ഗാന്ധിജി എന്നത് സമാധാനം എന്ന വാക്കിന്റെ പര്യായമാണ്. അഹിംസ എന്ന ഒരൊറ്റവാക്കിന്റെ ബലത്തിൽ നയിച്ചുതീർത്ത,  'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് ഉദ്ബോധിപ്പിച്ച ആ മഹാത്മാവിന് എന്തുകൊണ്ടാണ് നോബൽ സമ്മാനം കിട്ടാതെ പോയത്? 1901 -ൽ റെഡ്‌ക്രോസിന്റെ സ്ഥാപകനായ ഹെൻറി ഡ്യൂറണ്ട് എന്ന സ്വിറ്റ്സർലൻഡുകാരനാണ് ആദ്യത്തെ സമാധാന നോബൽ ജേതാവ്. അടുത്ത 47 കൊല്ലക്കാലം ഈ ഭൂമുഖത്തുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ ഒരു പുരസ്കാരത്തിന്റെ കാര്യത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടുപോയത്? എഴുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് അന്നേദിവസം ഒരു ഹിന്ദുത്വവാദിയുടെ വെടിയുണ്ടയേറ്റ് ഗാന്ധിജി മരിച്ച അന്ന് തൊട്ട് ഇന്ത്യയിൽ പലരും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഇത്. 

നോർവീജിയൻ നൊബേൽ സമ്മാന സമിതിയുടെ ആർക്കൈവുകൾ പരിശോധിച്ചാൽ വെളിപ്പെടുന്നത് ഗാന്ധിജിക്ക് അഞ്ചുതവണ നൊബേൽ സമ്മാനത്തിനുള്ള നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ആദ്യത്തെ നാല് നോമിനേഷനുകൾ 1937, 1938, 1939, 1947 varshangalilum, ഏറ്റവും ഒടുവിലത്തേത്, കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പായി 1948 ജനുവരിയിലും. മൂന്നുതവണ അദ്ദേഹം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന് നൽകാൻ ഏകദേശം ഉറപ്പിച്ച ഒരുതവണ, ഒരു വ്യാജവാർത്തയുടെ പേരിലാണ് അദ്ദേഹത്തിന് അത് നിഷേധിക്കപ്പെട്ടത്. ഒരു പ്രാർത്ഥനായോഗത്തിൽ പാകിസ്ഥാനെതിരെ യുദ്ധത്തിനിറങ്ങണം എന്നദ്ദേഹം ആഹ്വാനം ചെയ്തു എന്നായിരുന്നു ആ തെറ്റായ റിപ്പോർട്ട്.  ആദ്യത്തെ ഉറപ്പിച്ച അവസരം നിഷേധിച്ചത് ഈ റിപ്പോർട്ടായിരുന്നു, രണ്ടാമത്തേത് നാഥുറാം ഗോഡ്സെയും. മറ്റൊരു വിരോധാഭാസമുള്ളത്, ഗാന്ധിയെപ്പോലെ സമാധാനത്തിനുള്ള നൊബേലിന് നോമിനേറ്റ് ചെയ്യപ്പെട്ട് കിട്ടാതെ പോയവരുടെ കൂട്ടത്തിൽ അഡോൾഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, ബെനിറ്റോ മുസോളിനി എന്നിവരും ഉണ്ടായിരുന്നു എന്നതാണ്. 

ഗാന്ധിജിക്ക് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നൊബേൽ സമ്മാനം നൽകാൻ സാധിക്കാതെപോയതിലുള്ള മനസ്സാക്ഷിക്കുത്ത് പിന്നീട് നൊബേൽ പുരസ്‌കാര സമിതി തീർത്തത് ഗാന്ധിപാതയിൽ ചരിച്ച പല നേതാക്കളെയും പുരസ്‌കാരം നൽകി ആദരിച്ചുകൊണ്ടാണ്. അക്കൂട്ടത്തിൽ, മാർട്ടിൻ ലൂഥർ കിംഗ്, ആങ്ങ് സാൻ സ്യൂക്കി,  നെൽസൺ മണ്ടേല, ഫ്രഡറിക്ക് വിൽഹെം ഡെ ക്ലർക്ക്, കൈലാഷ് സത്യാർത്ഥി എന്നിവരും പെടും.

