വ്യാഴാഴ്ച വൈറ്റ്ഹൗസിൽ വെച്ച് ട്രംപ് നടത്തിയ പ്രസ് ബ്രീഫിംഗിനിടെ പുണെ സ്വദേശിയായ ശിരീഷ് ദാത്തേ, തന്റെ ചോദ്യം ചോദിക്കാനുള്ള ഊഴം എത്തിയപ്പോൾ ഒരു ഒന്നൊന്നര ചോദ്യമെടുത്ത് ട്രംപിന് നേരെ വീശി. "മിസ്റ്റർ പ്രസിഡന്റ്, മൂന്നര വർഷമായല്ലോ അങ്ങ് വൈറ്റ് ഹൗസിൽ കയറിയിട്ട്. ഇത്രയും കാലത്തിനിടെ അമേരിക്കയിലെ പൗരന്മാരോട് അങ്ങ് പറഞ്ഞുകൂട്ടിയിട്ടുള്ള നുണകളുടെ പേരിൽ അങ്ങേക്ക് പശ്ചാത്താപമുണ്ടോ?". ബോംബ് പൊട്ടിയ ശേഷമുള്ള മൂകതയായി അതോടെ ആ ഹാളിൽ. 

 

 

തന്റെ ചെവിയിൽ വന്നു വീണ ചോദ്യം ഒരു നിമിഷത്തേക്ക് ട്രംപിനും വിശ്വസിക്കാനായില്ല. താൻ കേട്ടത് തെറ്റിയതാവും എന്ന് കരുതിയാവും, ട്രംപ് ഒന്ന് മുരടനക്കിക്കൊണ്ട് ശിരീഷിനോട് ചോദിച്ചു, "പറഞ്ഞു കൂട്ടിയിട്ടുള്ള എന്തിന്റെ പേരിലെന്ന്...? " 

" സമസ്ത നുണകളുടെയും കപടതകളുടെയും പേരിൽ..." ശിരീഷ് ചോദ്യം വീണ്ടും ആവർത്തിച്ചു.

അടുത്ത നിമിഷം, ട്രംപിന് ചോദ്യത്തിലെ അപകടം മനസ്സിലായി. അതോടെ അങ്ങനെ ഒരു ചോദ്യമേ റിപ്പോർട്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നമട്ടിൽ, മുഖത്തേക്ക് ഇരച്ചുവന്ന, വളരെ പ്രകടമായ അനിഷ്ടം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട്, ട്രംപ് അടുത്ത ചോദ്യകർത്താവിനു നേരെ കൈ ചൂണ്ടി.

വൈറ്റ് ഹൗസിലെ ഹഫിങ്ടൺ പോസ്റ്റിന്റെ കറസ്‌പോണ്ടന്റായ ശിരീഷ് വി ദാത്തെയുടെ ചോദ്യത്തിന്റെ അനൗചിത്യത്തെ അപലപിച്ചു കൊണ്ടും ശിരീഷിന്റെ അസാമാന്യമായ ധൈര്യത്തെ പുകഴ്ത്തിക്കൊണ്ടുമുള്ള പോസ്റ്റുകൾ അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു. ഈ ചോദ്യം ചോദിയ്ക്കാൻ ഒരു അവസരം കിട്ടാൻ വേണ്ടി ദാത്തെ കുറച്ചു കാലമായി കാത്തിരിക്കുകയായിരുന്നു എന്ന് സംഭവത്തിന് തൊട്ടുപിന്നാലെ വന്ന അദ്ദേഹത്തിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു. 

 

 

മാധ്യമങ്ങളിൽ ചിലത് ട്രംപിന്റെ പ്രസിഡന്റ് പദവിയെ മാനിക്കാതെ, പ്രസ് ബ്രീഫിങ്ങുകളിൽ 'ചോദ്യം ചോദിക്കൽ' എന്ന പേരിൽ അദ്ദേഹത്തിനെതിരെ മനഃപൂർവമുള്ള ആക്രമണം നടത്തുന്നുണ്ട് എന്ന ട്രംപ് പാളയത്തിന്റെ പരാതികൾക്ക് ഊർജം പകരുന്നതാണ് ശിരീഷിന്റെ ഈ ചോദ്യം. അദ്ദേഹത്തിന് ഇനിയങ്ങോട്ട് വൈറ്റ് ഹൗസ് പരിസരത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടാനും ഇങ്ങനെ ഒരു ചോദ്യം ഇടയാക്കുമെന്നാണ് പൊതുവെയുള്ള അഭ്യൂഹം.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ ദാത്തേ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി  ഫ്ലോറിഡ കേന്ദ്രീകരിച്ച് പല മാധ്യമങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന സീനിയർ പത്രപ്രവർത്തകനാണ്. "ദാത്തെ തന്റെ ഒരൊറ്റ ചോദ്യം ചോദിച്ച ആ പത്തു സെക്കൻഡ് നേരം കൊണ്ട്, കഴിഞ്ഞ നാലു വർഷത്തിനിടെ മറ്റേതൊരു പ്രതിപക്ഷ നേതാക്കളുടെയും പ്രവർത്തനങ്ങളെക്കാൾ കനത്ത ആഘാതം ട്രംപിന്റെ വിശ്വാസ്യതക്ക് ഏറ്റിട്ടുണ്ട്  എന്ന് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. "ട്രംപിന്റെ മുഖത്ത് നോക്കി അയാളെ കള്ളനെന്നു വിളിച്ച ആ രാജ്യസ്നേഹി ആരാണ്? " എന്ന് മറ്റൊരാളും ട്വിറ്ററിൽ കുറിച്ചു. 

 

 

കഴിഞ്ഞ മൂന്നരവർഷത്തിനിടെ ട്രംപ് ചുരുങ്ങിയത് 20,000 തവണയെങ്കിലും അമേരിക്കൻ പൗരന്മാരോട് നുണ പറയുകയോ, അവരെ വിവിധ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട് എന്ന്  വാഷിംഗ്ടൺ പോസ്റ്റ് പത്രം തങ്ങളുടെ ഫാക്റ്റ് ചെക്ക് കോളത്തിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ എഴുതിയിരുന്നു. കഴിഞ്ഞ ജൂലൈ 13 -നാണ് പ്രസിഡന്റ് ഈ നാഴികക്കല്ല് പിന്നിട്ടവിവരം അവർ ലോകത്തെ അറിയിച്ചത്. അതിൽ ആദ്യത്തെ പതിനായിരം നുണകൾ പറയാൻ 827 ദിവസം എടുത്ത ട്രംപിന് അടുത്ത പതിനായിരം നുണകൾ പറഞ്ഞു തീർക്കാനെടുത്തത് വെറും 440 ദിവസങ്ങൾ മാത്രമാണ് എന്നും ലേഖനം പറഞ്ഞിരുന്നു.