ഗാസയിലെ കുട്ടികളുടെ ചിരിക്ക് മേലെ സുന്ദരമായ മറ്റെന്താണ് ഈ ലോകത്ത് ഉള്ളതെന്ന് ആ പതിനൊന്നുകാരി വീഡിയോ പങ്കുവച്ച് കൊണ്ട് ചോദിക്കുന്നു. 

2023 ഒക്ടോബർ 7 ന് രാത്രി ഇരുട്ടിന്‍റെ മറവില്‍ ഇസ്രയേല്‍ അതിർത്തി കടന്ന ഹമാസ് സായുധ സംഘം, ആയിരക്കണക്കിന് ഇസ്രയേലികളെ കൊല്ലുകയും കൊച്ച് കുട്ടികളും സ്ത്രീകളും അടക്കം നൂറ് കണക്കിന് ആളുകളെ തടവിലാക്കുകയും ചെയ്തു. എന്നാല്‍, അന്ന് മുതല്‍ ഇന്നും ഗാസയിലേക്ക് ആക്രമണം തുടരുകയാണ് ഇസ്രയേൽ. ഡോണാൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള അമേരിക്ക, എല്ലാ പിന്തുണയുമായി ഇസ്രയേലിന് ഒപ്പമുണ്ട്. എന്നാല്‍, ഗാസയിലെ കുഞ്ഞുങ്ങളെ പോലും പട്ടിണിക്ക് ഇട്ട് കൊല്ലുന്ന ഇസ്രയേലിന്‍റെ യുദ്ധ തന്ത്രത്തോട് ബ്രിട്ടനും, ഇറ്റലിയും ഫ്രാന്‍സും ജർമ്മനിയും എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു. ഇസ്രയേലിലേക്ക് ആയുധം അയിക്കില്ലെന്നാണ് ജർമ്മനി അറിയിച്ചത്. ഇതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു പതിനൊന്നുകാരി, ലോക മനസാക്ഷിയുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. യാഖീൻ ഹമ്മദ്, എന്നാണ് സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർ കൂടിയായ ആ പെണ്‍കുട്ടിയുടെ പേര്.

View post on Instagram

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പടിഞ്ഞാറന്‍ ഗാസയില്‍ ഇസ്രയേൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യാഖീൻ ഹമ്മദിന്‍റെ വീട് നിശേഷം തകർന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തകർന്ന വീട്ടിനടിയില്‍ നിന്നും യാഖീന്‍റെ മൃതദേഹമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഗാസയിലെ ഡെയർ എൽ ബലാഹിലുള്ള അൽ-ബറക്കായിലാണ് യാഖീന്‍ ഹമ്മദിയുടെ വീട്. 

View post on Instagram

'മറ്റ് കുട്ടികളില്‍ അല്പം സന്തോഷമുണ്ടാക്കാനാണ് എന്‍റെ ശ്രമം. അത് യുദ്ധത്തെ കുറിച്ച് ഓർക്കാതിരിക്കാന്‍ അവരെ സഹായിക്കും.' എന്നാണ്. 11 -കാരിയായ യാഖീന്‍ ഹമ്മദ് തന്‍റെ സമൂഹ മാധ്യമ വീഡിയോകളെ കുറിച്ച് ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറഞ്ഞത്. ഇസ്രയേലിന്‍റെ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ എങ്ങനെയാണ് പിടിച്ച് നിന്ന് അതിജീവിക്കേണ്ടത് എന്നതിനെ കുറിച്ച് കുട്ടികൾക്കുള്ള നുറുങ്ങുകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് കൊണ്ടാണ് യാഖീന്‍ ഹമ്മദ് പ്രശസ്തയായത്. 

View post on Instagram

മൂത്ത സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ മുഹമ്മദ് ഹമ്മദും യാഖീന്‍ ഹമ്മദും ഒക്വീന കലക്ടീവ് എന്ന ലാഭ രഹിതമായി പ്രവര്‍ത്തിക്കുന്ന പ്രാദേശീക സംഘടനയിലൂടെ ഗാസയിലെ അനാഥര്‍ക്ക് സഹായം എത്തിച്ച് കൊടുക്കുന്നതില്‍ വ്യാവൃതയായിരുന്നു. അവൾ ഗാസയിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ കാഴ്ചകൾ തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തു. യാഖീന്‍ പങ്കുവച്ച അവസാന ചില വീഡിയോകളില്‍ ഗാസയിലെ കുട്ടികൾ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും കാണാം. ഗാസയിലെ കുട്ടികളുടെ ചിരിക്ക് മേലെ സുന്ദരമായ മറ്റെന്താണ് ഈ ലോകത്ത് ഉള്ളതെന്ന് ആ പതിനൊന്നുകാരി വീഡിയോ പങ്കുവച്ച് കൊണ്ട് ചോദിച്ചു. 

View post on Instagram

യാഖീന്‍റെ വീഡിയോകൾ സ്വാഭാവികമായും ഇസ്രയേലിനെ അസ്വസ്ഥമാക്കുന്നവയായിരുന്നു. ഗാസയിലെ ദുരിതവും ഭക്ഷണം വയ്ക്കാനില്ലാത്ത കമ്മ്യൂണിറ്റി കിച്ചണും പട്ടിണി കിടക്കുന്ന കുട്ടികളും തകർന്ന കെട്ടിടങ്ങളുടെ കാഴ്ചയും യാഖീന്‍ ഹമ്മദിന്‍റെ വീഡിയോയിലൂടെ ലോകം കണ്ടു. പിന്നാലെ ഇസ്രയേലിന്‍റെ മിസൈലുകൾ യാഖീന്‍റെ വീട് പോലും മണ്ണോട് ചേര്‍ത്തു. ഒപ്പം ആ പതിനൊന്നുകാരിയെയും അവളുടെ കുടുംബത്തെയും. പക്ഷേ, യാഖീന്‍ ഉയ‍ത്തിവിട്ട ചോദ്യങ്ങളും പുറത്ത് വിട്ട കാഴ്ചകളും മനുഷ്യ മനസാക്ഷിയെ എന്നും വേദനിപ്പിച്ച് കൊണ്ടേയിരിക്കും. ഇസ്രയേലിന്‍റെ ക്രൂരതകളെ ലോകത്തിന് മുന്നില്‍ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും.