'പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്നുപറഞ്ഞപോലാണ് സാക്കിർ  നായിക്കിന്റെ കാര്യം. 2016  ബംഗ്ളാദേശിലെ ധാക്കയിൽ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സാക്കിർ നായിക്ക് ഇന്ത്യയിൽ നിന്നും രാഷ്ട്രീയാഭയം തേടി മലേഷ്യയിൽ എത്തുന്നത്. ധാക്കയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ, 'തന്നെ ആ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് പീസ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെ സാക്കിർ നായിക്ക് നടത്തിയ മതപ്രഭാഷണങ്ങളാണ്' എന്ന് മൊഴികൊടുത്തതോടെ മുംബൈയിൽ നായിക്കിന്റെ അറസ്റ്റുചെയ്യാനുള്ള സമ്മർദ്ദം മുറുകിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പലായനം. അതിൽ പിന്നെ സാക്കിർ അബ്ദുൽ കരീം നായിക്ക് എന്ന സാക്കിർ നായിക്ക് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയിട്ടില്ല. ഇന്ത്യയിൽ നായിക്കിനെതിരെ ഗുരുതരമായ പല കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇന്ന് സാക്കിർ നായിക്കിന്റെ സ്ഥാനം.

ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ വിസ നിഷേധിച്ച ശേഷമാണ് സാക്കിർ നായിക്ക് മലേഷ്യയിൽ അഭയം തേടിയത്. അവിടത്തെ സർക്കാർ, നായിക്കിനെ സ്വീകരിക്കുകയും പെർമനന്റ് റെസിഡൻസ് പെർമിറ്റ് നൽകുകയും ചെയ്തു. നായിക്കിനുമേൽ കഴിഞ്ഞ കുറെ ആഴ്ചകളായി പല ഭാഗത്തുനിന്നും രാഷ്ട്രീയ, നിയമ സമ്മർദ്ദങ്ങളുണ്ടായിരുന്നു. അതിനുപുറമെയാണ് ഇപ്പോൾ ഒരു പ്രസംഗത്തിൽ നടത്തിയ വംശീയവും, രാഷ്ട്രവിരുദ്ധവുമായ പരാമർശങ്ങളുടെ പേരിൽ നായിക്കിന്റെ മതപ്രഭാഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

സക്കീർ നായിക്ക് ഇന്ത്യയിൽ പ്രസിദ്ധനാകുന്നത് തൊണ്ണൂറുകളിലാണ്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ(IRF) എന്ന സംഘടനയിലൂടെ ഇസ്‌ലാം മത പ്രചാരണം നടത്തിയാണ് നായിക്ക് പ്രശസ്തനാകുന്നത്.  എംബിബിഎസ്‌ ബിരുദധാരിയായിരുന്ന നായിക്ക് അല്പനാളത്തെ പ്രാക്ടീസിന് ശേഷം മുഴുവൻ സമയ മതപ്രചാരണം തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു. അസാമാന്യമായ ഓർമശക്തിയുള്ള നായിക്കിന് ഖുർആൻ അടക്കമുള്ള എല്ലാ ഇസ്‌ലാമിക ഗ്രന്തങ്ങളും കരതലാമലകമായിരുന്നു. അതുമാത്രമല്ല, ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ നിന്നും, ഗീതയിൽ നിന്നും, ബൈബിളിൽ നിന്നുമൊക്കെ നിമിഷനേരം കൊണ്ട് സാന്ദർഭികമായി ഉദ്ധരണികൾ ഓർത്തെടുത്ത് ചോദ്യോത്തര വേളകളിൽ തിളങ്ങാൻ സാക്കിർ നയിക്കിനായിരുന്നു. ഇന്റർനെറ്റ് പ്രചാരത്തിലായതോടെ യൂട്യൂബ് വഴിയും നായിക്കിന്റെ പ്രഭാഷണങ്ങളുടെ ക്ലിപ്പിംഗുകൾ പ്രചരിക്കാൻ തുടങ്ങി. ഇസ്‌ലാമിനെ മറ്റുള്ള മതങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സ്ഥിരമായി ഏർപ്പെട്ടിരുന്ന സക്കീർ നായിക്ക് താമസിയാതെ താരതമ്യ മതപഠനത്തിലെ പണ്ഡിതൻ എന്ന പേരിൽ പ്രസിദ്ധനായി. 

