വരുന്ന നവംബർ പതിനേഴാം തീയതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചെയറിൽ നിന്ന് സ്ഥാനമൊഴിയുന്ന രഞ്ജൻ ഗോഗോയ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ തന്റെ പിൻഗാമിയായി നിർദ്ദേശിച്ചിരിക്കുന്ന പേര് ശരദ് അരവിന്ദ് ബോബ്‌ഡെ എന്ന എസ് എ ബോബ്‌ഡെയുടെ പേരാണ്.  നിയമിക്കപ്പെട്ടാൽ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് ഒരു വർഷവും അഞ്ചു മാസവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ പദവിയിൽ തുടരാനാകും - 2021 ഏപ്രിൽ 23 -ന്  വിരമിക്കുന്ന അന്നുവരെ. 

വിരമിക്കുന്നതിന് ഒരു മാസം മുമ്പ്, ബഞ്ചിലെ ഏറ്റവും സീനിയോറിറ്റിയുള്ള സഹപ്രവർത്തകന്റെ പേര്, ചീഫ് ജസ്റ്റിസ്  തന്നെ നിർദ്ദേശിക്കുന്നതാണ്  സുപ്രീം കോടതിയിൽ തുടർന്നുപോരുന്ന കീഴ്വഴക്കം. സുപ്രീം കോടതിയുടെ നാല്പത്താറാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്ത ഗോഗോയ് ദേശീയ പൗരത്വ രജിസ്റ്റർ, അയോധ്യാ തർക്കം  തുടങ്ങിയ മർമ്മപ്രധാനമായ പല കേസുകളുടെയും വാദം കേട്ടിട്ടുണ്ട്. 

ആരാണ് ജസ്റ്റിസ് ബോബ്‌ഡെ?

സുപ്രീം കോടതിയിലേക്ക് നിയമിതനാകുന്നതിന് മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് ബോബ്‌ഡെ. രഞ്ജൻ ഗൊഗോയിക്ക് നേരെ ഉയർന്നുവന്ന ലൈംഗികാരോപണം അടക്കം പല സുപ്രധാന കേസുകളും വിചാരണക്ക് വന്നിട്ടുള്ളത് ജസ്റ്റിസ് ബോബ്‌ഡെക്ക് മുന്നിലാണ്. ആധാർ കേസ്, റൈറ്റ് റ്റു ലൈഫ് കേസ്, അയോധ്യാ തർക്കം എന്നീ കേസുകളിലും വാദം കേട്ടത് അദ്ദേഹവും കൂടിയായിരുന്നു. അപെക്സ് കോടതിയിൽ എട്ടുകൊല്ലത്തോളം സർവീസുള്ള  ജസ്റ്റിസ് ബോബ്‌ഡെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമാണ്.

ഒരു അഭിഭാഷകകുടുംബത്തിലായിരുന്നു ബോബ്‌ഡെയുടെ ജനനം. അച്ഛൻ അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. സഹോദരൻ വിനോദ് ബോബ്‌ഡെയും സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു. 1978 -ൽ നാഗ്‍പൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടുന്നത്. അതേകൊല്ലം സെപ്റ്റംബർ 13 -ന്  എൻറോൾ ചെയ്ത അദ്ദേഹം, ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിലാണ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. 2000 -ൽ മുംബൈ ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജ് സ്ഥാനത്ത് നിയമിതനായ ജസ്റ്റിസ് ബോബ്‌ഡെ, 2012 -ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നശേഷം, 2013 -ലാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടുന്നത്.