നൊബേൽ പുരസ്‌കാര സമിതി യൂറോപ്പ് കേന്ദ്രീകൃതമായുള്ള ഒരു ചിന്താപദ്ധതിയുള്ളവരാണ് എന്ന ആക്ഷേപം തുടക്കം മുതലേ ഉണ്ടായിരുന്നു. ബ്രിട്ടനെ ഒരു തരത്തിലും പിണക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ഗാന്ധിജിയെ പുരസ്‌കാരത്തിന് പരിഗണിച്ചാൽ അത് ബ്രിട്ടനെ അപമാനിക്കലാകുമോ എന്ന ഭയം ഉണ്ടായിരുന്നതാണ് ഈ അവാർഡ് നിഷേധത്തിനുള്ള പ്രധാന കാരണം. മാത്രവുമല്ല, ഗാന്ധിജി തന്റെ രാഷ്ട്രീയ ജീവിതത്തിൽ കൈക്കൊണ്ടിരുന്ന പല തീരുമാനങ്ങളും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്ര ലളിതമായിരുന്നുമില്ല. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നടത്തിയ പോരാട്ടങ്ങൾ അവിടത്തെ ഇന്ത്യക്കാരെ കണക്കിലെടുത്തു മാത്രമായിരുന്നു എന്നും, അവിടെ ഇന്ത്യക്കാരേക്കാൾ മോശം അവസ്ഥയിൽ കഴിഞ്ഞിരുന്ന ആഫ്രിക്കൻ വംശജരെ അദ്ദേഹം ഗൗനിച്ചിരുന്നില്ല എന്നൊക്കെയുള്ള പ്രചാരണങ്ങൾ നൊബേൽ സമിതിയിലെ ചർച്ചകളിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. 

1947 -ൽ ഗാന്ധിജി പുരസ്‌കാര ലബ്ധിക്ക് തൊട്ടടുത്ത് വരെ എത്തിയപ്പോൾ അതില്ലാതാക്കിയത്, അക്കൊല്ലം സെപ്റ്റംബർ 27 -ന് ടൈംസിൽ വന്ന റോയിട്ടേഴ്സിന്റെ ഒരു റിപ്പോർട്ടാണ്. പ്രാർത്ഥനാ യോഗത്തിലെ തന്റെ പ്രസംഗത്തെ അന്നത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ടർ അപൂർണ്ണമായിട്ടാണ് റിപ്പോർട്ട് ചെയ്തത് എന്നും, തെറ്റായിട്ടാണ് മനസ്സിലാക്കിയത് എന്നും റിപ്പോർട്ട് വന്ന ശേഷം ഗാന്ധിജി വിശദീകരിച്ചിരുന്നു. താൻ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കുന്ന ആളല്ല എന്നും, കരസേന, വ്യോമസേന, നാവികസേന ഒക്കെയുള്ള ഒരു രാജ്യത്തിൽ തനിക്കോ തന്റെ ആശയങ്ങൾക്കോ ഒരു സ്ഥാനവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഏറ്റവും അവസാനമായി 1948  ഗാന്ധിജിക്കായി ആറു നോമിനേഷനുകൾ വന്നിരുന്നു. അദ്ദേഹത്തിന് സമാധാന നൊബേൽ നൽകും എന്നത് ഏതാണ്ട് ഉറപ്പിച്ചും കഴിഞ്ഞിരുന്നു. അപ്പോഴാണ്, നാഥുറാം ഗോഡ്‌സെയുടെ 9mm ബെറെറ്റാ പിസ്റ്റലിൽ നിന്നുതിർന്ന വെടിയുണ്ടകളുടെ രൂപത്തിലെത്തിയ മരണം അതും അദ്ദേഹത്തിൽ നിന്ന് കവർന്നെടുത്തത്. 1989 -ൽ ദലൈ ലാമയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകുന്ന വേളയിൽ നൊബേൽ സമ്മാന സമിതി തങ്ങളുടെ നഷ്ടബോധത്തെപ്പറ്റി ഔദ്യോഗികമായിത്തന്നെ പരാമർശിച്ചു,  " ഗാന്ധിജിയുടെ ഓർമ്മയ്ക്ക്" എന്ന് ലാമയ്ക്ക് സമ്മാനം നൽകിക്കൊണ്ടുള്ള സൈറ്റേഷനിൽ അവർ കുറിച്ച്.