''ക്യൂബക്കാരിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരല്ല, മുതലാളിത്തം ആഗ്രഹിക്കുന്നവരാണെന്നാണ് ഞാൻ കരുതുന്നത് പരമാധികാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുതലാളിത്തം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന  ആളുകള്‍ ഇവിടെയുണ്ട്-.ഫിദല്‍ കാസ്‌ട്രോയുടെ കൊച്ചുമകന്‍ പറയുന്നു.

ഇന്‍ഫ്‌ളുവന്‍സര്‍, നൈറ്റ് ക്ലബ് ഉടമ, സര്‍ക്കാര്‍ വിമര്‍ശകന്‍, ട്രംപ് ആരാധകന്‍. ക്യൂബയില്‍ ഇപ്പോഴും താമസിക്കുന്ന ഒരു ക്യൂബന്‍ പൗരനെക്കുറിച്ചാണ് ഈ പറയുന്നത്. കക്ഷി സാധാരണക്കാരനല്ല. ക്യൂബന്‍ വിപ്ലവ ഇതിഹാസവും ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകളുടെ വീരപുരുഷനുമായ ഫിദല്‍ കാസ്‌ട്രോയുടെ കൊച്ചുമകന്‍. പേര് സാന്‍ട്രോ കാസ്‌ട്രോ. ഇക്കഴിഞ്ഞ ദിവസം അമേരിക്കന്‍ ചാനലായ സി എന്‍ എന്‍ സാന്‍ട്രോയുമായി ഒരഭിമുഖം പ്രസിദ്ധീകരിച്ചു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വിചിത്രമായ കാര്യങ്ങളാണ് സാന്‍ട്രോ അതില്‍ പറയുന്നത്.

മുത്തച്ഛനായ ഫിദല്‍ കാസ്‌ട്രോയുടെ നേര്‍വിപരീതമാണ് ഈ 33-കാരന്‍. ഫിദല്‍ അമേരിക്കയുടെ കടുത്ത എതിരാളി ആയിരുന്നെങ്കില്‍ സാന്‍ട്രോയ്ക്കിഷ്ടമാണ് അമേരിക്കയെ. കമ്യൂണിസത്തേക്കാള്‍ ഇഷ്ടം മുതലാളിത്തത്തെ. ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനലിനേക്കാള്‍ പ്രിയം ട്രംപിനോട്. ട്രംപുമായി ഒരു കരാര്‍ ക്യൂബയ്ക്ക് നല്ലതാണെന്നാണ് സാന്‍ട്രോയുടെ പക്ഷം. ദേശസാല്‍ക്കരണത്തിന്റെയും വര്‍ഗസമരത്തിന്റെയും ആശാനായിരുന്നു ഫിദല്‍ കാസ്‌ട്രോ എങ്കില്‍, ഇതൊക്കെ എന്നേ വലിച്ചെറിയേണ്ടതാണ് എന്നാണ് സാന്‍ട്രോയുടെ പക്ഷം. അമേരിക്കയോട് കടുത്ത ആരാധനയുള്ള സാന്‍ട്രോ ഇപ്പോഴും ജീവിക്കുന്നത് ക്യൂബയിലാണ്. എന്നാല്‍, യുഎസ് ഉപരോധം കാരണം കറന്റില്ലാതെയും ഇന്റര്‍നെറ്റില്ലാതെയും കഷ്ടപ്പെടുന്ന ക്യൂബയില്‍ ആഡംബരജീവിതം നയിക്കുകയാണ്, ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷം ഫോളോവേഴ്‌സ് ഉള്ള ഈ ഇന്‍ഫ്‌ളുവന്‍സര്‍.

