ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാൻ സാധിക്കാത്ത ഒരു വ്യക്തിത്വമായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖർജിയുടേത്. 1929 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന മുഖർജി, ഹിന്ദു മഹാസഭയിലും അംഗമായിരുന്നു. ഗാന്ധിവധത്തെ തുടർന്ന് ഹിന്ദു മഹാസഭ വിട്ടുപോയ മുഖർജിയെ 1948 -ലാണ് നെഹ്‌റു തന്റെ മന്ത്രിസഭയിലെ വ്യവസായ വിതരണ വകുപ്പുകളുടെ ചുമതല ഏൽപ്പിക്കുന്നത്. 1950 -ൽ പാക് പ്രധാനമന്ത്രി ലിയാക്കത് അലി ഖാനുമായി നെഹ്‌റു ഉണ്ടാക്കിയ ഉടമ്പടിയോടുള്ള വിയോജിപ്പ് കാരണം മുഖർജി മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോവുകയായിരുന്നു. 1951 -ൽ ബിജെപിയുടെ പൂർവിക സംഘടനയായ ഭാരതീയ ജനസംഘം സ്ഥാപിക്കുന്നത് ഡോ. ശ്യാമപ്രസാദ് മുഖർജിയാണ്. ഇന്ന്, ജൂൺ 23 -ന് അദ്ദേഹത്തിന്റെ അറുപത്തേഴാം ചരമവാർഷികദിനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോ. ശ്യാമപ്രസാദ് മുഖർജിയെ സ്മരിച്ചു കൊണ്ട് ഇന്നുരാവിലെ  ട്വീറ്റ് ചെയ്തു. "ഭാരതമാതാവിന്റെ മഹാനായ സല്പുത്രൻ ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ പരശ്ശതം പ്രണാമങ്ങൾ" എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

 


1901 ജൂലൈ 6 -ന്  കൊൽക്കത്തയിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജനനം. അച്ഛൻ അശുതോഷ് മുഖർജി, ബംഗാളിലെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനും ബുദ്ധിജീവിയുമായിരുന്നു. ശ്യാമപ്രസാദ് മുഖർജി,  കൽക്കത്താ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ഓണേഴ്‌സ് ബിരുദവും ബംഗാളിയിൽ ബിരുദാനന്തര ബിരുദവും നേടി. 1926 -ൽ സർവകലാശാലയുടെ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ശ്യാമപ്രസാദ് മുഖർജി, പിന്നീട് തന്റെ 1934 -ൽ മുപ്പത്തിമൂന്നാം വയസ്സിൽ കൽക്കത്താ സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആ പദവിയിൽ നാലുവർഷം പ്രവർത്തിച്ച ശേഷമാണ് ഡോ. മുഖർജി കൽക്കത്താ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെത്തുന്നത്. അതിനിടെ ലണ്ടനിലെ ലിങ്കൻസ് ഇന്നിൽ നിന്ന് ബാരിസ്റ്റർ പട്ടവും അദ്ദേഹം നേടുന്നുണ്ട്. 

1929 മുതൽ ചേർന്ന് പ്രവർത്തിച്ചു തുടങ്ങിയ കോൺഗ്രസുമായി അധികം താമസിയാതെ തന്നെ അദ്ദേഹത്തിന് അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു. 1930 -ൽ അവിടെ നിന്ന് രാജിവെച്ചിറങ്ങിപ്പോയ അദ്ദേഹം പക്ഷേ വീണ്ടും സ്വതന്ത്രസ്ഥാനാർത്ഥിയായി നിയമസഭയിലെത്തി. അതി തീവ്ര ദേശീയതാ വാദത്തിന്റെ പ്രയോക്താവായി ഡോ. ശ്യാമപ്രസാദ് മുഖർജി അന്നേ അറിയപ്പെട്ടു തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നെഹ്രുവുമായി കടുത്ത അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു അദ്ദേഹത്തിന്. ഹ്രസ്വകാലത്തേക്ക് നെഹ്‌റുവിന്റെ മന്ത്രിസഭയിലും അംഗമായിരുന്ന മുഖർജി പാക് വിഷയത്തിലെ നെഹ്‌റുവിന്റെ നിലപാടുകളോട് യോജിക്കാതെ അവിടെ നിന്നും രാജിവെച്ചിറങ്ങുകയായിരുന്നു . പാകിസ്ഥാനെ പ്രീണിപ്പിക്കുന്ന നിലപാടാണ് നെഹ്‌റുവിന്റേത് എന്ന് തുറന്നു പറഞ്ഞുകൊണ്ടേയിരുന്നു ഡോ. മുഖർജിയുടെ ആ ഇറങ്ങിപ്പോക്ക്. 

