ഗുൻജാ കപൂർ യൂട്യൂബിൽ സജീവമായിട്ടുള്ള ഒരു വ്ലോഗർ ആണ്. 'റൈറ്റ് നരേറ്റിവ്' എന്ന ഗുൻജയുടെ ചാനലിന് ലക്ഷക്കണക്കിന് പ്രേക്ഷകരുമുണ്ട്. ഫെബ്രുവരി അഞ്ചാം തീയതി അവർ ഒരു ബുർഖയണിഞ്ഞു കൊണ്ട് ഷാഹീൻബാഗിലെ സമരപ്പന്തലിൽ എത്തി. അവിടെ അവർ പറഞ്ഞത് ഒരു മുസ്‌ലിം പേരാണ്. എന്നാൽ മറ്റുള്ള പ്രതിഷേധക്കാരെപ്പോലെ അവിടെ നിശ്ശബ്ദമായി ഇരിക്കാനോ അല്ലെങ്കിൽ മുദ്രാവാക്യം വിളിക്കാനോ ഒന്നുമല്ല ഗുൻജ ശ്രമിച്ചത്. അവർ അടുത്തിരുന്ന സ്ത്രീകളോട് തുടർച്ചയായി പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടിരുന്നു. അടുത്തിരിക്കുന്ന ബുർഖക്കാരിയുടെ അമിതമായ കുതൂഹലത്തിൽ സംശയം തോന്നിയ സമരക്കാരിൽ ചിലർ സമരത്തിന്റെ നേതാക്കളെ സമീപിച്ചു. ആ ബുർഖാധാരിണിയുടെ പെരുമാറ്റം സംശയാസ്പദമാണെന്നും, അവരുടെ ദേഹപരിശോധന നടത്തണം എന്നും ആവശ്യപ്പെട്ടു. പരിശോധിച്ചപ്പോൾ ദേഹത്ത് ധരിച്ചിരുന്ന വീഡിയോ കാമറ കണ്ണിൽ പെട്ടതോടെ ജനം ഇളകി. അവിടത്തെ സംഘർഷാവസ്ഥ കണ്ടപ്പോൾ പൊലീസും ഉടൻ സ്പോട്ടിലെത്തി. സമരക്കാർ അപ്പോഴേക്കും ഗുൻജയെ ഒരു റൗണ്ട് ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്തായാലും, അധികം പരിക്കൊന്നും കൂടാതെ അവരെ പൊലീസുകാർ അവിടെനിന്ന് രക്ഷിച്ചു കടത്തി. 

ഈ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും ഒക്കെ ഏറെ വൈറലായിരുന്നു. പൊലീസ് ഗുൻജയെ അവിടെ നിന്ന് രക്ഷിച്ചു നീക്കുന്നതിനിടെ ചില മാധ്യമങ്ങൾ അവരോട് കാര്യം തിരക്കാൻ ശ്രമിച്ചിരുന്നു എങ്കിലും, അപ്പോൾ അവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇപ്പോൾ ഗുൻജ കപൂർ അവരുടെ പക്ഷം വ്യക്തമാക്കിക്കൊണ്ട് ഒരു വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ ഷാഹീൻ ബാഗിൽ എന്തിനുപോയി? പോയെങ്കിൽ തന്നെ ബുർഖ ധരിച്ചുകൊണ്ട് എന്തിനു പോയി? അങ്ങനെ പോയെങ്കിൽ തന്നെ അതിനുള്ളിൽ എന്തിനാണ് വീഡിയോ കാമറ ഒളിച്ചു കടത്തിയത്, ആൾമാറാട്ടം നടത്തിയത് എന്നതിനൊക്കെയുള്ള മറുപടികൾ ആ വീഡിയോയിലുണ്ട്. 

 

ഗുൻജയ്ക്ക് പറയാനുള്ളത് ഇതാണ്. " ഷാഹീൻബാഗിലുള്ളവർ ആഗ്രഹിക്കുന്നത് അവരുടെ കൂട്ടർ മാത്രം അവിടെ വന്നാൽ മതി എന്നാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും അവിടെ ചെല്ലുന്നതിൽ വിലക്കുണ്ട്. " വീഡിയോയുടെ തുടക്കത്തിൽ, തന്റെ സുരക്ഷയെപ്പറ്റി വേവലാതി പൂണ്ടവർക്ക് നന്ദി പറയുന്നുണ്ട്  ഗുൻജ. " ജിന്നയുടെ ആസാദി മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ഇടമായതുകൊണ്ടാണ് ഞാൻ ഷാഹീൻബാഗിലേക്ക് പോകാൻ തീരുമാനിച്ചത്. ഇന്ത്യാമഹാരാജ്യത്തിന്റെ തലസ്ഥാന നഗരത്തിനു നടുക്ക് ഇങ്ങനെ ഒരു പ്രതിഷേധത്തിന് അവസരം ഒരുങ്ങി എന്നത് എനിക്ക് ആശ്ചര്യം തോന്നുന്ന കാര്യമാണ്. അവർക്ക് അവിടെ എന്തോ ഒളിക്കാനുണ്ടെന്ന് എനിക്കുറപ്പായിരുന്നു. അതെന്താണ് എന്നുകണ്ടെത്താനാണ് ഒരു അന്വേഷണാത്മക പത്രപ്രവർത്തക എന്നനിലയിൽ ഞാൻ അവിടേക്ക് പോയത്." അവർ തുടരുന്നു. 