കാസ്‌ട്രോയുടെ കൊച്ചുമകന്‍

ഫിഡല്‍ കാസ്ട്രോയുടെയും ദാലിയ സോട്ടോ ഡെല്‍ വാലെയുടെയും കൊച്ചുമകനാണ് സാന്‍ട്രോ കാസ്ട്രോ. ഫിദലിന് അഞ്ച് ആണ്‍മക്കളാണ്. അലക്‌സിസ്, അലക്‌സ്, അലെജാന്‍ഡ്രോ, അന്റോണിയോ, ഏഞ്ചല്‍. ഇവരില്‍ അലക്‌സിസ് കാസ്‌ട്രോയുടെ മകനാണ് സാന്‍ട്രോ. ടെലികോം എഞ്ചിനീയറായിരുന്ന അലക്‌സിസും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കാസ്‌ട്രോ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകളും, ക്യൂബന്‍ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പരോക്ഷ വിമര്‍ശനങ്ങളുമാണ് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നത്. 2024-ല്‍ അദ്ദേഹം എക്‌സ് അക്കൗണ്ടില്‍ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തി.

ക്യൂബയിലെ ഏറ്റവും പ്രശസ്തമായ കുടുംബമാണ് കാസ്‌ട്രോ. അങ്ങേയറ്റം സ്വകാര്യത ആഗ്രഹിക്കുന്നവരാണ് കാസ്‌ട്രോ കുടുംബത്തില്‍ ഭൂരിഭാഗവും. എന്നാല്‍, ഇവരെപ്പോലൊന്നുമല്ല സാന്‍ട്രോ. പ്രശസ്തിയും വിവാദങ്ങളും തേടിപ്പോകുന്ന സാന്‍ട്രോ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പരിഹസിക്കാന്‍ പോലും മടിക്കാറില്ല. നിരന്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന സാന്‍ട്രോ സ്വയം പരിസിച്ചും നാട്ടുകാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമായും ഒരു വിദൂഷകന്റെ ഇമേജ് പലപ്പോഴും എടുത്തിടാറുണ്ട്. 'ഞാന്‍ ആളുകളെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരില്‍ ഒരു പുഞ്ചിരി വിരിയിക്കാന്‍. ഞാനും കൂടി അനുഭവിക്കുന്ന ഇവിടത്തെ മോശം സാഹചര്യത്തെ ഞാന്‍ ഒരിക്കലും പരിഹസിക്കില്ല.'-സാന്‍ട്രോ പറയുന്നു.

സര്‍ക്കാര്‍ വിരുദ്ധന്‍, പാര്‍ട്ടി വിരുദ്ധന്‍

2016-ലാണ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചത്. പിന്നീട് അധികാരത്തിലേറിയത് സാന്‍ട്രോയുടെ വലിയച്ഛന്‍ റൗള്‍ കാസ്ട്രോയായിരുന്നു. 2018-ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പിന്നീട് അധികാരത്തില്‍വന്നത് നിലവിലെ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ ആണ്. കാസ്‌ട്രോ കുടുംബത്തിനു പുറത്ത് നിന്നും ക്യൂബ ഭരിക്കുന്ന ആദ്യത്തെ ആള്‍. ഡയസ് കാനലിനെ സാന്‍ട്രോയ്ക്ക് വലിയ മതിപ്പില്ല. 'അദ്ദേഹം കൊള്ളാം എന്ന് ഞാന്‍ പറയില്ല. നല്ല രീതിയിലല്ല അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നത്'- പ്രസിഡന്റിനെ കുറിച്ച് ഇതാണ് സാന്‍ട്രോയുടെ അഭിപ്രായം.

താന്‍ മറ്റ് ക്യൂബക്കാരെപ്പോലെ രാജ്യത്തിന്റെ പോക്കില്‍ മനംമടുത്തിരിക്കുകയാണെന്ന് സാന്‍ട്രോ അഭിമുഖത്തില്‍ പറഞ്ഞു. 'ആയിരക്കണക്കിന് പ്രശ്‌നങ്ങളാണ് നിങ്ങള്‍ ഇവിടെ അനുഭവിക്കുന്നത്. ചില ദിവസങ്ങളില്‍ വൈദ്യുതി ഉണ്ടാവില്ല, വെള്ളമുണ്ടാകില്ല. സാധനങ്ങള്‍ എത്തിച്ചേരുന്നില്ല. ഇത് വളരെ കഠിനമാണ്, ശരിക്കും കഠിനമാണ്'-സാന്‍ട്രോ പറയുന്നു.