 

 

ആർഎസ്എസ് സർസംഘചാലക് ആയിരുന്ന എം എസ് ഗോൾവാൾക്കറുടെ നിർദേശപ്രകാരം 1951 ഒക്ടോബർ 21 -ന് ഡോ. ശ്യാമപ്രസാദ് മുഖർജിയാണ് ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുന്നത്. പിന്നീട് എഴുപതുകളുടെ അവസാനത്തോടെ ജനത പാർട്ടിയിൽ ലയിക്കുകയും, ജനത പാർട്ടിയുടെ തകർച്ചയ്ക്ക് ശേഷം 1980 -ൽ ബിജെപി എന്ന പേരിൽ പുനർജനിക്കുകയും ചെയ്തത് ഇതേ ഭാരതീയ ജനസംഘം തന്നെയാണ്. 1951 -ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ ടിക്കറ്റിൽ ജയിച്ചു കയറിയ 3 പാർലമെന്റേറിയന്മാരിൽ ഒരാൾ ഡോ. മുഖർജി ആയിരുന്നു. 

ജമ്മു കശ്മീരിന് സവിശേഷ പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370 -നെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ആളാണ് ഡോ. മുഖർജി. "ഒരു രാജ്യത്ത് രണ്ടു പതാകയോ, രണ്ടു നിയമവ്യവസ്ഥയോ, രണ്ടു ഭരണകർത്താക്കളോ സ്വീകാര്യമല്ല. ഞാൻ അതിനെ ശക്തമായി എതിർക്കുന്നു" എന്നായിരുന്നു കശ്മീർ വിഷയത്തിലെ ഡോ. മുഖർജിയുടെ നിലപാട്. 

 

 

ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ പോകാൻ ആർക്കും ആരുടെയും അനുമതി തേടേണ്ട ആവശ്യമുണ്ടാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്ന് കാശ്മീരിലേക്ക് പ്രവേശിക്കണമെങ്കിൽ മുൻ‌കൂർ പെർമിറ്റ് എടുക്കേണ്ടതുണ്ടായിരുന്നു. "ഈ കരിനിയമം ഞാൻ യാതൊരു കാരണവശാലും പാലിക്കില്ല" എന്ന് തുറന്നു പറഞ്ഞിരുന്ന ഡോ. മുഖർജി, 1953 മെയ് 11 -ന് പ്രതിഷേധിക്കാൻ വേണ്ടി പെർമിറ്റില്ലാതെ കാശ്മീരിൽ പ്രവേശിച്ചു. പെർമിറ്റ് ഇല്ലാതിരുന്നതിന്റെ പേരിൽ സ്വാഭാവികമായും, പൊലീസ് അദ്ദേഹത്തെ തടഞ്ഞു."ഞാൻ ഒരു പാർലമെന്റംഗമാണ്, എനിക്ക് ഇന്നാട്ടിൽ എവിടെപ്പോകാനും ഒരാളുടെയും പെർമിറ്റ് ആവശ്യമില്ല, ഞാൻ എടുക്കില്ല" എന്നതായിരുന്നു ഡോ. മുഖർജിയുടെ മറുപടി. ഫാറൂഖ് അബ്‌ദുള്ളയുടെ ഗവണ്മെന്റായിരുന്നു അന്ന് ജമ്മു കശ്മീർ ഭരിച്ചിരുന്നത്. പെർമിറ്റില്ലാതെ കശ്മീരിൽ പ്രവേശിച്ച ഡോ. മുഖർജിയുടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാൽപതു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജൂൺ 23 -ന് പുലർച്ചെ കസ്റ്റഡിയിലിരിക്കെ ഡോ. മുഖർജി മരണപ്പെട്ടു. ഹൃദയസ്തംഭനമായിരുന്നു ഡോക്ടർമാർ സ്ഥിരീകരിച്ച മരണകാരണം.വളരെ ദുരൂഹമായ സാഹചര്യത്തിൽ പൊലീസ് ലോക്കപ്പിനുള്ളിൽ കിടന്നാണ് ഡോ. മുഖർജി മരിക്കുന്നത്. അദ്ദേഹത്തിന്റെ ബലിദാന ദിവസമായിട്ടാണ് ബിജെപി ഇന്നേ ദിവസം ആചരിക്കുന്നത്.