1987 മെയ് 22 - നേരം രാത്രി ഒമ്പതുമണി.

ഉത്തർ പ്രദേശിലെ മീററ്റ് നഗരത്തിലെ ഹാഷിംപുരക്ക് അടുത്തുള്ള ലിങ്ക് റോഡ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു വിബി സിംഗ്. പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകരോടൊപ്പം ഇരിക്കുമ്പോൾ സിംഗ് പുറത്തുനിന്ന് തുരുതുരാ വെടിയൊച്ചകൾ  കേട്ടു. മാഖൻപൂർ ഭാഗത്തുകൂടി പോകുന്ന ഹിന്ദോൺ  കനാലിന്റെ കരയിൽ നിന്നാണ് ആ വെടിയൊച്ചകൾ കേട്ടത് എന്ന് അദ്ദേഹത്തിന് തോന്നി. കൊള്ളക്കാരുടെ ശല്യമുള്ള പ്രദേശമാണ് മാഖൻപൂർ. എന്താണ് സംഭവിക്കുന്നത് എന്നന്വേഷിക്കാൻ വേണ്ടി വിബി സിംഗ് തന്റെ മോട്ടോർസൈക്കിളിൽ, ഒരു കോൺസ്റ്റബിളിനെയും പിന്നിലിരുത്തി വെടിയൊച്ച കേട്ട വഴിക്ക് പുറപ്പെട്ടു. മാഖൻപൂരിലേക്കുള്ള വഴിയേ ഏതാനും മീറ്റർ പോയപ്പോഴേക്കും കൊടുങ്കാറ്റിന്റെ വേഗത്തിൽ PAC എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് പൊലീസിന്റെ സായുധവിഭാഗമായ  പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയുടെ ഒരു ട്രക്ക് അവരെ കടന്നുപോയി. 

 

 

തീരെ വീതി കുറവായിരുന്ന ആ റോഡിൽ നിന്ന് വിബി സിംഗ് തന്റെ ബൈക്ക് പാടത്തേക്ക് ഇറക്കിയില്ലായിരുന്നു എങ്കിൽ ബൈക്കിനെ ഇടിച്ചു മറിച്ച് ആ ട്രക്ക് കടന്നുപോയിരുന്നേനെ. സിംഗിന്റെ വായിൽ നിന്ന് നല്ല മുഴുത്ത തെറിയാണ് അപ്പോൾ പുറത്തു വന്നത്. ഒരു വിധത്തിൽ ബൈക്കിനെ മറിഞ്ഞു വീഴാതെ ബ്രേക്കിട്ട് ചവിട്ടി നിർത്തിയ ശേഷം, സിംഗ് തിരിഞ്ഞു നോക്കി. പിറകിൽ മഞ്ഞ പെയ്ന്റുകൊണ്ട് 41 എന്നെഴുതിയ ആ മിലിട്ടറി ട്രക്കിന്റെ പിന്നിൽ കുറേ പട്ടാളക്കാരും ഇരുപ്പുണ്ടായിരുന്നു. അത് PAC യുടെ നാല്പത്തൊന്നാം ബറ്റാലിയന്റെ ട്രക്കാണ് എന്ന് സിങ്ങിന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. രാത്രി ആ നേരത്ത് എന്തിനാണ്, ഇങ്ങനെ ഒരു PAC ട്രക്ക് ആ വഴിക്ക് അന്തംവിട്ട പോക്ക് പോയതെന്ന് ഒരു നിമിഷത്തേക്ക് സിങ് അതിശയിച്ചു. ഇനി നേരത്തെ കേട്ട വെടിയൊച്ചകൾക്ക് പിന്നിൽ അവർ തന്നെയാണോ എന്ന സംശയവും അപ്പോൾ അദ്ദേഹത്തിന് തോന്നി. എന്തായാലും, സിംഗ് മാഖൻപൂർ ലക്ഷ്യമാക്കിയുള്ള തന്റെ യാത്ര തുടർന്നു.

