Asianet News MalayalamAsianet News Malayalam

ദില്ലിയിൽ 43 പേരുടെ ജീവനപഹരിച്ച ബാഗ് ഫാക്ടറി തീപ്പിടുത്തത്തിലേക്ക് നയിച്ചത് ഈ നിയമലംഘനങ്ങൾ

അപകടം നടന്ന ഫാക്ടറിയിൽ തൊഴിലാളികളെ കിടത്തിയുറക്കിയിരുന്നത് ആട്ടിയട്ടിയായി ശേഖരിച്ചുവെച്ചിരുന്ന കാർഡ് ബോർഡുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, തുണികൾ, റെക്സിൻ, പ്ലാസ്റ്റിക് ടോയ്‌സ്‌, പാക്കിങ് മെറ്റീരിയൽ എന്നിവയ്ക്ക് നടുവിലാണ്.

Who is responsible for the deaths in Delhi bag factory fire accident?
Author
Delhi, First Published Dec 10, 2019, 11:13 AM IST

ഡിസംബർ 8 -ന് ദില്ലി അനാജ്‌മണ്ഡി ഭാഗത്തുണ്ടായ തീപിടുത്തത്തിൽ മരിച്ചത് 43 പേരാണ്. അമ്പതിലധികം പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിന് ശേഷം സ്ഥലം സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മരിച്ചവരുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സയുടെ പൂർണഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

ഈ തീപിടുത്തത്തിന് കാരണക്കാർ ആരുതന്നെ ആയിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കേജ്‌രിവാൾ ഉറപ്പുനൽകിയിട്ടുണ്ട്. ഈ അവസരത്തിൽ ഉയരുന്ന ചോദ്യമിതാണ്. ആരാണ് ഈ അപകടത്തിന് ഉത്തരവാദി? ഫാക്ടറി മുതലാളി? ദില്ലി പൊലീസ്? അതോ നടപടിയെടുക്കും എന്ന് ഉറപ്പുനൽകുന്ന  സർക്കാർ തന്നെയോ?

Who is responsible for the deaths in Delhi bag factory fire accident?


മരിച്ചവരിൽ ഏറിയകൂറും ആ ഫാക്ടറിയിലെ തന്നെ ജീവനക്കാരായിരുന്നു. 900 സ്‌ക്വയർ ഫീറ്റ് മാത്രം വിസ്‌തീർണമുള്ള ഒരു കൊച്ചു ഫാക്ടറിയായിരുന്നു അത്. പുറത്തേക്ക് കടക്കാൻ ആകെയുണ്ടായിരുന്നത്‌ ഒരേയൊരു വഴി മാത്രം. പണി കഴിഞ്ഞാൽ സാധനങ്ങളൊക്കെ ഒതുക്കി ആ ഫാക്ടറിയുടെ നിലത്തുതന്നെയാണ് തൊഴിലാളികൾ കിടന്നുറങ്ങിയിരുന്നത്. രാവിലെ അഞ്ചുമണിയോടെയുണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിലേക്ക് വഴിമാറിയപ്പോൾ അതൊന്നുമറിയാതെ ഗാഢനിദ്രയിലായിരുന്നു അപകടത്തിൽ പെട്ട തൊഴിലാളികൾ. തീ കടുത്തപ്പോൾ ഞെട്ടിയുണർന്ന് ഓടാൻ നോക്കി. അതോടെ ആകെ തിക്കും തിരക്കുമായി. മരിച്ചവരിൽ ഭൂരിഭാഗവും 14 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള കുട്ടികളാണ്.

അപകടം നടന്നയുടനെ തന്നെ മാധ്യമങ്ങളുടെ റിപ്പോർട്ടർമാർ സ്ഥലത്തെത്തിയിരുന്നു. അവരുടെ ദൃശ്യങ്ങളിൽ എല്ലാം പറഞ്ഞുകേട്ട ഒരു കാര്യം, 'ഫാക്ടറി പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടായിരുന്നു' എന്നതാണ്. ഇങ്ങനെ ഒരു ഫാക്ടറി തലസ്ഥാനനഗരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ അനുമതി നൽകിയത് ആരാണ്? വ്യവസായവകുപ്പിന്റെ നിയന്ത്രണങ്ങൾ പ്രകാരം, ഫാക്ടറി എത്ര ചെറുതുമാവട്ടെ 'റെസിഡൻഷ്യൽ ഏരിയ'യിൽ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ, ഇത് ചെറിയ ഫാക്ടറി ആയിരുന്നില്ല. ഇവിടെ അറുപതിലധികം പേർ തൊഴിലെടുക്കുന്നുണ്ടായിരുന്നു. അപ്പോൾ ഇതൊരു ഇടത്തരം ഫാക്ടറി തന്നെയാണ്. ഒരിടത്തും ഇങ്ങനെ ഒരു സ്ഥാപനം പ്രാദേശിക അധികാരസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല.

Who is responsible for the deaths in Delhi bag factory fire accident?

സംഭവം നടന്നപാടേ ദില്ലി പൊലീസ് പാഞ്ഞുചെന്ന് ഫാക്ടറി ഉടമകളായ രഹാൻ, ഫുർക്കാൻ എന്നിവരെ  കയ്യോടെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. IPC 304( മനഃപൂർവമല്ലാത്ത നരഹത്യ), IPC 285( അഗ്നിശമനസംവിധാനങ്ങളിൽ അനാസ്ഥ) എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദില്ലി സർക്കാർ വിഷയത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും, കേസന്വേഷണം ക്രൈം ബ്രാഞ്ചിനു വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ അപകടം നടക്കും വരെ സർക്കാർ കണ്ണടച്ചിരിക്കുകയായിരുന്നോ? ഇത്രയും നാൾ ഏറെ അസുരക്ഷിതമായ രീതിയിൽ ഈ ഫാക്ടറി പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അവർ അതൊന്നും അറിഞ്ഞില്ലെന്നാണോ?

Who is responsible for the deaths in Delhi bag factory fire accident?


ഏതൊരു ഫാക്ടറിയും, അത് 'സ്മാൾ സ്കെയിൽ' ആയാലും, 'ഇടത്തര'മായാലും പ്രവർത്തിപ്പിക്കാൻ അനവധി ലൈസൻസുകൾ ആവശ്യമുണ്ട്. ഉദാ. പ്രവർത്തിക്കുന്ന പ്രദേശത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി - തദ്ദേശസ്വയംഭരണ സ്ഥാപനം ഏതായാലും അവിടെ നിന്നുള്ള പ്രവർത്തന ലൈസൻസ്- ഏറ്റവും ചുരുങ്ങിയത് വേണ്ടത് അതാണ്. ആ ലൈസൻസ് അനുവദിച്ചുകൊടുക്കുന്നതിന് കൃത്യമായ ചട്ടങ്ങൾ പാലിച്ചിരിക്കണം എന്നുണ്ട്. അതൊന്നും തന്നെ ഈ കുടുസ്സായ ഫാക്ടറിയിൽ പാലിച്ചിരുന്നില്ല. പിന്നെങ്ങനെ ഫാക്ടറി ഉടമക്ക് സ്റ്റോപ്പ് മെമോ നേരിടേണ്ടി വരാതെ ഇത് പ്രവർത്തിപ്പിക്കാനും, അറുപതോളം പേരുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട് അവരെ ഈ ഫാക്ടറിയിൽ തൊഴിലെടുപ്പിക്കാനും, അവിടെത്തന്നെ കിടത്തിയുറക്കാനും സാധിച്ചു?

അടുത്തതായി വേണ്ടത് പരിസ്ഥിതി വകുപ്പിന്റെ ക്ലിയറൻസ് ആണ്. പിന്നെ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ എൻഒസി, ഇത് രണ്ടും കിട്ടാൻ ഈ ഫാക്ടറിക്ക് യാതൊരു യോഗ്യതയുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ കിട്ടി? അഥവാ അത് രണ്ടും ഇല്ലായിരുന്നു എങ്കിൽ പിന്നെങ്ങനെ ഇത്രയും കാലം ഫാക്ടറി പ്രവർത്തിച്ചു..? പ്രസ്തുത ഡിപ്പാർട്ടുമെന്റുകൾ തങ്ങളുടെ അധികാരപരിധിയിലുള്ള ഫാക്ടറികളിൽ വാർഷിക വിസിറ്റുകൾ നടത്തണം ആ ഫെസിലിറ്റികൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം എന്നൊക്കെയാണ് നിയമം. ഈ പരിശോധനകൾ ഒക്കെ നടന്നതായി കാണുന്നുണ്ട്. അവർ പ്രസ്തുത സർട്ടിഫിക്കറ്റുകൾ ഒക്കെ, യാതൊരു വിധസൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ഈ ഫാക്ടറിക്ക് അനുവദിച്ചിട്ടുണ്ട്. എങ്ങനെ?

 

Who is responsible for the deaths in Delhi bag factory fire accident?


