പിന്നീട്, ശമ്പളത്തെ കുറിച്ചുള്ളതായി ചോദ്യങ്ങൾ. ഈ ശമ്പളത്തിന് തനിക്ക് ജോലി ചെയ്യാൻ സാധ്യമല്ല എന്ന് പറഞ്ഞപ്പോൾ, 'എന്തിനാണ് ഇത്ര വലിയ ശമ്പളം' എന്ന് ചോദിച്ചുകൊണ്ട് അയാൾ തന്റെ നേർക്ക് അലറുകയായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.

ജോലിക്ക് വേണ്ടിയുള്ള അഭിമുഖങ്ങൾ എല്ലായ്പ്പോഴും എല്ലാവർക്കും ഒരു നല്ല അനുഭവമായി മാറിക്കൊള്ളണം എന്നില്ല. ചില മാനേജർമാരും എച്ച് ആർ പ്രൊഫഷണലുകളും അഭിമുഖത്തിൽ പരുഷമായി പെരുമാറാറുണ്ട്. എന്തായാലും അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ചർച്ച ചെയ്യപ്പെടുന്നത്.

'തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഫോൺ സ്ക്രീനിം​ഗ്' എന്നാണ് പോസ്റ്റിട്ട യൂസർ ഈ അഭിമുഖത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ സിവി നൽകിയ ശേഷം സാധാരണ പോലെ തന്നെയാണ് സ്ക്രീനിം​ഗ് കോൾ ആരംഭിച്ചത് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. റിക്രൂട്ടർ തന്നോട് തന്റെ ബാക്ക്​ഗ്രൗണ്ടിനെ കുറിച്ചും എക്സ്പീരിയൻസിനെ കുറിച്ചും കഴിവുകളെ കുറിച്ചുമുള്ള സാധാരണ ചോദ്യങ്ങൾ എല്ലാം ചോദിച്ചു.

ഇന്റർവ്യൂവിന്റെ തുടക്കത്തിൽ തന്നെ വളരെ ശബ്ദത്തിലും അക്രമിക്കുന്ന തരത്തിലുള്ളതും ആയിരുന്നു ആളുടെ പെരുമാറ്റം. സംഭാഷണം തീർത്തും അനുചിതമായ തലത്തിലേക്ക് നീങ്ങുന്നത് വരെ താനത് അവ​ഗണിക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു.

എന്നാൽ, പിന്നീട് സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടുള്ളതായി ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി. 'നിങ്ങൾ വിവാഹിതനാണോ? കുട്ടികളുണ്ടോ?' തുടങ്ങിയ ചോദ്യങ്ങളും ചോദിച്ച് തുടങ്ങി. 'എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്, തന്റെ പൊസിഷന് ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യമെന്താണ്' എന്ന തന്റെ സംശയം അപ്പോൾ തന്നെ യുവാവ് പങ്കുവച്ചു.

പിന്നീട്, ശമ്പളത്തെ കുറിച്ചുള്ളതായി ചോദ്യങ്ങൾ. ഈ ശമ്പളത്തിന് തനിക്ക് ജോലി ചെയ്യാൻ സാധ്യമല്ല എന്ന് പറഞ്ഞപ്പോൾ, 'എന്തിനാണ് ഇത്ര വലിയ ശമ്പളം' എന്ന് ചോദിച്ചുകൊണ്ട് അയാൾ തന്റെ നേർക്ക് അലറുകയായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. 'ആളുകൾ എന്താണ് കരുതുന്നത്, ഞാൻ ഫ്രീയായി ജോലി ചെയ്യുമെന്നാണോ? എഞ്ചിനീയറിംഗിൽ ബിരുദവും വർഷങ്ങളുടെ എക്സ്പീരിയൻസുമുള്ള ഒരാൾ മാന്യമായ ശമ്പളത്തിന് അർഹനല്ലെന്ന് അവർ കരുതുന്നുണ്ടോ' എന്നും യുവാവ് കുറിക്കുന്നു.

നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. റിക്രൂട്ടർ ചെയ്തത് വളരെ മോശം കാര്യമാണ് എന്ന് തന്നെയാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. ഒപ്പം സമാനമായ അനുഭവങ്ങളും പലരും ഷെയർ ചെയ്തിട്ടുണ്ട്.