അധികദൂരം ചെല്ലും മുമ്പേ സിംഗിന് തന്റെ ബൈക്ക് വീണ്ടും സഡൻ ബ്രേക്കിട്ട് നിർത്തേണ്ടി വന്നു. റോഡരികിലൂടെ കടന്നുപോയിരുന്ന കനാലിന്റെ കരയിൽ തലങ്ങും വിലങ്ങും കിടക്കുന്ന കുറെ മൃതദേഹങ്ങൾ. ബൈക്കിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ അദ്ദേഹം കണ്ട വളരെ ഭയാനകമായിരുന്നു ആ കാഴ്ച. ചോരയുടെ കുത്തുന്ന ഗന്ധം കാറ്റിൽ നിറഞ്ഞു നിന്നു.  നാലുപാടും പടർന്നു കിടക്കുന്ന ചുടുചോര. കനാലിന്റെ തിണ്ടിലും, സമീപത്തുളള പൊന്തകളിലുമെല്ലാം വെടിമരുന്നു മണമുള്ള, ചോരയോട്ടം നിലച്ചിട്ടില്ലാത്ത മുറിവുകളോടെ ചലനമറ്റു കിടക്കുന്ന മൃതദേഹങ്ങൾ. ആരെങ്കിലും ജീവനോടുണ്ടോ എന്നറിയാൻ അവർ ടോർച്ചടിച്ച് നോക്കിനോക്കി മൃതദേഹങ്ങള്‍ക്കിടയിലൂടെ നീങ്ങി. അവയില്‍ ചവിട്ടാതിരിയ്ക്കാൻ സിംഗിനും കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനും ഏറെ പണിപ്പെടേണ്ടി വന്നു. അങ്ങനെ പരിശോധന തുടരുന്നതിനിടെ, പെട്ടെന്ന് ഒരു ചുമ കേട്ട് അവർ തിരിഞ്ഞു നോക്കി. കനാലിലേക്ക് ഞാന്നു കിടന്നിരുന്ന വള്ളിപ്പടർപ്പിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരാളെ അവർ ആ മങ്ങിയ വെളിച്ചത്തിൽ കണ്ടു. അയാളുടെ ശരീരത്തിന്റെ പാതി കനാലിലെ വെള്ളത്തിൽ മുങ്ങിയിരിക്കുകയായിരുന്നു. മൃതപ്രായനായ ആ യുവാവിന്റെ പേര് ബാബുദ്ദീൻ എന്നായിരുന്നു. ദേഹമാകെ ചോരയിൽ കുളിച്ച അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. 

 

 

