ദില്ലിയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോലാഹലങ്ങൾ ഉയർന്ന പ്രചാരണമഹാമഹങ്ങളും, പോളിങ്ങും, വോട്ടെണ്ണലും കഴിഞ്ഞ്, തെരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു. രണ്ടു മാസം മുമ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ പ്ലാൻ ചെയ്തിരുന്ന പ്രകാരം, വളരെ വ്യക്തമായ ഭൂരിപക്ഷത്തിൽ തന്നെ അരവിന്ദ് കെജ്‌രിവാൾ വിജയശ്രീലാളിതനായിരിക്കുകയാണ്. ഇപ്പോൾ ദില്ലിയിൽ ഉയർന്നു കേൾക്കുന്ന ചോദ്യമിതാണ്. ഇനിയെങ്കിലും ഷാഹീൻബാഗിലുള്ള പ്രതിഷേധക്കാർക്ക് പറയാനുളളത് കേൾക്കാൻ മുഖ്യമന്ത്രി കെജ്‌രിവാൾ സമരപ്പന്തലിലേക്ക് ചെല്ലുമോ? തെക്കൻ ഡൽഹിയെയും നോയിഡയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ജി ഡി ബിർള മാർഗ് ഉപരോധിച്ച് അവിടെ റോഡിൽ പന്തലിട്ടുകൊണ്ടാണ് ഷാഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകൾ രാപകൽ സമരം ചെയ്യുന്നത്. അവരോട് കാര്യങ്ങൾ ചർച്ചചെയ്യാനും, അവർക്ക് പറയാനുള്ള പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന്, അവരെ പറഞ്ഞു സമാധാനിപ്പിക്കാനും അദ്ദേഹത്തിനാകുമോ? അങ്ങനെ കഴിഞ്ഞ രണ്ടുമാസത്തോളമായി വഴി തടഞ്ഞുകൊണ്ട് നടത്തപ്പെടുന്ന ആ സമരം അവസാനിപ്പിക്കാനും ആ പ്രദേശത്ത് താമസിക്കുന്നവർക്ക് താത്കാലികമായിട്ടാണെങ്കിലും ഉണ്ടായിട്ടുള്ള ഗതാഗത തടസ്സം തീർത്തുനൽകാനുംവേണ്ടത് ചെയ്യാൻ ഇനിയെങ്കിലും അദ്ദേഹത്തിന് സാധിക്കുമോ?
 
ഇതുവരെ കെജ്‌രിവാൾ പൗരത്വപ്രതിഷേധ വിഷയത്തിൽ സജീവമായി ഇടപെടാതിരുന്നത് ഇരുപക്ഷത്തുമുള്ള വോട്ടർമാരെ പിണക്കേണ്ട എന്ന് കരുതിയാണ് എന്നൊരു ആക്ഷേപമുണ്ടായിരുന്നു. ഭാരത സർക്കാരിന്റെ 2011 -ലെ സെൻസസ് ഡാറ്റ പ്രകാരം ദില്ലിയിൽ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തിൽ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. ഷാഹീൻബാഗിൽ സമരം നടത്തുന്നവരിൽ അധികവും മുസ്ലീങ്ങളാണ്. 12 ശതമാനം വരുന്ന മുസ്‌ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കെജ്‌രിവാൾ ആശ്രയിച്ചത് ഓഖ്‌ലയിൽ നിന്നുള്ള പാർട്ടിയുടെ സിറ്റിംഗ് എംഎൽഎ ആയ അമാനത്തുള്ളാ ഖാനെയായിരുന്നു. താൻ നേരിട്ട്  സിഎഎ വിഷയത്തിൽ വ്യക്തമായ ഒരു നയമെടുത്താൽ അത് ദില്ലിയിലെ തന്റെ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകും എന്നദ്ദേഹം കരുതിയിരുന്നിരിക്കും. പൗരത്വ നിയമ ഭേദഗതി വിഷയം സത്യത്തിൽ ഒരു കീറാമുട്ടിയാണ്. തെരഞ്ഞെടുപ്പ് കഴിയും മുമ്പ് ബിജെപിയെ പിന്തുണച്ചുകൊണ്ട് അഭിപ്രായം പറഞ്ഞാൽ ദില്ലിയിലെ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടും. ഭേദഗതി വിരുദ്ധ സമരങ്ങളിൽ സജീവമായി പങ്കെടുത്താൽ ബിജെപി പ്രചരിപ്പിക്കുന്ന, 'സിഎഎയെ എതിർക്കുന്നവർ ആന്റി നാഷണൽ ആണ്' എന്ന പ്രചാരണത്തിനും ഇരയാകേണ്ടി വരും പാർട്ടിക്ക്. അത് ദില്ലിയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുബാങ്കിനെ പിണക്കുന്ന പരിപാടിയായിപ്പോകും. 2015 -ലെ തെരഞ്ഞെടുപ്പിൽ 70 -ൽ 67 സീറ്റുകളും നൽകി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ്.  അവിടെ ഇക്കുറിയും വിജയം പ്രവർത്തിക്കണമെങ്കിൽ ഇതിന്റെ പേരിൽ വോട്ടർമാരെ പിണക്കാതെ സൂക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. 