തനിക്ക് ലഭിച്ച പ്രസിദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ട് അദ്ദേഹം ദുബായ് ആസ്ഥാനമാക്കി 'പീസ് ടിവി' എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു ടെലിവിഷൻ ചാനൽ തന്നെ തുടങ്ങി. താമസിയാതെ അതിന്റെ ബംഗ്ലാ, ഉർദു പതിപ്പുകളും തുടങ്ങി. ഇത് രണ്ടും തന്നെ പിന്നീട് വിദ്വേഷപ്രചാരണങ്ങളുടെ പേരിൽ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു. ഫേസ്‌ബുക്കിൽ ഏകദേശം ഒന്നേമുക്കാൽ കോടി ഫോളോവേഴ്‌സ് ഉണ്ട് സാക്കിർ നായിക്കിണെങ്കിലും, അൽക്വയ്‌ദയെപ്പറ്റിയും ഒസാമാ ബിൻ ലാദനെപ്പറ്റിയും നായിക്ക് നടത്തിയ പരാമർശങ്ങളുടെ പേരിൽ പല രാജ്യങ്ങളും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചിരുന്നു. 

" ബിൻ ലാദൻ ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുകയാണെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദിയായ അമേരിക്കയ്ക്കെതിരെ  ലാദൻ ഭീഷണി മുഴക്കുന്നുണ്ട് എങ്കിൽ ഞാൻ ലാദനൊപ്പമാണ്. ആ അർത്ഥത്തിൽ എല്ലാ മുസ്ലീങ്ങളും ടെററിസ്റ്റുകളാവേണ്ടതുണ്ട്. ടെറർ ഉണ്ടാക്കുന്ന ആളാണ് ടെററിസ്റ്റ് പോലീസുകാരൻ കള്ളന്റെ മനസ്സിൽ ടെറർ ഉണ്ടാക്കും. അപ്പോൾ കള്ളനെ സംബന്ധിച്ചിടത്തോളം പോലീസുകാരൻ ഒരു ടെററിസ്റ്റ് ആണ്. സമൂഹത്തിൽ അസാന്മാർഗിക പ്രവൃത്തി ചെയ്യുന്നവരുടെയും കുറ്റവാളികളുടെയും മനസ്സിൽ ടെറർ ഉണ്ടാക്കുന്നവരായിരിക്കണം യഥാർത്ഥ മുസ്ലിംകൾ. ആ അർത്ഥത്തിൽ ടെററിസ്റ്റുകൾ തന്നെ.."  എന്ന നായിക്കിന്റെ പ്രസംഗം ഏറെ വിവാദാസ്പദമായ ഒന്നായിരുന്നു. അതുപോലെ തന്നെ സ്വവർഗ്ഗരതിക്കും മതപരിവർത്തനത്തിനു വധശിക്ഷ തന്നെ നൽകണം എന്ന് വാദിക്കുന്നയാളാണ് സാക്കിർ നായിക്ക്. ഇസ്ലാം മതത്തിൽ പുരുഷന് സ്വന്തം ഭാര്യമാരെ അടിക്കാനുള്ള അവകാശത്തെപ്പറ്റിയുള്ള നായിക്കിന്റെ പ്രസംഗവും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ മറ്റുമതങ്ങളിൽ പെട്ടവർക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നായിരുന്നു നായിക്കിന്റെ അഭിപ്രായം. ഇങ്ങനെ ഒരർത്ഥത്തിൽ, വളരെ കടുത്ത നിലപാടുകൾ വച്ചുപുലർത്തിയിരുന്ന ഒരു മത പ്രചാരകനായിരുന്നു സാക്കിർ നായിക്ക്. 

