-ന്റെ പതനത്തിന് ആക്കം കൂട്ടി എന്നുവേണം പറയാൻ. 

BSNL-ന്റെ ഭാവി? 

ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള(വിആര്‍എസ്) പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. BSNL പ്രഖ്യാപിച്ച പാക്കേജ് വാങ്ങിക്കൊണ്ട് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ 20,000 പേർ വളണ്ടറി റിട്ടയർമെന്റിന് അപേക്ഷിച്ചു കഴിഞ്ഞു. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കുന്നത്. പദ്ധതി തുടങ്ങിയതോടെ 70000-80000 പേര്‍ വിആര്‍എസിന് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഏകദേശം ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസിന് യോഗ്യതയുണ്ടെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

വിആര്‍എസ് നല്‍കുന്നതോടെ ശമ്പളയിനത്തില്‍ നല്‍കുന്ന 7000 കോടി ലാഭിക്കാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്ന് മുതലാണ് എംടിഎന്‍എല്‍ വിആര്‍എസ് പദ്ധതി തുടങ്ങുന്നത്. സ്ഥിര ജീവനക്കാരായ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് അവസരം നല്‍കുന്നത്. മികച്ച പാക്കേജാണ് നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

69,000 കോടി രൂപയാണ് വിആര്‍എസ് പദ്ധതിക്കായി മാറ്റിവെച്ചത്. 2010 മുതല്‍ ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷമായി എംടിഎന്‍എല്ലും നഷ്ടത്തിലാണ്. ഇരു പൊതുമേഖലാ സ്ഥാപനങ്ങളും 42,000 കോടി നഷ്ടത്തിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇരു കമ്പനികളും ലയിപ്പിച്ച്,  വിആര്‍എസ് പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

നഷ്ടത്തിൽ നിന്ന് കരകയറാൻ സഹായിക്കാത്ത ഗവണ്മെന്റ് പോളിസികളും, മറ്റുള്ള സേവനദാതാക്കളെക്കാൾ മോശം സാങ്കേതികസേവനങ്ങളും, സർക്കാർ സംവിധാനത്തിലൂടെ  ഇടപെടാനും സേവനങ്ങൾ ആർജ്ജിക്കാനുമുള്ള നൂലാമാലകളും, ഇടയ്ക്കിടെ മുടങ്ങുന്ന നെറ്റ് വർക്കും ഒക്കെ ചേർന്നാണ് BSNL എന്ന നവരത്ന ടെലികമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ സൽപ്പേരിന് ക്ഷയമുണ്ടാക്കിയതും, അതിനെ ഇത്തരത്തിൽ നഷ്ടത്തിലേക്ക് വലിച്ചിട്ടതും. ഇപ്പോഴും, ഒരു തിരിച്ചുവരവിന് സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ BSNL-നെ ടെലികോം സേവനരംഗത്തു നിന്ന് നീക്കം ചെയ്‌താൽ അത് സ്വകാര്യകമ്പനികളുടെ ഏകാധിപത്യത്തിലും, ലാഭത്തിൽ മാത്രം അധിഷ്ഠിതമായ സേവനങ്ങളിലുമാണ് ചെന്നെത്താൻ പോകുന്നത്. ഇന്നത്തെ ഓഫറുകളുടെ പെരുമഴയിൽ ആ യാഥാർഥ്യം നമ്മൾ കാണാതെ പോകരുത്.