കാക്കിയിട്ട രണ്ടു പേരെ കണ്ടതോടെ ബാബുദ്ദീൻ വീണ്ടും കരച്ചിലിന്റെ വക്കോളമെത്തി. ഏറെ  പണിപ്പെട്ടാണ് തങ്ങൾ സഹായിക്കാനെത്തിയതാണ് എന്ന കാര്യം സിംഗ് അയാളെ ധരിപ്പിച്ചത്.  അയാളുടെ ദേഹത്ത് ഉരഞ്ഞുകൊണ്ട് രണ്ട് വെടിയുണ്ടകൾ പോയിട്ടുണ്ടായിരുന്നു. അങ്ങനെ ചോര പൊടിഞ്ഞതൊഴിച്ചാൽ ബാബുദ്ദീന് കാര്യമായ പരിക്കൊന്നും ഇട്ടിരുന്നില്ല. കനാലിൽ നിന്ന് സിംഗും കോൺസ്റ്റബിളും ചേർന്ന് വലിച്ചു കയറ്റിയപ്പോൾ അയാൾ അൽപനേരം റോഡരികിലെ കലുങ്കിൽ വിശ്രമിച്ചു. അതിനു ശേഷം കൊണ്ടുപോകാൻ വന്ന വണ്ടിയിലേക്ക് നടന്നുതന്നെയാണ് അയാൾ പോയത്.  ജീവൻ അപകടത്തിലല്ല എന്ന് ബോധ്യമായ ശേഷം  അവിടെ നടന്ന നരസംഹാരത്തിന്റെ വിശദാംശങ്ങൾ ബാബുദ്ദീൻ അവരോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്തവരിൽ പത്തമ്പതു പേരെ ട്രക്കിൽ കൊണ്ടുവന്ന് കനാൽക്കരയിൽ കൊണ്ടിറക്കുകയായിരുന്നു. ട്രക്കിൽ നിന്ന് താഴെയിറക്കാൻ മടിച്ചു നിന്നവരെ കോളറിന് പിടിച്ച് താഴെയിറക്കിയും, തോക്കിന്റെ പാത്തികൊണ്ട് ഇടിച്ചും നിർബന്ധിച്ച് ഇറക്കി അവർ. ആളെ താഴെയിറക്കുക, വെടിവെക്കുക എന്നതായിരുന്നു രീതി. ആദ്യത്തെ കുറെ പേരെ അങ്ങനെ കൊന്നതോടെ ട്രക്കിൽ അവശേഷിച്ചിരുന്നവർ പരിഭ്രാന്തരായി അലറിവിളിക്കാൻ തുടങ്ങി. അവരിൽ ചിലർ ട്രക്കിൽ നിന്ന് ചാടിയിറങ്ങി എങ്കിലും, താഴെയെത്തും മുമ്പ് വെടിയേറ്റു മരിച്ചു. അവിടെ കൊണ്ടുചെന്നിറക്കിയ അമ്പതോളം പേരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് അന്ന് ജീവനോടെ അവശേഷിച്ചത്. വെടിയുണ്ടയേറ്റ ശേഷം കനാലിലേക്ക് വീണ പലരും മരിച്ചപോലെ അഭിനയിച്ചതുകൊണ്ടു മാത്രമാണ് മരിക്കാതെ രക്ഷപ്പെട്ടത്. തറയിൽ വെടിയേറ്റു മരിച്ചുവീണവരെ PAC ജവാന്മാർ തൂക്കി ഹിന്ദോണ്‍ കനാലിലേക്ക് വലിച്ചെറിഞ്ഞു. മിനിട്ടുകൾക്കകം വന്ന ജോലി പൂർത്തിയാക്കി അവർ സ്ഥലം വിട്ടു. 

 

'ഹിന്ദോണ്‍ കനാല്‍ '

സംഭവസ്ഥലത്ത് ആദ്യമെത്തിയ സബ് ഇൻസ്‌പെക്ടർ വിബി സിംഗ് തിരികെ ബൈക്കിൽ കയറി നേരെ പോയത് അന്നത്തെ മീററ്റ് എസ്പി വിഭൂതി നാരായൺ സിംഗിന്റെ ഔദ്യോഗിക വസതിയിലേക്കായിരുന്നു. പത്തുമണിയോടെ അദ്ദേഹം അവിടെ എത്തി എങ്കിലും, എസ്പി സാബ് സ്ഥലത്തുണ്ടായിരുന്നില്ല. ഹാപുഡിലുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടുവരെ പോയിരിക്കയായിരുന്നു എസ്പി. തിരികെ വന്നപ്പോഴേക്കും നേരം പത്തരയായി. എസ്പിയുടെ വാഹനം ഗേറ്റ് കടന്ന് അകത്തേക്ക് വന്നതും സിംഗ് ഓടി അടുത്ത് ചെന്നു. 