ധാക്കയിലെ ഭീകരവാദി പ്രചോദനമായി  സാക്കിർ നായിക്കിന്റെ പേര് പരാമർശിച്ച് അധികം താമസിയാതെ തന്നെ എൻഐഎ, അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്റ്റ് ( UAPA) യും ഐപിസിയിലെ മറ്റു ഗൗരവമുളള വകുപ്പുകളും ചാർത്തിക്കൊണ്ട് സാക്കിർ നായിക്കിനെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന സാക്കിർ നായിക്കിന്റെ മുംബൈയിലെ സ്ഥാപനം ഇതിനകം തന്നെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട് അടച്ചു പൂട്ടി സീൽ വെച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യൻ ഏജൻസികൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നു എന്ന ആരോപണവും ചുമത്തിയിട്ടുണ്ട്. ഇന്ത്യ വിട്ട് ഒരുവർഷത്തിനകം തന്നെ സർക്കാർ നായിക്കിന്റെ പാസ്‌പോർട്ടും റദ്ദാക്കുകയുണ്ടായി. സൗദി അറേബ്യൻ പൗരത്വമുണ്ട് നായിക്കിന് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ചർച്ച് സ്ഫോടനങ്ങൾക്കു ശേഷം ശ്രീലങ്കൻ സർക്കാരും സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. 

മലേഷ്യയിലെ ഹിന്ദുക്കൾക്ക് മലേഷ്യൻ പ്രസിഡന്റിനേക്കാൾ വിധേയത്വം മോദിയോടായിരിക്കും എന്നും ചൈനക്കാർ മലേഷ്യയിൽ അതിഥികൾ മാത്രമാണെന്നും ഒക്കെയുള്ള വംശീയ വിദ്വേഷം ധ്വനിപ്പിക്കുന്ന പരാമർശങ്ങളാണ് ഇപ്പോൾ മലേഷ്യയിലും സാക്കിർ നായിക്കിന് എതിർപ്പുകളും വിലക്കുകളും സമ്മാനിച്ചിരിക്കുന്നത്. സാക്കിർ നായിക്കിനെ ആസ്ഥാനത്ത്  വിളിച്ചുവരുത്തിയ മലേഷ്യൻ പോലീസ്, നായിക്കിന്റെ പത്തു മണിക്കൂർ നേരത്തോളമാണ് തുടർച്ചയായി ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, വംശീയമായ പരാമർശങ്ങൾ താൻ മനസ്സിൽപ്പോലും കരുതിയിട്ടില്ലെന്നും സാക്കിർ നായിക്ക് പോലീസിനോട് വിശദീകരിച്ചുവെങ്കിലും, ആ പ്രസ്താവനകൾ ഉയർത്തിയ ജനരോഷം കണക്കിലെടുത്ത് പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് നായിക്കിന്റെ പ്രഭാഷണങ്ങൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.  

എന്തായാലും, മുൻകാലങ്ങളിൽ ഇന്ത്യൻ ഗവണ്മെന്റ് സാക്കിർ നായിക്കിനെ വിട്ടുകിട്ടാൻ വേണ്ടി മലേഷ്യൻ സർക്കാരുമായി നയതന്ത്രതലത്തിൽ ബന്ധപ്പെട്ടപ്പോഴൊക്കെയും അതിനോട് ഉദാസീനമായി മാത്രം പ്രതികരിച്ചുകൊണ്ടിരുന്ന മലേഷ്യൻ സർക്കാർ തന്നെ ഇപ്പോൾ വംശീയ വിദ്വേഷം ഉണർത്താൻ ശ്രമിച്ചു എന്ന പേരിൽ സാക്കിർ നായിക്കിനെതിരെ തിരിഞ്ഞത്, അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത്, നാളെ ഒരിക്കൽ സാക്കിർ നായിക്കിനെ മലേഷ്യ ഇന്ത്യക്ക് കൈമാറാനുള്ള സാധ്യത പോലും വർദ്ധിപ്പിച്ചിരിക്കുകയാണ്.