പാര്‍ട്ടിയെക്കുറിച്ചും സര്‍ക്കാറിനെക്കുറിച്ചും മാത്രമല്ല കമ്യൂണിസത്തെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായമാണ് അഭിമുഖത്തില്‍ സാന്‍ട്രോ പങ്കിട്ടത്. ''ക്യൂബക്കാരിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരല്ല, മുതലാളിത്തം ആഗ്രഹിക്കുന്നവരാണെന്നാണ് ഞാൻ കരുതുന്നത് പരമാധികാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുതലാളിത്തം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ ഇവിടെയുണ്ട്'സാന്‍ട്രോ പറയുന്നു.

കാസ്‌ട്രോ എന്ന പേരിന്റെ വില!

ക്യൂബയെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തെ പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതും അങ്ങേയറ്റം അപകടകരമായ കാര്യമാണ്. അകത്താവാനും ശിക്ഷിക്കപ്പെടാനും അത് ധാരാളം. സാന്‍ട്രോ തന്റെ വീഡിയോകളിലൂടെ പരസ്യമായും പരോക്ഷമായും ചെയ്യുന്നത് വിമര്‍ശനം തന്നെയാണ്. ഇതോടൊപ്പമാണ്, അമേരിക്കയെ പുകഴ്ത്തല്‍, ട്രംപിനെക്കുറിച്ച് വീഡിയോ ചെയ്യല്‍. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ പരിഹസിക്കുന്നതും പതിവാണ്. ട്രംപിന്റെ കടന്നുകയറ്റ ഭീഷണികള്‍ക്കിടയില്‍, ഏതുസമയവും യുദ്ധത്തിന് തയ്യാറെടുക്കാന്‍ സ്വന്തം പൗരന്മാരോട് നിര്‍ദ്ദേശിച്ച ക്യൂബയില്‍ ഇത് അപകടകരമാണ്. എന്നാല്‍, സാന്‍ട്രോ യ്ക്ക് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. അയാള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്നുണ്ട്. ആരെങ്കിലും ചോദിച്ചാല്‍, ചുമ്മാ തമാശ പറയുകയാണ് എന്ന് പറഞ്ഞൊഴിയാറുണ്ട്. കാസ്ട്രോ എന്ന കുടുംബപ്പേര് തന്നെയാവണം സാന്‍ട്രോയ്ക്ക് തുണ.

എന്നാല്‍, തനിക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സാന്‍ട്രോ അഭിമുഖത്തില്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ കാരണം ക്യൂബന്‍ സുരക്ഷാ സേന തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് സാന്‍ട്രോ പറഞ്ഞു. അക്രമത്തിനോ ഭരണമാറ്റത്തിനോ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലാത്തതുകൊണ്ടാണ് തന്നെ വെറുതെ വിട്ടതെന്നും, കുടുംബപ്പേര് കൊണ്ടല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ക്യൂബയില്‍ കാസ്ട്രോ ആയിരിക്കുന്നത് എന്തെങ്കിലും മെച്ചം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'എന്റെ പേര് ഇതാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു, അത് സ്വാഭാവികമാണ്. എന്നാല്‍ നിങ്ങള്‍ പറയുന്ന ഈ സഹായം എനിക്ക് ലഭിക്കാറില്ല. മറ്റേതൊരു പൗരനെയും പോലെ ഒരാള്‍ മാത്രമാണ് ഞാന്‍'-എന്നാണ് സാന്‍ട്രോയുടെ മറുപടി.

ആഡംബര ജീവിതം, പാര്‍ട്ടികള്‍, രാത്രിയിലും സണ്‍ഗ്ലാസ്!