ഇൻസ്‌പെക്ടറുടെ ഭാവഹാവങ്ങൾ കണ്ടപ്പോൾ തന്നെ എന്തോ കാര്യമായ പ്രശ്നം ആ ലിങ്ക് റോഡ് സ്റ്റേഷൻ അതിർത്തിക്കുള്ളിൽ നടന്നിട്ടുണ്ട് എന്ന് എസ്പി ഉറപ്പിച്ചു. ആകെ പരിഭ്രാന്തനായ അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു ഇൻസ്‌പെക്ടർ സിംഗ് അപ്പോഴേക്കും. വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. ആകെ പതറിയ സ്വരം. അയാൾ തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിച്ചതിൽ നിന്ന് ഏറെ പണിപ്പെട്ട് എസ്പി ഒരു കാര്യം മനസ്സിലാക്കി, "മാഖൻപൂരിലെ കനാൽക്കരയിൽ PAC യുടെ ജവാന്മാർ കുറെയധികം പേരെ വെടിവെച്ചു കൊന്നുകളഞ്ഞിരിക്കുന്നു. കണ്ടിട്ട് മുസ്ലിംകളാണ് എന്നാണ് തോന്നുന്നത് " 

 'വെടിവെച്ചു കൊന്നുകളഞ്ഞെന്നോ? എന്തിന്? എത്ര പേരാണ് മരിച്ചത്? എവിടെ നിന്നാണ് പട്ടാളക്കാർ അവരെ കസ്റ്റഡിയിൽ എടുത്തത്?' - നിമിഷാർദ്ധനേരം കൊണ്ട് ഇത്രയും ചോദ്യങ്ങൾ റായിയുടെ മനസ്സിലേക്ക് കയറിവന്നു. ഇൻസ്‌പെക്ടർ സിങ്ങിന് മനസ്സാന്നിധ്യം വീണ്ടെടുക്കാൻ അല്പം സമയം അനുവദിച്ച ശേഷം എസ്പി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അത് ഇന്ത്യൻ മണ്ണിൽ നടന്ന ഏറ്റവും ഭീകരമായ കസ്റ്റഡി കൂട്ടക്കൊലകളിൽ ഒന്നായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ആരുടേയും മനസ്സിനെ പിടിച്ചുലക്കുന്ന ഈ കൂട്ടക്കൊലയെപ്പറ്റി  എസ്‌പി വിഭൂതി നാരായൺ റായ് പിന്നീട് എഴുതി, പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ,  'ഹാഷിംപുര 22 മെയ് ' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 

 

 

ഈ  അതിക്രൂരമായ കൂട്ടക്കൊല നടന്നത്, ഇന്നേക്ക് 33 വർഷം മുമ്പ്, അതായത് 1987 മെയ് 22 -നാണ്. മുസ്ലിംകളുടെ പുണ്യമാസമായ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ദിവസം. ഉത്തർ പ്രദേശ് സംസ്ഥാനത്തെ മീററ്റ് ജില്ലയിൽ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശമായിരുന്നു ഹാഷിംപുര. അവിടത്തെ മുസ്ലിംകൾ പകൽ മുഴുവൻ വ്രതമെടുത്ത ശേഷം  നോമ്പുതുറക്കാൻ വേണ്ടി വീടുകളിലേക്ക് തിരിച്ചു വന്ന നേരം. നോമ്പുതുറന്ന് ഏറെ നേരം കഴിയും മുമ്പ് യൂണിഫോമിട്ട സായുധ പോലീസുകാർ അവരുടെ വീടുകളിലേക്ക് ഇരച്ചുകയറി. വീടുകളിലെ സ്ത്രീകളോട് അവർ ചോദിച്ചത് ഒരേ സി ചോദ്യമായിരുന്നു, "എവിടെ നിങ്ങളുടെ ആണുങ്ങൾ?" ആ വീടുകളിൽ നിന്ന് ആരോഗ്യമുള്ള ചെറുപ്പക്കാരെ നോക്കി തിരഞ്ഞു പിടിച്ച് അവർ കസ്റ്റഡിയിലെടുത്ത് കൂടെ കൊണ്ടുപോയി. 600 -ലധികം പേരെ കസ്റ്റഡിയിലെടുത്ത PAC ജവാന്മാർ അവരിൽ ഭൂരിഭാഗം പേരെയും റിമാൻഡിലയച്ചു എങ്കിലും, അമ്പതോളം യുവാക്കളെ ഒരു ട്രക്കിൽ കയറ്റി കനാലിന്റെ കരയിലെത്തിച്ച് വെടിവെച്ചു കൊന്നുകളയുകയായിരുന്നു. 

