ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ്. ഇവിടെ 45 പേർക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇന്നലെ വരെ 27 കേസുകളാണ് ഉറപ്പിച്ചിട്ടുള്ളത്. ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 17 വീതം, കർണാടകത്തിൽ ഇതുവരെ 13  എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റു സംസ്ഥാനങ്ങളിലെ സ്ഥിരീകരിക്കപ്പെട്ട കേസുകൾ. ബിഹാർ ഇന്ത്യയിൽ ഏറ്റവും അധികം ജനങ്ങൾ അധിവസിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ്. ആരോഗ്യരംഗത്ത് ഏറ്റവും കുത്തഴിഞ്ഞു കിടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും. എന്നിട്ടും അവിടെ നിന്ന് ഒരു കേസുപോലും സ്ഥിരീകരിക്കപ്പെടാഞ്ഞത് എന്തുകൊണ്ടാവും? 

കൊറോണാവൈറസ് ബിഹാർ വരെ എത്താഞ്ഞതാണോ? അതോ എത്തിയിട്ടും അവിടെ ആരും അറിയാഞ്ഞതോ? ബിഹാറിൽ അടുത്തിടെ ഉണ്ടായ എൻസഫലൈറ്റിസ് ബാധയോട് പൊരുതിയ പ്രസിദ്ധ ഡോക്ടർ അരുണ ഷാ ബിബിസിയോട് പറഞ്ഞത് ഇപ്രകാരം," പൊതുജനങ്ങളിൽ വല്ലാത്ത ആശങ്കയുണ്ട് ബിഹാറിൽ. എന്നാൽ അധികാരികളുടെ ഭാഗത്തുനിന്ന് തികഞ്ഞ ഉപേക്ഷ മാത്രമാണ് ഈ പകർച്ചവ്യാധിയുടെ കാര്യത്തിലുള്ളത്. ആകെ അവർ ചെയ്തിട്ടുള്ളത് സ്‌കൂൾ, കോളേജ് തുടങ്ങിയവ അടച്ചിടുകയാണ്. പൊതു പരിപാടികൾക്ക് യാതൊരു വിലക്കുമില്ല. ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടുന്ന പണി. കൊറോണാവൈറസുണ്ടോ എന്ന് പരിശോധിക്കൽ, അത് ഇതുവരെ കൃത്യമായി ചെയ്യാൻ അവർക്ക് പറ്റിയിട്ടില്ല. ബിഹാറിൽ കൊവിഡ് 19 സമയത്തിന് ഡയഗ്‌നോസ് ചെയ്യാനുള്ള സംവിധാനം ഇല്ല എന്നതാണ് യാഥാർത്ഥ്യം."

ബിഹാറിൽ അതിനുപോന്ന ഒരു ലാബ് പോലുമില്ല. ജില്ലകളിൽ നിന്ന് ശേഖരിക്കപ്പെടുന്ന സാമ്പിളുകൾ ഒരു സ്ഥലത്തേക്ക് എത്തിച്ച് അവിടെ നിന്ന് നേരെ കൽക്കത്തയിലുള്ള ലാബിൽ അയച്ചാണ് പരിശോധിക്കപ്പെടുന്നത്. അവിടെ നിന്നാണ് തിരിച്ച് റിപ്പോർട്ട് എത്തുന്നത്. ഇതൊരു നീണ്ട പ്രക്രിയയാണ്. അവിടെ ഉയരുന്ന ചോദ്യം, ഈ കാലതാമസം സാമ്പിളുകളുടെ ക്വാളിറ്റിയെ ബാധിക്കുന്നുണ്ടോ എന്നതാണ്. അതായത് രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ അതേ അവസ്ഥയിൽ തന്നെയാണോ ടെസ്റ്റിംഗ് ടേബിളിൽ എത്തുന്നത് എന്ന്. ആ പരിശോധനകൾ കൃത്യമായ ഫലമാണോ നൽകുന്നത് എന്ന്. 

ബിഹാറിലെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ പരിശോധിച്ച 70 സാമ്പിളുകളും നെഗറ്റീവ് ആണ്. കൊവിഡ് 19 ബാധിതർ എന്ന് സംശയിക്കുന്നവരെ പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോട്ടേജ് വാർഡിന്റെ രണ്ടാം നിലയിലാണ് പാർപ്പിച്ചിരിക്കുന്നത്. അവിടേക്കുള്ള വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞ് തികച്ചും വൃത്തിഹീനമായി കിടക്കുകയാണ്. ദുർഗന്ധം വമിക്കുന്ന ഇടനാഴികളാണ് ഇവിടത്തേത്.

 

ഐസൊലേഷൻ വാർഡിൽ നിന്ന് ഒരു രോഗി ചാടിപ്പോയ കേസ് ഉള്ളതുകൊണ്ട് സുരക്ഷാ ജീവനക്കാർ നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. അകത്ത് ഐസൊലേഷനിൽ കഴിയുന്ന രോഗികൾ പറയുന്നത് വാർഡിലെ സ്ഥിതി വളരെ മോശമാണ് എന്നാണ്.കാലിത്തൊഴുത്തിനേക്കാൾ മോശം അവസ്ഥയാണ് വാർഡിൽ എന്നാണ് ഒരു രോഗി പ്രതികരിച്ചത്. പലരും ഒരുപാട് ദിവസങ്ങളായി ടെസ്റ്റ് ഫലം കാത്തിരിക്കുന്നു.  നേരത്തിനും കാലത്തിനും ഭക്ഷണം പോലും അവിടെ കിട്ടുന്നില്ല. ഡോക്ടർമാരും നഴ്‌സുമാരും രോഗികളോട്‌ വളരെ മോശമായിട്ടാണ് പെരുമാറുന്നത് എന്ന പരാതിയും ഉയർന്നിട്ടുണ്ട്. തങ്ങളോട് അയിത്തമുണ്ട് എന്ന മട്ടിലാണ് ആശുപത്രിജീവനക്കാർ പെരുമാറുന്നത് എന്നായിരുന്നു ചില രോഗികളുടെ പരിഭവം. കടുത്ത ജാതിവിവേചനവും നിലവിലുണ്ടത്രെ.

