Asianet News MalayalamAsianet News Malayalam

ഗാസിപൂരിൽ വീണ രാകേഷ് ടിക്കായത്തിന്റെ കണ്ണുനീർ കർഷകസമരത്തിലെ വഴിത്തിരിവാകുമോ?

കർഷക സംഘടനകൾക്ക് രാകേഷ് ടിക്കായത്തിന്റെ വൈകാരികപ്രസംഗം കൊണ്ടുണ്ടായിട്ടുളള ജനപിന്തുണ ഇപ്പോൾ ഒരനുഗ്രഹമായിരിക്കുകയാണ്.

will rakesh tikaits tears in Gazipur be a turning point for delhi farmer protests against bjp centre
Author
Gazipur, First Published Jan 29, 2021, 11:50 AM IST

ഭാരതീയ കിസാൻ യൂണിയൻ (ബികെയു) എന്ന ഉത്തർപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കർഷക സംഘടനയുടെ നേതാവാണ് രാകേഷ് ടിക്കായത്ത്. ജനുവരി 28 -ന്  ഗാസിപൂരിൽ വെച്ച് നടത്തിയ പ്രസംഗത്തിനിടെ ടിക്കായത്ത് അറിയാതെ വികാരഭരിതനായി കണ്ണുനീർ പൊഴിക്കുന്ന കാഴ്ച മാധ്യമങ്ങളിലൂടെ നമ്മൾ തത്സമയം കാണുകയുണ്ടായി. ആ ഒരു വികാരവിക്ഷോഭം, കേന്ദ്രത്തിനെതിരായ കർഷക സമരത്തിലെ ഒരു വഴിത്തിരിവാകും എന്നാണ് അതിനു പിന്നാലെയുണ്ടായിട്ടുള്ള സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. 

 

 

ആ പ്രസംഗത്തിൽ ടിക്കായത്ത് പൊഴിച്ച് കണ്ണീരുകൊണ്ട് ഒഴിവായത്, ഗാസിപൂരിലെ സമരത്തിന് നേരെ ഉണ്ടായേക്കുമായിരുന്ന ഉത്തർപ്രദേശ് പോലീസിന്റെ അടിച്ചമർത്തൽ നടപടികൾ മാത്രമല്ല. ജനുവരി 26 ന്, റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങൾ ശോഭ കെടുത്തിയ കർഷക സമരത്തിന് മുന്നോട്ടു പൂർവാധികം ശക്തിയോടെ കുതിപ്പ് നടത്താൻ വേണ്ടുന്ന ഊർജം കൂടി അത് പകർന്നു നൽകിയിരിക്കുകയാണ്. "ഈ സർക്കാർ കർഷകരെ മുച്ചൂടും മുടിക്കും. ബിജെപിയുടെ ഗുണ്ടകൾ പൊലീസിനൊപ്പം ചേർന്ന് കർഷകർക്കുനേരെ അക്രമം അഴിച്ചുവിടും..." എന്നായിരുന്നു വിതുമ്പിക്കൊണ്ട് ടിക്കായത്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞത്. 

