അക്വാഡക്‌ട് മരണങ്ങൾ തുടർക്കഥയായതോടെ ആളുകൾ ഭീതിയിലായി. ഇതോടെ ഇവിടം പൂർണ്ണമായും അടച്ചുപൂട്ടി പൊലീസ് നിരീക്ഷണത്തിലാക്കി. അക്വാഡക്ട് അടച്ചത് ഡിയോഗോയ്ക്ക് പ്രശ്നമായി. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ അയാൾക്ക് ഒരു പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു.
ചിലപ്പോൾ എങ്കിലും ചില സംഭവങ്ങൾ കേൾക്കുമ്പോൾ ഇത് വെറും കെട്ടുകഥ ആയിരിക്കുമെന്ന് നമുക്ക് തോന്നാറുണ്ട്. പോർച്ചുഗലിലെ ഒരു സീരിയൽ കില്ലറുടെ 175 വർഷത്തിലധികം പഴക്കമുള്ള തല ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കാനാവുമോ? കേൾക്കുമ്പോൾ അല്പം അതിഭാവുകത്വം തോന്നുമെങ്കിലും സംഗതി സത്യമാണ്. പോർച്ചുഗലിലെ ഏറ്റവും ആദ്യത്തെ സീരിയൽ കില്ലറായി പലരും കരുതുന്ന ഡിയോഗോ ആൽവസിന്റെ തലയാണ് ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിരിക്കുന്നത്. എന്തിനാണ് ഇയാളുടെ തല ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്നത് എന്ന് പറയുന്നതിന് മുൻപ് അയാളുടെ കഥ പറയാം.
1810 -ൽ ഗലീഷ്യയിലാണ് ഡിയോഗോ ജനിച്ചത്. നിർധന കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ ഇയാൾ നേരത്തെ തന്നെ ജോലിക്ക് പോയി തുടങ്ങി. ലിസ്ബണിലേ സമ്പന്നമായ കുടുംബങ്ങളിൽ വീട്ടുജോലിക്കാരനായിട്ടായിരുന്നു ഡിയോഗോയുടെ തുടക്കം. എന്നാൽ, അധികം വൈകാതെ തന്നെ അയാൾക്ക് തോന്നി ജോലിചെയ്ത് പണം സമ്പാദിക്കുന്നതിനേക്കാൾ വേഗത്തിലും എളുപ്പത്തിലും കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിക്കാം എന്ന്. അങ്ങനെ പണക്കാരൻ ആകാനുള്ള കുറുക്കുവഴി എന്നോണം അയാൾ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞു.
ചൂതാട്ടത്തിലും മദ്യപാനത്തിലും ഹരം കണ്ടെത്തിയ ഇയാൾക്ക് ഏതുവിധേനയും പണം സമ്പാദിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പൽഹാവ മരിയ ഗെർട്രൂഡ്സ് എന്ന ഒരു കാമുകിയും ഇയാൾക്ക് ഉണ്ടായിരുന്നു. ഒരു സത്രം നടത്തിപ്പുകാരിയായിരുന്നു ഇവർ. ഇവരുമായുള്ള ബന്ധത്തിലൂടെയാണ് ഡിയാഗോ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്തുതന്നെയായാലും 1836 -നും 1840 -നും ഇടയിൽ ഇയാൾ 70 പേരെ കൊലപ്പെടുത്തി.
പാവപ്പെട്ട വഴിയാത്രക്കാരായിരുന്നു ഇയാളുടെ ഇരകൾ. ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ ജലസംഭരണി അക്വാഡിറ്റോ ദാസ് അഗ്വാസ് ലിവ്രെസ് ആയിരുന്നു ഡിയോഗോയുടെ കൊലപാതക സ്ഥലം. കൊള്ളയടിച്ച ശേഷം, ഡിയോഗോ തൻറെ ഇരകളെ കണ്ണുകൾ കെട്ടി ഇവിടെ എത്തിച്ച് ജലസംഭരണിയ്ക്ക് മുകളിൽ നിന്നും തള്ളി താഴേക്കിട്ടാണ് കൊലപ്പെടുത്തിയിരുന്നത്. ഇങ്ങനെ തള്ളിയിടുമ്പോൾ 65 മീറ്റർ താഴ്ച്ചയിലേക്ക് ആയിരുന്നു ആളുകൾ ചെന്ന് വീണിരുന്നത്. അതുകൊണ്ടുതന്നെ ഇരകളുടെ തൽക്ഷണ മരണം ഇയാൾ ഉറപ്പാക്കി. ഇത് ഡിയോഗോക്ക് "അക്വാഡക്റ്റ് (ജലസംഭരണി)മർഡറർ" എന്ന വിളിപ്പേര് നേടിക്കൊടുത്തു.