 

കൊറോണാവൈറസ് പരിശോധനയ്ക്കായി സാധാരണഗതിയിൽ അഞ്ചു തരത്തിലുള്ള സാമ്പിളുകളാണ് എടുക്കാറുള്ളത്. ഒന്ന്, സ്വാബ് - ഒരു ഇയർ ബഡിലോ മറ്റോ എടുക്കുന്ന മൂക്കിലെയോ തൊണ്ടയിലെയോ തുപ്പലിന്റെ സാമ്പിൾ. രണ്ട്, നേസൽ ആസ്പിരേറ്റ് - അതായത് നിങ്ങളുടെ മൂക്കിലേക്ക് ഒരു സലൈൻ ലായനി കുത്തിവെച്ച ശേഷം തിരികെ സിറിഞ്ച് ഇട്ടു ചെറുതായി വലിച്ചെടുക്കുന്ന സാമ്പിൾ. മൂന്ന്, ട്രാക്കിയൽ സാമ്പിൾ - ശ്വാസകോശത്തിലേക്ക് ബ്രോങ്കോസ്കോപ്പ് എന്ന് പേരായ ഒരു ചെറിയ ട്യൂബ് കടത്തി നേരിട്ടെടുക്കുന്ന സാമ്പിൾ, നാല്, സ്പറ്റം - കഫത്തിന്റെ സാമ്പിൾ, അഞ്ച്, ബ്ലഡ് സാമ്പിൾ. ഇതിൽ ചിലതെങ്കിലും ആറുമണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്തില്ല എന്നുണ്ടെങ്കിൽ കൃത്യമായ ഫലം തരാത്തവയാണ്. അതുകൊണ്ട് സാമ്പിൾ കൊടുത്തയച്ച് തിരികെ കിട്ടുന്നതിലും, സാമ്പിളുകൾ കൈകാര്യം ചെയ്യുന്നതിലുമുള്ള കെടുകാര്യസ്ഥതയാണ് ബിഹാറിലെ സ്ഥിരീകരണങ്ങളുടെ കാര്യത്തിൽ പ്രതിഫലിക്കുന്നത് എന്നാണ് ഡോ. ഷാ കരുതുന്നത്. സാമ്പിൾ ക്വാളിറ്റി കൂട്ടിയാൽ സ്ഥിരീകരണങ്ങളുടെ എണ്ണവും കൂടുമെന്നാണ് അദ്ദേഹം പറയുന്നത്. 

 

പരിശോധനയ്ക്ക് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം വിദേശയാത്ര, അല്ലെങ്കിൽ വിദേശയാത്ര കഴിഞ്ഞുവന്നവർ, വിദേശികൾ എന്നിവരുമായുള്ള സമ്പർക്കം എന്നതാണ്. ഇതും ശരിയായ നയമല്ല എന്ന് ഡോ. ഷാ പറഞ്ഞു. കൊവിഡ് 19 -ന്റെ വ്യാപനം ആ ഘട്ടമൊക്കെ കഴിഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇനിയും അതും പിടിച്ചുകൊണ്ടിരുന്നാൽ യഥാർത്ഥത്തിൽ ഉള്ള കേസുകൾ തിരിച്ചറിയപ്പെടാതെ പോകും. അവർ ഐസൊലേറ്റ് ചെയ്യപ്പെടില്ല. സമൂഹത്തിൽ ഇറങ്ങി നടന്ന് കൂടുതൽ പേരിലേക്ക് അസുഖം പകർത്തും. കൂടുതൽ കർശനമായ രീതിയിൽ ലക്ഷണങ്ങൾ ഉള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാകാതെ ഈ രോഗത്തെ പിടിച്ചുകെട്ടാനാവില്ല. 

 

എന്നാൽ ലാബ് ഇല്ലാത്തത് ബിഹാറിൽ മാത്രമല്ല എന്ന് ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ലാബ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സംഥാനത്ത് 315 പേര് കൊവിഡ് 19 ബാധയുടെ സംശയത്തിന്റെ പേരിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി ബുധനാഴ്ച മുതൽ എപിഡെമിക് ഡിസീസ് ആക്റ്റും നടപ്പിൽ വന്നു കഴിഞ്ഞു.  കഴിഞ്ഞ ദിവസം നിയമസഭയിലേക്ക് മാസ്കും ധരിച്ചെത്തിയ എംഎൽഎമാരോട് മുഖ്യമന്ത്രി നിതീഷ് കുമാർ പോലും പറഞ്ഞിരിക്കുന്നത്, "ആരും ഭയപ്പെടേണ്ടതില്ല, അനാവശ്യമായി നിങ്ങൾ പാനിക് ഉണ്ടാക്കരുത്, ബിഹാറിൽ കൊറോണയില്ല..." എന്നാണ്