" വേറെ ഒരു പ്രത്യയശാസ്ത്രവുമായും സഹകരിക്കാൻ അവർക്ക് മനസ്സില്ലെന്ന കാര്യം വെളിച്ചത്തു വന്നല്ലോ. നേരെ ചെല്ലുന്നവരോട് അവർ റെഫറൻസ് ആണ് ചോദിക്കുന്നത്. അവർ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  ഇങ്ങനെ നാട്ടിലെ മറ്റുള്ളവരെ പ്രവേശിപ്പിക്കാതെ, ഞങ്ങളെപ്പോലുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകരിൽ നിന്നൊക്കെ ഒളിച്ചു കൊണ്ട് എന്താണ് ഷാഹീൻബാഗിനുള്ളിൽ നടക്കുന്നത്? അതൊന്നറിയണമെന്നേ ഉണ്ടായിരുന്നുള്ളൂ..." ഗുൻജ പറഞ്ഞു.

എന്നാൽ, "ഷാഹീൻബാഗിലേക്ക് ചെല്ലാൻ എന്തിനാണ് ബുർഖ ധരിച്ചത് ? " എന്ന ചോദ്യത്തിനുമാത്രം വ്യക്തമായ ഉത്തരം ഗുൻജ നൽകിയില്ല. പിടിക്കപ്പെട്ടപ്പോൾ ഷാഹീൻബാഗിലെ വനിതകൾ ഗുൻജയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവർ വെളിപ്പെടുത്താതിരുന്ന ആ രഹസ്യം ഈ വീഡിയോയിലും അവർ വെളിപ്പെടുത്തിയില്ല. ഷാഹീൻ ബാഗിലെ വനിതകൾക്ക് ഗുൻജയോടുള്ള പ്രധാന പരിഭവവും അതാണ്.

പിടികൂടിയ ശേഷം അവർ ഗുൻജയുടെ ചോദ്യം ചെയ്യുന്നതിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. അതിൽ ആ സ്ത്രീകൾ തുടർച്ചയായി ചോദിക്കുന്നത് കേൾക്കാം, " നിങ്ങൾ എന്തിനാണ് ബുർഖ ധരിച്ചു വന്നത്? ബുർഖ എന്തും ചെയ്യാനുള്ള മറയാണ് എന്നാണോ നിങ്ങൾ ധരിച്ചുവെച്ചിരിക്കുന്നത്? ബുർഖ ധരിക്കുന്നവർ ഇതുപോലുള്ള അധമവൃത്തികളിൽ ഏർപ്പെടുന്നവരാണ് എന്നാണോ നിങ്ങൾ പറയാനുദ്ദേശിക്കുന്നത്?"

 

എന്നാൽ, താൻ കയ്യേറ്റം ചെയ്യപ്പെട്ടു എന്നും ഏറെനേരം  ശ്രമിച്ച ശേഷം ഒടുവിൽ വനിതാ പോലീസിനെയും കൂട്ടി വന്നാണ് തന്നെ ആ അക്രമണകാരികൾക്കിടയിൽ നിന്ന്  രക്ഷിച്ചെടുത്തത് എന്നും ഗുൻജ പറഞ്ഞു.  കയ്യിൽ ത്രിവർണ്ണ പതാകയും ഏന്തിക്കൊണ്ട് ഷാഹീൻബാഗിൽ നടത്തപ്പെടുന്ന ഈ പ്രതിഷേധങ്ങളിൽ എത്രത്തോളം ദേശസ്നേഹമുണ്ടെന്നത് ഭാരതത്തിന്റെ ഒരു പുത്രിയെ കയ്യേറ്റം ചെയ്‍തതിലൂടെ ഷാഹീൻബാഗിലെ സമരക്കാർ തെളിയിച്ചിരിക്കുയാണ് എന്നും പറഞ്ഞു.