കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കമ്പനിയിൽനിന്ന് 20 മില്യൺ ഡോളറാണ് ഇവർ തട്ടിയെടുത്തത്. 174 കോടി രൂപയോളം വരും ഇത്. ഈ പണം മുഴുവൻ ഇവർ ആഡംബര വസ്തുക്കൾ വാങ്ങുന്നതിനായി ഉപയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കോടികൾ തട്ടിയെടുക്കുകയും ഒടുവിൽ കമ്പനി ഉടമയെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത കുറ്റത്തിന് ദമ്പതികൾക്കെതിരെ കേസെടുത്തു.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഏഴുവർഷമായി തുടരുന്ന തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കമ്പനിയിൽ നിന്നും തട്ടിയെടുത്ത കോടികൾ യുവതി ആഡംബര വസ്തുക്കൾക്കായി ചെലവഴിക്കുകയും ചെയ്തതായാണ് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്.
ഗിൽമോർ കൺസ്ട്രക്ഷൻ എൽഎൽസി കമ്പനിയിലാണ് ഈ വൻ തട്ടിപ്പ് നടന്നത്. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളറായി ജോലി ചെയ്തു വന്നിരുന്ന 46 -കാരിയായ സിന്തിയ സിന്ഡി മറബെല്ല എന്ന സ്ത്രീയാണ് തട്ടിപ്പിന് പിന്നിൽ. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കമ്പനിയിൽനിന്ന് 20 മില്യൺ ഡോളറാണ് ഇവർ തട്ടിയെടുത്തത്. 174 കോടി രൂപയോളം വരും ഇത്. ഈ പണം മുഴുവൻ ഇവർ ആഡംബര വസ്തുക്കൾ വാങ്ങുന്നതിനായി ഉപയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്.
കമ്പനി ഉടമ ലാറി ഗിൽമോറിൻ്റെ ശ്രദ്ധയിൽ തട്ടിപ്പ് പെട്ടതോടെ അതിൽനിന്നും രക്ഷപ്പെടാനായാണ് സിന്തിയയുടെ ഭർത്താവ് വില്യം കോസ്റ്റ കമ്പനി ഉടമയെ തട്ടിക്കൊണ്ടു പോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സിന്തിയ കമ്പനിയിൽ നിന്നും തട്ടിയെടുത്ത പണം ലാറി അവർക്ക് സമ്മാനമായി നൽകിയതാണെന്ന് എല്ലാവരോടും പറയണം എന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ, 42 -കാരനായ വില്യമിനെ നെവാഡയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന, ബലപ്രയോഗം, എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
