തൊണ്ണൂറുകളിലെ ഒരു ഒക്ടോബർ പ്രഭാതം. യുഎസ്എസാറിലെ കോംസോമോൾസ്കായ പ്രാവ്‌ദാ പത്രത്തിന്റെ ഒന്നാം പേജിൽ സുന്ദരിയായ ഒരു യുവതിയുടെ ചിത്രം കവർ ഇമേജായി അച്ചടിച്ചുവന്നു. അവൾ അതീവ സുന്ദരിയായിരുന്നു. അത്യന്തം ആകർഷകത്വം ഉള്ളവളായിരുന്നു. അതിലേറെ അപകടകാരിയും ആയിരുന്നു അവൾ, കാരണം അവൾ ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഒരു നിറതോക്കുമായിട്ടായിരുന്നു. 

 

 

കെജിബിയുടെ പുതിയ മുഖം 

'മിസ് കെജിബി' എന്നായിരുന്നു ആ കവർ ചിത്രത്തിന്റെ ഉപശീർഷകം. ആരായിരുന്നു കാത്യാ മേയറോവ എന്ന ആ യുവതി? 'ചാര സുന്ദരി' എന്ന പട്ടത്തിന് അക്ഷരാർത്ഥത്തിൽ അർഹതയുള്ള ഒരു പക്ഷേ, ലോകത്തിലെ തന്നെ ഒരേയൊരാൾ. ഗ്ലാസ്നോസ്റ്റിന്റെ, മിഖായിൽ ഗോര്ബച്ചേവിന്റെ പുതിയ സുതാര്യതാ നയങ്ങൾക്ക് വിരുദ്ധമായി പിന്നീടങ്ങോട്ടും പ്രവർത്തനത്തിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച ഒരു പ്രസ്ഥാനമായിരുന്നു കെജിബി എന്ന റഷ്യൻ ചാരസംഘടന. 


ഒരു തരത്തിലുള്ള കൃത്യാന്തര ബാഹുല്യവും വെച്ചു പൊറുപ്പിക്കാത്ത, വളരെ കർശനമായി പ്രവർത്തിച്ചു പോരുന്ന ഒരു സ്ഥാപനം എന്ന് ഖ്യാതി കേട്ടിരുന്നു കെജിബി. അതിലെ ഒരംഗത്തിന്റെ ചിത്രം ഇത്രയും പരസ്യമായി പത്രത്തിലൊക്കെ വരിക എന്നത് സമൂഹത്തിന് അങ്ങോട്ട് ദഹിക്കാത്ത ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ പല വിദേശപത്രങ്ങളുടെയും മോസ്‌കോ കറസ്‌പോണ്ടന്റുകൾ ഈ 'മിസ് കെജിബി'യുടെ ഒരു അഭിമുഖം സംഘടിപ്പിക്കാൻ വേണ്ടി പരക്കം പാഞ്ഞു. അവരെ നേരിൽ കാണാൻ യോഗമുണ്ടായ ഒരേയൊരു ജേർണലിസ്റ്റ് വാഷിംഗ്ടൺ പോസ്റ്റിന്റെ ഇന്റർനാഷണൽ കറസ്‌പോണ്ടന്റ് ആയിരുന്ന ഡേവിഡ് റെംനിക്ക് ആയിരുന്നു. മോസ്കോയുടെ മധ്യത്തിൽ കെജിബി പ്രവർത്തിച്ചിരുന്ന ലൂബ്യാങ്ക എന്ന കെട്ടിടത്തിന്റെ അകത്തളങ്ങളിൽ നിന്ന് ഏറെനാൾ പരിശ്രമിച്ച ശേഷം ചെറിയൊരു ഇന്റർവ്യൂവിന് അനുമതി കിട്ടി ഡേവിഡിന്. 


