Asianet News MalayalamAsianet News Malayalam

ആരാണ് എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളി ലിസ്റ്റിലുള്ള കൊടും കുറ്റവാളി ഭദ്രേഷ് പട്ടേൽ?

ഇന്ന് എഫ്ബിഐ ടോപ്പ് ടെൻ പിടികിട്ടാപ്പുള്ളി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഏക ഇന്ത്യൻ വംശജനായ ഭദ്രേഷ് പട്ടേൽ തികച്ചും അപകടകാരിയാണ് എന്നാണവരുടെ ഭാഷ്യം.  അടിച്ചും കത്തികൊണ്ട് കുത്തിയും സ്വന്തം ഭാര്യയെ കൊന്നുകളഞ്ഞു എന്നതാണ് ഭദ്രേഷിനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. 
 

Who is this bhadresh patel fugitive in top ten FBI wanted list
Author
Maryland, First Published Oct 21, 2019, 4:02 PM IST

ഭദ്രേഷ്‌ കുമാർ ചേതനാ ഭായ് പട്ടേൽ -  എഫ്ബിഐ തലയ്ക്ക് എഴുപത്തഞ്ചു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ഒരു കൊലയാളിയാണ്. കഴിഞ്ഞ നാലുവർഷമായി അമേരിക്കൻ പൊലീസ് ഡിപ്പാർട്ടുമെന്റുകളും എഫ്ബിഐയും ഒരുപോലെ തിരഞ്ഞുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഭദ്രേഷ് പട്ടേൽ. ഇപ്പോൾ ഇന്ത്യൻ പൊലീസും എഫ്ബിഐയും ചേർന്ന് തുടക്കമിട്ടിരിക്കുന്നത്, ഒരൊറ്റ കുറ്റവാളിക്കുവേണ്ടിയുള്ള ഒരു പക്ഷേ, ലോകത്തെ ഏറ്റവും വലിയ, ഏറ്റവും ചെലവേറിയ തിരച്ചിലുകളിൽ ഒന്നാണ്. 

ഗുജറാത്തിലെ വിരംഗം സ്വദേശിയായ പട്ടേൽ ഇന്ന് എഫ്ബിഐയുടെ ടോപ്പ് ടെൻ ഫ്യൂജിറ്റീവ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഏക ഇന്ത്യൻ വംശജനാണ്. കൊടും ഭീകരനാണ് പട്ടേലെന്നാണ് എഫ്ബിഐയുടെ ഭാഷ്യം.  മേരിലാൻഡിലെ ഹാനോവറിൽ വെച്ച് സ്വന്തം ഭാര്യയെ കൊന്നുകളഞ്ഞു എന്നതാണ് ഭദ്രേഷിനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ടോപ്പ് ടെൻ ലിസ്റ്റിൽ 2017 മുതൽ പട്ടേലിന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും, അമേരിക്കയിലെ രഹസ്യപൊലീസ് സംവിധാനങ്ങൾ എല്ലാം ഒന്നിച്ചു പരിശ്രമിച്ചിട്ടും പട്ടേലിന്റെ രോമത്തിൽ പോലും ഒന്ന് തൊടാൻ അവർക്കായിട്ടില്ല. അതുകൊണ്ടാണ് ഇക്കൊല്ലം, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കൂടി സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് എഫ്ബിഐ രംഗത്തെത്തിയത്. 

സ്വന്തം ഭാര്യയെ ഭദ്രേഷ് അതി ക്രൂരമായ രീതിയിൽ വധിക്കുമ്പോൾ നന്നേ ചെറുപ്പമായിരുന്നു ഇരുവരും.  പട്ടേലിന് ഇരുപതിനാലും, ഭാര്യ പലക്കിന് ഇരുപത്തൊന്നും വയസ്സുമാത്രം പ്രായം. ഹാനോവറിലെ ഡങ്കിൻ ഡോണറ്റ്സിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ  ഭദ്രേഷും പലക്കും ഒരുമിച്ച് അടുക്കളയിലേക്ക് കയറുന്നതും, റാക്കുകൾക്ക് പിന്നിലേക്ക് പോവുന്നതും കാണാം. അൽപനേരം കഴിഞ്ഞ് യാതൊന്നും സംഭവിക്കാത്ത മട്ടിൽ പട്ടേൽ തിരികെ വരുന്നു.  തീർത്തും സ്വാഭാവികമായ ഭാവഹാവങ്ങളോടെ പട്ടേൽ കടയ്ക്ക് പുറത്തിറങ്ങി, അപ്രത്യക്ഷനാകുന്നു. ആ ദൃശ്യങ്ങൾ കാണുന്ന ആർക്കും തന്നെ അവിടെ അസ്വാഭാവികമായി ഒന്നും തോന്നില്ല. 
 