ഈ ഗുരുതരാവസ്ഥയ്ക്ക് പ്രധാന ഉത്തരവാദികൾ ഈ പ്രാദേശിക അതോറിറ്റികൾ തന്നെയാണ്. അവ കൃത്യമായ പരിശോധനകൾ നടത്തി ഈ ഫാക്ടറി നേരത്തെ തന്നെ പൂട്ടിയിരുന്നു എങ്കിൽ, ഇന്ന് ഈ മരണങ്ങൾ നടക്കില്ലായിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, ഫയർ ആൻഡ് സേഫ്റ്റി, പരിസ്ഥിതി വകുപ്പുകളും, ദില്ലി പൊലീസ് തന്നെയും ബിൽഡിങ് മാഫിയയും ഫാക്ടറി മാനേജ്‌മെന്റുമായി ഒത്തുകളിച്ചുകൊണ്ട് കണ്ണടച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജനരോഷം സ്വാഭാവികമായും ഇവർക്കൊക്കെ എതിരെ തിരിഞ്ഞിട്ടുണ്ട്.

റെസിഡൻഷ്യൽ ഏരിയയിൽ നടന്ന ഈ തീപിടുത്തത്തിൽ മരിച്ചവരിൽ ഏറെയും ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരാണ്. ദില്ലിയുടെ പ്രാന്തപ്രദേശങ്ങളിൽ ഗ്രാമങ്ങളിൽ നിന്ന് തൊഴിൽ തേടി പുറപ്പെട്ടു വന്നവർ. ഒരേ ഗ്രാമത്തിൽ നിന്ന് പത്തും പന്ത്രണ്ടും പേർ മരണപ്പെട്ടിട്ടുണ്ട്. പല കുടുംബങ്ങളിലും ജോലിയുണ്ടായിരുന്ന ഒരേയൊരാളാണ് അകാലമൃത്യുവടഞ്ഞിരിക്കുന്നത്. ആ വീടുകളിലെ അടുപ്പ് ഇനി എങ്ങനെ പുകയുമെന്നറിയില്ല.

Who is responsible for the deaths in Delhi bag factory fire accident?

അപകടം നടന്ന ഫാക്ടറിയിൽ ഈ തൊഴിലാളികളെ  കിടത്തിയുറക്കിയിരുന്നത് അട്ടിയട്ടിയായി ശേഖരിച്ചുവെച്ചിരുന്ന കാർഡ് ബോർഡുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, തുണികൾ, റെക്സിൻ, പ്ലാസ്റ്റിക് ടോയ്‌സ്‌, പാക്കിങ് മെറ്റീരിയൽ എന്നിവയ്ക്ക് നടുവിലാണ്. ഇവയ്ക്ക് തീപിടിച്ചതോടെ നാലുപാടുനിന്നും തീയും പുകയും വന്നു. അതിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ സാധിക്കാതെ പോയി.

കേന്ദ്ര ഭവനനിർമാണ, നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി തീപിടുത്തത്തിന് ശേഷം അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭയ്‌ക്കെതിരെ ഗുരുതരമായ സുരക്ഷാ മാനദണ്ഡ ലംഘന ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി ട്വീറ്റുകൾ ചെയ്തു. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടനിർമാണ ചട്ടങ്ങൾ പലതും ലംഘിച്ചുകൊണ്ടാണ് ഇവിടെ കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുള്ളതും, അവയിൽ ഇത്തരത്തിലുള്ള അനധികൃത ഫാക്ടറികൾ പ്രവർത്തിച്ചുകൊണ്ടിരുന്നതും. ഇപ്പോൾ തീപിടിച്ച ഫാക്ടറിയിലേക്കുള്ള വഴി ഏറെ ഇടുങ്ങിയ ഒരു ഗലിയാണ്. അതിലൂടെത്തന്നെ വൈദ്യുതകമ്പികളും മറ്റും അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്നു. അപകടം ഉണ്ടായപ്പോൾ ഫയർ സർവീസിന്റെ ഫയർ ടെൻഡർ വണ്ടി അങ്ങോട്ട് കൊണ്ടുചെല്ലാൻ സാധിച്ചിരുന്നില്ല. എന്നാൽ ദില്ലിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കുന്നത് ബിജെപി ആണെന്നും, മേല്പറഞ്ഞതൊക്കെ അവരുടെ ഉത്തരവാദിത്തമാണെന്നും ആം ആദ്മി പാർട്ടിയും തിരിച്ചടിച്ചിട്ടുണ്ട്..

