Asianet News MalayalamAsianet News Malayalam

കോർക്കാൻ വന്ന ചൈനീസ് മേജറിന്റെ മൂക്കിടിച്ച് പരത്തിയ ആ 'തീപ്പൊരി' ഇന്ത്യൻ ലെഫ്റ്റനന്റ് ആരാണ്?

ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറിൽ ആ രാത്രിയെപ്പറ്റിയുള്ള അവസാനത്തെ ഓർമ്മ. അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ്.

who is the firebrand Indian lieutenant who broke the nose of the obnoxious Chinese major at Sikkim border
Author
Sikkim, First Published May 12, 2020, 10:53 AM IST

ഇന്ത്യൻ ചൈനീസ് പട്രോൾ സംഘങ്ങൾ തമ്മിൽ കഴിഞ്ഞയാഴ്ച സിക്കിമിലെ ഇൻഡോ-സിനോ അതിർത്തിഗ്രാമമായ മുഗുതാങ്ങിൽ വെച്ച് ചെറിയൊരു ഉരസൽ നടന്നു. അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് കടന്നുവന്ന ചൈനീസ് സൈന്യത്തിന്റെ ഒരു മേജറുടെ നേതൃത്വത്തിലുള്ള പട്രോൾ യൂണിറ്റ് ഇന്ത്യൻ ആർമിയിലെ ഒരു ലെഫ്റ്റനന്റിന്റെ കീഴിലുള്ള ഇൻഫൻട്രി യൂണിറ്റിനെ തടഞ്ഞുനിർത്തിയിട്ടു പറഞ്ഞത് വളരെ പ്രകോപനപരമായ ഒരു ഡയലോഗ് ആയിരുന്നു,"ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യൻ ടെറിട്ടറി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങൾക്ക് നല്ലത്. "

ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറിൽ ആ രാത്രിയെപ്പറ്റിയുള്ള അവസാനത്തെ ഓർമ്മ. അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ്. സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യൻ മണ്ണിലൂടെ അതിർത്തി കാക്കാൻ പട്രോളിംഗ് നടത്തുന്നതിനിടെ, നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക. അതിനി ഏത് ചൈനീസ് മേജറാണെന്നു പറഞ്ഞാലും നമ്മുടെ ലെഫ്റ്റനന്റിന് അതൊരു വിഷയമല്ലായിരുന്നു. 'തെറിക്കുത്തരം മുറിപ്പത്തൽ' എന്ന മാതൃകയിൽ ആ പറഞ്ഞതിനുള്ള മറുപടി തൽക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മൂഖമടച്ചുതന്നെ കൊടുത്തു. മേജറുടെ മൂക്കിന്റെ പാലം തകർക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നിൽപ്പിന് ചൈനീസ് കമ്മിസ്സാർ മറിഞ്ഞുവീണു. സൈനിക യൂണിഫോമിൽ നിന്ന്  അയാളുടെ നെയിം പ്ളേറ്റ് പറിഞ്ഞിളകിവന്നു.

 

who is the firebrand Indian lieutenant who broke the nose of the obnoxious Chinese major at Sikkim border

* പ്രതീകാത്മക ചിത്രം 

അപ്പോഴേക്കും ഇരുപക്ഷത്തുനിന്നും പിടിച്ചു മാറ്റാൻ സൈനികർ വന്നു. സംഗതി കൂടുതൽ അക്രമത്തിലേക്ക് നീങ്ങാതെ, കാര്യം കൂടുതൽ വഷളാകാതെ അവർ ശ്രദ്ധിച്ചു. ഇരു സംഘങ്ങളും അവരവരുടെ വഴിക്ക് പട്രോൾ തുടർന്നു. ലെഫ്റ്റനന്റ് ചെയ്ത കാര്യത്തിൽ ഉള്ളിൽ അതിയായ ആഹ്ലാദം അദ്ദേഹത്തിന്റെ സീനിയർ ഓഫീസർമാർക്കും തോന്നിയെങ്കിലും, തൽക്കാലത്തേക്ക് ആ യുവ 'തീപ്പൊരി' ഓഫീസറെ അതിർത്തിയിൽ നിന്ന് പിൻവലിച്ച് പ്രശ്നത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാതെ ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ സേന. കാരണം, തങ്ങളുടെ മേജറിന്റെ മൂക്കിന്റെ പാലം പൊളിച്ചുകൊണ്ടുള്ള ഇന്ത്യൻ ലെഫ്റ്റനന്റിന്റെ ഊക്കനിടി ചൈനക്കാരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചിട്ടുള്ളത്. ഇനി അതിന്റെ പേരിൽ ഇന്ത്യൻ സൈന്യം ആഘോഷിക്കുക കൂടി ചെയ്താൽ ചിലപ്പോൾ കാര്യങ്ങൾ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിർത്തിയിൽ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത്.

