യു എസ്സിലാണ് സംഭവം. മൂന്നുവര്‍ഷം മുമ്പാണ്, മരിയ ലുലു സൊസ എന്ന സ്ത്രീ സ്വന്തം ഭര്‍ത്താവിനെ കൊല്ലാനായി വന്‍ തുകയൊക്കെ നല്‍കി ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി. പക്ഷേ, സൊസയ്ക്ക് ഒരബദ്ധം പറ്റി. കൊല്ലാനേര്‍പ്പാടാക്കിയ ആള്‍ തന്‍റെ ഭര്‍ത്താവ് റമോന്‍ സൊസയുടെ സുഹൃത്താണ് എന്ന് അവരറിഞ്ഞില്ല. എന്തായാലും ഭാര്യ തന്നെ കൊല്ലാന്‍ ഏര്‍പ്പാട് ചെയ്‍ത കാര്യമറിഞ്ഞപ്പോള്‍ റമോന്‍ ഒരു കാര്യം തീരുമാനിച്ചു. തീയെ തീ കൊണ്ടുതന്നെ നേരിടണം എന്ന്. അങ്ങനെ പൊലീസിന്‍റെ കൂടി സഹായത്തോടെ അയാള്‍ ഒരു നാടകം തയ്യാറാക്കി. 

നെറ്റിയുടെ ഒരുവശത്ത് ബുള്ളറ്റ് ഏറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ചുകിടക്കുന്ന പോലെ കുറച്ച് ഫോട്ടോയെടുത്തു. താന്‍ തന്‍റെ ജീവിതത്തില്‍ ചെയ്‍ത ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ആ ഫോട്ടോഷൂട്ട് ആയിരുന്നുവെന്ന് ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ റമോന്‍ പറയുന്നുണ്ട്. അഭിനയമായിരുന്നുവെങ്കിലും വെറും ഫോട്ടോഷൂട്ട് ആയിരുന്നുവെങ്കിലും മരിച്ചതുപോലെ കിടന്നപ്പോള്‍ തന്‍റെ മനസ്സിലേക്ക് മൂന്ന് കുഞ്ഞുങ്ങളും തന്‍റെ മാതാപിതാക്കളും കടന്നുവന്നുവെന്നും അത് തന്നെ കരയിച്ചുവെന്നും റമോണ്‍ പറയുന്നുണ്ട്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ അവരെങ്ങനെയാവും പ്രതികരിക്കുക എന്ന് ചിന്തിച്ചിരുന്നതായും അയാള്‍ പറയുന്നു. 

ഏതായാലും മരിയയ്ക്ക് ആ ഫോട്ടോ എത്തിച്ചുകൊടുത്തു. ഒപ്പം അവരറിയാതെ ആ രംഗം ചിത്രീകരിക്കുകയും ചെയ്തു. അയാള്‍ ശരിക്കും കൊല്ലപ്പെട്ടോ എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മരിയ. ഇതിനെത്തുടര്‍ന്ന് 20 വര്‍ഷത്തേക്ക് തടവിനുള്ള ശിക്ഷയും മരിയക്ക് കിട്ടി. ഇരുവരും വിവാഹമോചിതരുമായി. ഇനി തന്നെ ശത്രുവായിക്കണ്ട് കൊല്ലാനേല്‍പ്പിച്ച ഒരാള്‍ക്കൊപ്പം കഴിയേണ്ടല്ലോ എന്ന സമാധാനവുമുണ്ട് റമോനിന്. 

2007 -ല്‍ പ്രണയത്തിലായ ഇരുവരും 2010 -ലാണ് വിവാഹിതരാവുന്നത്. ഇരുവരും ചേര്‍ന്ന് സ്വന്തമായി ജിം തുടങ്ങി പിന്നീട്. പക്ഷേ, 2015 -ല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാതോടെ ആകെ പ്രശ്നത്തിലായി ഇരുവരും. അത് ഇരുവരുടേയും സ്വകാര്യജീവിതത്തേയും ബാധിച്ചു. പ്രശ്നങ്ങളുമുണ്ടായി. ഏതായാലും താന്‍ തന്നെ ട്രെയിന്‍ ചെയ്യിച്ച ഒരാള്‍ വിളിച്ച് ഭാര്യ താങ്കളെ കൊല്ലാന്‍ പണം തന്നിട്ടുണ്ട് എന്ന് പറയുംവരെ സംഗതി ഇത്ര രൂക്ഷമായിരുന്നുവെന്ന് റമോനിനും അറിയില്ലായിരുന്നു. കുറച്ച് മോശം ഭൂതകാലമുള്ള ആ വാടകക്കൊലയാളിയാകട്ടെ ഇത്തരം ക്രൈം ഒക്കെ നിര്‍ത്തി നല്ലവനാകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. 

മരിയയുടെ ശിക്ഷ മൂന്നുവര്‍ഷം കഴിഞ്ഞു. അതിനിടെ തനിക്ക് അനുഭവിക്കേണ്ടി വന്ന ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് ഒരു പുസ്‍തകമെഴുതുകയാണ് ഇപ്പോള്‍ റമോന്‍. ഒപ്പം വീട്ടില്‍നിന്നും പങ്കാളിയില്‍ നിന്നും മാനസികമായോ ശാരീരികമായോ അതിക്രമം നേരിടേണ്ടി വന്നാല്‍ സഹായം തേടാന്‍ മടിക്കരുത് എന്നും അയാള്‍ പറയുന്നു.