ഹവാനയിലെ കോഹ്‌ലി എന്ന പ്രദേശത്തുള്ള ഫ്‌ലാറ്റിലാണ് സാന്‍ട്രോയുടെ താമസം. ക്യൂബയിലെ നിരവധി സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്. ഇവിടെ വെച്ചാണ് സി എന്‍ എന്‍ സംഘം സാന്‍ട്രോയുമായി അഭിമുഖം നടത്തിയത്. രാത്രി വൈകിയാണ് അഭിമുഖം നടന്നതെങ്കിലും മുഴുവന്‍ സമയവും അദ്ദേഹം ഡിസൈനര്‍ സണ്‍ഗ്ലാസുകള്‍ ധരിച്ചിരുന്നത് അഭിമുഖത്തില്‍ കാണാം. അഭിമുഖത്തില്‍ ഇടയ്ക്കിടെ സാന്‍ട്രോ തണുത്ത ക്യൂബന്‍ ക്രിസ്റ്റല്‍ ബിയര്‍ കഴിക്കുന്നതും കാണാമായിരുന്നു.

കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നിലനില്‍ക്കുന്ന ക്യൂബയില്‍, ഇക്കോഫ്‌ളോ ബാറ്ററി ജനറേറ്റര്‍ ഉപയോഗിച്ചാണ് ആഡംബരം നിറഞ്ഞ തന്റെ ഒറ്റമുറി ഫ്‌ളാറ്റില്‍ സാന്‍ട്രോ ജീവിച്ചിരുന്നത്. താന്‍ 'ദുബായിലെ സമ്പന്നരെപ്പോലെയല്ല' എന്നും, തന്റെ കുടുംബത്തിന് കൊട്ടാരങ്ങളോ ആഡംബരക്കപ്പലുകളോ ഇല്ലെന്നും, തന്റെ കാറില്‍ ഒഴിക്കാന്‍ പോലും പെട്രോള്‍ ഇല്ലെന്നും കാസ്ട്രോ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ശരാശരി പ്രതിമാസ ശമ്പളം 20 ഡോളറില്‍ താഴെയുള്ള ഒരു രാജ്യത്ത്, സാന്‍ട്രോ സുഖകരമായ ജീവിതമാണ് നയിക്കുന്നതെന്ന് അഭിമുഖത്തില്‍ വ്യക്തമാണ്. ക്യൂബയുടെ സമ്പദ്വ്യവസ്ഥ തകരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും കാസ്ട്രോയ്ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടികള്‍ക്ക് കുറവില്ല എന്നത് കൂടി ഇവിടെ ഓര്‍ക്കാം.

എന്നാല്‍, താന്‍ കോടീശ്വരനാണെന്ന ആരോപണം സാന്‍ട്രോ അഭിമുഖത്തില്‍ നിഷേധിച്ചു. കുടുംബബന്ധങ്ങള്‍ തനിക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നോ, മറ്റ് ക്യൂബക്കാരേക്കാള്‍ സുഖകരമായ ജീവിതമാണ് തന്റേതെന്നോ ഉള്ള അവകാശവാദങ്ങളും അദ്ദേഹം തള്ളുന്നു. ഹവാനയിലെ പ്രധാന റോഡിലുള്ള തന്റെ നൈറ്റ് ക്ലബ്ബിന് 'വെറും 50,000 ഡോളര്‍' മാത്രമേ ചെലവായുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ക്യൂബക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. 'എന്റെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് എനിക്ക് ലഭിച്ച ചെറിയ സമ്പാദ്യം'-എന്നാണ് ഒരു ചോദ്യത്തിന് ഉത്തരമായി സാന്‍ട്രോ പറയുന്നത്.