 

അവിടെ, ലൂബ്യാങ്കയ്ക്കുള്ളിലെ ഒരു രഹസ്യസങ്കേതത്തിൽ വെച്ച് 'കോമ്രേഡ് കാത്യ' കെജിബിയിലെ തന്റെ നിഗൂഢജീവിതത്തെപ്പറ്റി വെളിപ്പെടുത്താൻ അനുമതിയുള്ള ചില കാര്യങ്ങൾ ഡേവിഡിനോട് പങ്കിട്ടു. വളരെ രഹസ്യമായി സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു കെജിബിയുടെ സൗന്ദര്യമത്സരം എന്ന് കാത്യ പറഞ്ഞു. ബീറ്റിൽസിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്ന, ഒരു സെക്രട്ടറിയുടെ ലാവണത്തിൽ കഴിഞ്ഞിരുന്ന കാത്യക്ക് റിവോൾവറുകളും പിസ്റ്റലുകളും ചെറിയ റൈഫിളുകളും മറ്റും കൈകാര്യം ചെയ്യാനുള്ള വിദഗ്‌ധപരിശീലനവും സിദ്ധിച്ചിരുന്നു.  

താൻ വിവാഹിതയല്ല എന്നും, കെജിബി ഓഫീസർമാരെ മാത്രമേ ഡേറ്റ് ചെയ്യൂ എന്ന കടുംപിടുത്തമൊന്നും ഇല്ല എന്നും അന്ന് കാത്യ ഡേവിഡിനോട് പറഞ്ഞിരുന്നു. ഹ്രസ്വമായ ആ അഭിമുഖത്തിൽ കോമ്രേഡ് കാത്യ വെളിപ്പെടുത്തിയ വിവരങ്ങൾ വലിയ കോലാഹലങ്ങൾക്കൊന്നും പോന്നതായിരുന്നില്ല എങ്കിലും, ഒരു കെജിബി ചാരസുന്ദരിയുടെ ജീവിതപരിസരത്തെയും, അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും ഒക്കെ അത് ഏറെക്കുറെ അടയാളപ്പെടുത്തി. "ഞാൻ കെജിബിയുടെ പുതിയമുഖം ഒരുപക്ഷെ ഞാനായിരിക്കാം " എന്നാണ് അന്ന് കോമ്രേഡ് കാത്യ തന്റെ അഭിമുഖത്തിൽ ഡേവിഡിനോട് പറഞ്ഞത്. കെജിബിയിൽ പ്രവർത്തിക്കുന്നവർ എന്തോ ചെകുത്താന്മാരാണ് എന്ന പൊതുബോധം ഒന്ന് മയപ്പെടുത്തുക എന്നതാവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അവർ അന്ന് പറഞ്ഞു. അന്നത്തെ കെജിബി ചീഫ് ആയിരുന്ന വ്ലാദിമിർ കൃഷ്‌ക്കോവ് ആയിരുന്നു ഇങ്ങനെ ഒരു സൗന്ദര്യമത്സരത്തിനും 'മിസ് കെജിബി'യുടെ പരസ്യപ്രഘോഷണത്തിനും പിന്നിൽ. 

 

 

അധികം വൈകാതെ തന്നെ സോവിയറ്റ് യൂണിയന്റെ പതനമുണ്ടായി. അതോടെ കെജിബി എന്ന പ്രസ്ഥാനം തന്നെ ഇല്ലാതായി. പകരം വന്നത് എഫ്എസ്ബി ആയിരുന്നു. അതിനു ശേഷം 'മിസ് കെജിബി' എവിടെപ്പോയി എന്നത് സംബന്ധിച്ച ഒരു വിവരവും പൊതുമണ്ഡലത്തിലില്ല. കോംസോമോൾസ്കായ പ്രാവ്‌ദായുടെ കവർ പേജിൽ വന്ന അതേ വേഗത്തിൽ കോമ്രേഡ് കാത്യാ സാമാന്യജീവിതത്തിൽ നിന്ന് അപ്രത്യക്ഷയാവുകയും ചെയ്തു.