Who is responsible for the deaths in Delhi bag factory fire accident?


ദില്ലി ഫയർ സർവീസ് ആക്ട് സെക്ഷൻ 15,27,44 എന്നിവ ഫാക്ടറികൾ സംബന്ധിച്ച നിർമാണ വ്യവസ്ഥകൾ കൃത്യമായി നിർവചിക്കുന്നുണ്ട്. ആ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തേണ്ട ചുമതല കോർപ്പറേഷൻ അധികൃതർക്കാണ്. അത് അവർ പാലിച്ചില്ല. 1997-ൽ ദില്ലി ഗ്രീൻ പാർക്ക് ഏരിയയിലുള്ള ഉപഹാർ തിയേറ്ററിൽ നടന്ന വമ്പിച്ച തീപിടുത്തത്തിൽ 59 പേരോളം കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷമുണ്ടാവുന്ന ഏറ്റവും വലിയ തീപിടുത്തമാണ് കഴിഞ്ഞ ദിവസ്സം നടന്നത്. നിയമങ്ങളിൽ ഒന്നെങ്കിലും പാലിച്ചിരുന്നുവെങ്കിൽ, ചുരുങ്ങിയത് ഫയർ/സ്മോക് സെൻസറുകളും അവയോട് അനുബന്ധിച്ചുള്ള അലാമുകളും പ്രവർത്തിച്ചിരുന്നു എങ്കിൽ തീപിടിച്ചു തുടങ്ങുമ്പോൾ തന്നെ വിവരമറിഞ്ഞ് ജോലിക്കാർക്ക് സുരക്ഷിതമായി പുറത്തുകടക്കമായിരുന്നു. ആകെ ഉണ്ടായിരുന്നത് ഒരേയൊരു രക്ഷാമാർഗമാണ് എന്നതും മരണസംഖ്യ വർധിപ്പിച്ചു. അനാജ്മണ്ഡിയിലെ ഈ ബാഗ് നിർമാണ ഫാക്ടറിയിലെ തീപിടിത്തത്തിൽ മരണസംഖ്യ ഇത്രയധികം ഉയരില്ലായിരുന്നു.

Who is responsible for the deaths in Delhi bag factory fire accident?

മരിച്ചവരിൽ ഏറെയും ബിഹാറിലെ ഗ്രാമങ്ങളിൽ നിന്നുള്ള ദരിദ്രരായ യുവാക്കളാണ്. നാട്ടിൽ ജോലിയൊന്നും കിട്ടാഞ്ഞ് പുറപ്പെട്ടു ദില്ലിക്ക് പോന്നവരാണ് പലരും. ഫാക്ടറിയിൽ നിത്യം 12-14  മണിക്കൂർ ജോലി ചെയ്ത ശേഷം, രാത്രി സാധനങ്ങളൊക്കെ ഒതുക്കിവെച്ച് ജോലി ചെയ്യുന്നിടത്ത് തന്നെ കിടന്നുറങ്ങാൻ വിധിക്കപ്പെട്ടവരാണ് അവർ.

കഴിഞ്ഞ ഫെബ്രുവരിയിൽ കരോൾ ബാഗിലെ ഹോട്ടൽ അർപ്പിത് പാലസിൽ ഉണ്ടായ ഹോട്ടലിൽ ഉണ്ടായ തീപിടുത്തതിൽ 17 പേർ മരണപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനുശേഷമുണ്ടായ കൊണ്ടുപിടിച്ചുള്ള ഡിപ്പാർട്ട്മെന്റ് റെയ്ഡുകളിൽ നിരവധി തട്ടിക്കൂട്ട് ഹോട്ടലുകൾ അടച്ചുപൂട്ടി സീൽ ചെയ്തിരുന്നു. ഇനി നടക്കാൻ പോകുന്നതും അതൊക്കെത്തന്നെയാവും. പ്രദേശത്തെ ഫാക്ടറികളിൽ പരിശോധനകൾ നടക്കും. ചിലതൊക്കെ താത്കാലികമായി അടച്ചുപൂട്ടും. അവ തന്നെയും, ഈ കോലാഹലങ്ങൾ ഒക്കെ അടങ്ങുമ്പോൾ ഉടമകൾ ഉത്സാഹിച്ച്  തുറപ്പിക്കും. അടുത്ത തീപിടുത്തം വരെ പിന്നെയും അവ ഇങ്ങനെയൊക്കെത്തന്നെ നിർബാധം പ്രവർത്തനം തുടരുകയും ചെയ്യും.

 

Follow Us:
Download App:
  • android
  • ios