പാര്‍ട്ടിക്കാര്‍ക്ക് ഒറ്റുകാരന്‍, മറ്റുള്ളവര്‍ക്ക് കാപട്യത്തിന്റെ പ്രതീകം

1959-ലെ വിപ്ലവത്തിന് ശേഷം രാജ്യം വിട്ടുപോയ ക്യൂബന്‍ പ്രവാസികള്‍ക്ക് സാന്‍ട്രോ കാപട്യത്തിന്റെ പ്രതീകമാണ്. പതിറ്റാണ്ടുകളായി സ്വകാര്യ വ്യവസായങ്ങള്‍ നിയമവിരുദ്ധമാക്കുകയും ലളിത ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പിന്‍ഗാമിയായിരുന്നിട്ടും, മുതലാളിത്തത്തിന്റെ സുഖസൗകര്യങ്ങളില്‍ കഴിയുന്ന ആളായാണ് അവര്‍ അയാളെ കാണുന്നത്.

എന്നാല്‍, ക്യൂബന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സാന്‍ട്രോ ഒറ്റുകാരനാണ്. തൊഴിലാളിവര്‍ഗത്തെ ഒറ്റിക്കൊടുത്തവന്‍. തന്റെ വിപ്ലവ പാരമ്പര്യം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈക്കും റീച്ചും ഉണ്ടാക്കുന്ന ഒരു അവസരവാദിയായാണ് അവര്‍ സാന്‍ട്രോയെ കാണുന്നത്.

'ഞാനുമൊരു വിപ്ലവകാരിയാണ്, പക്ഷേ...'

വൈദ്യുതി തടസ്സങ്ങളെയും ഇന്ധനക്ഷാമത്തെയും പരിഹസിച്ച് ഇടയ്ക്കിടെ സാന്‍ട്രോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാറുണ്ട്. ഇതില്‍, ചില വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്ന് അഭിമുഖത്തില്‍ സാന്‍ട്രോ സമ്മതിച്ചു. എന്നാല്‍, വീഡിയോകള്‍ കുറയ്ക്കാന്‍ ഒരുദ്ദേശ്യവുമില്ലെന്ന് അയാള്‍ വ്യക്തമാക്കി. കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അനുകൂലിക്കുന്ന വ്‌ളോഗര്‍മാരില്‍ പലരും സാന്‍ട്രോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. അപ്പോഴൊക്കെ 'ഞാന്‍ വെറുതെ തമാശയ്ക്ക് ചെയ്യുന്നതാണ്' എന്ന് പറഞ്ഞൊഴിയാറാണ് പതിവ്.

സ്വന്തമായി ബിയര്‍ നിര്‍മ്മിച്ച് വില്‍ക്കണം, ക്യൂബന്‍ ബിയറിന്റെ പെരുത്ത ആരാധകനായ സാന്‍ട്രോയുടെ വലിയ ജീവിതലക്ഷ്യം അതാണ്. കൂടുതല്‍ നൈറ്റ് ക്ലബ്ബുകള്‍ തുടങ്ങുക, വിലകൂടിയ കാറുകള്‍ വാങ്ങുക-ഇതൊക്കെയാണ് മറ്റു ലക്ഷ്യങ്ങള്‍.

ക്യൂബയിലെ ബിസിനസ് സാധ്യതകള്‍ക്ക് തടസ്സമാവുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ നിരാശനാണ് സാന്‍ട്രോ. 'സാമ്പത്തിക രംഗം തുറന്നുകൊടുക്കണം, ബ്യൂറോക്രസി ഒഴിവാക്കണം'-എന്നാണ് സാന്‍ട്രോയുടെ പക്ഷം. താനുമൊരു വിപ്ലവകാരിയാണെന്നാണ് സാന്‍േട്രായുടെ പക്ഷം. 'ഞാന്‍ ഒരു വിപ്ലവകാരിയാണ്, ആശയങ്ങളുടെ, പുരോഗതിയുടെ, മാറ്റത്തിന്റെ വിപ്ലവകാരി'-സാന്‍ട്രോ അഭിമുഖത്തില്‍ പറയുന്നു.