നേരത്തെ പറഞ്ഞ തർക്കമുണ്ടായ സമയം,നമ്മുടെ ലെഫ്റ്റനന്റിന്, ചൈന എന്ന രാജ്യത്തിന്റെ വലിപ്പമോ, അവിടത്തെ സേനയുടെ ആയുധബലമോ അങ്കത്തികവോ ഒന്നും ഓർമയിലേക്ക് വന്നിരുന്നില്ല. സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് മുഖത്തിനുനേരെ വിരൽ ചൂണ്ടി വളരെ പ്രകോപനപരമായ രീതിയിൽ ഒരു വെല്ലുവിളി നടത്തിയപ്പോൾ ആയ യുവ ഓഫീസർക്ക് പെട്ടെന്ന് ചോര തിളച്ചു. ഒരു ഇന്ത്യൻ ആർമി ഓഫീസറോട്, അദ്ദേഹത്തിന്റെ ജവാന്മാരുടെ മുന്നിൽ വെച്ച് അപമര്യാദയായി പെരുമാറുകയും ഒരു സംഘർഷത്തിന് മുതിരുകയുമാണ് ചൈനീസ് മേജർ അപ്പോൾ ചെയ്തത്. അതിനുള്ള മറുപടി, അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്താണ് എങ്കിലും ആ ലെഫ്റ്റനന്റ് കമ്മിസ്സാറിന് കയ്യോടെ കൊടുക്കുകയും ചെയ്തു.

ചെറുപ്പം തൊട്ടേ സൈനിക പശ്ചാത്തലത്തിലാണ് ആ യുവ ലെഫ്റ്റനന്റ് വളർന്നുവന്നത്.  ആദ്യം റോയൽ എയർ ഫോഴ്സിലും, പിന്നീട് ഇന്ത്യൻ എയർ ഫോഴ്സിലും ഫൈറ്റർ പൈലറ്റ് ആയിരുന്ന ഒരു 'ഡെക്കറേറ്റഡ്' ഓഫീസർ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ. അച്ഛനാകട്ടെ ഇന്ത്യൻ ആർമിയിലെ ആസാം റെജിമെന്റിൽ നിന്ന് കേണൽ റാങ്കിൽ വിരമിച്ച മറ്റൊരു ഓഫീസറും. അന്ന് ജനറൽ ജെ സുന്ദർജിയുടെ ഓപ്പറേഷൻ ഫാൽക്കണിന്റെ ഭാഗമായിരുന്ന കേണലിന്റെ ടീം സുംഡെറോങ് ച്യുവിലെ ഒരു ഹിൽടോപ് കീഴടക്കിയിരുന്നു. ആ ഹിൽ ടോപ്പ് ഇന്ന് കേണലിന്റെ പേർക്കാണ് അറിയപ്പെടുന്നത്.കേണലിന്റെ മകളും സൈന്യത്തിൽ ഒരു ലീഗൽ ഓഫീസർ ആയിത്തന്നെയാണ് ജോലി ചെയ്യുന്നത്. അടുത്തിടെ മകൾ സ്വന്തം അച്ഛന്റെ പേരിലുള്ള ഹിൽടോപ്പ് സന്ദർശിച്ചപ്പോൾ അവിടത്തെ ലോക്കൽ കമാൻഡിങ് ഓഫീസർ അപ്പോൾ തന്നെ താൻ സംരക്ഷിക്കുന്ന ഹിൽടോപ്പിന്റെ പേരിന്റെ ഉടമസ്ഥനെ ഫോണിൽ വിളിച്ച് അഭിമാനപൂർവം സംസാരിക്കയുമുണ്ടായി.

അങ്ങനെ, രക്തത്തിൽ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ വീരകഥകൾ നിറഞ്ഞു തുളുമ്പുന്ന ഒരു കുടുംബത്തിലെ ഇളമുറക്കാരനോടാണ് പാതിരാത്രിയിൽ പട്രോളിംഗിനിടെ ചൈനീസ് കമ്മിസ്സാർ വന്നു കോർക്കുന്നതും, വെല്ലുവിളിക്കുന്നതും... 