 

 

 

കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം?

ഈ കൂട്ടക്കൊലക്ക് പിന്നിൽ പ്രദേശത്തെ ഒരു ആർഎസ്എസ് നേതാവിന്റെ വധമായിരുന്നു എന്നൊരു തിയറി അന്ന് പ്രചരിച്ചിരുന്നതായി 2018 -ൽ ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രഭാത് കൗശിക് എന്ന ആ നേതാവിനെ ഒരു സംഘം കലാപകാരികൾ വെടിവെച്ചു കൊല്ലുകയായിരുന്നു.  പ്രഭാതിന്റെ സഹോദരൻ സതീഷ് കൗശിക് മീററ്റിൽ മേജർ ആയി പോസ്റ്റ് ചെയ്യപ്പെട്ട സമയമായിരുന്നു അതെന്നും, സതീഷാണ് തന്റെ സഹോദരന്റെ വധത്തിനുള്ള പ്രതികാരമായി ഇങ്ങനെ ഒരു കൂട്ടക്കൊലക്ക് ഗൂഢാലോചന നടത്തിയത് എന്നും അന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ ആ ആംഗിൾ പിന്നീട് ആരും ചർച്ച ചെയ്യുകയോ ആ ദിശയിൽ അന്വേഷണങ്ങൾ നടക്കുകയോ ചെയ്തില്ല. എന്നാൽ, ആ കഥയിൽ കാര്യമില്ല എന്നും PAC ഭടന്മാർക്ക് പ്രദേശത്തെ മുസ്ലിംകളോട് ആദ്യമേ ഉണ്ടായിരുന്ന വിരോധമാണ് ആ സംഭവത്തിലേക്ക് നയിച്ചതെന്നും പ്രാദേശിക റിപ്പോർട്ടർമാർ പറയുകയുണ്ടായി.

 

 

1986 -ലാണ് ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നുകൊടുക്കാനുള്ള കോടതിവിധി വരുന്നതും, രാജീവ് ഗാന്ധി സർക്കാർ അതിൻപ്രകാരം പൂട്ടുകൾ തുറക്കുന്നതും. അതിനു പിന്നാലെ രാജ്യത്താകമാനം ഹിന്ദു മുസ്ലിം ലഹളകൾ നിരവധി നടക്കുകയുണ്ടായി. അക്കൂട്ടത്തിൽ ഉത്തർ പ്രദേശിലും പലയിടത്തും ലഹള നടന്നിരുന്നു. ഉത്തർപ്രദേശിലെ ക്രമാസമാധാനപാലനത്തിന് പലപ്പോഴും PAC യുടെ സഹായവും ആവശ്യമായി വന്നിരുന്നു. ഈ സമാധാനപാലന ദൗത്യങ്ങൾക്കിടയിൽ ഒരിക്കൽ എന്നോ ഒരു അക്രമസംഭവത്തെ തുടർന്ന് ഹാഷിംപുര എന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് തിരച്ചിലിനു ചെന്ന PAC യുടെ ഭടന്മാരെ കട്ടയും കല്ലുമായി അക്രമിച്ചതിന്റെ പേരിൽ ഒരു വിദ്വേഷമനോഭാവം അവിടത്തെ ജനങ്ങളോട് PAC -ക്ക് ഉണ്ടായിരുന്നു. ഈ കൂട്ടക്കൊല നടക്കുന്നതിന്റെ തലേന്ന് ഹാഷിംപുരയിലെ നിന്നുള്ള ഏതോ അക്രമികൾ PAC -യിലെ ഒരു ഓഫീസറെ വധിച്ചു എന്നാണ് പറയപ്പെടുന്നത്. അതിനുള്ള പ്രതികാരമായിട്ടാണ് അവർ ഇത്രയധികം പേരെ കസ്റ്റഡിയിൽ എടുത്തതും അവരിൽ 50 പേരെ വെടിവെച്ചു കൊന്നതും. അന്ന് PAC ഭടന്മാർ മുസ്ലിം യുവാക്കളെ നടത്തിക്കൊണ്ടു പോകുന്നതിന്റെ ചിത്രങ്ങൾ ഫോട്ടോഗ്രാഫറായ പ്രവീൺ ജെയിൻ തന്റെ ക്യാമറയിൽ പകർത്തി. അതിൽ ഭയചകിതരായി സ്വന്തം മരണത്തിലേക്ക് ഒന്നുമറിയാതെ നടന്നുപോകുന്ന  മുസ്ലിം യുവാക്കളെ കാണാം. 