ഒരു വർഷം മുമ്പ് വരെയും മമതാ ബാനർജി, നിതീഷ് കുമാർ തുടങ്ങിയ പ്രാദേശിക നേതാക്കൾ വിവിധ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ എടുത്തപ്പോൾ അതുപോലെ അരവിന്ദ് കെജ്‌രിവാളും നയങ്ങൾ സ്വീകരിച്ചിരുന്നു. അവയെപ്പറ്റി തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നിരിക്കും, കേജ്‌രിവാൾ സ്വീകരിച്ചുപോന്ന നയം വളരെ അളന്നുകുറിച്ചുള്ളതായിരുന്നു. ദില്ലിയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രവർത്തിക്കുക, അഭിപ്രായങ്ങൾ പറയുക. കഴിവതും ഭൂരിപക്ഷവോട്ടുബാങ്കിനെ പിണക്കാതിരിക്കുക. അല്ലെങ്കിൽ, രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള കേജ്‌രിവാളിന് CAA വിഷയത്തിൽ മാത്രം കൃത്യമായ ഒരു പ്രവർത്തനപദ്ധതിയില്ലാത്തത്, ഇക്കാര്യത്തിൽ മാത്രം ഒരു പരിധിവരെ മൗനം പാലിക്കുക പോലും ചെയ്യുന്നത്, അദ്ദേഹത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് നയത്തിന്റെ ഭാഗമായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറഞ്ഞുകൂടാ. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തത്വത്തിൽ പൗരത്വനിയമ ഭേദഗതിക്ക്  എതിരുതന്നെയാണ്. ഈ എതിർപ്പ് ഒന്നുരണ്ടുവട്ടം അദ്ദേഹം സ്വകാര്യ ചാനൽ ചർച്ചകൾക്കിടെ പ്രകടിപ്പിച്ചിട്ടുമുണ്ട്. പ്രശ്നമെന്താണെന്നു വെച്ചാൽ, ഈ അഭിമുഖങ്ങളിലും, പിന്നെ ഒന്നുരണ്ടു ട്വീറ്റുകളിലും മാത്രമാണ് അരവിന്ദ് കേജ്‌രിവാളോ അദ്ദേഹത്തിന്റെ പാർട്ടിയോ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വാതുറന്ന് എന്തെങ്കിലും രണ്ടക്ഷരം മിണ്ടിയിട്ടുള്ളത്. സിഎഎ വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ നയം വ്യക്തമാണ്. ഇത് ഭരണഘടനാ വിരുദ്ധമായ ഒരു നിയമഭേദഗതിയാണ്. അത് അരവിന്ദ് കേജ്‌രിവാൾ തന്നെ ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്. ആ എതിർപ്പ് പക്ഷേ, പൗരത്വം അനുവദിക്കുന്നതിനോടുകൂടിയുള്ള എതിർപ്പാണ്. ഭേദഗതിയിൽ മുസ്ലിങ്ങളോടുള്ള വിവേചനമല്ല അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം. ആരും ഇങ്ങോട്ടിനി വരേണ്ട എന്ന ഉത്തരപൂർവ്വ ഇന്ത്യക്കാരുടെ അതേ നയമാണ് ഏറെക്കുറെ കേജ്‌രിവാളിനും. അദ്ദേഹം ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്, "ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഈ മൂന്നുരാജ്യങ്ങളിലും കൂടി ന്യൂനപക്ഷക്കാർ ആകെ 3 -4 കോടിയോളം വരും. അവരൊക്കെക്കൂടി കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ട് പുറപ്പെട്ടാൽ അവർക്ക് താമസിക്കാൻ സ്ഥലം ആര് കൊടുക്കും? അവർക്കൊക്കെ ജോലി ആര് നൽകും? അവരുടെ കുട്ടികൾ എവിടെ പഠിക്കും?" ഈ ഭേദഗതിയെ കേജ്‌രിവാൾ എതിർക്കുന്നത്, ഇപ്പോൾ തന്നെ തൊഴിലില്ലായ്മയും, പട്ടിണിയും, പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ഇന്ത്യക്ക് ഇനി കുറേ അഭയാർത്ഥികളെക്കൂടി താങ്ങാനുള്ള ശേഷിയില്ല എന്ന അഭിപ്രായത്തിന്റെ പുറത്താണ്. ഇനിയും അഭയാർത്ഥികൾക്ക് സ്വാഗതമോതുന്നത്, 'സ്വന്തം മക്കൾ പട്ടിണി കിടന്നാലും അയൽപക്കക്കാരുടെ മക്കൾക്ക് മൃഷ്ടാന്ന ഭോജനം കിട്ടട്ടെ' എന്ന് കരുതുന്നതുപോലെയാണ് എന്ന് അദ്ദേഹം കരുതുന്നു.

അങ്ങനെ ഒന്നിനോടും പ്രതികരിക്കുകയോ പ്രകടനങ്ങൾ നടത്താതിരിക്കുകയോ ചെയ്യുന്ന ആളല്ല അരവിന്ദ് കെജ്‌രിവാൾ. ഒരു സിവിൽ സർവന്റ് എന്ന നിലയിൽ നിന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹം വളർന്നുവന്നതുതന്നെ അഴിമതിക്കും, ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയ്ക്കും എതിരായി നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ പേരിലാണ്. 2018 -ൽ, മുഖ്യമന്ത്രിയായിരിക്കെ മറ്റംഗങ്ങളോടൊപ്പം ഒന്നിലധികം തവണ ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന്റെ വസതിക്ക് മുന്നില്‍ ധർണ്ണ കിടന്നിട്ടുള്ള ആളുമാണ് കേജ്‌രിവാൾ. 2014 -ൽ പൊലീസിന്റെ കാര്യം പറഞ്ഞും അദ്ദേഹം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് റെയിൽ ഭവൻ പരിസരത്ത് ധർണ്ണ നടത്തിയിരുന്നു.

"ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരും തുല്യരാണ്. നമ്മൾ വാർത്തെടുക്കേണ്ടത്, നാനാജാതി മതസ്ഥരായ പൗരന്മാർക്കിടയിൽ സ്നേഹവും സഹോദര്യവുമുണ്ടാകുന്ന, വെറുപ്പോ, ശത്രുതയോ ഒന്നുമില്ലാത്ത ഒരു ആദർശഭാരതമാണ്" എന്ന വരി ട്വിറ്ററിൽ സ്വന്തം ബയോഡാറ്റയിൽ കുറിച്ചിട്ട ആളാണ് കെജ്‌രിവാൾ. ഷാഹീൻ ബാഗിൽ സമരം നടത്തുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലാതിരിക്കാൻ  തരമില്ല. തണുപ്പിനെ വകവെക്കാതെ സമരം നടത്തിയ ഒരു യുവതിക്ക് സ്വന്തം മകന്റെ ജീവൻ പോലും ബലികഴിക്കേണ്ടി വന്നത് അദ്ദേഹവും അറിഞ്ഞുകാണുമല്ലോ. അതുകൊണ്ടുതന്നെ ഷാഹീൻ ബാഗിലെ ഐതിഹാസികമായ ഈ സമരത്തെ, തെരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അവസാനിച്ച ഈ വേളയിലെങ്കിലും, അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും അതിനൊരു പരിഹാരമുണ്ടാക്കുമെന്നുമുള്ള പ്രതീക്ഷകൾ അവിടത്തെ പ്രതിഷേധക്കാരടക്കമുള്ള പൊതുജനത്തിനുണ്ട്.