എന്തായാലും ഇനിയും ആ 'ഇടി'യെപ്പറ്റി അധികം വിശദാംശങ്ങൾ പുറത്തുവിട്ട് മകന് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നാണ് കേണലിന്റെ അഭിപ്രായം. തൽക്കാലത്തേക്ക് ആ സംഘർഷബാധിത പ്രദേശത്തുനിന്ന് പ്രസ്തുത ഓഫീസറെ മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. പട്രോളിംഗിനിടെ ഇനിയും അതേ ചൈനീസ് മേജറും നമ്മുടെ ലെഫ്‌റ്റനന്റും തമ്മിൽ കണ്ടുമുട്ടിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ചിലപ്പോൾ പിടിച്ചേടത്ത് നിന്നെന്നു വരില്ല. അതുകൊണ്ട്, തത്ക്കാലം ഇന്ത്യൻ പക്ഷത്തുനിന്ന് യാതൊരുവിധ പ്രകോപനങ്ങളും വേണ്ടെന്നു കരുതിയാണ് ലെഫ്റ്റനന്റിനെ പിൻവലിക്കാനും, മറ്റൊരു ഫോർവേർഡ് ബേസിലേക്ക് അദ്ദേഹത്തെ നിയോഗിക്കാനും തീരുമാനമായത്.

 

who is the firebrand Indian lieutenant who broke the nose of the obnoxious Chinese major at Sikkim border

* പ്രതീകാത്മക ചിത്രം 

അതിർത്തിയിൽ ഇങ്ങനെ ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കയറിവന്ന്, നമ്മുടെ സൈനിക പട്രോൾ സംഘങ്ങളോട് മനഃപൂർവം ഇടഞ്ഞ്, അതിൽ തന്നെ ഓഫീസർമാരെ തിരഞ്ഞുപിടിച്ച് വ്യക്തിപരമായി അധിക്ഷേപം ചൊരിഞ്ഞ്, അവരെ പ്രകോപിപ്പിക്കുക എന്നത് ചൈന കുറേക്കാലമായി ചെയ്തുപോരുന്ന ഒരു തന്ത്രമാണ്. അതിനോട് എന്തായാലും അവർ ഉദ്ദേശിക്കുന്ന രീതിയിൽ പ്രതികരിക്കാൻ ഇന്നോളം ഇന്ത്യൻ സൈന്യം തയ്യാറായിട്ടില്ല. ആദ്യമായിട്ടാണ്, ഒട്ടും വിചാരിച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അങ്ങനെ ഒന്നുണ്ടാകാൻ പാടില്ല എന്നതാണ് ഇന്ത്യൻ സൈന്യത്തിന്റെ അതിർത്തിയിലെ നയം. പ്രസ്തുത നയത്തിന്റെ ഭാഗമാണ് ഓഫീസറുടെ പേരുപോലും പുറത്തുവിടാതെ പ്രശ്നം ഒതുക്കിത്തീർക്കാൻ നമ്മുടെ സൈന്യം ഇപ്പോൾ കാണിക്കുന്ന ഈ അവധാനത.

പുറമേക്ക് താക്കീതും, അൺഒഫീഷ്യൽ ആയി അഭിനന്ദനങ്ങളും മറ്റും ഏറ്റുവാങ്ങുന്ന നമ്മുടെ ലെഫ്റ്റനന്റിന് ആകെയുള്ള സങ്കടം തന്റെ ഇഷ്ടവിഹാരകേന്ദ്രമായ അതിർത്തി ഗ്രാമത്തിൽ നിന്ന് ഈയൊരു സംഭവത്തിന് ശേഷം നിർബന്ധപൂർവം മാറിനിൽക്കേണ്ടി വരുന്നു എന്നതാണ്. എന്നാലും, ഇങ്ങോട്ട് അകാരണമായി കോർക്കാൻ വന്ന കമ്മിസ്സാറിന്റെ മൂക്കിടിച്ചു പരത്തി, ചൈനീസ് പട്ടാളത്തെ ഒരു പാഠം പഠിപ്പിച്ചതിന്റെ പേരിൽ സ്വന്തം യൂണിറ്റിലെ ജവാന്മാർക്ക് തന്നോടുള്ള ഇഷ്ടവും ബഹുമാനവും ഇരട്ടിച്ചു എന്നതിന്റെ അതിരറ്റ സന്തോഷവും ലെഫ്റ്റനന്റിനുണ്ട്. 

Follow Us:
Download App:
  • android
  • ios