ലിസ്ബണിന് കുടിവെള്ളം നൽകുന്നതിനായി ജോൺ അഞ്ചാമൻ രാജാവാണ് ഈ അക്വാഡക്റ്റ് നിർമ്മിച്ചത്. ഡിയോഗോ ആൽവസിന്റെ കൊലക്കളമായി മാറിയത് ഈ ജലപാതയാണ്. ഒരേ സ്ഥലത്ത് നടന്ന 70 കൊലപാതകങ്ങൾ പൊലീസിൽ ഒരു സംശയം പോലും ഒരിക്കലും ഉളവാക്കിയില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പൊലീസ് സംശയിക്കാതിരുന്നതിനും കാരണമുണ്ടായിരുന്നു ആ സമയത്ത് രാജ്യം സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ നടുവിലായിരുന്നു. ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലും നിരാശയിലുമായിരുന്നു. അതുകൊണ്ടുതന്നെ അക്വാഡക്‌ട് മരണങ്ങൾ ആളുകളുടെ സ്വമേധയായുള്ള ആത്മഹത്യ ആയിരിക്കുമെന്നാണ് പൊലീസ് കരുതിയത്.
പക്ഷേ, അയാളുടെ ഭാഗ്യം അധികകാലം നീണ്ടുനിന്നില്ല. അക്വാഡക്‌ട് മരണങ്ങൾ തുടർക്കഥയായതോടെ ആളുകൾ ഭീതിയിലായി. ഇതോടെ ഇവിടം പൂർണ്ണമായും അടച്ചുപൂട്ടി പൊലീസ് നിരീക്ഷണത്തിലാക്കി. അക്വാഡക്ട് അടച്ചത് ഡിയോഗോയ്ക്ക് പ്രശ്നമായി. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ അയാൾക്ക് ഒരു പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. വീടുകൾ കുത്തിത്തുറന്ന് താമസക്കാരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു സംഘം രൂപീകരിക്കുക എന്നതായിരുന്നു അതിനായി അയാൾ കണ്ടെത്തിയ പരിഹാരം. അങ്ങനെ നടത്തിയ ഒരു മോഷണത്തിനിടയിൽ 1840 -ല്‍ അയാൾ പിടിയിലായി. പക്ഷേ, അപ്പോഴും അക്വാഡക്‌ട് കൊലപാതകങ്ങൾ നടത്തിയത് ഇയാളാണെന്ന് തെളിയിക്കാനുള്ള മതിയായ തെളിവുകൾ പൊലീസിൻറെ കൈവശം ഉണ്ടായിരുന്നില്ല. പക്ഷേ, തന്റെ സംഘാംഗങ്ങളോടൊപ്പം ഒരു കുടുംബത്തെ കൊലപ്പെടുത്തിയതിന് ഇയാളെ ജയിലിൽ അടയ്ക്കാനും ശിക്ഷിക്കാനുമുള്ള മതിയായ തെളിവുകൾ പൊലീസിനെ ലഭിച്ചു. അങ്ങനെ അയാളെ വധശിക്ഷയ്ക്ക് വിധിച്ചു.
ഡിയോഗോയെ തൂക്കിലേറ്റിയ ശേഷം, ലിസ്ബണിലെ എസ്‌കോല മെഡിക്കോ സിറുർജിക്കയിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും കുറ്റവാളിയുടെ തലയെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ഇത്തരം ദുഷ്പ്രവൃത്തികൾ ചെയ്യാൻ ഈ വ്യക്തിയെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ ആയിരുന്നു ഈ പഠനം.
ഡിയോഗോയുടെ തലയെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ അത് മുറിച്ച് സൂക്ഷിച്ചു. ഇന്നും ലിസ്ബൺ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ഒരു ഗ്ലാസ് ജാറിൽ കേടുപാടുകൾ കൂടാതെ ഇത് സൂക്ഷിച്ചിട്ടുണ്ട്. ഇത് കണ്ട സന്ദർശകർ പറയുന്നത്, മുഖവും മുടിയുമുള്ള ഉരുളക്കിഴങ്ങിനെപ്പോലെയാണ് അത് എന്നാണ്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു ശാന്തതയാണ് ഇയാളുടെ മുഖത്തെ ഭാവം എന്നാണ് ഇത് കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