 

 

എന്തായാലും, കേസിന്റെ അന്വേഷണം എല്ലാത്തരത്തിലും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പല ഉന്നത കേന്ദ്രങ്ങളിൽ നിന്നും നടന്നു. വിചാരണ തുടർന്ന കാലമത്രയും ഈ PAC ഭടന്മാർ എല്ലാവരും തന്നെ സർവീസിൽ തുടർന്ന്. അവരുടെ ആരുടെയും ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിൽ ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി ഒരു പരാമർശം പോലുമുണ്ടായില്ല. വർഷങ്ങളോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ, കേസിന്റെ വിചാരണ ദില്ലിയിലെ തീസ് ഹസാരി കോടതിയിലേക്ക് മാറ്റി. 2015 മാർച്ച് 21 -ന് തീസ് ഹസാരി കോടതി കേസിൽ കുറ്റം ചാർത്തപ്പെട്ടിരുന്ന പതിനാറു PAC ഭടന്മാരെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 2018 -ൽ വിചാരണക്കോടതിയുടെ വിധി തിരുത്തിയ ദില്ലി ഹൈക്കോടതി 16 പേരെയും ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ജസ്റ്റിസ് എസ് മുരളീധറും ജസ്റ്റിസ് വിനോദ് ഗോയലും അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതിയിൽ വാദം കേട്ടതും വിധി തിരുത്തിക്കുറിച്ചതും. 

 

 

ശിക്ഷിക്കപ്പെട്ട ഉത്തർപ്രദേശ് പ്രാദേശിക സായുധ സേനയുടെ ഉദ്യോഗസ്ഥരിൽ ഏറ്റവും ഉയർന്ന റാങ്കുകാരൻ ഒരു സബ് ഇൻസ്‌പെക്ടർ ആയിരുന്നു. ഇവിടെ ഇന്നോളം ഉത്തരം കിട്ടാതെ നിലനിൽക്കുന്ന ഒരു ചോദ്യമുണ്ട്. അമ്പതോളം മുസ്ലിംകളെ പിടികൂടി വെടിവെച്ചു കൊല്ലാനുള്ള തീരുമാനം എടുത്തത് PAC -യുടെ ഈ എസ്‌ഐ ആയിരുന്നോ? അല്ലെങ്കിൽ, അവരെപ്പറ്റി ഇന്നുവരെ ഉത്തർപ്രദേശ് ഗവണ്മെന്റ് ഒരന്വേഷണവും നടത്താതിരുന്നത് എന്തുകൊണ്ടാണ്? അതിന്റെ ഉത്തരം ഇന്നും, 'അറിയില്ല' എന്നാണ്. സംഭവം നടന്ന അന്നുതൊട്ടേ ഈ കേസിനെ പിന്തുടരുന്ന വിഭൂതി നാരായൺ റായി ഐപിഎസ് എന്ന സ്ഥലം എസ്പിയും, അന്ന് കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കളും ഉത്തരം തേടുന്നത് ഇതേ ചോദ്യത്തിനുതന്നെയാണ്.