കയ്യടി ശബ്ദം കേൾക്കും, പ്രേതരൂപം പോലെ മിന്നിമറയും; 'കോൺജൂറിങ്ങ്' പ്രേതവീട്ടിലെ സ്ത്രീ പറയുന്നു
ഭർത്താവിനും അമ്മയ്ക്കും സഹോദരനും ഒപ്പമാണ് താനാ വീട്ടിൽ എത്തിയത്. ഓരോരുത്തരും ഒറ്റയ്‍ക്കൊറ്റയ്‍ക്ക് ഓരോ ഭാഗങ്ങൾ പരിശോധിക്കുകയായിരുന്നു. താൻ വീട്ടുടമ അവിടെ വച്ചിട്ട് പോയ സാധനങ്ങളെല്ലാം പരിശോധിക്കുകയായിരുന്നു. അപ്പോൾ ഒരു മുരൾച്ച കേട്ടു.

ലോകമെമ്പാടും പ്രശസ്തമായ ഹൊറർ ചിത്രമാണ് 'ദ കോൺജൂറിങ്ങ്'. അതിലെ പ്രേതബാധയുള്ള ഫാം ഹൗസ് വളരെ പ്രശസ്തമാണ്. അവിടെ നിന്നുമുള്ള പല വാർത്തകളും പലപ്പോഴായി പുറത്ത് വരാറുണ്ട്. അതിലൊന്നാണ് അവിടെ നിന്നും ഇപ്പോഴും സിനിമയിൽ കണ്ടത് പോലെയുള്ള കയ്യടി ശബ്ദം കേൾക്കുന്നു എന്നത്. ദി കോൺജൂറിങ്ങിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ പലതും സത്യമാണെന്നാണ് പാരാ നോർമൽ അന്വേഷകരും ആരോപിക്കുന്നത്.
മാഡിസൺ ഹെയ്ൻസൻ എന്ന ഈ വീട് നോക്കിനടത്തുന്ന സ്ത്രീ നടത്തിയ പല വെളിപ്പെടുത്തലുകളും അതുപോലെ ശ്രദ്ധയാകർഷിച്ചിരുന്നു. ശരിക്കും ആ വീട്ടിൽ കയ്യടി കേൾക്കുകയും മറ്റും ചെയ്യാറുണ്ട് എന്നും താനത് കേട്ടിട്ടുണ്ട് എന്നും മാഡിസൺ വെളിപ്പെടുത്തിയിരുന്നു.
'ദി സണ്ണു'മായി സംസാരിക്കവെ അവർ പറഞ്ഞത്, 'അടുക്കള മേശയ്ക്ക് ചുറ്റും തങ്ങൾ ഇരിക്കവെ, കനത്ത ഒരു കയ്യടി ശബ്ദം കേട്ടു. സിനിമയിൽ പ്രേതങ്ങൾ അതുപോലെ കയ്യടിക്കുന്നുണ്ട്. അതോർത്ത് ആ സമയത്ത് മുറിയിലുണ്ടായിരുന്ന ആളുകൾ ആകെ അസ്വസ്ഥരായി. സിസിടിവി ക്യാമറകളുപയോഗിച്ച് ഫാം ഹൗസ് നിരീക്ഷിക്കുന്നുണ്ട് എങ്കിലും ഇന്നും ആ കയ്യടി ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. പ്രതീക്ഷിക്കാത്ത നേരത്ത് വളരെ പെട്ടെന്നായിരിക്കാം നിങ്ങൾ ഒരു കയ്യടി ശബ്ദം കേൾക്കുന്നത്' എന്നാണ്.
തനിച്ച് താൻ ബേസ്മെന്റിലേക്ക് പോകാറില്ല എന്നും അവർ പറയുന്നു. അതിന് കാരണമായി പറയുന്നത്, ആദ്യദിവസം തന്നെ അവർക്കുണ്ടായ അനുഭവമാണ്. 'ഭർത്താവിനും അമ്മയ്ക്കും സഹോദരനും ഒപ്പമാണ് താനാ വീട്ടിൽ എത്തിയത്. ഓരോരുത്തരും ഒറ്റയ്‍ക്കൊറ്റയ്‍ക്ക് ഓരോ ഭാഗങ്ങൾ പരിശോധിക്കുകയായിരുന്നു. താൻ വീട്ടുടമ അവിടെ വച്ചിട്ട് പോയ സാധനങ്ങളെല്ലാം പരിശോധിക്കുകയായിരുന്നു. അപ്പോൾ ഒരു മുരൾച്ച കേട്ടു. അതിന് ശേഷം ആ വസ്തുക്കളെന്തെങ്കിലും തൊടുകയോ തനിച്ച് ബേസ്മെന്റിലേക്ക് പോവുകയോ ചെയ്തിട്ടില്ല' എന്നും അവൾ പറയുന്നു.
നേരത്തെ ഇൻസ്റ്റഗ്രാമിൽ, വീട്ടിൽ താൻ പ്രേതത്തെ കണ്ടു എന്ന് പറയുന്ന ഒരു വീഡിയോയും ഇവർ ഷെയർ ചെയ്തിരുന്നു. ഏതായാലും, നിരവധിപ്പേരാണ് ഇവരുടെ വീഡിയോയ്ക്ക് കമന്റ് നൽകിയത്. അതിൽ പലരും ആ വീടിനോട് സിനിമ കണ്ട് പേടിയുള്ളവരാണ്. എന്നാൽ, യുക്തിപൂർവം ചിന്തിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ വിശ്വസിക്കാൻ സാധിക്കില്ല എന്നത് ഉറപ്പാണ്.
വായിക്കാം: പൂച്ചയെപ്പോലെയാകണം, ടാറ്റൂവും പിയേഴ്സിങ്ങുമടക്കം യുവതി നടത്തിയത് 20 ബോഡി മോഡിഫിക്കേഷൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
youtubevideo