രാകേഷ് ടിക്കായത്തിനെ അടുത്തറിയുന്നവർ പറഞ്ഞത്, തങ്ങളുടെ നേതാവിന്റെ ഉള്ളിൽ തട്ടിയുള്ള ആ കണ്ണീരിനു പിന്നിൽ, കേന്ദ്രവും ഉത്തർപ്രദേശ് സർക്കാരും ചേർന്ന് കർഷകരെ അക്രമിക്കുമോ എന്നുള്ള ഭയവും, കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നയങ്ങൾ കർഷകരുടെ നട്ടെല്ലൊടിക്കുമോ എന്നോർത്തുള നിസ്സഹായതയുമാണ് എന്നാണ്. ടിക്കായത്തിന്റെ പ്രസംഗം മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹരിയാനയിൽ നിന്നും പശ്ചിമ യുപിയിൽ നിന്നുമുള്ള നിരവധി കർഷക സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ ഗാസിപൂരിലേക്ക് പ്രവഹിച്ചു തുടങ്ങി. രാത്രിയോടെ ഗാസിപൂരിലെ സമരവേദിയിൽ വൻതോതിൽ നിയുക്തരായിരുന്ന സുരക്ഷാ സൈനികർ പിൻവലിക്കപ്പെടുകയും, അടുത്ത ദിവസം പുലർച്ചയോടെ സമരം ചെയ്യുന്ന കർഷകരുടെ എണ്ണം പത്തിരട്ടിയായി വർധിക്കുകയും ചെയ്തു. അതോടെ ടിക്കായത്തിന്റെ പ്രസംഗത്തിലെ വികാര വൈവശ്യത്തെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ച് കപിൽ മിശ്രയെപ്പോലുള്ള ബിജെപി നേതാക്കൾക്ക് അതൊരു തിരിച്ചടിയായി മാറി. 

ആരാണ് രാകേഷ് ടിക്കായത്ത് ?

മീററ്റ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുള്ള രാകേഷ് ടിക്കായത്ത് എന്ന അമ്പത്തിരണ്ടുകാരൻ, ഇപ്പോൾ ബികെയു എന്ന കർഷക സംഘടനയുടെ ഔദ്യോഗിക വക്താവാണ്. രണ്ടു തവണ രാഷ്ട്രീയ ലോക്ദൾ ടിക്കറ്റിൽ പാർലമെന്റിലേക്ക് മത്സരിച്ചിരുന്നു എങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. എൺപതുകളിൽ ഭാരതീയ കിസാൻ യൂണിയന്റെ മുതിർന്ന നേതാവായിരുന്ന, 1988 -ൽ രാജീവ് ഗാന്ധിയെ വരെ മുട്ടുകുത്തിച്ച ചരിത്രമുള്ള മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ പുത്രനാണ് രാകേഷ്. ഉത്തർപ്രദേശിലെ മുസഫർനഗറിലെ സിസൗലിയിൽ നിന്നുള്ള ടിക്കായത്ത് കുടുംബമാണ്, 84 ഗ്രാമങ്ങൾ അടങ്ങിയ ബലിയാ ഖാപ്പിനെ നയിക്കുന്നത്. പശ്ചിമ യുപിയിലെയും ഹരിയാനയിലെയും ജാട്ട് സമുദായങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുള്ള ടിക്കായത്ത് കുടുംബത്തിന് മാലിക്, ദേശ്വാൾ ഖാപ്പുകളിലും കാര്യമായ സ്വാധീനശക്തിയുണ്ട്. 

 

will rakesh tikaits tears in Gazipur be a turning point for delhi farmer protests against bjp centrewill rakesh tikaits tears in Gazipur be a turning point for delhi farmer protests against bjp centre

 

റിപ്പബ്ലിക്ക് ദിനത്തിലെ അക്രമങ്ങൾക്ക് ശേഷം നേരിടേണ്ടി വന്ന ദുഷ്‌പേരിൽ പെട്ടുലഞ്ഞ്‌ നിന്നിരുന്ന കർഷക സംഘനകൾക്ക്, രാകേഷ് ടിക്കായത്തിന്റെ വൈകാരികപ്രസംഗം കൊണ്ടുണ്ടായിട്ടുളള ജനപിന്തുണ ഇപ്പോൾ ഒരനുഗ്രഹമായിരിക്കുകയാണ്. ഹരിയാനയിൽ നിന്നും, പശ്ചിമ യുപിയിൽ നിന്നും ഈ പ്രസംഗത്തിന്റെ പേരിൽ പുതുതായി സമരവേദിയിലേക്കുണ്ടായിട്ടുള്ള കർഷകപ്രവാഹം, ദില്ലിയിൽ സമരം ചെയ്യുന്ന പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്.  

Follow Us:
Download App:
  • android
  • ios