എന്നാൽ അടുക്കളയിലെ റാക്കിനു പിന്നിലിട്ട് സ്വന്തം ഭാര്യ പലക്കിനെ ക്രൂരമായി മർദ്ദിച്ചും, കുത്തിയും കൊലപ്പെടുത്തി ഭദ്രേഷ്. അതിനു ശേഷം, സ്റ്റോറിൽ നിന്ന് അധികം ദൂരെയല്ലാതെയുള്ള അപ്പാർമെന്റിൽ ചെന്ന് അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റും ഒരു ബാഗിലെടുത്ത്, പുറത്തിറങ്ങി ഒരു ടാക്സി പിടിച്ച് നെവാർക്ക് വിമാനത്താവളത്തിന് സമീപത്തുള്ള ഒരു മോട്ടലിൽ ചെന്നിറങ്ങി. കാറിനുള്ളിലെ പട്ടേലിന്റെ പെരുമാറ്റത്തിൽ സംശയാസ്പദമായി യാതൊന്നും തന്നെ കണ്ടിരുന്നില്ലെന്ന് ഡ്രൈവർ പിന്നീട് പൊലീസിന് മൊഴിനൽകി. അവിടെ ഒരു മുറിയെടുത്ത്, പട്ടേൽ ആ രാത്രി അവിടെ ചെലവിട്ടു. ഹോട്ടലിന്റെ റിസപ്‌ഷനിൽ ബുദ്ധിപൂർവം, മുറിവാടക കാഷായി നൽകി. രാത്രി അവിടെക്കിടന്നുറങ്ങിയ ശേഷം രാവിലെ മുറി ചെക്ക് ഔട്ട് ചെയ്ത് അയാൾ പുറത്തിറങ്ങി. വീണ്ടും ഒരു ടാക്‌സിയിൽ കയറി അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ആ ടാക്സിയിൽ നിന്ന് പുറത്തിറങ്ങിയതിൽ പിന്നെ  അമേരിക്കയിൽ ആരും തന്നെ ഭദ്രേഷ് പട്ടേലിനെ കണ്ടിട്ടില്ല. 
 

Who is this bhadresh patel fugitive in top ten FBI wanted list


അടുത്തദിവസം പകൽ ഡങ്കിൻ ഡോണറ്റ്സിലെത്തിയ കസ്റ്റമർമാരിൽ ഒരാൾ, കൗണ്ടറിൽ ആളില്ല എന്നും പറഞ്ഞുകൊണ്ട് 911  ഡയൽ ചെയ്തപ്പോൾ വന്ന പൊലീസാണ് കിച്ചൻ ഫ്ലോറിൽ മരിച്ചുകിടന്ന പലക്കിനെ കാണുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന വലിയ കത്തികൊണ്ട് നെഞ്ചത്തേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണം. ഭദ്രേഷ് സ്വന്തം ഭാര്യയെ അടിച്ചും കുത്തിയും കൊല്ലുന്നതിനു തൊട്ടുമുമ്പുള്ള ഫൂട്ടേജ് പൊലീസിന് കിട്ടിയിട്ടുണ്ട്. അതിൽ ഭാര്യയുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കടയുടെ അടുക്കളയിലെ റാക്കുകൾക്ക് പിന്നിലേക്ക് പോകുന്ന പട്ടേലിനെയും, പിന്നാലെ ചെല്ലുന്ന പലക്കിനെയും കാണാം. പലക്ക് തന്റെ അമ്മയെ വിളിച്ച് തനിക്ക് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാലനം എന്ന് പറയുകയും ചെയ്തിരുന്നത്രെ. തന്റെ അനുവാദമില്ലാതെ അങ്ങനെ ഒരു കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞതാണ് ഭർത്താവായ പട്ടേലിനെ ചൊടിപ്പിച്ചതും, അവർക്കിടയിൽ ഈ വിഷയവും പറഞ്ഞു കൊണ്ട് തുടങ്ങിയ തർക്കം, ഇത്തരത്തിൽ അതിക്രൂരമായൊരു കൊലപാതകത്തിലേക്ക് നയിച്ചതും. 

കൊലപാതക വിവരം റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുമുതൽ എഫ്ബിഐ തങ്ങളുടെ വിശാലമായ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തി അന്വേഷിക്കുകയാണ് ഭദ്രേഷ് പട്ടേലിനെ. ആരുമറിയാതെ, ഭദ്രേഷ് അമേരിക്ക വീട്ടുകാണും എന്നും ഇപ്പോൾ ഇന്ത്യയിൽ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നുമാണ് എഫ്ബിഐ പറയുന്നത്. ഭദ്രേഷ് പട്ടേലിനായി ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയേടങ്ങളിലായി ഇന്ത്യൻ രഹസ്യപ്പൊലീസും പട്ടേലിനെ ഊർജിതമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാഠി എന്തിന് ഫ്രഞ്ചിൽ പോലും പോസ്റ്ററുകൾ അച്ചടിച്ച് പലയിടങ്ങളിലായി ഒട്ടിച്ചുകാണുന്നു. ഇന്റർനെറ്റും, വാട്ട്സാപ്പും ഒക്കെ വഴി ലോകത്തിന്റെ പലകോണുകളിലേക്ക് ഭദ്രേഷിനെ പിടികൂടാൻ വേണ്ടി ഇതേ പോസ്റ്ററുകൾ അവർ പങ്കുവെക്കുന്നുണ്ട്. 

Who is this bhadresh patel fugitive in top ten FBI wanted list

ഇങ്ങനെ വിദേശങ്ങളിൽ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത ശേഷം പലപ്പോഴും ക്രിമിനലുകൾ രക്ഷപ്പെട്ട് അഭയം തേടിയെത്തുന്നത് സ്വന്തം ജന്മനാട്ടിലേക്കാണ്. അവിടെ വന്ന് തങ്ങളെ ആരും പിടികൂടില്ല എന്ന ആത്മവിശ്വാസമാണ് ഒരു പരിധിവരെ ഇതിനു കാരണം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ തിരിച്ചയക്കുന്ന കാര്യത്തിൽ വളരെ നല്ല സഹകരണത്തിലാണ്. അതുകൊണ്ടുതന്നെ, ഭദ്രേഷ് പട്ടേലിനെ പിടികൂടാനും, കൈമാറാനും വേണ്ടതെല്ലാം തന്നെ ചെയ്യും എന്ന് ദില്ലിയിലെ ഐപിഎസ് വൃത്തങ്ങളും എഫ്ബിഐക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios